അത്തം കറുത്താല്‍ ഓണം വെളുക്കുംന്നാ പറയുക
മഴയങ്ങനെ തിമിര്‍ത്തു പെയ്യുകയാണ് കരിമ്പന നാട്ടില്‍ ..!! അത്തം ദിവസം തുടങ്ങിയ മഴയങ്ങനെ പൊളിച്ചടുക്കുകയാണ് ..ഓണ ദിവസം നല്ല വെയില്‍ ആയിരിക്കും എന്നാണ് പഴമക്കാരുടെ വിശ്വാസം പറയുന്നത് .. പാലക്കാട് ഇപ്പോ കരിമ്പന എവിടെ എന്ന് ചോദിച്ചാല്‍ , അങ്ങ് തമിഴ്നാട് അല്ലെങ്കില്‍ ചിറ്റൂര്‍ ചൂണ്ടിക്കാട്ടി പറയാം , അവിടെ കരിമ്പന ഉണ്ട് …ഇവിടെയും ഉണ്ടായിരുന്നു !!!
ഓണം ഇവിടെ എത്തിയോ എന്ന് ചോദിച്ചാല്‍ , സത്യമായും എനിക്കറിയില്ല്യ ..എന്തായാലും ഞാന്‍ എന്‍റെ ഓര്‍മ്മയില്‍ ഓണം എന്ത് എന്ന് എടുത്തു പറയാം
പത്തുവയസ്സിനു മുന്‍പ് ഓണം എന്ന് പറഞ്ഞാല്‍ , അത് എന്നും മധുരിക്കുന്ന …വീണ്ടും വരാന്‍ കൊതിക്കുന്ന ഓര്‍മ്മയാണ് ..അഞ്ചര മണിക്ക് അമ്മ എഴുന്നെല്‍പ്പിക്കും ..ആറു മണിക്ക് തന്നെ , കൊട്ടിയടക്കാത്ത, വേര്‍തിരിവുകള്‍ ഇല്ലാത്ത അപ്പുറത്തെ പറമ്പിലേക്ക് കുമ്പളങ്ങ ,മത്തന്‍ , തുമ്പ , ,ജമന്തി പിന്നെ പേര് അറിയാത്ത കുറെ പൂവുകള്‍ പറിക്കാന്‍ പോകും …തിരിച്ചു വരുമ്പോഴേക്കും മുറ്റം അടിച്ചു വൃത്തിയാക്കി തൊഴുത്തില്‍ നിന്നും എടുത്ത നല്ല ഫ്രഷ് ചാണകം മെഴുകിയിട്ടുണ്ടാവും ..ആ കളത്തില്‍ കൊണ്ടുവന്ന പുഷ്പങ്ങള്‍ നുള്ളിപ്പെറുക്കി വെക്കും …പിന്നെ മണ്ണ് കൊണ്ടുണ്ടാക്കിയ വലിയ മൂന്നു കട്ടകളും , മൂന്നു നാലു കുഞ്ഞു കട്ടകളും പൂക്കളത്തിനടുത്ത് വെക്കും ( അത് മാവേലി ആണെന്ന് പിന്നീടാണറിഞ്ഞത്)..മങ്കട്ടക്ക് ചുറ്റും അരിമാവ് ഉപയോഗിച്ച് അണിഞ്ഞിരിക്കും …കുഞ്ഞു കുഞ്ഞു ഉറമ്പുകള്‍ അരിമാവ് കൊത്തിയെടുക്കനായി തയാറായി നില്‍ക്കും …ഉറുമ്പുപൊടി ഉണ്ടെങ്കിലും പക്ഷെ അന്ന് അതിനെ ദ്രോഹിക്കാതെ വെറുതേ വിടും 🙂
കുളിപ്പിച്ചു ഉള്ളതില്‍ നല്ല ഭംഗിയുള്ള ഉടുപ്പ് ഇട്ട് തരും…ഓണ ദിവസം പഴം പുഴുങ്ങിയതോ അല്ലെങ്കില്‍ കുറച്ചു ഉപ്പുമാവോ തരും ..വളരെ കുറച്ചു മാത്രം…..ഒരുപാട് കഴിച്ചാല്‍ ഓണസദ്യ ഉണ്ണാന്‍ ടേസ്റ്റ് ഉണ്ടാവില്ലത്രേ …അങ്ങനെ പതിനൊന്നു മണിയാകുമ്പോള്‍ പായസവും , ചോറും ഒക്കെ നിറച്ചു ഒരു വലിയ മുറത്തില്‍ വെച്ച് പൂജിക്കും ..മാവെലിക്കാത്രേ പൂജിക്കുന്നത് ….പുള്ളിക്ക് ആ സദ്യ കഴിക്കാനായി മൂന്നു നിമിഷം കൊടുക്കും , എന്നിട്ട് ഞങ്ങള്‍ അതുകഴിഞ്ഞ് ആ ഇലയെടുത്തു നേരെ പശുവിന് കൊണ്ടുപോയി കൊടുക്കും ..
