— ഡയറിത്താളിലേക്ക് ഒരേട് —
“വീട്ടില്‍ നിന്ന് അതികം വിട്ടു നില്‍ക്കാത്ത കുട്ടിയാ …ആദ്യമായിട്ടാ …”
ഇതുവരെയും വീട്ടില്‍ നിന്നാ പഠിച്ചതൊക്കെ “
നിങ്ങളെ വിശ്വസിച്ചു ഏല്‍പ്പിക്കുന്നു …. ഒന്ന് ശ്രദ്ധിക്കണം ……. ഇതുവരെ വഴക്ക് പറയാതെയാ വളര്‍ത്തിയത് …”
…ഒന്ന് ശ്രദ്ധിക്കണെ
ശരാശരി നാട്ടിന്‍പുറത്തുകാരി അമ്മയുടെ തേങ്ങല്‍ പ്രതിഫലിപ്പിച്ചു ഒരു സ്ത്രീ ശബ്ദം എന്‍റെ ശ്രദ്ധ തിരിച്ചു കടന്നുപോയി … ശബ്ദം കേട്ട ഭാഗത്ത്നിന്നും നാണം കുണുങ്ങിയ ഒരു ജോഡിക്കാല്‍പ്പാദങ്ങള്‍ അലക്ഷ്യമായി ഉള്‍വലിഞ്ഞു പുറക്കൊട്ടെടുത്തു …..ആ വിടവിലൂടെ അതിനപ്പുറത്തിരിക്കുന്ന ആ സ്ത്രീയെ ഞാന്‍ കണ്ടു …
നാട്ടിന്‍പുറത്തെ പെണ്ണുകാണല്‍ ചടങ്ങിലാണോ ഞാനെന്ന് ഒരു നിമിഷം ആശയക്കുഴപ്പത്തിലായി …അല്ല ഇരുപത്തോന്നു വയസുകാരനായ , നഗരം കാണാതെ വളര്‍ത്തിയ ഒറ്റ മോനെ ആദ്യമായി ജോലിക്ക് കൊണ്ട്ചെന്നുവന്നു വിടാന്‍ വന്ന ഒരു രംഗത്തിനാണ് ഞാന്‍ സാക്ഷ്യം വഹിക്കുന്നത് ……. അന്ജ്ജരയടി പൊക്കത്തിലുള്ള ഒരു ചുള്ളനും കൂടെ നാട്ടിന്‍പുറത്തുകാരായ മാതാപിതാക്കളും
തനി നാടന്‍ വീട്ടമ്മ …കൂടെ ഭര്‍ത്താവുമുണ്ട് …. ഏതോ തുണിക്കടയുടെ കവര്‍ അവരുടെ വിറയ്ക്കുന്ന കൈകളികളില്‍ ഫാനിന്‍റെ കാറ്റിനെതിരെ ഇളകിക്കൊണ്ടിരിക്കുന്നത് കണ്ടു ….കറങ്ങുന ഫാനിലേക്ക് ഞാന്‍ ഒന്ന് നോക്കി , ചൂട് കാറ്റാണോ അതില്‍നിന്നും പ്രവഹിക്കുന്നത് എന്ന് അവരുടെ മുഖത്ത് ഉരുണ്ടുകൂടിയ വെള്ളത്തുള്ളികള്‍ എന്നില്‍ സംശയം ജനിപ്പിച്ചു ….
മൂന്നു മുറികള്‍ ഉള്ള വിശാലമായ ഫ്ലാറ്റിന്‍റെ ചുമരുകളിലേക്ക് അതിശയത്തോടെ അവര്‍ നോക്കി …പതിയെ നടക്കാനാരംഭിച്ചു
” ഇവിടെ വെപ്പും കുടിയുമൊക്കെ ഉണ്ടോ ” പതിയെ ആ സ്ത്രീ ചോദിച്ചു …
കണ്ണാടിക്കൂടിനുള്ളില്‍ വിശ്രമിക്കുന്ന സീസറിന്‍റെയും , മോര്‍ഫസിന്‍റെയും , റെഡ്‌ലെബലിന്‍റെയും കുപ്പികള്‍ കണ്ടിട്ടാണോ കുടിയുടെ കാര്യം ചോദിച്ചത് എന്ന് ഭയന്നെങ്കിലും ഒരു കാര്യം ഉറപ്പായി അല്ല , നാട്ടിന്‍പുറത്തെ ശൈലിയില്‍ പറഞ്ഞുപോയതാണ് ..
