ഒരു കെട്ട് ജാതകക്കുറിപ്പുമായി ജ്യോത്സ്യന്റെ പഠിപ്പുര കയറുമ്പോൾ ഒരേ ഒരു ആഗ്രഹമേ മനസ്സിൽ തോന്നിയുള്ളൂ ഈശ്വരാ ഇനിയും ഒരു ചെരുപ്പ് കൂടെ ഇയാൾ വാങ്ങിപ്പിക്കല്ലേ , ഏതെങ്കിലും ഒന്ന് നോക്കി ” ഇനി തിരച്ചിൽ മതിയാക്കാം ഇതു ചേരും ” എന്നൊന്ന് പറയണേയെന്ന്
പ്രതീക്ഷകൾ അസ്ഥാനത്താക്കി ആദ്യ വിവരം ലഭിച്ചു … പണിക്കർ സ്ഥലത്തില്ല ..അതിരാവിലെ സ്വന്തം ജാതകം നോക്കാനായി പാടൂർ വരെ പോയത്രേ … അയാളും ഒരു പണിക്കരല്ലേ അപ്പോൾ സ്വന്തം ജാതകം നോക്കാൻ വേറെ എവിടെയെങ്കിലും പോകേണ്ടതുണ്ടോ ? അതോ ഇയാൾ പണിക്കരാണെന്നു പറഞ്ഞു പറ്റിക്കുകയാണോ എന്നിങ്ങനെ നാനാജാതി സംശയങ്ങൾ മനസ്സിൽ വന്നെങ്കിലും എല്ലാം മനസിലാക്കിയപോലെ അച്ഛൻ പറഞ്ഞു , കേട്ടിട്ടില്ലേ ഒരു നല്ല ബാർബർ ഒരിക്കലും സ്വയം മുടി വെട്ടാറില്ല … ഒഹ് അത് ശരി എന്ന് ഞാനും പറഞ്ഞു
അങ്ങനെ മുപ്പതു നിമിഷം കഴിഞ്ഞപ്പോ പണിക്കർ എത്തി … അതീവഗുരുതരരോഗം ബാധിച്ച ഒരു രോഗി മരുന്ന് കുറിപ്പടിയുമായി ഡോക്ടറെ കാണുന്ന അതെ മനസോടെ ജാതകക്കുറിപുകൾ ഭക്ത്യരാസരം പണിക്കരുടെ നേരെ നീട്ടി പ്രതീക്ഷയോടെയും പ്രാർതനോടെയും കാത്തിരുന്നു …
എത്രെണ്ണം ഉണ്ട് ?
ആറ് കുറിപ്പുകൾ ഉണ്ട്
ഹാവൂ തുടക്കം തന്നെ നന്നല്ലല്ലൊ .. ആറ് …
വിജയശ്രീലാളിതനായ പോരാളിയെപ്പോലെ ഞാൻ പറഞ്ഞു അല്ല ഏഴെണ്ണം ഉണ്ട് .. ഒന്ന് ഞാൻ റിസർവിൽ വെച്ചിരിക്കുകയാ … അതും പറഞ്ഞു ശേഷിച്ച കുറിപ്പുകൂടെ നീട്ടി …
ഈ കുട്ടി എംഎസി പഠിച്ചിട്ടുണ്ട് , ഒരു പടി കൂടി പഠിച്ച കുട്ടിയായിരിക്കണം അവളെ കെട്ടാൻ പോകുന്നവൻ എന്നാണ് ആവശ്യം അതോണ്ടാണ് ഞാൻ മാറ്റി വെച്ചത് എന്നും കൂടെ ചേർത്തു ..
എന്നാൽപ്പിന്നെ കോളേജിൽ നിന്നും വി ആർ എസ് എടുത്ത ഒരു പ്രോഫെസ്സർ ഉണ്ട് .. നോക്കുന്നോ ആവോ ശുംബശ്രീ …. പണിക്കർ പറഞ്ഞു ..
കുറെ നാളായി ശുംബൻ എന്ന വാക്കിനു സ്ത്രീലിംഗം ആലോചിക്കുന്നു ശുംഭ എന്നായിരിക്കും അതെന്നു തോന്നിയെങ്കിലും കുറച്ചുകൂടെ നല്ലത് ശുംബശ്രീ എന്ന് മനസ്സിൽ ഓർത്തു
അഞ്ചു മിനുട്ട് എന്തൊക്കെയോ കുറെ കണക്കുകൂട്ടൽ പിന്നെ മൂന്നു നിമിഷം അർഥം പിടികിട്ടാത്ത ശ്ലോകം എന്നിവയ്ക്ക് ശേഷം എന്നാൽ അതിൽ നിന്ന് തന്നെ തുടങ്ങാം എന്ന് പറഞ്ഞു പണിക്കർ കപടി നിരത്തി ..
