കേരളമോ ? കേരളത്തിലോ ? തലയ്ക്കു വല്ല കിറുക്കുമുണ്ടോ .. കാര്യം നടക്കണമെങ്കില്‍ വേറെ വല്ല വഴി കാണൂ ഭായ്
എന്ന് പലരും പലവട്ടം പറഞ്ഞു കേട്ടിട്ടുണ്ടെങ്കിലും ഒരനുഭവമുണ്ടാകുന്നവരെ വിശ്വസിച്ചിരുന്നില്ല …
അതിവേഗം ബഹുദൂരം ചലിക്കുന്ന ഭരണയന്ത്രക്കസേരകളിന്‍ ചുവട്ടില്‍ നിന്നും ചില പച്ചയായ നിമിഷങ്ങള്‍ പറഞ്ഞു തുടങ്ങട്ടെ …..
മഴ വന്നു എന്നറിയണമെങ്കില്‍ ഇവിടെ പാലക്കാട് വരണം … നേരവും കാലവും ഇല്ലാതെ മഴയങ്ങനെ തിമര്‍ക്കുകയാണ് .. ഞാറു നടാനായി ആളില്ലല്ലോ ഈശ്വരാ , മഴയോട്ടു നില്‍ക്കുന്നുമില്ല എന്നാണ് എല്ലായിടത്തും സംസാര വിഷയം … ആ നിമിഷങ്ങളില്‍ എപ്പഴോ ഒരു മോഹമുദിച്ചു , അസ്തമയ സൂര്യന്റെ ഇളം വെയിലേറ്റു തണുത്തതെന്തെങ്കിലും കഴിച്ചു , കൊറിച്ചു ഒന്നങ്ങനെ കുറച്ചു നേരം കിടക്കണം … അതിനു കന്യാകുമാരിയല്ലാതെ വേറെന്തു ചോയ്സ് എന്ന് മനസ് മറുപടിയും തന്നു …
എന്തായാലും അതുവരെ പോകുന്നതല്ലേ , എങ്കില്‍പ്പിന്നെ അസ്തമയം മാത്രമാക്കുന്നതെന്തിനു ഉദയവും കണ്ടുകളയാം എന്ന ദുരാഗ്രഹമാണ് ഒരു പക്ഷെ എല്ലാത്തിനും കാരണം എന്നിപ്പോ തോന്നുന്നു … താമസിക്കാനായി ഒരു സ്ഥലത്തെക്കുറിച്ച് പരതിയപ്പോള്‍ ഓര്‍മ്മയില്‍ വന്നത് കേരള ഹൌസ് ആണ് ..അതെ , നമ്മുടെ സ്വന്തം കേരളത്തിന്റെ !!!
ഫോണ്‍ എടുത്തു കറക്കിയപ്പോള്‍ തിരുവനന്തപുരം കെ ട്ടി ഡി സി യില്‍ നിന്നും മറുപടി വന്നു ..
ഈ ശനിയാഴ്ചയോ ? അതിനെന്താ … റൂം ബുക്ക് ചെയ്യണം .. ഇവിടെ റെയില്‍വേ സ്റ്റേഷന്റെ അടുത്ത് ഓഫീസ് ഉണ്ട് …ഒന്ന് വന്നാല്‍ മതി ….
അങ്ങനെ പെട്ടിയും പായുമെടുത്തു ട്രെയിന്‍ പിടിച്ച് അവിടെ ചെന്നു .. മണിക്കൂറുകള്‍ നീണ്ട യാത്രയായതിനാല്‍ വഴിയരുകില്‍ നിന്നുമൊരു ചായ കുടിച്ചു … ഒരു ചെറു കടിക്കായി തിരക്കി
ചേട്ടാ കടിക്കാനെന്തുണ്ട്
രസവട, ഉള്ളിവട , മസാലവട ഉഴുന്നുവട , വാഴക്കഅപ്പം ,വത്സന്‍ …എന്ത് വേണം ?
ഗോതമ്പ് ബോണ്ട കിട്ട്വോ ?