ഇല്ല …കിച്ചന്‍ ഉണ്ട് ഗ്യാസ് ഉണ്ട് …പക്ഷെ കുക്കിംഗ് ചെയ്യാറില്ല
ഹ്മം ? എന്താണ് പറഞ്ഞത് എന്ന ഭാവത്തോടെ അവര്‍ മുഖമുയര്‍ത്തി ..
അല്ല ..ഗ്യാസ് വരുന്ന കുഴല്‍ ഫ്ലാറ്റില്‍ അടുക്കളയില്‍ ഉണ്ട് ….പാചകം ചെയ്യാറില്ല …
അവര്‍ക്കപ്പോഴതു മനസിലായി ..ഗ്യാസ് വരുന്ന ചുവപ്പ് കുഴല്‍ എടുത്തു പിടിച്ചു ചോദിച്ചു ..ഇതെന്താ …
ഞാന്‍ ഓര്‍ത്തു , മകനെ കൊണ്ട് വിടാന്‍ വന്നതോ അതോ പെണ്ണുകാണാന്‍ വന്നതോ ..എങ്കിലും അവരുടെ സംശയമകറ്റി
അതാണ് ഗ്യാസ് വരുന്ന കുഴല്‍ …നമ്മളിപ്പോ ആറാം നിലയില്‍ ആണ്, താഴെ ഭൂമിക്കടിയില്‍ വലിയ ഗ്യാസ് സിലിണ്ടര്‍ ഉണ്ട് …..നമ്മള്‍ കറന്റ് ഉപയോഗിക്കുന്നതുപോലെ മാസംതോറും പൈസ കൊടുത്താല്‍ മതി …
അത്ഭുതത്തോടെ അവര്‍ അടുത്ത മുറികളിലേക്ക് കടന്നു
അവിടവിടെയായി ഒരു ബാച്ചിലര്‍ ജീവിതത്തിന്‍റെ അടയാളങ്ങള്‍ അലക്ഷ്യമായി ചിതറിക്കിടന്നിരുന്നു , അതിലൂടെ ഒരു ഓട്ടപ്രദക്ഷിണം നടത്തി അവര്‍ പറഞ്ഞു …
മോന്‍ ഇതേവരെ എവിടേം പോയി താമസിച്ചിട്ടില്ല ..അവന്‍ ഒരു നിശബ്ദനാണ് ….ആരോടും ഒന്നും മിണ്ടില്ല ……
മുഴുമുപ്പിക്കാന്‍ വിടാതെ ഞങ്ങള്‍ പറഞ്ഞു , ” ശ്രദ്ധിച്ചോളാം “
നിങ്ങളെന്താ ഇവനെ ഇവിടെ കെട്ടിച്ചുവിട്ടു പോകുകയാണോ എന്ന് ചോദിക്കാന്‍ മനസ് പറഞ്ഞെങ്കിലും , എല്ലാം ഉള്ളിലൊതുക്കി …കാരണം പാവം അവര്‍ പുറം ലോകം അതികം കാണാത്ത ഒരു നാട്ടിന്‍പുറത്തെ വീട്ടമ്മ …ഹ്മം
അതിനിടയില്‍ അവന്‍റെ അച്ഛന്‍ കണാടിക്കൂടിലിരിക്കുന്ന നീല നിറമുള്ള സീസര്‍കുപ്പി കണ്ടു …
“യേയ് അത് ഇവിടെ മുന്‍പ് താമസിച്ചിരുന്നവരുടെയാ ” എന്ന് പറഞ്ഞോപ്പിച്ചു.. അതൊരു കല്ല് വച്ച നുണയാണെന്ന് എല്ലാര്‍ക്കും അറിയാമെങ്കിലും ഒരു സമാശ്വാസപ്പെടുത്തല്‍ …
എല്ലാ മുറികളും ഓടിനടന്നവര്‍ കണ്ടു …ഇടക്ക് പറഞ്ഞു , എത്ര വലിയ വീട് …
“അയല്‍ക്കാര്‍ കൊണവത്തുള്ളതാണോ ..? ” വീണ്ടും അവരുടെ ആശങ്ക ..
