കിട്ടിയ വിവരം ശരിയെങ്കിൽ മാട്രിമണി പ്രൊഫൈലിൽ ലൈക് ഇട്ടിരുന്ന അവസാനത്തെ പെണ്‍കുട്ടിയും പിൻവാങ്ങിയിരിക്കുന്നു ..
എം ബി എ ബിരുദക്കാരിയായ ആ കുട്ടിക്ക് മിനിമം എം ടെക് ബിരുദമുള്ള ആരെങ്കിലും വേണമത്രേ .. കിട്ടിയ അവസരം മുതലെടുത്ത് അമ്മയോട് പറഞ്ഞു , ഹ്മം കുടുംബത്തിൽ കാശുണ്ടായിരുന്നെങ്കിൽ ഞാനും പോയീൻ എം ടെക്കിനു … ഒരു സാഡിസ്റ്റ് പ്രതികരണമായി എന്ന് തോന്നിയത് കൊണ്ട് ഉടനെ തിരുത്തി …അല്ലെങ്കിലും ഈ പടിപ്പിസ്ടുകളെ നമുക്ക് വേണ്ടമ്മേ … എം ടെക്കും ജീവിതവും തമ്മിൽ സുദൃദമായ ബന്ദമുണ്ടോ എന്നൊരു സംശയം മനസ്സിൽ നിഴലിചെങ്കിലും മറ്റുരിച്ചി ഇല്ലാത്ത കുട്ടിയായിരിക്കണം അതെന്ന സമാശ്വാസിക്കുന്നു
ചില യാഥാർത്യങ്ങൾ പലപ്പോഴും ഒരതിശയമാകാറുണ്ട് അത്തരത്തിൽ ഒന്ന് പങ്കുവയ്ക്കാൻ ഈ നിമിഷം ഉപയോഗിക്കട്ടെ .
കഴിഞ്ഞ ആഴ്ചയിലെ അവധിദിനം കവർന്നെടുത്തത് ത്രിശൂർകാരിയായ എം എസി ഫിസിക്സിന് പഠിക്കുന്ന ഒരു പെണ്‍കുട്ടിയായിരുന്നു …വീട്ടിൽനിന്നു വിളിച്ചപ്പോൾ കുളിച്ചുഷേവ് ചെയ്തു വന്നാൽ മതിയെന്ന് നിബന്ധന ഉണ്ടായിരുന്നതുകൊണ്ട് അമ്പലത്തിൽ ചെന്ന് ഒരു രക്തപുഷ്പാഞ്ജലിയും കഴിച്ചാണ് ജനശതാബ്ധിക്ക് കേറിയത്
അങ്ങനെ വെട്ടുകൽകൊണ്ട് സന്ദർശന മുറി ഒരുക്കിയിരുന്ന ആ വീട്ടിലെത്തി .. ചെന്നപ്പോൾ ടാങ്കും ( മാങ്ഗോ ഫ്ലേവർ ആയിരുന്നു ) പിന്നെ കുറച്ചു നേരം കഴിഞ്ഞു ചായയും തന്നു പതിവുള്ള ചോദ്യമെത്തി
” നിങ്ങൾക്ക് വല്ലതും സംസാരിക്കനുണ്ടെങ്കിൽ ആവാം ” ഒരു ചിരിയാണ് അപ്പോൾ തോന്നിയത് .. എന്ത് ചോദിക്കും എന്നൊരു ആശങ്കയോടെ അവളെ സമീപിച്ചപ്പോൾ ഒരു മന്ദസ്മിതം മറുപടിയായി കിട്ടി .. ലേഡീസ് ഫസ്റ്റ് , എന്നോടെന്താണ് ചോദിക്കാനുള്ളത് എന്ന് ദൈര്യം സംഭരിച്ചു പറഞ്ഞു … ഒട്ടും പ്രതീക്ഷിക്കാതെ ചോദിച്ച രണ്ടു ചോദ്യങ്ങൾ എന്നെ സത്യത്തിൽ തകർത്തു കളഞ്ഞു ..
” ന്യുട്ടന്റെ സെക്കന്ഡ് ലോ എന്താണ് ..ഐൻസ്റ്റീനെ ഞാൻ എങ്ങനെ ഓർക്കാൻ ഇഷ്ട്ടപ്പെടുന്നു “
സന്ദേശം സിനിമയിലെ ശ്രീനിവാസനെ ഓര്മ്മ വന്നു ..ഈശ്വരാ ഞാൻ ഒരു ഫിസിക്സ് ലക്ചർ പോസ്റ്റിനു അഭിമുഖത്തിനു വന്നതാണോ എന്ന് മനസ്സിൽ ഓർത്തെങ്കിലും … ” ഓർമ്മ വരുന്നില്ല ” എന്നൊരു മറുപടി കൊടുത്തു ..
