എല്ലാം മാറുകയാണ് … കാലം , ശീലങ്ങള്‍ , ചിന്തകള്‍ അങ്ങനെ ജീവിതവും … മരണത്തിനുപോലും മാറ്റത്തിനു വിധേയമാകേണ്ടിവരുന്നു .. ജീവിതം പലപ്പോഴും വിചിത്രമാണ് .. നമുക്കിഷ്ടമില്ലാത്തത് അനിഷ്ടത്തോടെയെങ്കിലും നമ്മെക്കൊണ്ട് ചെയ്യിക്കും … സ്വയം കാരണങ്ങള്‍ കണ്ടെത്തി എന്തില്‍ നിന്നൊക്കെയോ ഒളിച്ചോടാന്‍ ചിലപ്പോളെല്ലാം ശ്രമിക്കും …” എന്ത് ചെയ്യാന്‍ കാലം നമ്മെ എത്തിച്ചിരിക്കുന്നത് കുറെ നിസഹായതകളിലെക്കന്നു” പറഞ്ഞു സ്വയം ആശ്വസിക്കാന്‍ ശ്രമിക്കും … പലപ്പോഴും അതൊരളവില്‍ക്കവിഞ്ഞ സ്വയം ന്യായീകരണങ്ങള്‍ ആകാറുണ്ട് …
നെല്ലിയാമ്പതിയിലെ കര്‍ഷകരുടെ സെക്രട്ടരിയെട്ട് ഉപരോധതിലേക്ക് കാഴ്ചക്കാരന്റെ കണ്ണില്‍ എത്തിയതായിരുന്നു ഈയടുത്ത ദിവസം .. പതിനഞ്ചു ലക്ഷത്തിന്റെ കൊച്ചു കാറില്‍ ഒരു പാവപ്പെട്ട കര്‍ഷകന്‍ നീങ്ങിയടുക്കുന്നത് നോക്കിനില്‍ക്കുന്നതിനിടെ പതിവില്ലാതെ മൊബൈല്‍ ശബ്ദിച്ചു … സുഹൃത്തിന്റെ അച്ഛന്റെ മരണവാര്‍ത്തയായിരുന്നു അത് … ഫീനിക്സ് പക്ഷിയുടെ ചിറകുകള്‍ ഒരു നിമിഷത്തേക്ക് ദൈവമെനിക്ക് കടം തന്നിരുന്നെങ്കില്‍ എന്നോര്‍ത്ത നിമിഷമായിരുന്നുവത് …
ഓര്‍ക്കുകയായിരുന്നു ……
എപ്പഴോ പറഞ്ഞത് ഓര്‍മ്മയിലിന്നും നില്‍ക്കുന്നു ..
ജിവിതത്തില്‍ മൂന്നവസ്ഥകളാണുള്ളത് ” ആവശ്യം , അത്യാവശ്യം അനാവശ്യം ” ..
പുതിയത് എന്തെങ്കിലും മുന്നിലെക്കെതുംപോള്‍ ആലോചിക്കുക , അത് ആവശ്യമാണോ . അത്യാവശ്യമാണോ അതോ അനാവശ്യമാണോയെന്ന് … എന്നിട്ട് തീരുമാനിക്കുക ..
