ദയക്കായി രണ്ട് കണ്ണുകള്‍

 
 

 

 

പകലെന്നോ  രാത്രിയെന്നോ ഇല്ലാതെ ചില കാഴ്ച്ചകള്‍ പിന്തുടരാന്‍  തുടങ്ങിയിട്ട് ദിവസം പത്തിനോടടുത്തിരിക്കുന്നു …

ഈയിടെയായി ഒന്നിലേക്കും ശ്രദ്ധിക്കാന്‍ കഴിയുന്നില്ല   ..  ഉറങ്ങുമ്പോഴും ഉണരുമ്പോഴും  കിനാവിന്റെയും നിനവിന്റെയും രൂപത്തില്‍ അതെന്നെ  കാര്‍ന്നു തിന്നുകൊണ്ടിരിക്കുന്നു … 

അറിഞ്ഞോ കാര്യഗൌരവമില്ലാതെയോ ചെയ്ത ഒരു തെറ്റ്  … അതിന്റെ വില മനുഷ്യജീവനോളം എത്തുമെന്നറിഞ്ഞിരുന്നുവെങ്കില്‍  ഒരുപക്ഷെ ….. !!!!!
ജന്മജന്മാന്തര പാപം  തൂകിക്കളയാന്‍  കാശിക്ക് കഴിയുമെങ്കില്‍ , എന്റെ തെറ്റിന്  മാപ്പ് നല്‍കാന്‍ കുംബസാരക്കൂടുകള്‍ക്ക്  കഴിയുമെങ്കില്‍  എന്നെല്ലാം   ഓര്‍ക്കുമ്പോള്‍ വീണ്ടും ലജ്ജിക്ക്കുന്നു , ഈശ്വരാ ഒരുപാടൊരുപാട്  സ്വാര്‍ഥനായിക്കൊണ്ടിരിക്കുന്നു ..   

പത്ത് ദിവസങ്ങള്‍ക്കു മുന്‍പുള്ള മഴ മണക്കുന്ന പ്രഭാതം … ആദ്യമായാണ് അത്രയും ദൂരം ഒറ്റയ്ക്ക് ഡ്രൈവ് ചെയ്യുന്നത് … വീടിലേക്ക്‌ എത്താന്‍ ധ്രിതിയുണ്ടായിരുന്നതുകൊണ്ട് പാലക്കാടിലെക്കുള്ള  400 കിലോമീറ്റര്‍  ദൂരത്തെക്കുറിച്ചു   കൂടുതല്‍  അക്ഷമനായി  ടോപ്‌ ഗിയറുകള്‍ മാറുന്ന നിമിഷത്തിലാണ് അത് ശ്രദ്ധിച്ചത്  …   പതിവില്‍ നിന്നും വ്യത്യസ്തമായി   നേരം പുലരാന്‍ നേരത്ത് അങ്ങകലെ ഒരു  കൂട്ടം  … കുഞ്ഞ്ഞ്ഞുറുമ്പുകളെപ്പോലെ  വണ്ടികള്‍ പതിയെ പതിയെ നീങ്ങി നീങ്ങിയില്ലെന്ന മട്ടില്‍ ഇരമ്പി നിന്നിരുന്നു…

നാലോ അന്ജ്ജോ വണ്ടികള്‍ക്ക് പിന്നിലെങ്കിലും എനിക്ക് വ്യക്തമായി കാണാം , പഞ്ചസാര കണക്കെ റോഡില്‍ കുപ്പിച്ചില്ലുകള്‍ പൊടിഞ്ഞു കിടക്കുന്നു .. അവയ്ക്ക് വല്ലാത്തൊരു നിറം പകര്‍ന്നുകൊണ്ട് ചോരത്തുള്ളികള്‍ അങ്ങിങ്ങായി ചിതറിക്കിടക്കുന്നു ..   പതിയെ സൈഡ് ഗ്ലാസ്‌ താഴ്ത്തി ഒരു നിമിഷം നോക്കി … പത്തില്‍ താഴെപ്പേര്‍ കൂടി നില്‍ക്കുന്നു … എന്തൊക്കെയോ വിളിച്ചു പറയുന്നു …

ഇപ്പൊ നടന്നെയുള്ളൂ  ….  ഒരു ടിപ്പര്‍ ലോറി ആയിരുന്നെന്നെ …
നമ്പര്‍ നോക്കാന്‍ പറ്റിയില്ല ..
സമാധാനം , ഇത്രയല്ലേ പറ്റിയുള്ളൂ .. സ്പീഡ് കണ്ടപ്പോള്‍  …