ഒരു മണിക്കൂറിലതികം പറഞ്ഞാലും ഫ്ലാറ്റ് ജീവിതത്തെക്കുറിച്ച് അവര്‍ക്ക് പിന്നെയും ചോദ്യങ്ങള്‍ ഉണ്ടാകും എന്നുറപ്പുള്ളതുകൊണ്ട് പറഞ്ഞു
ഇവിടിപ്പോ എട്ടു നിലയിലായി മുപ്പത്തിരണ്ട് വീട്ടുകാര്‍ താമസിക്കുന്നു …അവര്‍ ആരൊക്കെയാണെന്ന് അറിയില്ല …ചിലരെ കണ്ടിട്ടുണ്ട് ….ഞങ്ങള്‍ കല്യാണം കഴിയാത്ത പിള്ളേര്‍ ആയതുകൊണ്ട് ഒരു പരുന്തിനെ നോക്കുന്നപോലെയേ നമ്മളെ നോക്കാറുള്ളൂ …പറഞ്ഞുനിര്‍ത്തി
ഓ , അത് ഒരു കണക്കിന് നല്ലതാ എന്ന് പറഞ്ഞു അവര്‍ തിരിച്ചുചെന്നിരുന്നു ..
എന്നാല്‍പ്പിന്നെ ഞങ്ങള്‍ പോട്ടെ മോനെ ..മകന് നേരെ നീണ്ട കണ്ണുകള്‍ക്ക് വാതില്‍തുറന്നു അവന്‍ മറുപടി നല്‍കി
ആ അച്ഛനുമമ്മയെയും റെയില്‍വേ സ്റ്റേഷന്‍ വരെ കൊണ്ടുവിടുന്നതല്ലേ മര്യാദ , പോരാത്തതിന് അവര്‍ ഇവിടെ ആദ്യമാ … അതുകൊണ്ട് അവരെ അനുഗമിച്ചു ….
യാത്രയില്‍ ഉടനീളം അവര്‍ പറഞ്ഞു …മോനെ സങ്കടം അറിയാതെയാണ് വളര്‍ത്തിയത് ….അവന്‍ ആരോടും ഒന്നും മിണ്ടില്ല …….നിങ്ങളെകൂടെയാണല്ലോ എന്ന് മാത്രമാണ് ആകെ ഒരു ആശ്വാസം .. ഒറ്റമോനാണ് ..അതിന്‍റെ ലാളനയും ഉണ്ടെന്നു കൂട്ടിക്കോളൂ ..
വിട പറയാന്‍ നേരവും അവര്‍ അതുതന്നെ മന്ത്രിച്ചു … ഒടുക്കമോടുക്കം ആ വാക്കുകള്‍ ആവര്‍ത്തിക്കുന്നത് കേട്ട് ഞങ്ങള്‍ക്ക് ബോറടിച്ചുതുടങ്ങി .. മടക്കയാത്രയില്‍ ഞാന്‍ ഓര്‍ത്തു …അവന്‍ ഭാഗ്യവാന്‍ …. ജോലി സങ്കടിപ്പിച്ചു കൊടുക്കാന്‍ വീട്ടുകാര്‍ ഉണ്ട് … ഞാന്‍ സ്വന്തം വീട്ടുകാരെ ഓര്‍ത്തു ..എന്താണ് പഠിച്ചിരുന്നതെന്നുപോലും അവര്‍ക്കറിയില്ല ..ഇപ്പോള്‍ എന്ത് ജോലി ചെയ്യുന്നു എന്നുപോലും അവര്‍ക്കറിയില്ല … ഇതിനു ഒരു അപവാദം എന്ന് പറയുന്നത് ഇടക്ക് എവിടേക്കോ അലക്ഷ്യമായി നോക്കി മന്ത്രിക്കാറുള്ള അച്ഛന്‍ മാത്രമാണ് ..