കേട്ടിരിക്കാന്‍ തോന്നുന്ന കുലീനമായ സംഭാഷണശൈലി , ആരെയും വ്യക്തിഹത്യ നടത്താത്ത സംഭാഷണം അതുകൊണ്ടൊക്കെത്തന്നെ അവസാനമായി ഒന്ന് പോണമെന്നുണ്ടായിരുന്നു …
നാട്ടിലെ ഒരു സാധാരണ മരണവീട് ഓര്‍മ്മയില്‍ വന്നു … ധ്രിതിയില്‍ കെട്ടിയുണ്ടാക്കിയ പന്തലിനു താഴെ എങ്ങു നിന്നൊക്കെയോ മരണവിവരം അറിഞ്ഞെത്തുന്നവര്‍ ..ഇടക്കിടെ അലക്ഷ്യമായി അടിക്കുന്ന മൊബൈല്‍ …എങ്ങുമടക്കിപ്പിടിച്ച സംഭാഷണങ്ങള്‍ ….. മരിച്ചയാളെപ്പറ്റി നല്ലത് മാത്രം പറഞ്ഞുകൊണ്ട് അറിയാത്തവര്‍ പോലും … വന്നവര്‍ക്ക് കുടിക്കാനായി എടുത്തു വെച്ചിരിക്കുന്ന ചായ കെറ്റില്‍ … എല്ലാത്തിനും മീതെ അലറിക്കരഞ്ഞുകൊണ്ട് മരിച്ചയാളുടെ ഉറ്റവര്‍ … ഒരുപാട് നേരം കരഞ്ഞതുകൊണ്ട് ശബ്ദം വറ്റി വരണ്ടിരിക്കും … എങ്ങുമെങ്ങും കരച്ചിലുകള്‍ മാത്രം … അതിനടുത്തായി നെടുനീളന്‍ ഒറ്റ വാഴയിലയില്‍ കുളിപ്പിച്ച് തെക്കോട്ട് അണിയിച്ചു കിടത്തിയ പരേതന്‍ … തലയ്ക്കു മീതെ പാതി വെട്ടിയ തേങ്ങയില്‍ ഒരു തിരി നല്ലെണ്ണയുടെ ആത്മാവും വഹിച്ചു അങ്ങനെ കത്തുന്നുണ്ടാകും .. എങ്ങുമെങ്ങും തലങ്ങുംവിലങ്ങും മണം പരത്തി അഗര്‍ബതികളും ..
മനസ്സില്‍ അത്തരമൊരു ചിത്രത്തിന്റെ അകമ്പടിയോടെ ചെന്നുകേറിയപ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി … ചെന്നുകേറിയ പാടെ സ്വീകരിച്ചിരുത്തി … അടക്കിപ്പിടിച്ച ശബ്ധത്തില്‍ ആരോ പറഞ്ഞു
” പ്രതീക്ഷിച്ചിരുന്നു … ഇത്തിരി നേരത്തെ ആയിപ്പോയി … ഒരു കണക്കിന് നന്നായി …ആരെയും ബുധിമുട്ടിപ്പിച്ചില്ലാലോ ”
” രക്തം പമ്പ് ചെയ്യുന്നത് പത്ത് ശതമാനം ആയിച്ചുരുങ്ങിയിരുന്നു ഡാ ” ഈയിടെ വാങ്ങിയ ഫ്ലാറ്റില്‍ ഒന്ന് വരണമെന്ന് അച്ഛന്‍ പറഞ്ഞിരുന്നു പക്ഷെ … ഇനി എല്ലാം ഞാന്‍ നോക്കണം … ഒറ്റക്കായി … അച്ഛന് ഇഷ്ട്ടപ്പെട്ട താറാവ് ഒന്നുകൂടെ കഴിക്കണമെന്ന് ആഗ്രഹം ഉണ്ടായിരുന്നു .. കൊളസ്ട്രോള്‍ ആലോചിച്ചു കൊടുത്തിരുന്നില്ല … അല്ല എല്ലാം അച്ഛന്റെ നല്ലതിന് വേണ്ടിയായിരുന്നു … ഇനി എല്ലാത്തിനും ഞാന്‍ മാത്രം … .. ഒറ്റക്കായി
അതിനിടയില്‍ അമ്മ വന്നു … ഒരു സമാശ്വാസത്തോടെ പറഞ്ഞു …
” നന്നായി ആരെയും ബുദ്ധിമുട്ടിച്ചില്ല … ഇനിയിപ്പോ എനിക്ക് ആരുണ്ട് .. ആണ്മക്കളെ കേട്ടിച്ചതോടെ അവരായി അവരുടെ പാടായി … ഇവിടെ ഞാന്‍ ഒറ്റക്കാവും ആ ഇനി ജോലിക്ക് പോകുമ്പോ വീടടച്ചു സമാധാനായി പോകാം .. അല്ലെങ്കില്‍ അവന്റെ അച്ഛനെ നോക്കാനായി ആരെയെങ്കിലും നിര്‍ത്തണം ” … ഒറ്റക്കായി .. ബുദ്ധിമുട്ടി ഇതുവരെ വന്നതില്‍ സന്തോഷം അതും പറഞ്ഞു അവര്‍ ആരോടോ സംസാരിക്കാന്‍ പോയി …
അതിനിടയില്‍ അവന്റെ അനുജത്തി വന്നു ” കലങ്ങിയ കണ്ണോടെ അവള്‍പറഞ്ഞു ” എനിക്ക് ഫാഷന്‍ ഡിസൈനിംഗ് പഠിക്കാന്‍ അച്ഛന്‍ സമ്മതിച്ചിരുന്നതാണ് ..പക്ഷെ ഇനി ……ഒറ്റക്കായി ..