അങ്ങനെയെന്തൊക്കെയോ ആരൊക്കെയോ പറയുന്നു … മുന്‍പില്‍ നാലോ അന്ജോ വണ്ടികള്‍  ഒരിത്തിരി സ്ടലത്തിനായി ചെന്നായ്ക്കളെപ്പോലെ  വെറിയടുത്തിരിക്കുന്നു .. അവയ്ക്ക് പുറകിലായി ഞാനും … എനിക്കും ഒരു പ്രാര്‍ത്ഥന മാത്രം , ഈശ്വരാ 400 കിലോമീറ്റര്‍  പോകണമല്ലോ …ഉച്ചക്ക് മുന്‍പ് എത്തുകയും വേണം ..ഇത്തിരി സ്ഥലം കിട്ടിയിരുന്നെങ്കില്‍ …   

എല്ലാ തരത്തിലും അതൊരു വര്‍ജിന്‍ സ്പോട്ട് ആണെന്ന് പറയാം ..അപകടം നടന്നു നിമിഷങ്ങള്‍ ആവുന്നതെയുള്ളൂ … അക്ഷമരായി ആരൊക്കെയോ ഹോണ്‍ മുഴക്കുന്നുണ്ട്‌  .. ഒന്നോ രണ്ടോ പേര്‍ മൊബൈല്‍ കാമറയുമായി ഓടി നടക്കുന്നു …   

ഛെ എന്ത് മനുഷ്യര്‍ എന്നൊരു നിമിഷം ഓര്‍ത്തു  നോക്കിനില്‍ക്കുന്നതിനിടയില്‍ മുന്നിലുള്ള വണ്ടി ചലിച്ചു തുടങ്ങി … ഒരു കാറും ടിപ്പറുമായി  കൂട്ടിയിടിച്ചതാണെന്ന് തോന്നി … അല്ലെങ്കിലും ടിപ്പറുകള്‍ക്ക്  എന്തൊരു സ്പീടാ .. മനുഷ്യന്റെ ജീവന്‍ വെച്ചാണല്ലോ അവരുടെ കളി എന്ന് പിറുപിറുത്തുകൊണ്ട്  ഫസ്റ്റ് ഗിയറിലേക്കിട്ടു മുന്നോട്ടു നീങ്ങി ..  ഖേദസൂചകമായി കേട്ടുകൊണ്ടിരുന്ന പാട്ട് നിര്‍ത്തി .. അതിനിടയില്‍ എനിക്ക് മുന്നിലുള്ള അഞ്ജു വണ്ടികളും മുന്നോട്ടു എടുത്തിരുന്നു .. സ്ലോ ചെയ്താണ് പോക്ക് ..

 

ഒടുക്കം എന്റെ ഊഴമെത്തി  … അതിനിടയില്‍ ചോര പൂണ്ട വിരലുകളോടെ ഒരാള്‍ കൈ നീട്ടി .. എനിക്ക് പിന്നിലുള്ള വണ്ടികള്‍ അക്ഷമരായി ശബ്ദം ഉണ്ടാക്കുന്നുണ്ടായിരുന്നെങ്കിലും ഒരു നിമിഷം നിര്‍ത്തി . …

കണ്ണാടിചില്ലുകള്‍ക്കും   ചോരത്തുള്ളികള്‍ക്കും സൈഡിലായി , ഒരു സ്ത്രീയെ ചാരി നിലത്തു വെച്ചിട്ടുണ്ട് … തലയില്‍ നിന്നും വീഴുന്ന രക്തം വക വെക്കാതെ അവരുടെ കണ്ണുകള്‍ എന്തോ പരതുന്നുണ്ടായിരുന്നു .. ഒരു പക്ഷെ ഒരിറ്റു ദയക്കായിരുന്നിരിക്കാം  .. മുന്നില്‍ പോയ വണ്ടികള്‍ എന്റെ കാഴ്ചയില്‍ നിന്നും മാഞ്ഞു ..പിറകില്‍ നിര്‍ത്താതെയുള്ള ഹോണ്‍ വ്യക്തമായി ഓര്‍ക്കുന്നു … കൈ നീട്ടിയ ആള്‍ അടുത്തെത്തി എന്നോട് പറഞ്ഞു ..

ഇവരെ ഒന്ന് മെഡിക്കല്‍ കോളേജില്‍ ആക്കണം … ഇപ്പൊ അക്സിടെന്റ്റ്  ആക്സിഡന്റ്റ്  നടന്ന വണ്ടിയിലെയാ

ഇപ്പോഴും ആ ശപിക്കപ്പെട്ട നിമിഷത്തെ ഓര്‍ത്തുകൊണ്ട്‌ തുടര്‍ന്നെഴുതട്ടെ  … ഒരു നിമിഷത്തെ ആലോചനയോ മടിയോ കൂടാതെ  പറഞ്ഞു ..

