ചിലപ്പോഴെല്ലാം തോന്നാറുണ്ട് എന്തൊക്കെ നേടിയാലും വെട്ടിപ്പിടിച്ചാലും ഓരോ നിമിഷവും തോല്പ്പിക്കപ്പെടുകയാണെന്ന് …
ഓരോ നിമിഷവും മരിച്ചുകൊണ്ടിരിക്കുകയാണ് ..
മരണത്തിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണ് … ഇതൊരു പെസ്സിമിസ്റിക് ചിന്തയാണെന്ന് പറയുമായിരിക്കും … സത്യം എല്ലാത്തിനും മേലെയാണ് … ചിലതെല്ലാം തലകീഴായി ചിന്തിക്കുന്നതുകൊണ്ട് മാത്രമല്ല ഈയിടെ ഒരു മൃതദേഹതോടൊപ്പം മണിക്കൂറുകൾ കഴിയേണ്ടി വന്നതുകൊണ്ട് കൂടിയെന്ന് തോന്നുന്നു ഒരു വിചിത്രമെന്നു തോന്നുന്ന ആഗ്രഹം മനസ്സിൽ ഉദിച്ചിരിക്കുന്നു .. ഏറ്റവും മനോഹരമായി മരിക്കണം .. കൂടുതൽ പറയുന്നതിന് മുൻപ് കഴിഞ്ഞ ദിവസം അപഹരിച്ച നാട്ടിലെ ഒരു മരണ വീട് ഓർമ്മയിൽ തെളിയുന്നു …
പുലർച്ച നാലുമണിയോടെ ഉച്ചത്തിൽ ശബ്ദിച്ച ടെലഫോണ്‍ ഒന്നുറപ്പാക്കി ..അതൊരു മിസ്ഡ്കാൾ അല്ലെങ്കിൽ മരണ വിവരം അറിയിച്ചുകൊണ്ടുള്ള ഒന്നാണ് … ..
അതൊരു മരണവാർത്ത ആയിരുന്നു …അറിഞ്ഞ ഉടനെ തന്നെ അറിയാവുന്നതും പരിചയമുള്ളതുമായ എല്ലാവരെയും വിളിച്ചറിയിച്ചു .. നാട്ടിൽ അങ്ങനെയാണ് .. ഒരു സാധാരണ മരണം പോലും എങ്ങും സംസാര വിഷയമാണ് ..ദൂരവിദൂര ബന്ധമുള്ളവരും പരിചയക്കാരും ജോലിക്ക് പോകില്ല .. മരണവീട്ടിൽ മിക്കവരും എത്തും
മണി ആറിനു തന്നെ ആ വീടിനു മുന്നിൽ നാലോ അന്ജോ ആൾക്കാരുടെഒരു കൂട്ടം പ്രത്യക്ഷപ്പെട്ടു … ആ വഴി പോകുന്നവരും മിൽമയിലേക്ക് പാൽ കൊടുക്കാൻ പോകുന്നവരും അസമയത്ത് ആൾക്കാരെ കണ്ട് ആ വാർത്ത നാടാകെ പരത്തി .. പത്തുമണിയോടെ ബോഡി എത്തി ..
പിന്നെ നടന്നത് ഒരു തരത്തിൽ അഭിനയമാണ് .. കരഞ്ഞു അഭിനയിക്കാൻ മത്സരമാണ് … സ്ത്രീകളെല്ലാം മത്സരിച്ചു ബോഡിക്ക് മുന്നിൽ പൊട്ടിക്കരഞ്ഞു അഭിനയിക്കുന്നത് നാട്ടിലും കുറഞ്ഞു വരുന്നു ..പണ്ടൊക്കെ ആണെങ്കിൽ നന്നായി കരഞ്ഞവർക്ക് പന്ത്രണ്ടാം പക്കം കൊടുക്കുന്ന സമ്മാനത്തിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാകാം …
മരിച്ച ആളോട് സംസാരിച്ചിട്ടില്ലാത്ത സ്ത്രീകൾ പോലും അലമുറയിട്ടു അവരുടെ ദുഃഖം രേഖപ്പെടുത്തുന്നത് ശരിക്ക് പറഞ്ഞാൽ ഒരു കീഴ്വഴക്കമാണ് …അതൊരു അഭിനയം മാത്രമെന്ന് അവിടെ നിൽക്കുന്ന എല്ലാവർക്കും അറിയാം എന്നാലും ..അതങ്ങനെയാണ് നാട്ടിൽ … കയ്യിൽ സോപ്പുമായി കുളക്കരയിൽ നിന്നും വരുന്ന ഒരാളോട് ” കുളിച്ചിട്ടു വരികയാ ” എന്ന് ചോദിക്കുന്നത്പോലെ ഒരു നാട്ടു നടപ്പ് …
ബോഡി പുതപ്പിൽ പൊതിഞ് പുല്ലുവായിൽ നിലത്തു കിടത്തി, അടുത്ത് ഒരു തേങ്ങമൂടിയിൽ എണ്ണക്കുള്ളിലായി തിരി എരിയുന്നുണ്ടായിരുന്നു ..പുകഞ്ഞുകൊണ്ടിരിക്കുന്ന അഗർബത്തികൾക്കും അടുത്ത് ഇടങ്ങഴിയിൽ നെല്ലും നാഴിയിൽ അരിയും ..
