സ്നേഹം ചിലപ്പോഴെങ്കിലും ,അതിവരമ്പുകള്‍ വിച്ചേദിച്ചു കടമയിലെക്കും .. സഹതാപത്തിലെക്കും എത്തിനോക്കാറുണ്ട് അത്തരം നിമിഷം അടിച്ചേല്‍പ്പിക്കുന്ന വേദനയുടെ തീരങ്ങളില്‍ക്കൂടെ നിസഹായതയോടെ നടന്നകലുമ്പോള്‍ അപൂര്‍വ്വമായെങ്കിലും സ്നേഹത്തെ വെറുത്തുതുടങ്ങുന്നു …. അത്തരം സ്നേഹം സമ്മാനിക്കുന്ന വീര്‍പ്പുമുട്ടലുകളില്‍ പെട്ടുഴലുംബോളും പ്രതികരിക്കാന്‍ കഴിയാത്ത നിമിഷങ്ങളില്‍ സ്നേഹം ചിലപ്പോഴെങ്കിലും ഒരു ശാപമാണോ എന്നുപോലും ചിന്തിച്ചുപോകുന്നു …
യാന്ത്രികമായ ജീവിതത്തിന്‍റെ ആവര്‍ത്തനവിരസത മാറ്റാനെന്നവണ്ണം ,രണ്ടു ദിവസം മുന്‍പ് ഒരു ഫോണ്‍കോള്‍ വന്നിരുന്നു …
“നീയിപ്പോയെവിടെയാ ? ഞാന്‍ വീട്ടില്‍പ്പോയിരുന്നു ..നിന്‍റെ മുത്തശിയെ കണ്ടു ..ആഹ് വയസിതിപ്പോ കുറച്ചായല്ലോ …എന്തായാലും കഷ്ടമായി
ഞാന്‍ ഇവടക്കെത്തന്നെയുണ്ട് …ചത്തും , ചാവാതെയും അങ്ങനേ ജീവിച്ചുപോണൂ …മുത്തശിക്കെന്തു പറ്റി ..വീട്ടില്‍ നിന്ന് വിളിചിരുന്നപ്പോഴും ഒന്നും പറഞ്ഞില്ല്യാലോ .
ഉവ്വോ , നിന്നെ വിഷമിപ്പിക്കണ്ടാന്നു വെച്ചായിരിക്കാം ..ഞാന്‍ പറഞ്ഞതാന്നു പറയണ്ടട്ടോ …നീയിനി നാട്ടിക്കെപ്പോഴാ ..ഉടനെയുണ്ടാകുംല്ല്യെ ..പോരുമ്പോ എനിക്കുള്ളത് മറക്കണ്ടാട്ട്വോ ..
മറുപടി പറയാന്‍ എനിക്ക് വാക്കുകള്‍ കിട്ടിയില്ല്യ ഞാന്‍ ഫോണ്‍ വെച്ചു
…എന്തോ പ്രശ്നമുണ്ട് ..ആരും ഒന്നും പറഞ്ഞുമില്ല്യ ..ഒരുപക്ഷെ എന്നെ വിഷമിപ്പിക്കണ്ടാന്നു വെച്ചായിരിക്കും ..മുത്തശ്ശിയെ ഞാന്‍ ഒരു നിമിഷം ഓര്‍ത്തു ..വയസിതിപ്പോ തൊണ്ണൂട്ടന്ജ്ജായിക്കാണും …
വയസ്സ് ചോദിച്ചാല്‍ , തെക്കെപ്പുറത്തുള്ള പ്ലാവ് ചൂണ്ടികാട്ടിപ്പറയും ..
എന്നെക്കൊണ്ടോര്‍ന്ന ദിവസം ഞാന്‍ വെച്ചതാ …ആ നിക്കുണ തെക്കെപ്ലാവിനെയും , മൂവാണ്ടന്‍ മൂച്ചിയെയും ..എന്നെ കൊള്ളിവെക്കാനുള്ളതാ മുവാണ്ടന്‍മാവ് …
പെറുക്കിപ്പെറുക്കി ഇപ്പോഴും ഇംഗ്ലീഷ് അക്ഷരം വായിക്കുന്നത് കാണുമ്പോള്‍ കൌതുകത്തോടെ ചോദിക്കാറുണ്ട് ..
മുത്തശി ഏത്വരെ പഠിച്ചു ?
രണ്ടു നിമിഷം ആലോചനയില്‍ മുഴുകും , ചിലപ്പോഴെല്ലാം ഒരു തുള്ളി കണ്ണീരിന്‍റെ അകമ്പടിയോടെപ്പറയും ..
എട്ടാംക്ലാസില്‍ പരീക്ഷകഴിഞ്ഞു വന്നപ്പോഴാ , നിന്‍റെ മുത്തശനെ കണ്ടത്..
