കര്‍ഷക കാഫിറുകള്‍

11.11.11.11.11 am

 

വരും ….ഇത്തിരി വൈകിയാലും ഇന്നെന്തായാലും വരും …

ഇന്നോ ഇന്നലെയോ തുടങ്ങിയ ബന്ധമല്ലാലോ …പറ്റിക്കില്ല്യ  … അതോ എല്ലാരെയുംപോലെ …ചതിക്കുമോ …

നഷ്ടങ്ങളില്‍ നിന്നും നഷ്ടത്തിന്‍റെ  പടുകുഴിയിലെക്കുള്ള  പോക്കിലും  മാനത്ത് നോക്കി സ്വയം ആശ്വസിപ്പിച്ചു പ്രതീക്ഷ കൈവിടാതെ ഇരിക്കുന്ന കുറച്ചു കര്‍ഷകര്‍ ഉള്ളത്കൊണ്ട് നമുക്കെല്ലാം   പറയാം കര്‍ഷക കേരളം .. പക്ഷെ ഒരു പത്ത് വര്‍ഷങ്ങള്‍ക്കപ്പുറം ?

ആത്മഹത്യകള്‍ സംഭവിക്കുമ്പോള്‍ മാത്രം ഓര്‍ക്കപ്പെടുന്ന ഒരു വിഭാഗമായി കര്‍ഷകരെ മാറ്റിയിതെന്തു  … എന്ത് കൊണ്ട് യുവ ജനത കാര്‍ഷികരംഗത്തെക്കിറങ്ങുന്നില്ല്യ …ഉത്തരം തേടി എനിക്ക്  മറ്റെങ്ങും പോകേണ്ട കണ്ണാടിയില്‍ നോക്കിയാല്‍ മതി …..

ഈ ലേഖനം എഴുതാനുണ്ടായ  കാരണം , ഒരു ഫെയിസ് ബുക്ക്‌ പ്രൊഫൈലില്‍ കണ്ട വാചകവും അതിന്‍റെ താഴെയുള്ള കുറെ ലൈക്ക് ക്ലിക്കുമാണ് ..വാചകം താഴെ കൊടുക്കുന്നു

കര്‍ഷകര്‍ വട്ടിപ്പലിശക്ക് ബ്ലേഡ്‌ കാരുടെ കയ്യില്‍ നിന്ന് കാശ് കടം വാങ്ങുമ്പോള്‍ കടം വീട്ടാന്‍ കഴിയില്ലെങ്കില്‍ ആത്മഹത്യ ചെയ്യേണ്ടി വരുമെന്ന് ആലോചിക്കണമായിരുന്നു

എഴുതിയ ആളെ  തേജോവധം ചെയ്യുക  ഈ ലേഖനത്തിന്‍റെ ഉദേശമല്ല …പക്ഷെ അത്തരം ഒരു വാചകം ശരിയെന്നു വിശ്വസിക്കുന്ന ,  താഴെ ലൈക്‌ ക്ലിക്ക്  ചെയ്ത , അല്ലെങ്കില്‍  മാറി മാറി വന്ന അധികാരസിരാകേന്ദ്രങ്ങള്‍ കര്‍ഷകരെ എങ്ങനെ ദ്രോഹിച്ചു എന്നാരെങ്കിലും ചിന്തിക്കുന്നെങ്കില്‍ , ശരിക്കുള്ള കുട്ടനാട്ടിലെ പാലക്കാടിലെ കര്‍ഷകരുടെ  ജീവിതം അറിയണമെങ്കില്‍ , എന്തിനാണ് ആത്മഹത്യ ചെയ്യുന്നത് എന്ന് ആരെങ്കിലും വിചാരിക്കുന്നെങ്കില്‍ അതിനുള്ള ഉത്തരം കണ്ടെത്തുകയാണ് ഈ ലേഖനത്തിന്‍റെ ലക്‌ഷ്യം …