അടുത്ത ബന്ധുക്കളും നാട്ടുകാരും അവിടവിടെ വട്ടം കൂടി നാട്ടു വർത്തമാനങ്ങൾ പറഞ്ഞു തുടങ്ങി … മണി അങ്ങനെ ഉച്ചക്ക് രണ്ടായി … ഐവർമഠത്തിൽ നിന്നും മൂന്നു പേർ ചിതയൊരുക്കാനായി എത്തി … ഒരു ഓട്ടോയിൽ കുറെ തൂക്ക് പുളിവിറകും രണ്ടു വലിയ ഫാനുകളും രണ്ടു ചാക്ക് ചിരട്ടയും രണ്ടു തകര ഷീറ്റും അവർ താഴെ ഇറക്കി … കാണിച്ചു കൊടുത്ത സ്ഥലത്ത് ചിതയോരുക്കാൻ തുടങ്ങി …താഴെ വലിയ പുളിമുട്ടുകൾ നിരത്തി അതിനു മേലെ പുളിവിറകും നിരത്തുന്നുണ്ട് … അങ്ങനെ മൂന്നോ നാലോ അടുക്കായപ്പോൾ അവർ നിർത്തി കാത്തിരിപ്പായി …
ശേഷക്രിയകളിൽ ഞാനും പങ്കെടുക്കെണ്ടതുണ്ടോ എന്നച്ചനോട് ചോദിച്ചപ്പോൾ ” വെള്ളിയാഴ്ച എല്ലാവർക്കും വരും ” എന്ന മറുപടിയാണ് തന്നത് .. ആൾക്കൂട്ടത്തിനിടയിൽ വിവരിക്കാൻ സന്ദർഭം ഇല്ലാത്തതുകൊണ്ടാണ് അത്തരമൊരു മറുപടി .. അതായതു നിനക്കും നാളെ മേലാക്കം ഇതൊക്കെ വേണ്ടതാണ് പങ്കെടുത്തെ പറ്റൂ എന്നാണ് ” വെള്ളിയാഴ്ച എല്ലാവർക്കും വരും എന്നതിനർത്ഥം ..
അങ്ങനെ ഞങ്ങൾ കുറച്ചുപേർ ഒറ്റമുണ്ടും തോർത്തും ഒരു മങ്കുടവുമായി കുളക്കരയിലേക്ക് നീങ്ങി … കുളത്തിലൊന്നു മുങ്ങി ഈറനുടുത്തു കുടത്തിൽ വെള്ളവുമായി തിരികെ മടങ്ങി .. മരിച്ച ആളുടെ മൂത്ത മകൻ ഉരലും ഉലക്കയുമായി നടുമുറ്റത്തേക്ക് നീങ്ങി …
” മുന്നാഴിയിടി ” എന്നൊരു കർമ്മമാണ് പിന്നെ നടന്നത് … ഉരലിൽ കുറെ നെല്ലിട്ടു അത് മൂന്നു പ്രാവശ്യമായി ഇടിച്ചു അരിയാക്കുക എന്ന കർമ്മമാണ് അത് … മരിച്ച ക്രിയകൾ മിക്കതും മൂന്നു പ്രാവശ്യമാണ് ചെയ്യേണ്ടത് … അതിനു ശേഷം ഉരലിൽ പച്ച മഞ്ഞളും , മാവിൻറെ തോലും കൂടെ ഇടിചെടുക്കും .. അത് നേരത്തേ കുളത്തിൽനിന്ന് കൊണ്ടുവന്ന മങ്കുടത്തിലെക്ക് ഇട്ടു മൂന്നായി ഇട്ടു മൂന്നു പ്രാവശ്യം ഇളക്കും അതിനെ ബക്കറ്റിൽ വെച്ചിരിക്കുന്ന വെള്ളത്തിൽ കലക്കി വെക്കുന്നതും കണ്ടു … പിന്നീടു ഒരു കുടം വെള്ളം അതിൽ നിന്നും എടുത്ത് സൂര്യ വെളിച്ചത്തിൽ വെക്കും … ശേഷക്രിയയിൽ പങ്കെടുക്കുന്നവർ എല്ലാവരും ആ കുടത്തിൽ കൈ മുക്കി രണ്ടു കയ്യും പിടിച്ചു കുറച്ചു വെള്ളം എടുത്ത് മരിച്ച ആളുടെ ബോഡിയിൽ തളിക്കണം .. അതിനു പിന്നിലുള്ള ശാസ്ത്രം , മരിച്ച ആളുടെ ബോഡിയിൽ രോഗാണുക്കൾ വിഹരിക്കുന്നുണ്ടാകും ..മഞ്ഞൾ നല്ലൊരു രോഗാണു നിമർജനകാരിയാണല്ലോ ..പിന്നെ മാവിൻറെ തോൽ ദുർഗന്ധം അകറ്റാനാണ് ..
