അങ്ങനയവനും ….

വന്നുവന്ന് അസുഖങ്ങള്‍ക്കുപോലും സ്ഥലകാലബോധം നശിച്ചിരിക്കുന്നുവെന്ന ഓര്‍മ്മപ്പെടുത്തലോടെ ഒരു ദിനം കൂടി  ….മനസിന്‌ എന്തും സഹിക്കാനുള്ള ഒരു സ്ഥിതി  വന്നുകൊണ്ടിരിക്കുന്നുവെന്നത് പക്വതയായി കണക്കാക്കാമെങ്കില്‍ ,ഞാന്‍ ഭയക്കുന്നു ഇത്തരമൊരു പക്വത വേണ്ടിയിരുന്നില്ല്യ … ജീവിച്ചിരിക്കുന്നുണ്ടെന്ന്‌ ഓര്‍മ്മപ്പെടുത്താനായി മാത്രം വല്ലപ്പോഴും ശബ്ധിക്കാറുള്ള എന്‍റെ ഫോണ്‍ കഴിഞ്ഞ നാലു മണിക്കൂറിനുള്ളില്‍ എട്ടിലതികം പ്രാവശ്യം ചിലച്ചിരിക്കുന്നു 🙁   ..എല്ലാവര്‍ക്കും പറയാനുണ്ടായിരുന്നത് ഒന്നേ ഒന്ന് …

രണ്ടു മരണം…. രണ്ടും ഞാന്‍ മൂന്നിലതികം വര്‍ഷം കഴിച്ചുകൂട്ടിയ കോയമ്പത്തൂരില്‍നിന്നും …ആദ്യത്തേത്  HOD രണ്ടാമത്തേത്  കളിച്ചും ചിരിച്ചും ചായ പങ്കിട്ടെടുത്ത നന്‍പന്‍  ….സത്യത്തോട് നീതിപുലര്‍ത്തുകയാണെങ്കില്‍ , ഒന്നാമത്തെ മരണത്തില്‍ പ്രത്യേകിച്ചൊന്നും തോന്നുന്നില്ല്യ …

പഠിപ്പിച്ചിരുന്ന സാറും , പഠിച്ചിരുന്ന വിദ്യാര്‍ത്ഥിയും ഒരു മണിക്കൂറിന്‍റെ ഇടവേളയില്‍ ഒരേ കാരണം കൊണ്ട് വിടവാങ്ങിയിരിക്കുന്നു .. HOD യെ ഓര്‍മ്മിച്ചെടുക്കുകയാണെങ്കില്‍ …..

മലയാളി വിദ്യാര്‍ത്ഥികളോട്  താല്‍പര്യം ഇല്ലാതിരുന്ന , കസേരയില്‍  ബോധം കേട്ട് മയങ്ങിയിരുന്ന മദ്യത്തില്‍ കുതിര്‍ന്ന ചുവന്നു തുടുത്ത  രണ്ടു കണ്ണുകള്‍ …അത്കൊണ്ട്തന്നെ ആ മരണം അത്രയതികം വേദനിപ്പിക്കുന്നില്ല്യ…. സ്ഥലകാലബോധമില്ല്യാതെ  മദ്യപിച്ചു.. അവസാനം അങ്ങോട്ടോ ഇങ്ങോട്ടോ എന്നറിയാതെ രണ്ടു ദിവസത്തിലതികം  മിടിച്ചുകൊണ്ടിരുന്ന ഹൃദയം ,  ബാക്കിയുള്ളവര്‍ക്ക് ഓര്‍മ്മിക്കാനായി , കനത്തിലൊരു  ആശുപത്രി ബില്ലും സമ്മാനിച്ചു മിടിപ്പ് നിര്‍ത്തിയിരിക്കുന്നു … അദ്ധേഹത്തിന്‍റെ മരണത്തെ ഇങ്ങനെ കുറിക്കുന്നു

OUR HOD SLR SIR  EXPIRED

SL Ravichandran, HOD, SNR SONS COLLEGE COIMABTORE

അടുത്തത്   26 വയസു മാത്രമുള്ള  … കള്ളുകുടിയോ പെണ്ണുപിടിയോ പുകവലിയോ ഇല്ലാതെ പച്ചക്കറി മാത്രം തിന്നു ജീവിച്ചിരുന്ന ഒരു അപ്പാവി  …അവനെങ്ങനെ ഹൃദയസ്തംഭനം വന്നുവന്നത്  കുഴപ്പിക്കുന്ന ചോദ്യമായി അവശേഷിക്കുന്നു … അപ്പോള്‍ വന്നുവന്ന് അസുഖങ്ങള്‍ക്കുപോലും സ്ഥലകാലബോധം നശിച്ചിരിക്കുന്നോ ??

