ഹ്മം എന്താണ് വേണ്ടത് ? എന്ന മുഖഭാവത്തോടെ കണ്ണട വെച്ച നാല്‍പ്പതുകാരിയുടെ കണ്ണുകള്‍ അയാള്‍ക്ക് നേരെ നീണ്ടു
എണ്ണയില്‍ പൊരിഞ്ഞു തുടങ്ങിയ കുരുമുളകിട്ട ഉഴുന്നുവടയുടെ മണം അവിടവിടെ പരന്നുതുടങ്ങിയിരുന്നു …ഒരറ്റത്ത് ആരുടെയൊക്കെയോ വിശപ്പിനെ പശയിട്ടു ഒട്ടിച്ചു നിര്‍ത്താനെന്നവണ്ണം പൊറോട്ട അടിച്ചു കൊണ്ടിരുന്നു ….
അവിടവിടെയായി നരച്ചുതുടങ്ങിയ കുറ്റിരോമം നിറഞ്ഞ മുഖത്തിലെ കുഴിഞ്ഞകണ്ണുകള്‍ ഒരു നിമിഷം അവരുടെ മുഖത്തുടക്കി പതിവുള്ള ഉത്തരം ദൃഡമായി പറഞ്ഞു ….
ശാന്തി … ശംഭു …. വില്‍സ് ..ഹ്മം ….. ഒരു കട്ടന്‍ ചായെന്‍റെ വെള്ളോം രസവടയും
[ ***ശാന്തി /ശംഭു = ഒരു തരം പാന്‍പരാഗ് ****]
അതിനിടയില്‍ ഒരു ഗ്ളാസ് ചൂടന്‍ കട്ടനും , രസവടയും നിറച്ച ഒരു പ്ലേറ്റ് അയാളുടെ മുഖത്തിനു നേരെ നീണ്ടു ..നിന്നുകൊണ്ട് തന്നെ അത് മുഴുവന്‍ തീര്‍ത്തു കടലാസില്‍ കൈതുടച്ചു ആ കടലാസ് ഇടതുകൈയിലുള്ള സഞ്ചിയിലെക്കിട്ടു ..
അന്‍പതിന്‍റെ നോട്ടെടുത്ത് മേശപ്പുറത്ത് വെച്ച് മാറി നിന്നു … ആ സ്ത്രീ മേശ തുറന്നു കുറെ പാന്‍പരാഗും സിഗാറും നിറഞ്ഞ ഒരു പൊതി അയാള്‍ക്ക് നേരെ നീട്ടി … അത് വാങ്ങുമ്പോള്‍ കുഴിഞ്ഞ കണ്ണുകള്‍ പൊങ്ങിവരുന്നതായി പലപ്പോഴും തോന്നിയിട്ടുണ്ട് …ഒരാര്‍ത്തിയോടെ അത് വാങ്ങി നിമിഷനേരം കൊണ്ട് രംഗം ശൂന്യമാക്കി …ആ സ്ത്രീ മറ്റാരെയോ വിളിച്ചു കൌണ്ടറിലിരുത്തി എഴുന്നേറ്റു അടുക്കളയിലേക്കു പോയി ..
രാവിലെ ഭക്ഷണം കഴിക്കുനതിനിടയില്‍ അതൊരു പതിവുള്ള കാഴ്ചയാണ് …പലപ്പോഴും ഞാന്‍ ചിന്തിച്ചിട്ടുണ്ട് എന്തുകൊണ്ടാണ് ആ സ്ത്രീ വടയുടെയും ചായയുടെയും പൈസ ഒഴിച്ചു ബാക്കിയുള്ള പൈസക്ക് മുഴുവന്‍ ഒരു പൊതി കൊടുക്കുന്നതെന്ന് ..ദിവസവും അര മണിക്കൂര്‍ മാത്രമേ ആ സ്ത്രീയെ കൌണ്ടറില്‍ കാണാറുള്ളൂ …
നേരത്തേ കണ്ട കണ്ണ് കുഴിഞ്ഞയാളെ ഞാന്‍ ഇടക്കിടെ കാണാറുണ്ട് … റോഡിലെ ചപ്പു ചവറും കുപ്പിയും പെറുക്കി ആക്രിക്കടയില്‍ കൊടുക്കുന്നതോ , ഗ്യാസ് സിലിണ്ടര്‍ ചുമന്നു നടന്നു പോകുന്നതോ .. അങ്ങനെ ഒരുപാട് സ്ഥലത്ത് വിവിധ വേഷങ്ങളില്‍ ഒരേ മുഖഭാവത്തോടെ കണ്ടിട്ടുണ്ട് … പൈസ കൊടുത്താല്‍ എന്തും ചെയ്യുന്ന ഒരു ഭ്രാന്തന്‍ എന്നാണ് കുറേപ്പേര്‍ അയാളെക്കുറിച്ച് പറഞ്ഞിരുന്നത് ..മറ്റുചിലര്‍ പറഞ്ഞു , സ്വന്തമായി ഒരു ഹോട്ടലും മൊന്ജ്ജത്തി ഭാര്യയുമുണ്ടായിട്ടും ജീവിക്കാനറിയാത്ത പൊട്ടന്‍ … എലാവര്‍ക്കും ഒരു കാര്യത്തില്‍ സംശയമുണ്ടായിരുന്നില്ല ..അയാള്‍ ഒരു കിറുക്കനാണ് …. അതിനവര്‍ക്ക് നിരത്താന്‍ ന്യായഗതികള്‍ നിരവധിയാണ് …