ആരൊക്കെയോ ഇടക്ക് വരുന്നുണ്ട് , പോകുന്നുണ്ട് … തെളിഞ്ഞ അന്തരീക്ഷം .. ഇടക്ക് അമര്‍ത്തിപ്പിടിച്ച ചില നര്‍മ്മ സംഭാഷണങ്ങള്‍ … ശരിക്കും പറഞ്ഞാല്‍ മരിച്ച ആള്‍ കാണുന്നെങ്കില്‍ നല്ലൊരു പ്രസന്നമയമായ അന്തരീക്ഷം … കൂട്ടകരചിലോ , അഭിനയ മുഹൂര്‍ത്തമോ ഇല്ലാതെ നല്ലൊരു വിട വാങ്ങല്‍ …
അതിനിടയില്‍ അവന്റെ ഭാര്യ വന്നു … കല്യാണം കഴിഞ്ഞു രണ്ടു മാസമേ ആകുന്നുള്ളൂ … പഴയ കാലം ആയിരുന്നെങ്കില്‍ പറഞ്ഞേനെ , കെട്ടിയ പെണ്ണിന്റെ ഭൌശു കൊണ്ടാണ് ഏതൊക്കെ സംഭവിച്ചത് എന്ന് … അവള്‍ വന്നു …. സാധാരണ കാണാറുള്ള പരിചയം അതികം പുറത്തു കാണിക്കാതെ പറഞ്ഞു തുടങ്ങി ….
” അച്ഛന്‍ യാതൊരു ശല്യവും ഉണ്ടാക്കിയിരുന്നില്ല …. റിട്ടയര്‍ ചെയ്തു നാലഞ്ചു വര്ഷം ആയെങ്കിലും ചിരിച്ചതും സമാധാനവുമായ പ്രകൃതമായിരുന്നു … ആ അതികം കിടന്നില്ലല്ലോ . നന്നായി “
വിവരം അറിഞ്ഞ ഉടന്‍ ഞങ്ങള്‍ ഓടിപ്പിടിച്ച് വരികയായിരുന്നു … അവിടെ എന്തൊക്കെ ആയോ എന്തോ … ഈ മാസം പത്തിന് ഒരു പ്രോജക്റ്റ് റിലീസ് ഉണ്ട് … സെക്കണ്ട് പാര്‍ട്ടും ഫൈനലും ഈ മന്ത് തീര്‍ക്കണം ..ഇതിന്റെ പെര്‍ഫോമന്‍സ് നോക്കി ഒരു ഓണ്‍ സൈറ്റ് തരാമെന്ന് മാനജേര്‍ പ്രോമിസ് ചെയ്തിരുന്നതാണ് …ഇനിയിപ്പോ പക്ഷെ .. എത്രയുംപെട്ടെന്ന് തിരിച്ചെത്തി കമ്പയിന്‍ ചെയ്‌താല്‍ ചിലപ്പോതീര്‍ക്കാം … പതിനാറു ദിവസം നീണ്ട നില്‍ക്കുന്ന ചടങ്ങൊക്കെ മെനക്കേടാണ് .. ഇന്നത്തെ ക്കാലത്ത് ആര്‍ക്കാ സമയം … ലീവ് പോലും അതികം തരാന്‍ പറ്റില്ല എന്നാണ് മാനേജര്‍ പറഞ്ഞത് …രണ്ടാളും ഒരെപ്രോജക്ടിലണല്ലോ … എത്രയുംപെട്ടെന്ന് തിരിച്ചെത്തിയാല്‍ .. ഓണ്‍സൈറ്റ് പോകുന്നതിനു മുന്‍പ് കുഞ്ഞുണ്ടായാല്‍ അച്ഛനെ എല്പ്പിക്കാമെന്ന് കണക്കുകൂട്ടിയിരുന്നതാണ് ഇനിയിപ്പോ … ഹ്മം ഒറ്റക്കായി …