അയാളെന്നെ ഒരു നിമിഷം നോക്കി .. വടക്കൂന്നാ ?
ഹ്മം
മയപ്പം ഉണ്ട് ഇച്ചിരി ഹോട്ടാണ് ഒന്നെടുക്കട്ടെ ?
കടിക്കുന്നതിനിടയില്‍ പിടി കിട്ടി …സംഗതി മൈത ഉരുട്ടി എണ്ണയില്‍ പൊരിച്ചതാ .. മൈത കൊണ്ടുള്ള ഉണ്ട .. മൈത അപ്പം ..അങ്ങനെ മയ്യപ്പം ….
ചായ കുടിക്കുന്നതിനിടയില്‍ കെ ട്ടി ഡി സി യുടെ ഓഫീസ് അന്വോഷിച്ചപ്പോള്‍ ഒരുപദേശം കൂടെ കിട്ടി .. കന്യാകുമാരിയില്‍ ഈ ശനിയാഴ്ച താമസിക്കാനാണോ .. വേറെ വല്ല വഴി നോക്കിക്കൂടെ ചങ്ങായി .. അടുത്ത് തന്നെ ഇഷ്ടം പോലെ ഹോട്ടല്‍ ഉണ്ട് …ചിലപ്പോ ഒരു പത്തുരൂപ്പിക അതികമാകും എന്നാലെന്താ ? കാര്യം നടക്കും ..
ഒരു ചിരിയോടെ ആ ഉപദേശത്തെ അതിന്റെ പാട്ടിനു വിട്ടു നേരെ കെ ട്ടി ഡി സി യുടെ ഓഫീസില്‍ കേറി ചെന്നു … സംഗതി അവതരിപ്പിച്ചു …
കന്യാകുമാരിയില്‍ ഒന്ന് അന്തിയുറങ്ങണം … ഒരു ഡബിള്‍ റൂം വേണം .. നമ്മുടെ സര്‍ക്കാരിന്റെ റൂം ഉള്ളപ്പോള്‍ കണ്ട പാണ്ടിയുടെ ..
മുഴുമിപ്പിക്കാന്‍ സമ്മതിച്ചില്ല അതിനിടയില്‍ മറുപടി തന്നു …
ടി ട്ടിഡിസി യുടെ റൂം വേണമെങ്കില്‍ ഇവിടെ നിന്നും ബുക്ക് ചെയ്യാം … കെ ട്ടി ഡി സി വേണമെങ്കില്‍ അതിനു സെക്ക്രട്ടറിയേററില്‍ ചെല്ലണം ….. ജിഎഡി ഡിപ്പാര്‍ട്ട്മെന്റില്‍ ..അവിടെ നിന്നുമുള്ള പേപ്പറുമായി ഇവിടെ വരണം . ( ജെനറല്‍ അഡ്മിനിസ്റ്റേഷന്‍ ) ..
ഒരു നിമിഷം ചിന്തിച്ചു …. കേരളത്തിലിരുന്നു തമിഴ്നാട് ഹൌസിന്റെ റൂം ബുക്ക് ചെയ്യാന്‍ കേരള സര്‍ക്കാരിന്റെ ഓഫിസ് … കേരള ഹൌസ് ബുക്ക് ചെയ്യാന്‍ സെക്ക്രട്ടറിയേററില്‍ ചെല്ലണം !!! ഹ്മം അവര്‍ക്കിതൊക്കെ ആദ്യം ഫോണ്‍ ചെയ്യുമ്പോ പറയാമായിരുന്നില്ലേ …..
സെക്ക്രട്ടറിയേററില്‍ പോകുന്ന കാര്യമൊക്കെ ആലോചിച്ചപ്പോള്‍ അറിയാതെ ചോദിച്ചു പോയി .. ടി ട്ടിഡിസി യുടെ നോണ്‍ ഏസി ഡബിള്‍റൂം വേണമെങ്കില്‍ എത്രയാകും ?
800 പിന്നെ ടാക്സും …പക്ഷെ അതിവിടെ നിന്ന് ബുക്ക് ചെയാന്‍ പറ്റില്ല … ഏസി മാത്രമേ പറ്റൂ ..