പുന്നെല്ലില്‍ നിന്നും ഉണ്ടാക്കിയ അവില്‍ എടുത്തു പുത്തരി ഉണ്ടാക്കും ….അതെനിക്ക് ഭയങ്കര ഇഷ്ടമാ …അവില്‍ , പയര്‍ , ശര്‍ക്കര എന്നിങ്ങനെ കുറെ എന്തൊക്കെയോ അതില്‍ ചേര്‍ക്കാറുണ്ട് ..നല്ല മധുരവും ഏലക്കയുടെ മണവും ഉണ്ടാകും ..പുത്തരി ആദ്യം കഴിക്കണം ..പിന്നെ ബാക്കി ഐറ്റംസ് 🙂 അത് കഴിഞ്ഞാല്‍ ഓണക്കളികള്‍ ഉണ്ടാകും ..അത് കാണാന്‍ പോകും …ഓണത്തല്ല് ..ഉറിയടി ..ചാക്ക് ചാട്ടം അങ്ങനെ … അതായിരുന്നു അന്നത്തെ ഓണം …
വയസ് 10-20 🙂
അന്നും അഞ്ചരക്ക് എഴുന്നെല്‍പ്പിക്കും …ഓണത്തിന് സദ്യക്കുള്ള ഐറ്റംസ് പച്ചക്കറികള്‍ കഷണങ്ങള്‍ ആക്കാന്‍ ആയി തരും ..അതെല്ലാം മുറിച്ചു കൊടുക്കും ..പൂ പറിക്കാന്‍ പോകാറില്ല്യ ..പക്ഷെ മുറ്റത്ത് പൂക്കളം ഞാന്‍ കാണാറുണ്ട് … പിന്നെ പത്ര വായന കഴിഞ്ഞു നേരെ ടി വി കാണാന്‍ ഇരിക്കും …ഇടക്ക് അമ്മ പഴം കൊടുവന്നു തരും ..അത് കഴിച്ചു , ഉണ്ണാന്‍ വിളിക്കുന്നതിനായി കാത്തിരിക്കും ..
മാവേലി ഉണ്ടാക്കാന്‍ ചുമന്ന മണ്ണ് വേണം , അത് കൊണ്ടുവരുന്ന ആള്‍ വരാതായി ..അതോടെ മാവേലി വെപ്പ് നിന്നു …മാവേലി ഇല്ലാത്തത് കൊണ്ട് പൂജ ചെയ്യാറില്ല്യ …സദ്യ ഉണ്ടാക്കിയാല്‍ പുത്തരി തൊട്ടു കഴിക്കാന്‍ ആരംഭിച്ചു പായസത്തില്‍ എത്തി തീര്‍ക്കും …ഓണക്കളികള്‍ കാണാന്‍ പോകാറില്ല്യ …പകരം ടിവിക്കളികള്‍ കണ്ടിരിക്കും …അങ്ങനെ നാല് ദിവസം !!