 പണ്ട് പണ്ട് …ഏകദേശം നാല്‍പ്പതു- നാല്‍പ്പത്തന്ജ്ജു വര്‍ഷങ്ങള്‍ക്കു മുന്‍പ് ഇവിടെ  നിന്നിരുന്ന സ്ഥിതി , ഇന്ന് മധ്യപ്രദേശിലോ കണ്ടുവരുന്ന സ്ഥിതിയില്‍നിന്നും ഒട്ടും ഭിന്നമല്ലായിരുന്നു ..ഒരു നേരത്തേ ഭക്ഷണത്തിനു വേണ്ടി പണിയെടുക്കുന്ന …. എന്തു ജോലി ചെയ്യുന്നു എന്നതിനെക്കാള്‍ ,എത്ര ആത്മാര്‍ഥമായി ജോലി ചെയ്യുന്നു എന്ന് വീക്ഷിക്കുന്ന ഒരു ജനതയുണ്ടായിരുന്നു  ..അവര്‍ക്ക്   അമിതമായ ആഗ്രഹങ്ങള്‍ ഉണ്ടായിരുന്നില്ല്യ ….പണിയെടുക്കുന്നവര്‍ വീണ്ടും വീണ്ടും പണിയെടുക്കാനും ,കാശുള്ളവന്‍ വീണ്ടും പണക്കാരനായും തുടര്‍ന്ന് പോന്നു ….വിദ്യാഭ്യാസം മുകള്‍ത്തട്ടിലുള്ളവര്‍ക്ക് മാത്രമായോ, പണിയെടുക്കുന്നവര്‍ക്ക് അതിന്‍റെ ആവശ്യകത അറിയാതെ തുടര്‍ന്ന് പോന്നു ….

ഇടക്കെപ്പോഴോ  ഭൂപരിഷ്കരണവും , എല്ലാവര്‍ക്കും സാക്ഷരത എന്ന സ്വപ്നവും അരങ്ങത്ത് വന്നു ….മാറ്റത്തിന്‍റെ ആഗ്രഹങ്ങള്‍ എവിടെയൊക്കെയോ വീശിത്തുടങ്ങി ….പണിയെടുക്കുന്നവരുടെ തലമുറ പണിയെടുക്കാന്‍ മാത്രം വിധിക്കപ്പെടുന്നതിനെതിരെ ക്രിയാത്മകമായി ചിന്തിച്ചുതുടങ്ങി …..എല്ലായിടത്തുമുള്ള സംവരണം ആഗ്രഹങ്ങളെ യാഥാര്‍ത്യങ്ങളാക്കാന്‍  ആക്കം കൂട്ടിയെന്ന് പറയുന്നതാവും കൂടുതല്‍ ശരി …

തുടര്‍ന്ന് വന്ന ആഗോളവര്‍ക്കരണ-ഉദാരവല്‍ക്കരണ മാറ്റൊലികള്‍  കേരള കര്‍ഷകരംഗത്തിനു  ( റബ്ബര്‍ /നാണ്യവിളകള്‍ / …എന്നിവ ഇവിടെ പ്രതിപാദിക്കുന്നില്ല്യ ) ചെയ്ത ദ്രോഹങ്ങള്‍ ചില്ലറയല്ല … കാലാകാലങ്ങളില്‍ വന്നിരുന്ന ഇറക്കുമതി പ്രോത്സാഹനമോ , പാശ്ചാത്യ ഭക്ഷണങ്ങളോടുള്ള അമിതഭ്രമമോ ഇവിടെ ഉള്ളതിനെ നിസാരമായി കാണാന്‍ ശ്രമിച്ചതോ അങ്ങനെ എണ്ണിയാല്‍ അനേകമുണ്ട്   ….