അപ്പൊ ഏസിക്കോ ?
1600 പിന്നെ ടാക്സും
അറിയാതെ വീണ്ടും ചോദിച്ചു പോയി … സെക്ക്രട്ടറിയേററില്‍ പോകാന്‍ എങ്ങനെയാ ?
നേരെ ചെല്ലുക
എന്നിട്ട് …?
എന്നിട്ട് …ഏതെങ്കിലും ഓട്ടോക്കരനോട് ചോദിച്ചാല്‍ മതി …
അതിനിപ്പോ നിങ്ങള്‍ പറയണോ എന്ന് മനസ്സില്‍ ഓര്‍ത്തെങ്കിലും … മനസാനിധ്യം വീണ്ടെടുത്തു നളിനി നെറ്റോ എന്ന പേരും പീഡനം എന്ന വാക്കും ഓര്‍മ്മയില്‍ വന്നു അവിടെ നിന്നും നീങ്ങി …
അങ്ങനെ വഴി തപ്പി സെക്ക്രട്ടറിയേററില്‍ എത്തി …
ഗേറ്റില്‍ ഉള്ള പോലീസുകാരന്‍ എവിടെക്കാ എന്ന ഭാവത്തില്‍ നോക്കി … കണ്ട ഉടനെ കാര്യം പറഞ്ഞു
റൂം ബുക്ക് ചെയ്യാനാ …ജിഎഡി ഡിപ്പാര്‍ട്ട്മെന്റില്‍ പോകണം
അതിനു പാസുണ്ടോ ?
ഇല്ല
എങ്കില്‍ ആദ്യം പാസുമായി വാ
പാസ് എവിടെക്കിട്ടും എന്നന്വോഷിച്ചു അവിടെ എത്തി ..
കൌണ്ടറില്‍ ഇരുന്ന അനിയനോട് കാര്യം പറഞ്ഞു … ചേട്ടാ , ഒരു പാസ് വേണം …
കേരള ഹൌസ് റൂം ബുക്ക് ചെയ്യാനാ …ജിഎഡി ഡിപ്പാര്‍ട്ട്മെന്റില്‍ പോകണം ..പാസ് വേണം
അങ്ങേര്‍ ആരോടോ സംസാരിക്കുന്നതിനിടയില്‍ ഒരു മൂലയ്ക്ക് കണ്ണ് നീട്ടി …
അങ്ങോട്ട് നോക്കിയപ്പോള്‍ ..ചുമരില്‍ എഴുതി വെച്ചിരിക്കുന്നു , പാസിനായി ഫോം പൂരിപ്പിച്ചു നല്‍കുക
അങ്ങനെ പേരും വിലാസവും എഴുതി വീണ്ടും അതുമായി കൌണ്ടറില്‍ എത്തി …
.ജിഎഡി ഡിപ്പാര്‍ട്ട്മെന്റില്‍ എവിടെയാ ? പൊളിട്ടിക്കലാ ?
അറിയില്ല … റൂം ബുക്ക് ചെയ്യാനാ .. പറഞ്ഞു നിര്‍ത്തി
ഓ ..അപ്പൊ പൊളിട്ടിക്കല്‍ തന്നെ …
അങ്ങേര്‍ എന്തൊക്കെയോ കമ്പ്യൂട്ടരില്‍ എന്റര്‍ ചെയ്യുനത് കണ്ടു … ഒരു നിമിഷം കഴിഞ്ഞപ്പോള്‍ പറഞ്ഞു ..
നീങ്ങി നില്‍ക്ക്
എന്താണെന്നറിയാതെ സ്തംഭിച്ചു നില്‍ക്കുമ്പോള്‍ , മേശക്കരികില്‍ നിന്നും ഒരു വടി ഉയര്‍ത്തി താഴെ വെച്ചു … വടിയുടെ അറ്റത്തു ഒരു കുഞ്ഞു കാമറ …..
