ഖാദിര്‍സ്വാമി:-

 

 

 

 

അച്ചായാ , പാലയിലിപ്പോ പാലാണോ കൂടുതല്‍ അത് പഴ്വോ ?

തിരുവാതിര രാവിന്റെ തണുപ്പിനെ വെല്ലുന്ന  കര്‍ക്കിടകത്തിലെ ബ്രാഹ്മണ്യിയ മുഹൂര്‍ത്തത്തില്‍ ഇങ്ങനെയൊരു ചോദ്യം ഒരു ടാക്സി ഡ്രൈവറില്‍ നിന്നും കേട്ടതോണ്ടാവണം  , റബ്ബര്‍ ഷീറ്റിനേക്കാള്‍  ചുളിവു വീണു തുടങ്ങിയ ആ മുഖത്ത് കുറച്ചു കൂടെ ചുളിവു വീണേന്നെനിക്ക്‌  തോന്ന്യേ …

നേരം കെട്ടനേരത്ത്  അര്‍ത്ഥംകെട്ട  ചിന്തകള്‍ നിന്റെ  കാലക്കെടിലെ കൊണ്ടെത്തിക്കൂ   എന്ന് ഒരുപാട് പേര്‍ പറഞ്ഞിട്ടുണ്ടെങ്കിലും ഞാന്‍ ഇങ്ങനെയൊക്കെ ആയിപ്പോയി !! അതുകൊണ്ട് തന്നെ ഒട്ടുംമടികൂടാതെ ചോദിച്ചു …

അല്ലാ, റബ്ബര്‍ പാലാണോ  കൂടുതല്‍ അതോ പയ്നാപ്പിള്‍ പഴ്വോ ?

സങ്കടം തോന്നുന്നതെന്ന്  തോന്നിച്ചെങ്കിലും ,  ഉറപ്പുള്ള ശരീരത്തില്‍നിന്നും മറുപടി വന്നു

അവിടെന്തും വിളയും …നല്ല വിത്തിട്ടു മെയ്യനങ്ങണം  ..

അതിരാവിലെ മൂന്നുമണിക്ക് ധനഞ്ജയപ്പണിക്കര്‍ വിളിച്ചു  ഒരു ഗണപതിനാരകവുമായി  പെട്ടെന്നെത്താന്‍ പറഞ്ഞതോണ്ട്  മാത്രമാണ് അവിടെപ്പോയത്‌  ..  അച്ചായനെ കണ്ടത് … ഗണപതി ഹോമം  നടത്താന്‍ വന്ന സ്വാമി ഗണപതി നാരകം എടുക്കാന്‍ മറന്നത്രേ …  സ്വാമിക്ക് ഗണപതി നാരകം കൊടുക്കണം , അനുഗ്രഹം മേടിക്കണം  പിന്നെ നേരെ കൊച്ചി വരെ പോണം …അതാണ്‌ അന്നത്തെ അജണ്ട …

എനിക്കെന്റെ കണ്ണുകളെ വിശ്വസിക്കനായില്ല്യ …ഗണപതി ഹോമം നടത്താന്‍ വന്നിരിക്കുന്നത്  ഖാദിര്‍സ്വാമി അവര്‍കള്‍ … മദ്രസവളപ്പില്‍ നിന്നും  ചോറ്റുപാത്രം  നിറയെ അങ്കലപ്പഴം പറിച്ചു എനിക്ക്  സമ്മാനിച്ചിരുന്ന  ബാല്യകാല സുഹൃത്ത്‌ !!!

ദൂരേക്ക്‌ വിളിച്ചു മാറ്റി , അവന്‍ പറഞ്ഞു …” ചതിക്കരുത് ,  ജീവിച്ചു പോട്ടെ ”  ……….അവിടെ നിന്നിരുന്ന പാലക്കാരന്‍  അച്ചായന്റെ രണ്ടു മക്കളില്‍ ആദ്യത്തെ ആള്‍ ഏതോ അപകടത്തില്‍ പെട്ട് രണ്ടുമാസം മുന്‍പ് മരിച്ചു …ഇളയമകന്‍ വേറൊരു അപകടത്തില്‍പ്പെട്ടു ആശുപത്രിയില്‍ ആണ് .. അപ്പോളാണത്രെ  ആരോ കണ്ടുപിടിച്ചു കളഞ്ഞത്,അച്ചായന്റെ വീട് വാസ്തു ശാസ്ത്ര പ്രകാരം “മരണ  വ്വുഹത്തില്‍  ആണെന്നത്  ”  …അത് മാറ്റാനുള്ള പ്രതിവിധിയുടെ ആദ്യപടി ആണത്രേ പന്തീരായിരം ചിലവുള്ള ഈ ഹോമം ….ഹോമം നടത്താമെന്ന് ഏറ്റ ആള്‍ വരാഞ്ഞതുകൊണ്ടു മാത്രമാണ്   ,നല്ല ഒന്നാന്തരം നമ്പൂതിരി ലുക്കുള്ള ഖാദിര്‍ ആ പണിക്കു നിയോഗിക്കപ്പെട്ടത് !!!!

