ആത്മഹത്യ ഒരടിദൂരെ

 ” കാത്തു നില്‍ക്കപ്പെടുന്നതോ,  തേടി വരുന്നതോ എനിക്കിഷ്ടമല്ല അതുകൊണ്ട്തന്നെ മരണമെന്ന അതിഥിയെത്തേടി പ്പുറപ്പെട്ടാല്‍  ആത്മഹത്യ യല്ലെന്നറിയുക  ”  

 

 

ഇത്രയും  ഒരു കറുത്ത കടലാസില്‍ വെളുത്ത പെര്‍മനന്‍റ് മാര്‍ക്കര്‍ കൊണ്ട് എഴുതി , തുടര്‍ന്ന് മൂന്ന് കുത്തുകളും ഇട്ട് ഒന്ന് കുടഞ്ഞപ്പോള്‍ അതൊരു മനോഹരമായ ചിത്രമായി  തോന്നി ….പണ്ടെന്നോ വിചാരിച്ചിരുന്നതാണ് , ഒരു ചിത്രം വരയ്ക്കണമെന്ന് …നിറങ്ങളില്ലാത്ത ഒരു ചിത്രം വരയ്ക്കണം …ആരെങ്കിലും അത് കണ്ടു മനോഹരമെന്നു പറയണം ….നിറങ്ങളില്ലാതെ ചിത്രം വരക്കാമോ ? പറ്റും …വെളുപ്പും കറുപ്പും മാത്രം ഉപയോഗിച്ചു വരക്കാം..ദൈവം വരക്കുന്നുണ്ടല്ലോ ….ദിനമെന്നും രാത്രിയെന്നും ആരോ അതിനെ പറഞ്ഞു , ഇടക്കുള്ള കുറച്ചു സ്വപ്ന നിമിഷങ്ങളെ ജീവിതമെന്നും ….വെളുപ്പും കറുപ്പും നിറങ്ങളല്ല …അവ ശരിയും തെറ്റുമാണല്ലോ  ….എല്ലാത്തിനെയും ആര്‍ത്തിയോടെ വിഴുങ്ങുന്ന കറുപ്പും , എല്ലാത്തിനെയും തിരിച്ചു കാണിക്കും എന്ന് തോന്നിപ്പിക്കുന്ന വെളുപ്പും ..ജീവിച്ചു മടുത്തിരിക്കുന്നു …

 

.മനസ്സില്‍ എന്തൊക്കെയോ ചിന്തിക്കുകയും , വേറെന്തോ പറയുകയും മറ്റെന്തൊക്കെയോ ചെയ്തുകൂട്ടുന്ന ചില നാട്യക്കാരുടെ ഇടയില്‍പെട്ട്  ശ്വാസംമുട്ടിത്തുടങ്ങിയിരിക്കുന്നു …..കേട്ടുതുടങ്ങുംമുമ്പ് ഒരുപാടൊക്കെ വായിട്ടലക്കുന്ന കോളാംബികള്‍  സ്വസ്ഥത നശിപ്പിച്ചിരിക്കുന്നു ….ഞാന്‍  ഏകനാണ് എന്ന തിരിച്ചറിവ്  ഒരര്‍ത്ഥത്തില്‍ വേദനിപ്പിക്കുന്നതെങ്കിലും സ്വാതന്ത്ര്യത്തിന്‍റെ വിശാലമായ തലോടല്‍ ആയി തോന്നുന്നു ..

 

സ്നേഹം , അതോരര്‍ത്ഥത്തില്‍  ഒരു തരം ബന്ധനത്തില്‍ പൊതിഞ്ഞ പ്രതീക്ഷയുടെ കടപ്പത്ത്രമായി തോന്നാറുണ്ട്…തിരിച്ചുകിട്ടുംന്ന് മനസിലെങ്കിലും പ്രതീക്ഷിച്ചുകൊണ്ട് ആരൊക്കെയോ സ്നേഹം എന്ന്പറഞ്ഞ് കേട്ടിട്ടുണ്ട് … ഒരച്ഛന്‍ പറഞ്ഞുകേട്ടു , ഞാന്‍ എന്നെ സ്നേഹിക്കുന്നു ..എന്‍റെ സ്നേഹത്തെ നഷ്ട്ടപെടാന്‍ ആവില്ല്യ….അത് കൊണ്ട് കൂടെ നിന്നെയും മോനെയും മറക്കാനും എനിക്കാവില്ല്യ… … എന്നെയാണോ അച്ചനെയാണോ കൂടുതല്‍ ഇഷ്ടം എന്ന് ചോദിച്ച മകനോട്‌ , അവന്‍റെ കൊച്ചു നുണക്കുഴി തൊട്ടുകൊണ്ട് അമ്മ പറഞ്ഞു , ഞാന്‍ എന്നെ കൂടുതല്‍ സ്നേഹിക്കുന്നു ..പിന്നെ എന്‍റെ സ്നേഹം ..അത്ന്ന് പറഞ്ഞാ ആരാ …മോന്‍ അല്ലാതാരാ …  ഒരു കുസൃതിച്ചിരിയോടെ അതൊതുങ്ങി …ഒരമ്മ കൂടുതല്‍ സ്നേഹിക്കുന്നത് ആരെയായിരിക്കാം എന്ന് ഞാന്‍ ഓര്‍ക്കാറുണ്ട് ..ഏതോ ഒരു നിമിഷത്തില്‍ അതിനും ഉത്തരം കിട്ടിയിരിക്കുന്നു..വിശാസം ആണല്ലോ കുറെയെല്ലാം ..