ഇതു ചേരില്ല … ശുദ്ധ ജതകമാ എന്നയാൾ പറഞ്ഞു .. പയ്യന് ഒന്നര ദോഷമുണ്ട് …
ശേഷിച്ചത് ആറെണ്ണം …
ഭാഗ്യവശാലോ നിർഭാഗ്യവശാലോ ശേഷിച്ച ആറെണ്ണവും ചേരും …
പക്ഷെ കൂട്ട് ദശയാണത്രെ വില്ലൻ … ഒന്നിൽ നാലാം വര്ഷം ഒന്നിൽ പത്താം വർഷം അങ്ങനെ അവസാനത്തേതിൽ ഇരുപത്തി നാലാം വർഷം കൂട്ട്ദശ … എന്റെ ജ്യോതിഷ നിഘണ്ടു നാൾക്കുനാൾ മെച്ചമാകുന്നുണ്ട് പൊരുത്തം , ദോഷം , ശുദ്ധജാതകം , ചൊവ്വാദോഷം അങ്ങനെ തുടങ്ങുന്ന പദാവലിയിലെക്കു ഒന്നുകൂടെ കൂട്ട്ദശ .. വിവാഹം കഴിക്കാൻ ഉദ്ദേശിക്കുന്ന രണ്ടു പേരുടെയും ദശകൾ ഒരേ വർഷം മാറുമെങ്കിൽ അതാണത്രേ കൂട്ട്ദശ .. മരണമോ അല്ലെങ്കിൽ തത്തുല്യമായ അവസ്ഥയോ ഉറപ്പാണ് എന്നാണ് പണിക്കരുടെ പക്ഷം … കറമം ഒരു ജാതകം , ഇതിപ്പോൾ നോക്കിയുംപോയി അറിഞ്ഞറിഞ്ഞ് ധിക്കരിക്കാൻ വയ്യ അല്ലെങ്കിലും അത്ര വിശ്വാസം ഉണ്ടായിട്ടല്ല ഇനി നാളെ മേലാക്കം ഇതിന്റെ പേരിൽ ഒരു പ്രശ്നം വേണ്ട എന്ന് വെച്ചിട്ടാണ് … ഓ അല്ലെങ്കിൽ ഈ ലോകത്തുള്ള അനേകമായിരം പക്ഷി മൃഗാദികളും ജാതകം നോക്കിയല്ലേ ജീവിക്കുക … മുസ്ലീം സഹോദരർ ഇതൊക്കെ നോക്കിയല്ലേ കെട്ടുക എന്ന് മനസ്സിൽ ഓർത്തപ്പോഴേക്കും ഒരു ഉമ്മയും മോനും കൂടെ പൊതികെട്ടുമായി വരുന്നത് കണ്ടു …
അടുത്ത പ്രാവശ്യം ഞാൻ പന്ത്രണ്ടു ജാതകവുമായി വരാമെന്ന് പണിക്കരോട് പറഞ്ഞു … വീണ്ടും എന്തൊക്കെയോ കണക്കുകൂട്ടി അങ്ങേര പറഞ്ഞു ഈ മെയ് കഴിയണം അപ്പോൾ ശരിയാകും
എന്നാൽപ്പിന്നെ മെയ് കഴിഞ്ഞു ഇനി വീണ്ടും നോക്കാമല്ലേ അച്ഛാ എന്ന് പറയുന്നതിനിടയിൽ പണിക്കർ തിരുത്തി ….. കീപ് ട്രയിംഗ് .. നിർത്താതെ നോക്കുക അപ്പോൾ ശരിയാകും
പൊരിവെയിലത്ത് പണിയെടുത്തുണ്ടാക്കിയ കാശ് എസി റൂമിൽ കുത്തിയിരുന്ന് കണക്കുകൂട്ടി വാങ്ങാനും വേണം ഒരു യോഗം ….. പണിക്കരുടെ സമയം
സജിത്ത് , https://www.facebook.com/iamlikethisbloger
© 2013, sajithph. All rights reserved.
Copyright secured by Digiprove © 2013 Sajith ph