അങ്ങനെ പടം പിടിത്തവും അന്വോഷണവും കഴിഞ്ഞു , അയാള്‍ ഒരു തുണ്ട് കടലാസ് നീട്ടി ..എന്നിട്ട് പറഞ്ഞു സാന്ഡ്വിച്ച്ചില്‍ പോയാല്‍ മതി … നോര്‍ത്ത് സാന്ഡ്വിചു ….
north sandwitch !! അതിപ്പോ എവിടെയാണാവോ .. അങ്ങനെ “പൊട്ടന്‍ പൂരത്തിന് പോയപോലെ ” എന്ന മട്ടില്‍ അവിടെ അങ്ങനെ കറങ്ങി നടന്നു ..ഒടുക്കം അങ്ങകലെ അത് കണ്ടു … north sandwitch !!
നേരെ അങ്ങോട്ട് ചെന്നു കേറി …പാറാവ് നടയില്‍ കാര്യം ഉണര്‍ത്തിച്ചു
കേരള ഹൌസ് റൂം ബുക്ക് ചെയ്യാനാ …ജിഎഡി ഡിപ്പാര്‍ട്ട്മെന്റില്‍ പോകണം .
പാസ് വാങ്ങി നോക്കിക്കൊണ്ട് അയാള്‍ പറഞ്ഞു , രണ്ടാമത്തെ നില …
ലിഫ്ഫ്റിനായി കണ്ണോടിച്ചപ്പോള്‍ ചിരിച്ചു കൊണ്ട് അങ്ങേര്‍ പറഞ്ഞു …
ലിഫ്ട് വര്‍ക്ക് ചെയ്യുന്നില്ല … all kerala lift operators association സൂചന പണിമുടക്കിലാണ്
അങ്ങനെ രണ്ടാം നിലയില്‍ ചെന്നു … ഒരു മണി വരെയേ ബുക്കിംഗ് ഉള്ളുവത്രേ …അങ്ങനെ എഴുതി വെച്ചിരിക്കുന്നു … ആരെയും കണ്ടില്ല .. അര മണിക്കൂറോളം അവിടെ നിന്നു ..ചിലരെല്ലാം വന്നു പോകുന്നുണ്ട് ..പക്ഷെ എല്ലാവരും തിരക്കിലാണ് ഒടുക്കാന്‍ ഒരു കണ്ണാടിക്കാരന്‍ വന്നു …സംഭവം പറഞ്ഞു … ഒരു റൂം വേണം ..കേരള ഹൌസില്‍ …
സമയം കഴിഞ്ഞല്ലോ ..വന്നപാടെ കമ്പ്യൂട്ടര്‍ നോക്കിക്കൊണ്ട് അയാള്‍ പറഞ്ഞു …
സര്‍ !!! പാലക്കാടില്‍ നിന്നും വരുകയാണ് .. എങ്ങനെയെങ്കിലും ഒരു റൂം ….
സര്‍വീസില്‍ ആരെങ്കിലുമുണ്ടോ ?
ഇല്ല .. ഇവിടുത്തെ ആരെയും അറിയില്ല
പോയി വെള്ള പേപ്പറില്‍ കോര്‍ട്ട്ഫീ സ്റ്റാമ്പ് ഒട്ടിച്ചു അപേക്ഷയുമായി വരൂ …
അവിടെനിന്നും ശര വേഗത്തില്‍ ഓടി ..പേനയും സ്റ്റാമ്പും , പേപ്പരുമൊക്കെ സങ്കടിപ്പിച്ചു നീട്ടിയെഴുതി
__________________________________
സര്‍ , എനിക്ക് കന്യാകുമാരിയില്‍ സൂര്യാസ്തമയവും സൂര്യോദയവും കാണാന്‍ അതിയായ മോഹമുണ്ട് … അന്തിക്ക് ഒന്ന് തല ചായ്ക്കാനും കുളിച്ചുറങ്ങാനും ഒരു ദിവസത്തിനു ഒരു മുറി വേണം …അവിടുത്തെ അധികാര പരിധിയില്‍പ്പെട്ട കേരള ഹൌസില്‍ നിന്നും ഈയുള്ളവന് ഒരു മുറി ഒരു ദിവസത്തേക്ക് ദയവുണ്ടായി അനുവദിച്ചു തരണമെന്ന് വിനീതമായി അപേക്ഷിക്കുന്നു … ( ഒപ്പ് )
____________________________________
ഹ്മം , ഏതു റൂം ആണ് വേണ്ടത് , എപ്പോഴാണ് ? തിരക്കിട്ട് ആര്‍ക്കോ മൊബൈല്‍ ഫോണ്‍ ഡയല്‍ ചെയ്തുകൊണ്ട് ആ അപേക്ഷയും വായിച്ചു അയാള്‍ ചോദിച്ചു …
ഡബിള്‍ റൂം വേണം ..ഈ ശനിയാഴ്ച …
ഈ ശനിയാഴ്ചയോ ? ഇല്ല എല്ലാം ബുക്ക്‌ഡാ .. ശനിയും ഞായറും റൂമിനായി വരണ്ട ..
