എന്നില്‍ നീ വിശ്വസിക്കുന്നോ

എന്നില്‍ നീ വിശ്വസിക്കുന്നോ എന്നാരോ ചോദിച്ചപ്പോള്‍ വീണ്ടും ഓര്‍ക്കുകയായിരുന്നു …
കുറെ മാസങ്ങള്‍ക്കു മുന്‍പിലെ ഒരു ദിവസം  …

 

 

 

 

അപൂര്‍ണ്ണമായ  സ്വപ്നത്തെ ഇടവേളയിലേക്ക്  തള്ളിവിട്ടു  ചില പതുപതുത്ത  ശബ്ദം  ഉറക്കത്തെ ഉണര്‍ത്തി  കടന്നുപോയി … പുലര്‍ച്ച നാലിന് ശേഷം ഭൂമിയുടെ ഗുരുത്വാകര്‍ഷണം പലമടങ്ങ്‌ കൂടുമോയെന്ന് ആരെക്കൊണ്ടെങ്കിലും അന്വോഷിക്കണമെന്നത്   പലകുറിയായി മറക്കുന്നുവല്ലോയെന്നത്   തുറക്കാന്‍  മടികാണിച്ച   കണ്‍പോളകള്‍ വീണ്ടും ഓര്‍മ്മപ്പെടുത്തി …  ഒന്നെഴുന്നേറ്റു കിട്ടാന്‍ എന്തെന്നില്ലാത്ത പാടായിരിക്കുന്നു …

സമയം എത്രയെന്ന ചിന്തയില്‍ , പാതി തുറന്ന കണ്ണുമായി  കട്ടിലിനുതാഴെക്ക്  മോബൈലിനായി  കയ്യോടിച്ചു    … തെളിച്ചം  കെട്ടടങ്ങാത്ത  ആമമാര്‍ക്ക്‌ കൊതുകുതിരിയുടെ അവസാന കഷണത്തിന് മീതെ കൊതുകുകള്‍ മത്സരിച്ചു പറക്കുന്നുണ്ടായിരുന്നു …   ചൂട് രക്തം ആവോളം കുടിച്ചു കൈവെള്ളയില്‍  മദാലസമായി  വിശ്രമിച്ചുകൊണ്ടിരുന്ന പൊണ്ണന്‍  കൊതുകിനെ രാമായണമാസമെന്ന  പരിഗണനപോലും കൊടുക്കാതെ യവനികയിലേക്ക് പറഞ്ഞയക്കുന്നതിനിടയില്‍ വെളിയില്‍ നിന്നും ഒരു ശബ്ദം കേട്ടു  …

മോന്തി വെളിച്ചായി , നീയിനീം  എണീട്ടില്ല്യെ ?  പുറത്താരോക്കെയോ  ഓടുന്നുണ്ടല്ലോ …

അപ്പോള്‍ ആ ശബ്ദം സ്വപ്നത്തിന്റെ ഭാഗമായിരുന്നില്ല … സ്വപ്നമേതു സത്യെമേതു എന്ന് പലപ്പോഴും തിരിച്ചറിയാന്‍ കഴിയാറില്ലല്ലോയെന്ന  നിനവോടെ  ദ്രവിച്ചുതുടങ്ങിയ വാതില്‍ തള്ളി റോഡിലേക്ക് കണ്ണോടിച്ചു  …

നൂലറ്റ പട്ടം തൂങ്ങിക്കിടന്ന മാങ്കോമ്പിനിടയിലൂടെ   അത് കണ്ടു … ആരൊക്കെയോ ഓടുന്നു …ചിലരുടെ കയ്യില്‍ നീലയും പച്ചയും നിറമുള്ള പ്ലാസ്റ്റിക്‌ കുടം ….

ഞാനിപ്പോവരാമെന്ന് പറഞ്ഞു അവര്‍ക്ക് പിറകെ ഞാനും ഓടി …

എന്തിനായിരിക്കും ആള്‍ക്കാര്‍ കുടമായി ഓടുന്നത് ,  എന്താണെങ്കിലും ഒരു കുടം കയ്യില്‍ എടുക്കാത്തതില്‍ സ്വയം  അമര്‍ഷം തോന്നി … പുറകെ വരുന്നവരോട് പിന്തിരിഞ്ഞു ചോദിച്ചു , ചേട്ടാ എവിടെക്കാ കുടവുമായി ഈ നേരം പുലരാന്‍ കാലത്ത് ?