“നിലത്തിറക്കി കുളിപ്പിക്കുക ” എന്നൊരു ചടങ്ങാണ് പിന്നീട് … ബോഡിയിൽ ഇരുവശത്തുമായി ശേഷക്രിയയിൽ പങ്കെടുക്കുന്ന എല്ലാവരും ചേർന്ന് പിടിച്ചു മുറ്റത്ത് തെക്കോട്ട് വെട്ടിയിട്ടിരിക്കുന്ന വാഴയിലയിൽ കിടത്തണം .. വാഴയിലക്ക് താഴെ ഒരു വെളുത്ത തുണി വിരിചിട്ടുണ്ടാകും .. തയ്യാറാക്കിയ മഞ്ഞൾ വെള്ളത്തിൽ മുക്കിയ തുണി ആയതുകൊണ്ട് മഞ്ഞനിറം ഉണ്ട് അതിനു മീതെയാണ് വാഴയില അതിനും മീതെയാണ് ബോഡി കിടതെണ്ടത് … നേരത്തെ തയ്യാറാക്കിയ മഞ്ഞൾ വെള്ളം മൂന്നു പ്രാവശ്യമായി തല മുതൽ കാൽ വരെ ഒഴിക്കണം
അതിനു ശേഷം ഒരു ചുവന്ന പട്ടുകൊണ്ട് മൂടുന്നത് കണ്ടു .. പിന്നീട് പ്രാർത്ഥനക്ക് ശേഷം ഇടിച്ച നെല്ല് നെഞ്ചത്ത് കൊട്ടുന്നതും കണ്ടു …പിന്നീടു തെക്കോട്ട് നോക്കി ഉടച്ച തേങ്ങയുടെ ഒരു മുറിയും നെഞ്ചത്ത് വെച്ച് ഏറ്റവും അടിയിലുള്ള മഞ്ഞൾ മുക്കിയ തുണി ഉപയോഗിച്ച് ബോഡി വരിഞ്ഞു കെട്ടും …ഒരു കൂട്ട നിലവിളി അപ്പോൾ കേൾക്കാം … .. പിന്നെ ശേഷക്രിയ ചെയ്യുന്നവർ ബോഡി തൊട്ടു വണങ്ങി മൂന്നു വലം വെച്ച് അതുമായി ചിതയിലേക്ക് നീങ്ങണം .. ചിതയിലേക്കെടുക്കും മുൻപ് ആ പ്രേതതോട് പോലും നമ്മൾ അനുവാദം വാങ്ങുക കൂടി ചെയ്യുന്നു എന്നൊരു വശം കൂടെ അവിടെ ഉണ്ട് …
തല തെക്കോട്ടാക്കി മൂന്നു പ്രാവശ്യം ഉയർത്തുകയും താഴ്ത്തുകയും ചെയ്തു ചിതയിൽ ബോഡി വെച്ചു … രാമച്ചം നെയ്യ് പനിനീര് വെള്ളം എന്നിവ മൂന്നു പ്രാവശ്യമായി ബോഡിയിൽ നിക്ഷേപിക്കുന്നു .. പിന്നെ മൂന്നു വലം വെച്ച് കത്തിക്കാൻ ഉപയോഗിക്കാൻ പോകുന്ന കൊള്ളിയുടെ പ്രതീകമായ കത്തുന്ന ചുള്ളിക്കംപുകൊണ്ട് മൂന്നു വലം വെച്ച് അനുവാദം വാങ്ങി തെക്ക് വടക്കായി ആ എരിയുന്ന കമ്പുകൾ നിക്ഷേപിചു ….ഏറ്റവും ഉടുവിൽ കുടത്തിൽ കൊണ്ട് വന്ന മഞ്ഞൾ വെള്ളം കൊണ്ട് ചിതക്ക് നാല് ഭാഗത്ത് നിന്നും ബോഡിയിലേക്ക് മൂന്നു പ്രാവശ്യം വെള്ളം തളിച്ച് മാറി നിൽക്കണം …ബോഡി ചിതയിൽ വെച്ച് കഴിഞ്ഞതുകൊണ്ട് ക്രിയയിൽ പങ്കെടുത്തവരുടെ കൈകൾ ശുദ്ധമാക്കുക എന്നതാണ് അതിന്റെ ശാസ്ത്രീയ വശം …