നാലിടങ്ങഴി നെല്ലോ ( പത്തിടങ്ങഴി = ഒരു പറ , ഏഴ് പറ = ഒരു ചാക്ക് =55 കിലോ നെല്ല് ,  ഒരിടങ്ങഴി  = ഏകദേശം 5.5 കിലോ )  ഒരു നേരത്തെ  ഭക്ഷണത്തിനോ ചെയ്തു പോന്നിരുന്ന ജോലി ചെയ്തു കിട്ടാന്‍ എന്ന് ആളില്ലാതായിരിക്കുന്നു  …. അന്ന് അമ്പതു രൂപയുണ്ടായിരുന കൂലി ഇന്നു ഇരുനൂറു രൂപയില്‍ എത്തിനില്‍ക്കുന്നു  ….തീര്‍ച്ചയായും നെല്ലിനും വില കൂടി  …  പക്ഷെ  ഒന്നുണ്ട് സ്ഥലം കുറഞ്ഞു കുറഞ്ഞു വരുന്നു  …  നെല്ലുല്‍പാദനത്തിലും അത്രയതികം കുതിച്ചുചാട്ടമോന്നുമില്ല്യ …

നിങ്ങളില്‍ എത്രപേര്‍ക്കറിയാം എന്നറിയാത്തതുകൊണ്ട്  ഒന്നുകൂടെ പറയാം … ഇന്നു ഇരുപത്തെഴോ മുപ്പതോ രൂപയ്ക്കു ഒരു കിലോ അരി നിങ്ങള്‍ വാങ്ങുമ്പോള്‍  , കഷ്ട്ടപ്പെട്ട കര്‍ഷകന് കൊടുക്കുന്നത്  കിലോക്ക് പന്ത്രണ്ടു രൂപയാണ്  …. മുപ്പതിനും പന്ത്രണ്ടിനും ഇടയിലുള്ള പൈസ പോകുന്നത് ഇടത്തട്ടുകാരുടെ കീശയിലെക്കാണ്  …ഇത് എല്ലാ രംഗത്തെയും സ്ഥിതിയാണ്

കര്‍ഷകത്തൊഴിലാളിക്ക്  ജോലിക്ക് കൂലിയായി കൊടുക്കുന്നത്  നെല്ലാണ് ,  ഒരു രൂപയ്ക്കു ഇരുപത്തഞ്ഞ്ജു കിലോ അരി കൊടുക്കുമ്പോള്‍ ആര് ജോലി ചെയ്യാന്‍ തയാറാകും ?   ദേശീയതൊഴിലുറപ്പു പദ്ധതി പ്രകാരം പണിയെടുത്തില്ലെങ്കില്‍ക്കൂടെ മാസം തികയുമ്പോള്‍ പൈസ കിട്ടുമെന്നിരികെ ആരാണ് പാടത് ചെളിയിളിറങ്ങി പണിയെടുക്കാന്‍ തയാറാകുക 

കര്‍ഷകരും മനുഷ്യരാണ്  …അവര്‍ക്കും ആഗ്രഹങ്ങളുണ്ട് …വരും തലമുറയെങ്കിലും തങ്ങള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന ദുരിതം പെരറുത് എന്ന്  ചിന്തിച്ചു ,  കടമെടുത്തു  മക്കളെ പഠിക്കാന്‍  അയക്കുന്നെങ്കില്‍  ..അങ്ങും ഇങ്ങും എത്താത്ത ജീവിത ചുറ്റുപാടില്‍ വട്ടിപ്പലിശക്ക് കടം വാങ്ങിയെങ്കില്‍ ….നഷ്ടങ്ങളുടെ കണക്ക് മാത്രം പറയാറുള്ള ദിവസങ്ങളില്‍ ജീവനൊടുക്കാന്‍ തീരുമാനിച്ചെങ്കില്‍ അതിനവരെമാത്രം കുറ്റം പറയരുത് ..