തിരിചെന്തെങ്കിലും ചോധിക്കാനുണ്ടോ എന്ന് ആരാഞ്ഞപ്പോൾ ഞാൻ ചോദിച്ചു എന്താണ് ഇത്തരം ചോദ്യം കൊണ്ട് ഉദേശിക്കുന്നത് എന്ന് … ജീവിതത്തിൽ പെട്ടെന്ന് വരുന്ന പ്രതിസന്ധികളെ എങ്ങനെ ഫെയിസ് ചെയ്യും എന്നറിയാൻ ആണത്രേ 🙁 സ്മാർട്ട് ഗേൾ ബട്ട് യു ഹാവ് റ്റു ബി മറ്റുർ എന്ന് മനസ്സിൽ ഓർത്തു അവിടെ നിന്നും യാത്രയായി
പത്തു വരെ ഡൽഹിയിൽ പഠിച്ച അതിനുശേഷം കേരളത്തിൽ താമസിക്കുന്ന ഒരു പെണ്‍കുട്ടിയെയാണ് മൂന്നു ദിവസം മുൻപ് കാണാൻ പോയത് ..ഇപ്പോൾ പാലക്കാട് എം എ ഇംഗ്ലീഷ് പഠിക്കുന്നു .. ഇനി വേറെ ആരെയെങ്കിലും കാണാൻ പോകാൻ വയ്യ ഇതു എന്തായാലും ഉറപ്പിക്കാം എന്ന് കരുതിയാണ് പോയിരുന്നത് .. പതിവില നിന്നും വിപരീതമായി ബ്രുകോഫിയാണ് കിട്ടിയത് .. മുറ്റത്തുകൂടെ നടക്കുന്നതിനിടയിൽ അവൾ ഭാവി വരന് ഉണ്ടായിരിക്കണ്ട ചില ബേസിക് കാര്യങ്ങൾ പങ്കുവെച്ചു … ഒന്നുകിൽ ഗസറ്റഡ് റാങ്കിലുള്ള ആരെങ്കിലും ആയിരിക്കണം അല്ലെങ്കിൽ വാർഷിക ശമ്പളം ആറുലക്ഷം ഉണ്ടായിരിക്കണം ..പക്ഷെ രണ്ടായാലും അവളെ പുറകിൽ ഇരുത്തി മണിക്കൂറിൽ നൂറ് കിലോമീറ്റർ വേഗത്തിൽ ബൈക്ക് ഓടിക്കുന്ന ആളായിരിക്കണം അത് നിർബന്ധമാണ് .. വെജിറ്റെറിയൻ ഫുഡ് ഇഷ്ട്ടമെങ്കിലും ആഴ്ചയിൽ മൂന്നു ദിവസം എങ്കിലും മീനോ ചിക്കനോ ആണത്രേ സാധാരണ കഴിക്കാറ് .. ഒട്ടും മടിക്കാതെ ദൈര്യം സംഭരിച്ച് ഒരു ചിരിയോടെ പറഞ്ഞു , ഞാൻ ബൈക്ക് ഓടിക്കാൻ പഠിച്ചു ഈ ജന്മത്തിൽ ലൈസൻസ് എടുത്ത് അടുത്ത ജന്മത്തിൽ ഒരു ബൈക്ക് റേസർ ആയിപ്പിറന്നു വീണ്ടും കാണാൻ വരാമെന്ന് .. ” ഐ ലൈക് ദാറ്റ് ടൈംജോക്ക് ” എന്നവൾ പറഞ്ഞപ്പോൾ ” നോ ഐ അയാം സീരിയസ് ” എന്ന് പറഞ്ഞു അവിടെനിന്നും നടന്നകന്നു ..
ഒന്നിൽ പിഴച്ചാൽ മൂന്നു എന്ന് വീട്ടിൽ പറയുന്നെങ്കിലും ഇനി ഒരു പരീക്ഷണത്തിന് തൽക്കാലം ഇല്ല .. നീയിപ്പോഴേ ഇങ്ങനെ ആയാലോ അല്ലെങ്കിൽ നിനക്കിഷ്ട്ടപ്പെട്ട ഒരു കുട്ടിയെ പറയൂ ജാതിയും മതവും ഞങ്ങൾ നോക്കുന്നില്ല എന്നൊക്കെ ഇടക്ക് പറയാറുണ്ട് .. ” ഇപ്പോഴാണോ ഇതു പറയുന്നത് അഞ്ചുവർഷം മുൻപ് പഠിക്കാൻ വിട്ടപ്പോൾ പറയാമായിരുന്നില്ലേ , ചക്ക പഴുത്തു കഴിഞ്ഞു തോരൻ വെക്കാമായിരുന്നു എന്ന് പറഞ്ഞിട്ടെന്താ ” എന്ന ചുട്ട മറുപടി കൊടുക്കുമ്പോൾ സ്വൽപ്പം ആശ്വാസം തോന്നാറുണ്ട്
പുതിയ വിശേഷങ്ങളുമായി പിന്നെ വരാം എന്ന പ്രതീക്ഷയോടെ
സജിത്ത് , https://www.facebook.com/iamlikethisbloger
© 2013, sajithph. All rights reserved.
Copyright secured by Digiprove © 2013 Sajith ph