ചടങ്ങിനു വന്നിരുന്ന ഏതോ അടുത്ത ബന്ധു തിരിച്ചു ചെല്ലാനുള്ള വിമാന ടിക്കറ്റ് ശരിയാകാത്തതിന്റെ വിഷമത്തില്‍ അവിടെ നടക്കുന്നുണ്ടായിരുന്നു .. “രണ്ടു ദിവസം മുന്‍പായിരുന്നെങ്കില്‍ കിട്ടിയേനെ ഇതിപ്പോ ” .. മോളവിടെ ഒറ്റക്കാണ് …
അതിനിടയില്‍ അവന്‍ വന്നു … ” അമ്മയെ ഒറ്റക്കാക്കി പോകാന്‍ പോകുന്നതിന്റെ വിഷമം പങ്കുവെച്ചു .. ഈ കാലത്ത് ജോലിയും പ്രോജെക്ട്ടും കളഞ്ഞു അമ്മയെ നോക്കാന്‍ വരുന്നതിലെ പ്രാക്റ്റിക്കല്‍ വശങ്ങളെക്കുറിച്ച് ബോധവാനായി …കുറെ സംസാരിച്ചു … ഒടുക്കം പറഞ്ഞു ഞാന്‍ എന്ത് ചെയ്യനാട .. ഈ കാലത്ത് രണ്ടു പേര്‍ക്കും ജോലി ഇല്ലാതെ എങ്ങനെ മുന്നോട്ടു പോകാനാ … അമ്മക്ക് വേണമെങ്കില്‍ ജോലി മതിയാക്കി അങ്ങോട്ട് വരാം … പക്ഷെ ഇങ്ങനെ പോയാല്‍ അടീഷണല്‍ ദയരക്ട്ടര്‍ ആയി വിരമിക്കാം … പെന്‍ഷനും ഡബിള്‍ ആകും ….അപ്പൊ അമ്മ ഇവിടെ തുടരുന്നതാണ് നല്ലത് … അല്ലെങ്കിലും നമ്മള്‍ ജീവിചിരിക്കുന്നവരെപറ്റിയേ നോക്കാവൂ എന്നച്ചനും പറഞ്ഞിട്ടുണ്ട് … പക്ഷെ ഇനി ഞാന്‍ ഒറ്റക്കായല്ലോ എന്നോര്‍ക്കുമ്പോള്‍ …ഒന്ന് നോക്കിയാല്‍ ശരിയാണല്ലോ …
മരിക്കാന്‍ പോകുന്നവര്‍ ജീവിചിരിക്കുനവരെ ഓര്‍ത്തു വ്യസനിക്കുന്നു … ജീവിച്ചിരിക്കുന്നവര്‍ അവരെ ഒറ്റക്കാക്കിപ്പോയതില്‍ വ്യസനിക്കുന്നു ….
സ്വയം കാരണങ്ങള്‍ കണ്ടെത്തി എന്തില്‍ നിന്നൊക്കെയോ ഒളിച്ചോടാന്‍ ചിലപ്പോളെല്ലാം ശ്രമിക്കുംമ്പോള്‍ …” കാലം നമ്മെ എത്തിച്ചിരിക്കുന്നത് കുറെ നിസഹായതകളിലെക്കന്നു” പറഞ്ഞു സ്വയം ആശ്വസിക്കാന്‍ നമ്മളില്‍ ഒരുപാട് പേര്‍ … അടിസ്ഥാനപരമായി എല്ലാവരും സ്വാര്‍ത്ഥരും …
സജിത്ത് , https://www.facebook.com/iamlikethisbloger
© 2012, sajithph. All rights reserved.
Copyright secured by Digiprove © 2012 Sajith ph