സ്വാഭാവികമായും ഒരു സംശയം വരും … ഇത്രക്ക് നഷ്ടമാണെങ്കില്‍ പിന്നെന്തിനു നെല്‍കൃഷി ചെയ്യുന്നുവെന്ന്  …  ഇതേ ചോദ്യമുന്നയിച്ചപ്പോള്‍ ചിരിച്ചുകൊണ്ട് ഒരു കര്‍ഷകന്‍ പറഞ്ഞു 

നിനക്കതു മനസിലാകില്ല്യ , മണ്ണില്‍ ജനിച്ചു കളിച്ചു വളര്‍ന്നവനാണ് ഞാന്‍ …..ലാഭാമായാലും നഷ്ടമായാലും എനിക്ക് കഴിയുന്നിടത്തോളം ഞാന്‍ ഇത് ചെയ്യും .. ലാഭത്തിനു വേണ്ടി മാത്രമല്ല കൃഷി ചെയ്യുന്നത് . ഇതെന്‍റെ ജീവനാണ് ….ശ്വാസമാണ് ..ഇതെന്‍റെ ചോറാണ് …

അച്ഛന്‍ മാറില്ല്യ  എന്ന് തിരിച്ചുത്തരം പറഞ്ഞപ്പോള്‍  ഒരു മറുചിരിയോടെ പറഞ്ഞു …

നിന്നെ ഇങ്ങനെ പറയാനാക്കിയതും ഈ മണ്ണും ഇവിടുത്തെ ശ്വാസവുമാണ് 

പിന്നെ എനിക്കൊന്നും പറയാനുണ്ടായിരുന്നില്ല്യ 

കേരളം ഒഴിച്ചുള്ള സംസ്ഥാനങ്ങളില്‍ എത്ര കര്‍ഷകഭൂമിയും കൈവശം വെക്കാമെന്നിരിക്കെ ഇവിടെ ഇഷ്ടം പോലെ റബ്ബര്‍കാടോ , തേയിലാപ്പടങ്ങളോ അങ്ങനെ ഒന്നിനും നിയന്ത്രണമില്ല്യ പക്ഷെ നെല്ല് വിളയിക്കാനുള്ള നിലത്തിന് മാത്രം നിയന്ത്രണം  … തമിഴ്നാട്ടില്‍ , നെല്‍കൃഷി നഷ്ടമായാല്‍ അവര്‍ക്ക്  താങ്ങായി സര്‍ക്കാര്‍ ഉണ്ട് ..ഇവിടെ ? 

വാദഗതികള്‍ ഉണയിക്കാനാണെങ്കില്‍ മണിക്കൂറുകളോളം പറയാന്‍ എനിക്കുണ്ട് …അതിനിടയിലാണ്  വേറൊരു വഴിയില്ല്യാതെ തൂങ്ങിമരിക്കുന്ന   കര്‍ഷകരെ  ചുരുക്കം ഒന്നോര്‍ക്കുകയെങ്കിലും ചെയ്യാതെ , അവന്‍റെ  മരണത്തിലേക്ക് പോസ്റ്റ്മോര്‍ട്ടവും , മരണത്തില്‍ കുറ്റപ്പെടുത്താനും മാത്രമായി കുറെ  പോയ്‌മുഖങ്ങള്‍  …