എന്‍റെ ഉടപ്പിറന്നോള്‍ മരിച്ചെന്ന് അറിയിക്കാന്‍ വന്നതായിരുന്നു …മാടിനേം കോഴിയേം നോക്കാന്‍ കൂടെവന്നതാ … ഇപ്പോ പത്തെമ്പത് കൊല്ലം ആയിക്കാണണം
പെട്ടെന്ന് ഒരു ചിരിയോടെപ്പറയും ..എന്നിട്ടിപ്പോ ദോഷോന്നുണ്ടായില്ല്യട്ടോ ..നിന്‍റെ അച്ഛനുള്‍പ്പെടെ നാല് തടിമാടന്‍മാരെ പെറ്റിട്ടില്ല്യെ 😉
അവര്‍ എനിക്കെന്തോക്കെയോ ആയിരുന്നു ….നേരം പുലരുന്നതിന് മുന്‍പ് രണ്ടു ഗ്ലാസ് പശുവിന്‍പാല്‍ കുറുക്കി നാഴിപ്പാലാക്കി അതില്‍ ചായ വെച്ചു തന്നിരുന്നു ….അരിയിടുന്നതിനു മുന്‍പേ ചോറ് വെക്കാന്‍വെച്ചിരുന്ന തിളയ്ക്കുന്ന വെള്ളത്തില്‍പ്പുഴുങ്ങി ആരും കാണാതെ കോഴിമുട്ട തന്നിരുന്നു …ഐസ് വാങ്ങാന്‍ ആരും കാണാതെ ജീരകപ്പാത്ത്രത്തില്‍ നിന്നും പാല്‍വിറ്റ കാശെടുത്ത് തന്നിരുന്നു ..ഏറ്റവുമൊടുവില്‍ കണ്ടപ്പോള്‍ മറവി ആക്രമിച്ചു തുടങ്ങിയ ചുളിഞ്ഞ മുഖമുയര്‍ത്തി , എന്നോട് ചോദിച്ചു ..
നീയേതാ കുട്ട്യേ ??
അന്ന് ഞാന്‍ മനസിലാക്കി ..ജിവിതം ചിരിക്കാനും കരയാനും മാത്രമുള്ളതല്ല എന്തൊക്കെയോ മറക്കാനും കൂടിയുള്ളതാണ് …
നാട്ടുകാര്‍ക്ക് അവര്‍ ” പടത്ത്യാരമ്മ ” ആയിരുന്നു …
ഒരിക്കല്‍ മുത്തശ്ശി പറഞ്ഞത് കേട്ടിട്ടുണ്ട് ” കൊല്ലത്തറ, കമ്മാളന്തറ, ആശാരിത്തറ … എന്‍റെ പശുക്കളുടെ പാല്‍കുടിച്ചു വളരാത്ത ഒരുത്തരും ഇവിടെയില്ല്യ ..” നിലവും കന്നും സമ്പത്ത് നിര്‍ണ്ണയിച്ചിരുന്ന കാലത്ത് , എല്ലാവര്‍ക്കും നിര്‍ലോഭം പാലും തൈരും , ചോദിക്കുംമ്പോഴൊക്കെ പൈസയും നല്‍കിയിരുന്നതുകൊണ്ടായിരിക്കാം ..എല്ലാരും സ്നേഹത്തോടെ വിളിച്ചുപോന്നു ” പടത്ത്യാരമ്മ ” …..ഹ്മം
വീട്ടിലേക്കു നടന്നുവരുനതിനിടയില്‍ നാടുകാരില്‍ ഭൂരിഭാഗവും ചോദിച്ചു …
“ഇപ്പോ വരുന്നേയുള്ളൂ ? എപ്പഴാ മടക്കം …പടത്ത്യാരമ്മയുടെ കാര്യം അറിഞ്ഞു വന്നതായിരിക്കും ല്ല്യെ “
എന്‍റെ നെഞ്ചിടിപ്പ് കൂടിക്കൂടി വന്നു ….വളവു തിരിഞ്ഞതും ,വേദനിപ്പിക്കുന ആ കാഴ്ച കണ്ടു …
തെക്കെപ്ലാവിന്‍റെ ചില്ലകള്‍ വെട്ടിമാറ്റിയിരിക്കുന്നു …തടി ഏതാനം നിമിഷം കൊണ്ട് വീഴും …ചെന്ന് കേറിയപ്പോള്‍ എല്ലാര്‍ക്കും ഒരു അമ്പരപ്പ് …