വയസ് 20-(ഇന്നുവരെ )
പഠിക്കാനായും , പണിയെടുക്കാനായും അങ്ങും ഇങ്ങും അലഞ്ഞത് കൊണ്ട് ചിലപ്പോഴൊക്കെ ഓണ ദിവസം വീട്ടില്‍ എത്തും …..ചില ഓണം ഒരു കുപ്പി പെപ്സിയും പഫ്ഫ്സും കൊണ്ട് കൊണ്ടാടിയിട്ടുണ്ട് … എന്തായാലും തിരുവോണ ദിവസം എത്താറുണ്ട്…ഏഴ് മണിയോടെ എഴുന്നേല്‍ക്കും , ഭയങ്കര തണുപ്പായതുകൊണ്ട് ചിലപ്പോള്‍ പതിനൊന്നു മണിക്കേ കുളിക്കാറുള്ളൂ, എന്നോട് എന്തെങ്കിലും ചോദിച്ചാല്‍ ഞാന്‍ പറയും , കുളിച്ചിട്ടു പുത്തനുടുപ്പ് ഒന്നും ഇല്ലാലോ എന്ന് 🙁 ( ഇന്നു ഞാന്‍ അതില്‍ ലജ്ജിക്കുന്നു )
കഴിഞ്ഞ വര്‍ഷം വീണ്ടും പഴയ ട്രാക്കിലോട്ടു എത്തി …അഞ്ചരക്ക് തന്നെ എഴുന്നേല്‍ക്കും , ഏഴര മണി വരെ അമ്മയെ സഹായിക്കും …പാചകം എനിക്ക് ഏറ്റവും ഇഷ്ടമുള്ളത്കൊണ്ട് ആസ്വദിച്ചു സഹായിക്കാന്‍ പറ്റാറുണ്ട് മുറ്റത്ത് പൂക്കളം ഇടാറുണ്ട് ..പൂകള്‍ അതികം ഇല്ലാത്തതുകൊണ്ട് അതൊരു ചടങ്ങാ 🙂 പച്ചിലയും , കളറുകളുള്ള വേറെ ഇലകളും കൊണ്ട് പൂക്കളം നിറയ്ക്കും …
അന്നും ഇന്നും ഓണം ഇന്നു പറഞ്ഞാല്‍ സദ്യയാണ് ..അത് മാറ്റമില്ലാതെ തുടരുന്നു ..പക്ഷെ പുത്തരി ഇല്ല്യ 🙁 കാരണം അതിനു പുന്നെല്ലില്‍ നിന്നും ഉള്ള അവില്‍ വേണം … അച്ഛനോട് ഞാന്‍ ചോദിച്ചു , ഓണം ആയിട്ട് എന്താ പുതിയ ഉടുപ്പോന്നും പണ്ട് തുടങ്ങിയിട്ടേ വാങ്ങിത്തരാറില്ല്യാലോയെന്നു ..:) ചിരിച്ചു കൊണ്ട് പറഞ്ഞു നമ്മള്‍ കൃഷിക്കാരെന്നു നീ മറന്നു പോയോ ? ഇതു വിറ്റാലേ കാശ് കിട്ടൂ ..എന്നാലല്ലേ അതൊക്കെ വാങ്ങാന്‍ പറ്റൂ …ഉള്ളതുകൊണ്ട് ഓണം പോലെ ഇന്നു നീ മനസിലാക്കുക … കാണം വിറ്റും ഓണം ഉണ്ണണ്ടെ എന്ന ചൊല്ല് ഓര്‍മ്മ വന്നെങ്കിലും മുതിര്‍ന്നവരോട് തര്‍ക്കിക്കാന്‍ പോകാറില്ല്യ 😉