നേരത്തേ കണ്ട സ്ത്രീ അയാളുടെ ഭാര്യയും , ആ ഹോട്ടല്‍ അയാളുടെ സ്വന്തവുമാണത്രേ …പക്ഷെ ദിനം മുഴുവന്‍ കുപ്പ പെറുക്കിയും നാട്ടുകാര്‍ ആവശ്യപ്പെടുന്ന ചില്ലറ ജോലികള്‍ കാശിനു ചെയ്തു കൊടുത്തും മുഴുകും …ഇടക്കെപ്പോഴേങ്കിലും വല്ലതും കഴിച്ചാല്‍ ആയി …ദിവസവും രാവിലെ കുറെ സിഗരറ്റും പാനും വാങ്ങി ആര്‍ത്തിയോടെ വലിച്ചു കീറി വെള്ളച്ചാലിലേക്ക് എറിയുമത്രേ ..കുറെ നിമിഷം അത് നോക്കി നില്‍ക്കും ..ദിവസവും രാവിലെ സ്വന്തം ഭാര്യയെ കാണാന്‍കൂടിയാണ് പോകുന്നത് എന്ന് ചിലര്‍ പറയാറുണ്ട് ..കുളിച്ചൊരുങ്ങി പൂ തലയില്‍ച്ചൂടിയെ ആ സ്ത്രീയെ എല്ലാവരും കാണാറുള്ളൂ …
മറ്റു ചിലര്‍ പറയുന്നു , അവര്‍ക്ക് ഒരു മകനുണ്ടായിരുന്നെന്നും ചെറുപ്പത്തിലെ അവസാന നാളുകള്‍ കാന്‍സര്‍ സെന്‍ററില്‍ ആയിരുന്നു എന്നുമാണ് … ചെറുപ്പത്തില്‍ ഒരുപാട് സിഗരറ്റ് വലിക്കുന്നത് കണ്ടപ്പോള്‍ , ഒരു ദിവസം അവനെ ഒരു റൂമില്‍ പൂട്ടിയിട്ടത്രേ , കൂടെ അനേകം സിഗരറ്റ് പാക്കറ്റുകളും …കുറെ മണിക്കൂറുകള്‍ കഴിഞ്ഞു ആരോ ബലമായി മുറി തുറന്നു നോക്കിയപ്പോള്‍ കണ്ടത് കുറെ പുകയും ബോധമറ്റു കിടക്കുന്ന അയാളുടെ മകനെയുമാണത്രേ ….
ചിലപ്പോള്‍ സ്വയം അധ്വാനിച്ചു ഓരോരോ സിഗരറ്റ് പാക്കറ്റുകളും നശിപ്പിക്കുമ്പോള്‍ ,എരിയുന്ന നിനവുകളില്‍ നിന്നും അല്‍പ്പം ആശ്വാസം ലഭിക്കുന്നുണ്ടാകാം …അല്ലെങ്കില്‍ ഇനിയുള്ള ജീവിതം ജീവിച്ചു തീര്‍ക്കാന്‍ ഇങ്ങനെ ആലോചിച്ചുറച്ചിരിക്കാം ….
എരിഞ്ഞു തുടങ്ങിയ ചിതക്കരികില്‍ നില്‍ക്കുംപോഴും നിനവുകള്‍ വെന്തെരിയാത്തതെന്തുകൊണ്ട് എന്ന് പലപ്പോഴും ചിന്തിച്ചിട്ടുണ്ട് ..…കേട്ടത് വിശ്വസിക്കണോ കണ്ടത് അവിശ്വസിക്കണോ എന്നറിയാത്ത കാലം
ഞാന്‍ അയാളെ ഇനിയും കാണും … ലക്ഷ്യമില്ലാത്ത എന്‍റെ ജീവിതവഴിത്താരയില്‍ ഇങ്ങനെയും കുറച്ചു കാഴ്ചകള്‍ 🙂
ശരിയപ്പോ
സജിത്ത്
https://www.facebook.com/iamlikethisbloger
© 2011, sajithph. All rights reserved.
Copyright secured by Digiprove © 2011 Sajith ph
hmmm gud da…
ഇതൊരു യഥാര്‍ത്ഥ സംഭവമാണെന്ന് തോന്നിയെങ്കില്‍ 🙂 എഴുത്ത് മെച്ചപ്പെട്ടുവരുന്നു