“ദാ നീയെന്താടാ പെട്ടെന്ന് ” മൂലയില്‍ ഒരാള്‍ക്കൂട്ടം … ആല്‍ബത്തില്‍ മാത്രം കണ്ടു ശീലിച്ച പലേ മുഖങ്ങള്‍ക്കും , ചില നാട്ടുകാര്‍ക്കും ഇടയില്‍ ഒരു കസേരയില്‍ കാല്‍ ഉയര്‍ത്തി ഇരുത്തിയിരിക്കുന്നു … കാലില്‍ ഒരുപാട് നീരുണ്ട് … ആറേഴു വര്‍ഷങ്ങള്‍ക്കു മുന്‍പേ ഒരു കിഡ്നി പോയിരുന്നു ..പിന്നീട് ഒരു കിഡ്നിയുടെ പകുതി വെച്ചാണ് നാളിതുവരെ സസുഖം കഴിഞ്ഞു വരുന്നത്…
ആരോ പറഞ്ഞത്രേ , കാലില്‍ സ്വല്‍പ്പം നീരുണ്ട് …ഒരു പാട്ടുപോലെ കുറേപ്പേര്‍ അതേറ്റു പറഞ്ഞു ….ബന്ധുക്കളില്‍ ചിലര്‍ പറഞ്ഞത്രേ , പടത്യാരമ്മയെ കാണാന്‍ പോയിരുന്നു ….കഷ്ടമാണ് …കേട്ടവര്‍ കേട്ടവര്‍ പാഞ്ഞു വരുന്നു… വരാത്തത് ചിലരുടെ പ്രസ്ടിജ് പ്രശ്നം ആയിരുന്നു എന്ന് തോന്നുന്നു …എല്ലാരും ഒന്ന് വന്നു കാണാന്‍ മത്സരിക്കുന്നു ….
ചില ശബ്ദം ഇങ്ങനെ പ്രതിധ്വനിച്ചു ..
” ഇനി അതികം ഇല്ല്യ ..കാലില്‍ നീര് കണ്ടോ
അല്ലെങ്കിലും വയസിതിപ്പോ എത്ര ആയെന്ന്‌വെച്ചാണ്
മിക്കവരുടെയും മുഖത്ത് സഹതാപം …
ചിലര്‍ പറഞ്ഞത്രേ, പടത്യാരമ്മ കിടാപ്പായോ .. ഒന്ന് പോയി കണ്ടില്ലെങ്കില്‍ മോശമാണ് … കുറെ ഉപകാരം ചെയ്തിരുന്ന ആളാണ് …
ഉള്ളു മുഴുവന്‍ പോള്ളയായത് കൊണ്ടാണത്രേ തെക്കെപ്ലാവിനെ വെട്ടിയത് ..ഒരു സമയം കഴിഞ്ഞാല്‍ എന്തും ബാധ്യതയാവും എന്നാരോക്കെയോ പറയുന്നു ….
ഉള്ളില്‍ ഒന്നും ഇല്ലാതെ എല്ലാവരെയും ഉള്ളു നിറഞ്ഞു സ്നേഹിച്ച എന്‍റെ മുത്തശിയെ …അവരുടെ പടത്യാരമ്മയെ അറിഞ്ഞോ അറിയാതെയോ അവര്‍ കൊല്ലുകയാണ് …എനിക്ക് ഉറക്കെ വിലവിളിക്കണം എന്നുണ്ടെങ്കിലും ,എന്‍റെ ശബ്ദവും എന്തിനെയൊക്കെയോ ഭയക്കുന്നു …ഇങ്ങനെ അവര്‍ സ്നേഹിച്ചു ,വീര്‍പ്പുമുട്ടിച്ചു സ്നേഹത്തെ ഒരു തരം കടമയോ സഹതാപമോ ഒക്കെയാക്കുന്നു … അവര്‍ക്ക് വേണ്ടത് കുറച്ചു സ്വസ്ഥതയാവാം .. ഉറക്കെ സംസാരിക്കാന്‍ കഴിഞ്ഞുരുന്നെങ്കില്‍, ഓര്‍മ്മകള്‍ ഉണ്ടായിരുന്നെങ്കില്‍ അവര്‍ നിലവിളിച്ചെനെ .. “നിങ്ങളെ സ്നേഹിച്ചു എന്നൊരു തെറ്റെ ഞാന്‍ ചെയ്തിട്ടുള്ളൂ …എന്നെ ഇത്രയും സ്നേഹിച്ചു കൊല്ലരുത് ” … ഇമയുടെ കോണില്‍ ഒഴുകാന്‍ നില്‍ക്കുന്ന കണ്ണുനീര്‍ സാക്ഷി …
ശരിയപ്പോ
സജിത്ത്
https://www.facebook.com/iamlikethisbloger
© 2011, sajithph. All rights reserved.
Copyright secured by Digiprove © 2011 Sajith ph