നിനക്ക് വേണമെങ്കില്‍ പഠിക്കുക …ഞാന്‍ കഷ്ട്ടപ്പെടുന്നത് കാണുന്നുണ്ടല്ലോ .. വിളക്ക്മാടത്തിന്‍റെ മേല്‍ തിരുകിവെച്ചിരിക്കുന്ന സ്വര്‍ണ്ണപ്പണയ കടലാസുകള്‍ ചൂണ്ടി പറയാറുണ്ടായിരുന്നു …
അമ്പത് ഇന്‍റെര്‍വ്യൂ വരെ പോയിരുന്നത് ഞാന്‍ ഓര്‍ക്കുന്നു ..അങ്ങനെ ജോലി തേടി ഒന്നരകൊല്ലം അലഞ്ഞു ..
ഇവന്‍ സുകൃതം ചെയ്തവന്‍ …ജീവിതത്തില്‍ കഷ്ടപാട് അറിയാതെ വളര്‍ന്നവന്‍ …അവന്‍റെ മുഖം കാണുമ്പോള്‍ വീട്ടില്‍ തണലത്തു വച്ചു വളര്‍ത്തുന്ന മണിപ്ലാന്‍റിനെ ഓര്‍മ്മ വരുന്നു …
അത് കഴിഞ്ഞു ദിവസം ഒന്ന് രണ്ടായിരിക്കുന്നു ..അവന്‍റെ വരവോടെ ഒരു ചോദ്യത്തിന് ഉത്തരം കിട്ടിയിരിക്കുന്നു , “എന്തിനാണ് വര്‍ഷങ്ങള്‍ നീണ്ടു നമ്മള്‍ വേണ്ടാത്ത കുറെ ചപ്പുചവറുകള്‍ പഠിക്കുന്നത് എന്നെപ്പോഴും ചിന്തിച്ചിട്ടുണ്ട് … വര്‍ഷങ്ങള്‍ നീണ്ട വിദ്യാഭ്യാസത്തില്‍ അറിഞ്ഞോ അറിയാതെയോ നമ്മള്‍ ഒരുപാടൊക്കെ പഠിക്കുന്നു …
എങ്ങനെ മറ്റുള്ളവരോട് അഡ്ജസ്റ്റ് ചെയ്യാം …ഷെയറിംഗ് …ഒരുമ … കുറേപ്പേര്‍ ചേര്‍ന്ന ചുറ്റുപാടില്‍ എങ്ങനെ മറ്റുള്ളവരെ മുഷിപ്പിക്കാതെ കഴിഞ്ഞു പോകാം .. അങ്ങനെ ഒരുപാടൊരുപാട് …
അവനിതോന്നും അറിയില്ല …
…അവര്‍ പോയ ഉടനെ കാലിനു മീതെ കാലേറ്റി പേപ്പറും എടുത്തുപിടിച്ചുകൊണ്ട് സെറ്റിക്ക് മേല്‍ ഇരുന്നു ആരെയൊക്കെയോ ഫോണ്‍ ചെയ്തു അമ്പരപ്പ് തന്നു തുടങ്ങിയ സഹവാസം തുടരുന്നു …
സഹിക്കാവുന്നതിന്‍റെ നെല്ലിപ്പലകയില്‍ എത്തിനില്‍ക്കുന്നെങ്കിലും , നാട്ടിന്‍പുറത്തെ അവന്‍റെ അമ്മയുടെ മുഖ ഓര്‍മ്മ വരുന്നു … അവനെ വഴക്ക് പറയരുത് … വിഷമിപ്പിക്കരുത് …
എവിടെച്ചെന്നു നില്‍ക്കും എന്നറിയാതെ നിമിഷങ്ങള്‍ കൊഴിയുന്നു ….
ശരിയപ്പോ
സജിത്ത്
https://www.facebook.com/iamlikethisbloger
© 2011, sajithph. All rights reserved.
Copyright secured by Digiprove © 2011 Sajith ph