ഈയടുത്തായി ഏറെ ചിന്തിപ്പിച്ച ഒരു വാക്കാണ് .. ” അവരെന്തു വിചാരിക്കും ??? “
ഒരുപാട് പേർ പറയുന്നത് കേട്ടിട്ടുണ്ട് … ഇതു വായിക്കുന്നവരിൽ ഒരു പാട് പേർ ഒരിക്കലെങ്കിലും പ്രകടിപ്പിച്ച ഒരു വികരമാവാം ” അവരെന്തു വിചാരിക്കും ….”
ഫോണ്‍ ചെയ്തിട്ട് കുറച്ചായി .. എന്ത് വിചാരിക്കുമോ ആവോ ..
ഒരു ലൈക് അടിച്ചേക്കാം .. അല്ലെങ്കിൽ … !!
അവിടെ ഒന്ന് പോകേണ്ടേ .. ഒന്നുമില്ലെങ്കിലും നാട്ടുകാരെ ഓർക്കണ്ടേ .. അവരെന്തു വിചാരിക്കും ??? “
മൂന്നു രൂപ ആയിട്ട് എങ്ങനെ ആണ് ടിപ് വെക്കുക ; പത്തു വെക്കാം .. ഏതു പിച്ചക്കാരൻ ആണ് മൂന്നു രൂപ ടിപ് വെച്ചിരിക്കുന്നത് എന്ന് വിചാരിക്കില്ലേ ..
വിളിച്ചിട്ട് എങ്ങനെയാ വെറും കയ്യോടെ പോകുക .. ആൾക്കാർ എന്ത് വിചാരിക്കും …
ഒന്നാം പിറന്നാളിന് വിളിച്ചിട്ട് എങ്ങനെ ആണ് ഡ്രസ്സ് കൊടുക്കുക .. കുട്ടിയെ കാണാൻ പോയ സമയത്ത് അത് കൊടുത്തില്ലേ .. പോരാത്തതിനു ബാക്കിയുള്ളവർ സ്വർണം കൊടുക്കുമ്പോൾ നമ്മൾ മാത്രം ഒരു തരി സ്വർണം പോലും ഇല്ലാതെ .. അവരെന്തു വിചാരിക്കും …
ഇരുപതു രൂപ റീചാർജ് ചെയ്തു കൊടുക്കാനാ പറഞ്ഞെ .. പക്ഷെ എങ്ങനെ ആണ് ഇരുപതായിട്ടു .. അവളെന്തു വിചാരിക്കും …
എന്തെങ്കിലും ഒരു കറിയും ചോറും മതിയെന്നാണ് പറഞ്ഞത് .. എന്നാലും വരും എന്നൊക്കെ കാലേകൂട്ടി വിളിച്ചു പറഞ്ഞ സ്ഥിതിക്ക് ..വെറും ഒരു കറി മാത്രമായി .. ഛെ ..അവരെന്തു വിചാരിക്കും …
അഞ്ഞൂറ് രൂപ കടമായിട്ട് ചോദിച്ചതാണ് .. എന്നാലും അവരുടെ കയ്യിൽ ഒട്ടും ഇല്ലാഞ്ഞിട്ടല്ലേ .. ആയിരം എങ്കിലും കൊടുക്കണം … എല്ലാം അറിഞ്ഞറിഞ്ഞ് നമ്മൾ .. അല്ലെങ്കിൽ അവരെന്തു വിചാരിക്കും ….
ബാക്കിയുള്ളവർ എന്ത് വിചാരിക്കും എന്ന് എങ്ങനെ കൃത്യമായി പറയാൻ ആകും .. അവർ പലതും വിചാരിച്ചോട്ടെ അല്ലെങ്കിൽ വിചാരിക്കാതെ ഇരുന്നോട്ടെ .. നാം ചെയ്യാനുള്ളത് നമ്മൾ ചെയ്യുക … ഓരോരുത്തരുടെയും വികാര വിചാരങ്ങൾ നോക്കി ജീവിക്കാൻ നിന്നാൽ അതെവിടെയും എത്തില്ല ..
ജീവിതത്തിൽ ചിലപ്പോഴെങ്കിലും മറ്റുള്ളവരെ ബോധ്യപ്പെടുത്താൻ ആയി ചിലതെല്ലാം ചെയ്തെന്നു വരാം .. പക്ഷെ അത് അപൂർവ്വം മാത്രമാകണം .. അല്ലെങ്കിൽ ആരുടെയൊക്കെയോ ചിന്താഗതികളെ ഓർത്തു നഷ്ട്ടപ്പെടുതുന്നത് നമ്മുടെ സമാധാനവും സമയവും ഊർജ്ജവും ആണ് .. ആരെയും ബോധിപ്പിക്കാനോ മറ്റുള്ളവരെ സന്തോഷിപ്പിക്കാനോ നാം റിസ്ക് എടുക്കുമ്പോൾ അവിടെ ഒരൽപ്പമെങ്കിലും എന്തൊക്കെയോ നഷ്ടമാകുന്നത് നമുക്ക് തന്നെയാണ് …
നമ്മൾ എന്ത് ചെയ്യുന്നു എന്ത് ചെയ്യുന്നില്ല എന്നോർത്ത് ഇരിക്കുക അല്ല മറ്റുള്ളവരുടെ പണി .. അല്ലെങ്കിൽ ഒരു പക്ഷെ അവരെന്തു വിചാരിച്ചാലും പറഞ്ഞാലും ഒന്ന് രണ്ടു വട്ടം അത് ശ്രദ്ധിക്കാതെ ഇരുന്നാൽ അത് കഴിഞ്ഞു ..
ഒരുപാട് പേരെ കണ്ടിട്ടുണ്ട് ; ചുറ്റുമുള്ളവർ എന്ത് പറയും അവരെന്തു വിചാരിക്കും എന്നെല്ലാം ഓർത്തു എന്തൊക്കെയോ കാട്ടി കൂട്ടുന്നവർ ..ചുറ്റുമുള്ളവർ എന്ത് വിചാരിക്കും എന്ത് പറയും എന്നൊക്കെ ആവശ്യത്തിൽ കൂടുതൽ ചിന്തിക്കാൻ തുടങ്ങിയാൽ നിരാശപ്പെടാൻ മാത്രമേ നമുക്ക് സമയം കാണൂ ..
ജീവിതം ജീവിക്കാനുള്ളതാണ് ആരെയും ബോധ്യപ്പെടുത്താൻ ഉള്ളതാവരുത് .. ഒരളവിൽക്കൂടുതൽ മറ്റുള്ളവരുടെ ചിന്താഗതികളെ ഓർത്തു നീങ്ങാൻ തുടങ്ങിയാൽ അത് അഭിനയമാകും .. ജീവിതത്തിൽ അഭിനയിക്കണോ അതോ ജീവിക്കണോ ?
സജിത്ത്
https://www.facebook.com/iamlikethisbloger ; iamlikethis.com@gmail.com
© 2015, sajithph. All rights reserved.
Copyright secured by Digiprove © 2015 Sajith ph