ഇരുണ്ട  നെറ്റിക്ക്മീതെ വെളുത്ത  ഭസ്മക്കുറിയിട്ട എപ്പോഴും ചിരിചുകൊണ്ടിരുന്ന അവന്‍റെ മുഖത്തെ വ്യക്തമായി ഓര്‍ക്കുന്നു ..മെസ്സേജ് അയച്ചുകളിക്കാന്‍ മാത്രമായി ക്ലാസില്‍ കയറിയിരുന്ന എന്നെപ്പോലെ ആയിരുന്നില്ല്യ അവന്‍ .. ചുമപ്പും പച്ചയും വെള്ളയും നിറങ്ങളുള്ള ചോറുരുളകളെ  തക്കാളി സാദമെന്നും , മല്ലിസാദമെന്നും , തൈരുസാദമെന്നും പറഞ്ഞു ഒരു ചിരിയോടെ നീട്ടി പറയുമായിരുന്നു ….

സാപ്പിട് , ഒടംബുക്ക് റൊമ്പനല്ലത് …

കുത്തിയിരുന്ന് പഠിച്ചു നേടിയ ഡിഗ്രികള്‍ക്ക്  കടലാസിന്‍റെ വിലപോലുമില്ലെന്നു മനസിലാക്കിത്തന്ന പിന്നീടുള്ള ജോലി തെണ്ടലിന്‍റെ  ദിനങ്ങളില്‍ അവനെ  കണ്ടിരുന്നു … ചെന്നൈയില്‍ വെച്ചു നാല്‍പ്പത്തിനാലാം ഇന്‍റെര്‍വ്യൂ കഴിഞ്ഞപ്പോളും  , എന്നത്തേയും പോലെ പറഞ്ഞു പിരിഞ്ഞു …

സാരമില്ല്യ , ഇതിലും എത്രയോ ഒരു നല്ല ജോലി നമ്മെക്കാത്ത് ഇരിക്കുന്നു …

ആമാണ്ടാ മച്ചി…  കണ്ടിപ്പാ കെടയ്ക്കും .. …ആണ്ടവന്‍ കൈവിടമാട്ടെ …

 

കുറച്ചു നിമിഷത്തിനുമുന്‍പ്   വന്ന കോളിലൂടെ അവനെ വീണ്ടും ഓര്‍ക്കുന്നു ..

ആഗ്രഹിച്ച ജോലി ഒരിക്കലും കിട്ടാതെ അലഞ്ഞുതിരിയുന്നതിനിടയില്‍  പ്രതീക്ഷകള്‍ക്ക് അവന്‍റെ ഹൃധയത്തെക്കള്‍  വേഗത കൈവന്നിരുന്നെന്ന് തോന്നുന്നു …ഇരുപത്താറാം വയസില്‍ അവന്‍ വിട വാങ്ങിയിരിക്കുന്നു…ഒരു ജോലിയന്വോഷിച്ചു  കുറെ നടന്നത്രേ …ഒടുക്കം ഒരു ഇടത്തരം കമ്പനിയില്‍ രണ്ടു വര്‍ഷത്തെ ബോണ്ടോടെ ചേര്‍ന്നിട്ട് അതികം നാളായില്ല്യത്രേ..അതിനിടയില്‍ …..

മരവിപ്പിനിടയിലും അവന്‍ ഒരിക്കല്‍ പറഞ്ഞിരുന്ന വാക്കുകള്‍ ഒഴുകിനടക്കുന്നു … .” ആണ്ടവന്‍ കൈവിടമാട്ടെ … “

 

 

 

 

 

 

 

 

© 2011, sajithph. All rights reserved.

Digiprove sealCopyright secured by Digiprove © 2011 Sajith ph
This entry was posted in നമുക്ക്‌ച്ചുറ്റും and tagged . Bookmark the permalink.