വീണു തുടങ്ങിയ പാടം കാണിച്ചുകൊണ്ട് അച്ഛന്‍ നെടുവീര്‍പ്പിട്ടു … “ഇപ്പോ ഒരു രൂപയ്ക്കു 25 കിലോ അരി കിട്ടും ..പിന്നെ തൊഴിലുറപ്പുപദ്ധതി പ്രകാരം പോയാലും പോയിട്ടില്ലെങ്കിലും മാസാമാസം കാശും കിട്ടും …വീടുണ്ടാക്കാന്‍ ഒന്നര ലക്ഷം വരെ കൊടുക്കുന്നു ..അഞ്ചു വര്‍ഷം കഴിയുബൊ പുതിക്കിപ്പണിയാന്‍ വേറെ കാശും കൊടുക്കും ..അതിനു പുറമേ ആട് കോഴി ..അങ്ങനെ ഉള്ളപ്പോ പാടത് പണിയാന്‍ ആരെക്കിട്ടാനാ ? എന്തായാലും , നഷ്ടമാണെങ്കിലും , എന്തായാലും ഞാന്‍ കൃഷി ഇറക്കും ..അത് ഒരു ജീവശ്വാസം പോലെയാണ് …
വീട്ടിലേക്കു വന്നു കയറിയപ്പോള്‍ അമ്മ ചായ കൊണ്ടുവന്നു തന്നു , പഴയ സ്വാദില്ല …ഒന്ന് നോക്കിയപ്പോള്‍ ഒഴിഞ്ഞ തൊഴുത്ത് കണ്ടു..ഞാന്‍ ചോദിച്ചു
എന്ത് പറ്റി ?പശുക്കളെ ഫുഡ് അടിക്കാന്‍ വിട്ടിരിക്കുകയാണോ അവരെവിടെപ്പോയി ……..
അമ്മ പറഞ്ഞു , ആരും ഇവിടെ ഇല്ല്യ …
മടിക്കാതെ ഞാന്‍ ചോദിച്ചു , അവര്‍ക്ക് വല്ല പനി ? അസുഖവും ?
അല്ല , എല്ലാ പശുക്കളെയും കൊടുത്തു 🙁
കൊയ്യാന്‍ ആളെ കിട്ടാനില്ല്യ …അവര്‍ക്ക് സമയാസമയത്ത് ഞാന്‍ എന്തെടുത്ത് കൊടുക്കും ? എനിക്കും വയസ്സായി ..വയ്യ …പതിനഞ്ചുറുപ്പിക കൊടുത്താല്‍ വേണ്ട പാല്‍ മേടിക്കാം … [ ഞാന്‍ ഓര്‍ക്കുന്നു , പശുക്കള്‍ വീട്ടിലെ ഒരംഗത്തെപ്പോലെ ആയിരുന്നു …ഇടക്കൊക്കെ ചോറും കറികളും കൊടുക്കും ..അങ്ങനെ അവരും പടിയിറങ്ങിയിരിക്കുന്നു ]
ഇപ്പോള്‍ ഓണം എന്ന് പറയുമ്പോള്‍ , കൂടുതല്‍ പേരും ആവശ്യമില്ലെങ്കിലും ഷോപ്പിംഗ് മാളുകളിലും , ഇലക്ട്രോണിക്സ് കടകളിലും ചിലവഴിക്കുന്നു ….ഇന്നു വേണമെങ്കില്‍ ഞാന്‍ വിചാരിച്ചാല്‍ അതെല്ലാം വാങ്ങാം , പക്ഷെ , വേണ്ട ഞാന്‍ ശീലിച്ചു വന്നത് എന്നെ പഠിപ്പിച്ചത് അങ്ങനെ ആയിരുന്നില്ല്യ ..എന്തോ വേണ്ടാ !!!