 ഇടക്ക് സഹതാപവുമായി ആരോ  ..തനിക്കിത് വന്നില്ല്യല്ലോന്നുള്ള മനസിന്‍റെ ഗൂഡമായ ആശ്വാസനിശ്വാസമാണ് മിക്കപ്പോഴും സഹതാപം …

 ഇങ്ങനെ തുടരുന്നതില്‍ അര്‍ത്ഥമില്ല്യ … ഞാന്‍ എന്നത് ഒരറിവ് മാത്രമാണെന്നും , അല്ലാതെ ഒന്നുമില്ലെന്നും അറിഞ്ഞിരിക്കുന്നു ….ഞാന്‍ ഇല്ല എന്ന എന്‍റെ ബോധമണ്ഡലത്തിന്‍റെ പരമമായ അറിവാണ് മരണം ,  നമുക്ക് അവസാനം കിട്ടുക അത് മാത്രമാണ് …അത് മനസിലാക്കും വരെ നമ്മള്‍ ഓടികൊണ്ടേയിരിക്കുന്നു ….ഒരു പക്ഷെ ഇതു വായിക്കുന്ന , കേള്‍ക്കുന്ന ആര്‍ക്കും ഒന്നും മനസിലാകില്ല്യ ..വട്ടാണോ എന്ന് പോലും ഒരു നിമിഷം ചിന്തിക്കും ,,,കാരണം താനും അങ്ങനെയായിരുന്നു …ഇനി ഒന്നിലെ താല്‍പര്യം ഉള്ളൂ …  മരണം  ..കാരണം  ” കാത്തു നില്‍ക്കപ്പെടുന്നതോ,  തേടി വരുന്നതോ എനിക്കിഷ്ടമല്ല അതുകൊണ്ട്തന്നെ മരണമെന്ന അതിഥിയെത്തേടിപ്പുറപ്പെട്ടാല്‍  ആത്മഹത്യയല്ലെന്നറിയുക  ”    

ആത്മഹത്യ ? അത് തെറ്റാണ് ..ആത്മാവിനെ ഹനിക്കാന്‍ ആര്‍ക്കാവും …എന്‍റെ പ്രാണന്‍ നിലച്ചു എന്നുള്ള അറിവ് അല്ലെങ്കില്‍ തെറ്റിധാരണ അതാണല്ലോ മരണം …ആത്മാവിനു മരണമില്ല്യ …അങ്ങനെ സംഭവിച്ചു എന്ന് മറ്റുള്ളവരെ കബളിപ്പിക്കണം …ശരീരത്തില്‍ നിന്നും പ്രാണന്‍ പോയ അവസ്ഥ …അങ്ങനെയൊരു അവസ്ഥ കൂടെ അനുഭവിക്കണം …  കാലത്തിന്‍റെ കുത്തൊഴുക്കില്‍ പെട്ട് , ആത്മാവിന്‍റെ പ്രാണന്‍ എവിടേക്കെങ്കിലും ഒഴുകിമാറ്റപ്പെടും .. ആത്മാവിന്‍റെ മരണം ..     

 വല്ലാത്തൊരു വീര്‍പ്പുമുട്ടല്‍ ആയിരുന്നു ഇതേവരെ…സമാധാനമായി മടങ്ങാം ….എല്ലാത്തിനും ഉത്തരമായി ഒരു മനോഹര  ചിത്രം വരച്ചിരിക്കുന്നു…..കണ്ണുകള്‍ക്ക്‌ അല്‍പംകൂടി കാണാന്‍ കഴിയുന്നവര്‍ക്ക് , ഒരല്‍പം കൂടെ ചിന്തിക്കുന്ന ആരോ ഒരാളെങ്കിലും ഇത് മനസിലാക്കും .. ” കാത്തു നില്‍ക്കപ്പെടുന്നതോ,  തേടി വരുന്നതോ എനിക്കിഷ്ടമല്ല അതുകൊണ്ട്തന്നെ മരണമെന്ന അതിഥിയെത്തേടിപ്പുറപ്പെട്ടാല്‍  ആത്മഹത്യയല്ലെന്നറിയുക  “


 

 

   …….. സജിത്ത്

https://www.facebook.com/iamlikethisbloger

 

 

 

 

 

 

 

 

 

 

 

 

 

 

© 2011, sajithph. All rights reserved.

This entry was posted in കഥ/കവിത and tagged . Bookmark the permalink.