കര്‍ഷകര്‍ക്ക് ആകെയുള്ളത് കുറെ പ്രതീക്ഷകളാണ് …മഴഎന്ന് വരുമെന്നോ വെയില്‍ എന്ന് മായുമെന്നോ അവര്‍ക്കറിയില്ല്യ …എവിടെ നിന്നെങ്കിലും കാശ് കടം വാങ്ങി വിത്തിനോപ്പം പ്രതീക്ഷയും വിതക്കുന്നു …എന്തെങ്കിലും ഒരു പാളിച്ച പറ്റിയാല്‍ എല്ലാ സ്വപ്നവും തകര്‍ന്നടിയും …ആത്മഹത്യ അല്ലാതെ വേറെ വഴിയില്ലെന്ന അവസ്തയിലേക്ക്  എത്താറുണ്ട്  …  മനസിന്‍റെ ശക്തി കൊണ്ട് മാത്രം തൂങ്ങിച്ചാകാതെ പിടിച്ചു നില്‍ക്കുന്ന ഒട്ടനവധി കര്‍ഷകരുടെ നാടാണിത്  ..അപ്പോഴാണ്‌     തൂങ്ങിമരിച്ചതിനെയും  കുറ്റപ്പെടുത്തി കുറെപ്പേര്‍ ..ഒന്നും ഓര്‍ക്കാതെ അത് ശരിയെന്നു വിശ്വസിക്കാന്‍ മറ്റുകുറേപ്പേര്‍  ….മര്യാദക്ക് വെയില്‍ കൊണ്ട് പണിയെടുക്കുന്ന ഒരുത്തനും അത്തരമൊരു അഭിപ്രായ പ്രകടനത്തിന് മുതിരില്ല്യ  …

നമ്മള്‍ ഈ കാണുന്ന തണുപ്പ്മുറികളോ , കണ്ണാടിക്കൂടുകളോ അല്ല ജീവിതം മണ്ണിനെ അറിയുന്ന മണ്ണിനെ സ്നേഹിക്കുന്ന കുറേപ്പേര്‍ ഇപ്പോഴും ഉള്ളതുകൊണ്ട് നമ്മളൊക്കെ ഉണ്ടുറങ്ങിപ്പോകുന്നു …ഹ്മം 

രാവിലെ കഴിക്കുന്ന ഓട്ട്സോ , കോണ്‍ഫ്ലെക്സോ  പഴച്ചാറോ  ..ബര്‍ഗറോ  പിസ്സയോ എന്തെങ്കിലും ഈ കര്‍ഷകര്‍ ഉണ്ടാക്കുന്നോ എന്ന് ആരെങ്കിലും ഓര്‍ത്ത്തുപോയാല്‍  🙁  ഒന്നും പറയാനില്ല്യ 

എവിടെയോ വായിച്ചത് ഞാന്‍ ഓര്‍ക്കുന്നു ,,കാഫിര്‍ 

മൂടിവെച്ചു, മറച്ചുവെച്ചു എന്നൊക്കെ അര്‍ഥമുള്ള ‘കഫറ’ എന്ന പദത്തില്‍ നിന്നാണ് ‘കാഫിര്‍’ വന്നതത്രെ  …..  ബോധപൂര്‍വം മറച്ചുവെക്കുന്നവനും അതിനെ അവിശ്വസിക്കുന്നവനും നിഷേധിക്കുന്നവനുമാണ് കാഫിര്‍. ‘നന്ദികെട്ടവന്‍’ എന്ന അര്‍ത്ഥവും ഉണ്ടത്രേ  …

വിത്തിനെ പ്രതീക്ഷയോടെ   മണ്ണില്‍ മൂടിമറച്ചുവെച്ചു  മാനത്ത് നോക്കിയിരിക്കുക്കുന്ന കര്‍ഷകന്‍ കാഫിര്‍ ആണ് …  ഒന്നുമറിയാതെ അതിനെ വിമര്‍ശിക്കുന്നവര്‍ … കര്‍ഷകരെ വിമര്‍ശിക്കുന്നവര്‍   എല്ലാവരും കാഫിര്‍ ആണ് …. കാഫിര്‍ എന്നതിന്‍റെ അര്‍ത്ഥം എവിടെ എങ്ങനെ   വിലയിരുത്തണം  എന്നത് ഇതു വായിക്കുന്നവര്‍ക്ക് നല്‍കുന്നു   ……

 

ശരിയപ്പോ

സജിത്ത്

https://www.facebook.com/iamlikethisbloger

 

 

 

© 2011, sajithph. All rights reserved.

Digiprove sealCopyright secured by Digiprove © 2011 Sajith ph
This entry was posted in നമുക്ക്‌ച്ചുറ്റും and tagged . Bookmark the permalink.