പരിഹസിക്കുകയാണെന്ന്  അയാള്‍ക്ക് തോന്നിയിരിക്കണം  , “നീയെവിടെക്കാ  അവിടെക്കന്നെ  ”  മറുപടിയില്‍ അത് പ്രതിഫലിച്ചു …

ശരവേഗത്തില്‍ മുന്നിലെത്തി ,   “എന്നാലും നമ്മുടെ സ്വാമി ” എന്നാരോ പറഞ്ഞു …

സ്വാമി … … മാപ്പിളസ്വാമി  എന്ന് പലരും പറഞ്ഞിരുന്ന അയാള്‍ക്കെന്തു പറ്റിയിരിക്കും ??    ഒരു നിമിഷം ഓര്‍ത്തു  …

പാതി കഷണ്ടിയില്‍ അവശേഷിച്ച   വെളുത്ത മുടിയും   നര ബാധിച്ച താടിയുമായി  ഒരാളെ  മാസങ്ങള്‍ക്ക് മുന്‍പാണ് അവിടവിടെ കണ്ടിരുന്നത്‌ … ആര്‍ക്കും ഒന്നുമറിയില്ല … പൊളിഞ്ഞകൊട്ടയില്‍  കുറെ കല്ലും പെറുക്കി തോട്ടിലേക്ക് എറിയുകയായിരുന്നു കുറെ ദിവസം ചെയ്തിരുന്നത് .. ഇടക്ക്  അമ്പലത്തില്‍ നിന്നോ , പള്ളിയില്‍ ബാങ്ക് വിളിക്ക്  ശേഷമോ കിട്ടുന്ന പടചോര്‍ ആയിരുന്നു ആകെയുള്ള തീറ്റ .. കുറെ ദിവസം എവിടെയും കണ്ടില്ല ..പിന്നെ പ്രത്യക്ഷപ്പെട്ടത്  പള്ളിയിലെ കിണറ്റിന്‍കരയില്‍ … എങ്ങനെയാണ് , ആരാണ് അയാള്‍ക്ക് സിദ്ധന്റെ  പരിവേഷം കൊടുത്തതെന്ന് ഓര്‍മ്മയില്ല … മുന്‍പിലേക് എന്തെങ്കിലും രോഗവിവരവുമായി എത്തുന്നവര്‍ക്ക് ,  പള്ളിക്കിണറ്റില്‍ നിന്നും കുറച്ചു വെള്ളം കോരി എന്തോ പ്രാര്‍ത്ഥനയോടെ ഒന്നൂതി കൊടുക്കുന്നത് കാണാം .. പ്രതിഫലമായി ഉണ്ടികയില്‍  കാലുരുപ്പിക ഇടണം …ദിവസം കഴിയുന്തോറും കാണാനെത്തുന്നവരുടെ നിര നീണ്ടു …അതങ്ങനെ പരന്നുപരന്നു ബസില്‍ തൂകിയിട്ട ബോര്‍ഡിന്റെ രൂപത്തിലായി  ” പത്തിരിപ്പാല (  മാപ്പിളസ്വാമി വഴി  ) … എങ്ങുനിന്നെക്കെയോ കേട്ടറിഞ്ഞവര്‍ പോലും വണ്ടി പിടിച്ചു എത്തിയിരുന്നു ..

കിണറിലെ വെള്ളം എടുത്തു ഒരു ഭ്രാന്തന്‍ തുപ്പിയത് മേടിക്കാന്‍ പോകാന്‍ സ്വയബുധിയില്ലേ എന്ന് പറഞ്ഞവര്‍പോലും  പിന്നീടു അയാളെ കാണാന്‍ പോയി …
“എന്നില്‍ നീ വിശ്വസിക്കുന്നോ ” എന്ന് ചോദിച്ചു അതെ എന്ന് മറുപടിയോടെ പുണ്യജലം വാങ്ങിയിരുന്ന മിക്കവാറും പേര്‍ക്ക് രോഗം ഭേദമായി എന്നതും , കാശിനോ പേരിനോ വേണ്ടിയല്ല അതൊന്നും ചെയ്തിരുന്നത് എന്നതും നാള്‍ക്കുനാള്‍ അയാളെ തേടി വരുന്നവരുടെ നിര വലുതാക്കി … അയാള്‍ വെള്ളം എടുക്കാന്‍ തുടങ്ങിയത് മുതല്‍ പള്ളിക്കിണര്‍   കമ്മിറ്റി അടച്ചുകെട്ടി ..അതിലെ വെള്ളം ഉപയോഗിക്കുന്ന ഒരേ ഒരാള്‍ അയാള്‍ മാത്രമായ് തുടര്‍ന്നിരുന്നു ..പള്ളിയുടെ പേരും അങ്ങനെ നാലുപാടും അറിഞ്ഞുതുടങ്ങി … രണ്ടായിരം ഹൃദയശസ്ത്രക്ക്രിയ നേരിട്ട് നടത്തിയ ഒരു ഡോക്ടര്‍ പോലും അയാളില്‍ വിശ്വസിച്ചിരുന്നത് യുക്തിവാദികളെപ്പോലും സംശയിപ്പിച്ചു .