ചേട്ടാ , ഞാന്‍ പാലക്കാടിലെക്കാ  …

അവരുടെ നെറ്റിയില്‍ നിന്നും ഊര്‍ന്നു വീണിരുന്ന  ചോരത്തുള്ളികള്‍ ഇപ്പൊള്‍ ഞാന്‍ ഓര്‍ക്കുന്നു … പക്ഷെ അവയൊന്നും അപ്പോഴെന്റെ  കണ്ണ് തുറപ്പിച്ച്ചില്ല  .. മുന്നിലുണ്ടായിരുന്നത്‌  400 കിലോമീറ്റര്‍  മാത്രം …

അതിനെന്താ , ഇവരെ ഒന്ന് അവിടെ ആക്കിയിട്ടു പോയ്ക്കൂടെ ?  

ചേട്ടാ , എനിക്ക്  400 കിലോമീറ്റര്‍ പോകണം …

ശരി ….പോ  എന്ന് പറയുമ്പോള്‍ സത്യത്തില്‍ അയാള്‍ എന്നെ ശപിച്ചിരിക്കണം .. .  

വണ്ടി മുന്നോട്ടെടുത്തു … ആദ്യത്തെ അഞ്ജു നിമിഷത്തിനുള്ളില്‍ എവിടെ നിന്നോ ഒരു ചോദ്യമുയര്‍ന്നു  … ഞാന്‍ ആ ചെയ്തത് ശരിയായിരുന്നോ  ….  അവരെ ആശുപത്രിയില്‍ ആക്കാമെന്ന് വെച്ച്ചിരുന്നുവെങ്കില്‍ , മിക്കവാറും സ്ഥല പരിചയമില്ലാതിരുന്ന ഞാന്‍ ഒറ്റയ്ക്ക് തന്നെ അത് ചെയ്യേണ്ടി വന്നേനെ … മണിക്കൂറുകളോളം അവിടെ …. പിന്നെ  റിപ്പോര്‍ട്ടിങ്ങും മറ്റുമായി അന്നത്തെ ദിവസം  അവിടെ ഇരിക്കണ്ടി വന്നിരിക്കാം …  എനിക്ക് മുന്‍പ് പോയ അഞ്ജു വണ്ടികള്‍ നിര്‍ത്താതെ പോയത്  അതോര്‍ത്തായിരിക്കാം …

സമയം കൂടുന്തോറും  തെറ്റിന്റെ ഗൌരവം  എന്നെ വെട്ടയാടിത്തുടങ്ങിയിരുന്നു … എന്തൊക്കെ ആയാലും ഒരു മനുഷ്യജീവന്റെ വില എന്ത് തിരക്കുകളെക്കാളും  വലുതാണല്ലോ …  ഒരിറ്റു ദയക്കായി യാചിക്കുന്ന ആ സ്ത്രീയുടെ കണ്ണുകള്‍ ഇതെഴുതുമ്പോഴും എന്നെ വേട്ടയാടുന്നുണ്ട്  …

 പശ്ചാത്തപത്തിന്റെ  പനിനീരില്‍ മുങ്ങിക്കുളിച്ച്ചാലും  ചെയ്തത് തെറ്റ് തന്നെയാണ് …    അവിടെ കൂടി നിന്നവരെക്കള്‍ , മൊബൈല്‍ കാമറയുമായി എന്തോ പരതിയവരെക്കാള്‍ക്കൂടുതല്‍  തെറ്റ് ചെയ്തിരിക്കുന്നു … തെറ്റിനും വലിപ്പച്ച്ചെറുപ്പമുണ്ടോ എന്നോര്‍ക്കുന്നതിനിടയില്‍  വേദനയോടെ ഞാന്‍ തിരിച്ചറിയുന്നു , എന്റേത്  തെറ്റും ശരിയും തേടിയുള്ള  ഒരുതരം  ന്യായീകരണത്തിനായുള്ള  വെറും   ഒളിചോടലാണോ  … കൂടുതല്‍  സ്വാര്‍ത്ഥനായിരിക്കുന്നു ….

ശരിയും തെറ്റും എല്ലാം സന്ദര്‍ഭമനുസരിചു  വ്യത്യാസപ്പെടും , നീ ചെയ്തത് തന്നെയായിരുന്നു  ആ നിമിഷത്തെ ശരി എന്നാരെക്കോയോ ആശ്വസിപ്പിക്കാന്‍ ശ്രമിക്കുമ്പോഴും , ഒന്നറിയുന്നു   ആരൊക്കെ എന്തൊക്കെ പറഞ്ഞാലും  ഒരു  മനുസ്യജീവനോളം വില മതിക്കില്ലല്ലോ  ഒന്നിനും എനിക്ക് മുന്നില്‍ ഇപ്പോഴുമുണ്ട് , ഒരിറ്റു ദയക്കായി ദാഹിക്കുന്ന രണ്ട് കണ്ണുകള്‍     ….

 

സജിത്ത്

  https://www.facebook.com/iamlikethisbloger

 

 

© 2012, sajithph. All rights reserved.

Digiprove sealCopyright secured by Digiprove © 2012 Sajith ph
This entry was posted in കഥ/കവിത. Bookmark the permalink.