ഓണം എന്ന് പറഞ്ഞാല്‍ അത് , പൂക്കളുടെ , കാര്‍ഷിക കേരളത്തിന്‍റെ, ഒത്തൊരുമയുടെ ഉത്സവമായിരുന്നു ..ഇന്നിപ്പോ തമിഴ്‌നാട് കനിയുന്നതുകൊണ്ട് നമ്മളൊക്കെ ഫുഡഡിച്ചു പോകുന്നു …
ദാനധര്‍മ്മിഷ്ട്ടനായ അസുരരാജാവ് മഹാബലിത്തംബുരാനെ , ദേവഗണങ്ങള്‍ക്ക് അസ്സൂയമൂത്ത് അവരുടെ ആവശ്യപ്രാകാരം മൂന്നടി മണ്ണ് ചോദിക്കാന്‍ മഹാവിഷ്ണുവിനെ വാമനാവതാരം എടുപ്പിച്ചു,മഹാബലിയെ പാതാളത്തിലേക്ക് പറഞ്ഞു വിട്ടതിന്‍റെ ഓര്‍മ്മക്കായ് ആണല്ലോ നമ്മള്‍ ആഖോഷിക്കുന്നത് …ഈ ദിനങ്ങളില്‍ മഹാബലി നമ്മളെക്കാണാന്‍ വരുമെന്ന് വിശ്വസിക്കുന്നു ..
ഇന്നും അത് തുടരുന്നു ..തിഹാര്‍ ജയിലിലേക്ക് നമ്മളെ ഭരിക്കുന്നരെ ആരൊക്കെയോ ചവിട്ടിത്താഴ്ത്തുന്നുണ്ട് …ഇവരെയൊക്കെ ഓര്‍മ്മിക്കാന്‍ നമ്മള്‍ എന്തെങ്കിലും ദിവസം നീക്കിവെക്കേണ്ടി വരുമോ ആവോ ..
നിങള്‍ എവിടെയോ ആകട്ടെ ഹിന്ദുവോ , മുസല്‍മാനോ ക്രിട്ത്യാനിയോ ആകട്ടെ ..ആരാണ് ഇങ്ങനെ വിഭജിച്ചത് എന്ന് ഞാന്‍ ഓര്‍ക്കാറുണ്ട് .. , ചിലരെങ്കിലും ഒഴിവു കിട്ടാതെ മണലാരണ്യത്തില്‍ അല്ലെങ്കില്‍ ഏതെങ്കിലും കമ്പ്യൂട്ടറിനു മുന്നില്‍ , മേശക്ക് മുന്നില്‍ ഓണം ആഖോഷിക്കേണ്ട അവസ്ഥയില്‍ ആയിരിക്കും …പക്ഷെ ഓണം എന്ന് ഓര്‍ക്കുമ്പോള്‍ നമ്മുടെ മനസ്സില്‍ നിറയുന്ന ഓര്‍ക്കാന്‍ പറ്റുന്ന ചിത്രമുണ്ട് …കുറച്ചു ഓര്‍മ്മകള്‍ ഉണ്ട് ..അത് എന്തായാലും ..നിര്‍ഭന്ധിക്കുന്നില്ല്യ പറ്റുമെങ്കില്‍ ഇത്തിരി സമയം കണ്ടെത്തി നിങ്ങള്‍ താഴെ പറയാം…നിങ്ങളുടെ ഓണം എന്ത് , എങ്ങനെ , ഓണം എന്നാല്‍ നിങ്ങളുടെ ഓര്‍മ്മ എന്ത് എന്നിവയൊക്കെ രേഖപ്പെടുത്താം ..ഒന്നും പറയാന്‍ ഇല്ലെങ്കിലും , ആര്‍ക്കും എന്തും രേഖപ്പെടുത്താം …
എന്‍റെവകഎല്ലാവര്‍ക്കുംഒരുഗാനമിതാ
© 2011, sajithph. All rights reserved.
Super . Ishattamyi ezhuthu . nannayirikkunnu .. waiting for more
🙂
oru telefilm kanda pratheethi…:)vaaaayichu kazhinjadhirrinjilla…..
hmm 🙂
Hmm A nostelgic … onam…. pandu avideyo… kandu maran onam…. Really want to be back to those old days…..!!!!
Yeah 🙂 shariyaa