വല്ലപ്പോഴും വിരളമായി സംസാരിക്കുന്ന സിദ്ധന്   പറയാനുണ്ടായിരുന്നത്  “എന്നെ വിസ്വസിക്കുന്നാവരെ ഞാന്‍ കൈവിടില്ല ” എന്നതാണ്  …   കിണറില്‍ നിന്നും പുണ്യ  ജലമെടുക്കുന്നതിനു  കാശുകെട്ടണം എന്നൊരു തീരുമാനം  കമ്മിറ്റി എടുത്തിരുന്നെന്നും  അത് കേട്ടതോടെ  ഒന്നും മിണ്ടാതെ അയാള്‍ നടന്നുപോയെന്നും കേട്ടിരുന്നു …

 

കിണറിലെ വെള്ളതിനാണോ അതോ അയാള്‍ക്കാണോ ദിവ്യശക്തി  എന്നെത് ഒരു സംസാരവിഷയമായി തുടരുമ്പോഴാണ് ,  എല്ലാരും എവിടെക്കോ ഓടുന്നത്  … എല്ലാ ഓട്ടങ്ങളും പള്ളിമുറ്റത്ത്‌ അവസാനിച്ചു  … വ്യക്തായി കാണാമായിരുന്നു …പണ്ട് കണ്ടിരുന്ന ആ സിദ്ധന്‍ … താടിയും മുടിയുമൊക്കെ ഏതൊ കാപാലികരാല്‍  മുറിക്കപ്പെട്ട നിലയില്‍ അങ്ങിങ്ങായി പാറി നടക്കുന്നുണ്ടായിരുന്നു … തൊട്ടടുത്ത്‌  പള്ളിക്കിണറ്റിലെ വെള്ളംകോരി  കുതിര്‍ക്കപ്പെട്ട നിലയില്‍ അരിഞ്ഞുമാറ്റപ്പെട്ട  സിദ്ധന്റെ കഴുത്തും …  അയാളെ പുനര്‍ജീവിപ്പിക്കാന്‍ വേണ്ടിയായിരിക്കുമോ പുണ്യജലം കോരി ഒഴിചിരിക്കുന്നതെന്ന് ആരൊക്കെയോ അടക്കം  പറയുന്നുണ്ടായിരുന്നു …
കിണറിനടുത്ത് പോയവര്‍ നിരാശരായി മടങ്ങുന്നുണ്ടായിരുന്നു ..  കിണറില്‍ തുള്ളി വെള്ളമില്ലത്രേ  …  കിണറിന്റെ ആള്‍മറയില്‍ ചോക്കുകൊണ്ട്‌  എന്തോ എഴുതിവെച്ചിരുന്നത്  കുറച്ചു പേര്‍ വായിച്ചു  ”  , നിന്റെ കണ്ണുകള്‍ അന്ധമാണിവിടെ .. ഏറ്റവും അമൂല്യമായത് കാണാന്‍ സംശുദ്ധിയുള്ള  ഹൃദയമാണ് വേണ്ടത്  ”

വെള്ളം അപ്രത്യക്ഷമായതെന്നു   വിശ്വാസികളും , അത് മുഴുവന്‍ കോരിയെടുത്തു നീരുരുവ വരുന്ന ഭാഗം അടച്ചിരിക്കാമെന്ന് യുക്തിവാദികളും വാദിച്ചു ….

എന്തായാലും കഴിഞ്ഞ വര്‍ഷം ജൂണില്‍  പള്ളിക്കിണര്‍ താഴ്ന്നുപോയി.. മഴ കൊണ്ടാണെന്ന് കുറേപ്പേരും , അതല്ല എന്ന് മറ്റു കുറേപ്പേരും  …എന്ത്  വിശ്വസിക്കണമെന്നരിയാതെ മറ്റു ചിലരും …

ഓരോരുതവര്‍ക്കും ഓരോ വിശ്വാസങ്ങള്‍ …

ഒന്നിലും മായാതെ മടങ്ങാതെ ചില വാക്കുകള്‍ ബാക്കിയാവുന്നു     “എന്നില്‍ നീ വിശ്വസിക്കുന്നോ ”

 

സജിത്ത്   ,    https://www.facebook.com/iamlikethisbloger

 

 

© 2012, sajithph. All rights reserved.

Digiprove sealCopyright secured by Digiprove © 2012 Sajith ph
This entry was posted in കഥ/കവിത and tagged . Bookmark the permalink.