പരമ ദ്രോഹി എന്നുറക്കെ വിളിച്ചു അയാളുടെ മണ്ടക്ക് ഒന്ന് കൊടുക്കണമെന്ന് തോന്നിയെങ്കിലും , നമ്മളൊക്കെ ആരാ ..വെറും സാധാ ജനം … പക്ഷെ ഏതു അപേക്ഷ എഴുതുന്ന മുന്‍പ് അയാള്‍ പറഞ്ഞിരുന്നെങ്കില്‍ ?? അല്ല എല്ലാം ചോദിക്കേണ്ടത് ആവശ്യകാരാനാണല്ലോ അല്ലെ …
പുറകില്‍ നിന്നും ഇവിടെ നിന്നോ ഒരു ശബ്ദം കേട്ടതായി തോന്നി
കേരളമോ ? കേരളത്തിലോ ? തലയ്ക്കു വല്ല കിറുക്കുമുണ്ടോ .. കാര്യം നടക്കണമെങ്കില്‍ വേറെ വല്ല വഴി കാണൂ ഭായ്
ആരോ ഒരാള്‍ പറഞ്ഞു , ഇതിന്റെ വല്ല ആവശ്യവുമുണ്ടോ ? നേരെ കന്യാകുമാരിയില്‍ ചെല്ല് … അവിടെ തമിഴന്മാര്‍ ആവശ്യത്തിനു മാത്രം കാശ് മേടിച്ചുകൊണ്ട് കുറെ ലോഡ്ജ് നടത്തുന്നുണ്ട്
ചിലപ്പോ പത്തുരപ്പിക കൂടുതല്‍ ആകും ..എന്നാലും കാര്യം നടക്കും …
ഇപ്പോള്‍ വൈനോട്ട് കേരള എന്ന് പറഞ്ഞു ആരെങ്കിലും മുഖം ചുളിച്ചാല്‍ പറയാന്‍ നൂറു നൂറു കാര്യങ്ങളുണ്ട് …
എല്ലാ മോഹവും അവിടെ ഉപേക്ഷിച്ചു എന്ത് ചെയ്യണം എന്ന് ചിന്തിക്കുന്നതിനിടയില്‍ ഒരു കുഞ്ഞു മഴയും കൂടെ മൊബൈല്‍ ഫോണും റിംഗ് ചെയ്തു …
നാട്ടില്‍ നിന്നാ .. പാലക്കാട് ഇപ്പൊ മഴ പോയത്രെ …പോകുന്ന വഴി പട്ടാമ്പിയില്‍ പാറപ്പുറത്ത് കേറി സൂര്യാസ്തമയം കാണാം .. നാറാണത്ത് ഭ്രാന്തന്റെ അടുത്ത് കിടന്നുറങ്ങി പുഴയില്‍ മുങ്ങിക്കുളിച്ചു മടങ്ങുകയുമാവാം …
സജിത്ത്
https://www.facebook.com/iamlikethisbloger
© 2012, sajithph. All rights reserved.
Copyright secured by Digiprove © 2012 Sajith ph