പിന്നെ ചിതക്ക് തീക്കൊടുക്കുകലായി … മരിച്ച ആളുടെ മൂത്ത മകന്റെ അവകാശമാണ് അത് .. മഠത്തിൽ നിന്നും വന്നവർ കുറെ ചിരട്ടകൾ ചിതയിലേക്ക് നിക്ഷേപിക്കുന്നതും കണ്ടു … അവർ കൊണ്ട് വന്ന രണ്ടു വലിയ ഫാനുകൾ ചിതക്ക് സമീപം കാറ്റിന്റെ ദിശ നോക്കി വെച്ച് പ്രവർത്തിപ്പിക്കുന്നത് കണ്ടു .. കത്തൽ സുഗമം ആക്കുന്നതിനു വേണ്ടിയാണ് അത് … ഇടക്ക് മഴ വന്നപ്പോൾ കൊണ്ട് വന്ന രണ്ടു തകര ഷീറ്റുകൾ ചിതക്ക് മുകളിൽവെക്കുന്നത് കണ്ടു ..
പിന്നെ കുളത്തിൽ പ്പോയി ഒരു മുങ്ങൽ കൂടെ നടത്തി ഒരു കുടം വെള്ളവുമായി തിരിചെത്തി .. ചിത കൊളുത്തിയ ആൾ ആ കുടം ചുമലിൽ വെച്ച് മൂന്നു വലം വെച്ച് വടക്ക് നിന്നും തെക്കോട്ട് ആ കുടം വെള്ളത്തോട് കൂടെ എറിഞ്ഞു പൊട്ടിക്കുന്നതും കണ്ടു .. ആദ്യം വലം വെക്കുമ്പോൾ കുടത്തിൽ ഒരു ചെറിയ തുള ഇടും പിന്നീടു കുറച്ചുകൂടെ വലിയ വേറൊരു തുള പിന്നീട് അതിനെക്കാൾ വലുത് എന്ന രീതിയിൽ മൂന്നു തുള ഇടാറുണ്ട് …
അതോടെ ആ ചടങ്ങ് തീർന്നു പിന്നെയും കുറച്ചുകൂടെ ചടങ്ങുകൾ നടത്താറുണ്ട് …എത്രയും കണ്ടപ്പോൾ ഒന്ന് തീരുമാനിച്ചു
എന്റെ മരണം വളരെ ലളിതമായിരിക്കണം .. കടമകൾ ചെയ്തു തീർത്തശേഷം സ്നേഹിക്കുന്ന എല്ലാവർക്കും ഗംഭീര ട്രീറ്റ് കൊടുത്തു വല്ല കാശിയിലെക്കോ രാമെശ്വരതെക്കോ പോണം .. ഇത്തരമൊരു പ്രദർശനത്തിലോന്നും നില്പ്പിക്കേണ്ട എന്ന് തോന്നുന്നു …
എനിക്ക് തോന്നുന്നു എങ്ങനെ മരിക്കണം എന്ന് തീരുമാനിക്കാനുള്ള സ്വാതത്ര്യം നമുക്കുണ്ടാകണം എന്ന് … കടമകൾ തീർത്തു എല്ലാവർക്കും ഗംഭീര പാർട്ടി നല്കി വളരെ സന്തോഷമായി വേദനയില്ലാതെ ഒരു മരണം … മേർസി കില്ലിംഗ് എന്ന ആശയത്തോട് നൂറു ശതമാനം യോജിക്കുന്നു ..
അല്ലാതെ വയസ്സായി ഭക്ഷണം കഴിക്കാനും എഴുന്നെറ്റു നടക്കാൻ പോലും ആകാതെ മറ്റുള്ളവർക്ക് ഒരു ഭാരമായി ബാധ്യതയായി അങ്ങനെ ഒരു നിമിഷത്തെക്കുറിച്ച് ആലോചിക്കാനേ വയ്യ … !!!!
സജിത്ത് , https://www.facebook.com/iamlikethisbloger
© 2013, sajithph. All rights reserved.
Copyright secured by Digiprove © 2013 Sajith ph