ഒരുപാടൊക്കെ വേറെന്തോക്കെയോ  ചോദിക്കാനുണ്ടായിരുന്നിട്ടും , എനിക്കതികമവിടെ നില്‍ക്കാനാവില്ല്യ ..  കാരണം  സുഖചികില്‍സക്കായി  ലണ്ടനില്‍ നിന്നും അറുപതുകഴിഞ്ഞ   മദാമ്മ പറന്നിറങ്ങുന്നുണ്ട്‌ .. ഏഴരവെളുപ്പിനവരെ കൊച്ചിയില്‍ നിന്നുമെടുത്ത് പട്ടാമ്പിയിലെത്തിക്കണം  …വര്‍ഷങ്ങളായി ഈ മദാമ്മയെ ഇവിടെ എത്തിക്കുന്ന ജോലി എന്‍റെതാണ് .. വന്നിറങ്ങിയ  ഉടനെ പട്ടാമ്പി എത്തുന്നതുവരെ  അവര്‍ എന്തൊക്കെയോ ചോദിക്കാന്‍ തുടങ്ങും ..

 

ഇംഗ്ലീഷ് / കഥകളി എനിക്കറിയില്ല്യ  ..മലയാളത്തിലും ആന്ഗ്യത്തിലൂടെയും  മനസിലായ ചോദ്യങ്ങള്‍ക്ക്  ഉത്തരം നല്‍കാന്‍ ഞാന്‍ ശ്രമിക്കും …എല്ലാം മനസിലാക്കിയിട്ടെന്നപോലെ  അവര്‍ തലകുലുക്കും ….അവരിവിടെ എണ്ണത്തോണിയില്‍ കിടന്നു ,  കുമ്പളങ്ങജൂസും , നവരച്ചോറും  കഴിച്ചു ഓണവും മഴയുമൊക്കെ കഴിയുന്നവരെക്കിടന്നു നീന്തും .. ഒടുക്കം  തിരിച്ചു കൊച്ചിയില്‍ കൊണ്ടുചെന്നാക്കുന്ന പണിയും എന്റെതാണ്‌ .. പോകുമ്പോള്‍ ഒരക്ഷരം ഉരിയാടില്ല്യ ..പുറപ്പെടുന്നതിനു മുന്‍പ് തനിക്കു ലഭ്യമാകേണ്ട നിര്‍ബന്ധിത സേവനങ്ങളുടെ ലിസ്റ്റ് മദാമ്മ ട്രാവല്‍ ഏജന്‍സിക്ക് കൊടുക്കാറുണ്ട് ,അതിലൊന്നാണ് എന്‍റെ സേവനവും അതുകൊണ്ട് തന്നെ ആ യാത്ര എനിക്ക് മുടക്കാനാകില്ല്യ ….

എന്തുകൊണ്ടാണ് എന്‍റെ കൂടെയുള്ള യാത്ര അവരിഷ്ട്ടപ്പെടുന്നതെന്ന് അറിയില്ല്യ …അത് ചോദിക്കണമെന്ന് വിചാരിച്ചുവിചാരിച്ചു ഇത്രയും കാലമായി ….  അത് മാത്രമല്ല  എനിക്കൊരുപാട് ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെതാനായിട്ടില്ല്യ …..


എന്തായാലും ഖാദിര്‍സ്വാമി  ഗണപതിഹോമം നടത്തിയിട്ടുണ്ടാവും  ….

ഒരച്ചയാന്റെ പ്രശ്നപരിഹാരത്തിന് , ഹിന്ദുവിന്റെ മേല്‍നോട്ടത്തില്‍ നടത്തപ്പെട ഒരു മുസ്ലിം ഗണപതി ഹോമം എന്ന് പറഞ്ഞു തര്‍ക്കിക്കാന്‍ വരട്ടെ …എല്ലാം ഒരു വിശ്വാസമാണ് !!!  ഗണപതി ഹോമം അതിന്റെ മുറ പോലെ നടത്തിയിട്ടുണ്ടെങ്കില്‍ , കേള്‍ക്കേണ്ടവര്‍ കേടിരിക്കും ..കാണേണ്ടവര്‍ കണ്ടിരിക്കും … ഒരു  മുസ്ലിം വേറെ വഴിയില്ലത്തത്തിന്റെ പേരില്‍ ഹോമം നടത്തി എന്നതുകൊണ്ടോന്നും  ഉടയതമ്പുരാന്‍ കൊപിക്കില്ല്യ

ലോകത്തിലെ ഒരു ഡോക്ടര്‍ക്കും ഒരു മരുന്നിന്റെയും പേരില്‍ ഉറപ്പു പരയാനാവില്ല്യ.. എല്ലാം ഒരു വിശ്വാസം ആണ് …രോഗി ഡോക്ടരുടെമേല്‍ കാണിച്ച വിശ്വാസം …ഡോക്ടര്‍ രോഗിക്ക് മേല്‍ കാണിച്ച വിശ്വാസം ..അങ്ങനെ അല്ലം ഒരു വിശ്വാസം ആണ് …അച്ചായനും  വിശ്വാസം വന്നെങ്കില്‍ , ഗണപതി ഹോമം അതിന്റെ ലക്‌ഷ്യം നേടിയിരിക്കാം ….…അടിസ്ഥാനപരമായി നമ്മള്‍ എല്ലാവരും ഒരുപാട് തെറ്റുകള്‍ അറിഞ്ഞോ അറിയാതെയോ ചെയ്യുന്ന കേവലം ഇരുകാലി ജന്തുക്കള്‍ ആണ് …..


© 2011, sajithph. All rights reserved.

This entry was posted in നമുക്ക്‌ച്ചുറ്റും and tagged . Bookmark the permalink.