വെളുപ്പിന് മൂന്നരക്ക്എണീറ്റു ജോലിയാരംഭിച്ചപ്പോഴാണ് താഴെ കിടക്കുന്ന തിയ്യതി കണ്ണിൽ ഉടക്കിയത് .. സ്പെറ്റംബർ പതിനഞ്ചു … അപ്പോൾ മൂന്നു വർഷം ആയിരിക്കുന്നു ശീത യുദ്ധം തുടങ്ങിയിട്ട് … പത്തിൽ എട്ടു പൊരുത്തം എന്ന് നാല് പണിക്കന്മാർ കണക്കു കൂട്ടി പറഞ്ഞു അങ്ങനെ എത്തിച്ചേർന്നതാണ് … പക്ഷെ ഒട്ടു മിക്ക കാര്യങ്ങളിലും തെക്കോട്ടും വടക്കോട്ടുമാണ് .. അങ്ങോട്ടുമിങ്ങോട്ടും കുറെ വാദപ്രതിവാദങ്ങൾ നടത്തി മാത്രമേ ഈ നിമിഷം വരെ ഒരു തീരുമാനത്തിൽ എത്തിച്ചേർന്നിട്ടുള്ളൂ ..
ഈ ജാതകങ്ങൾ തമ്മിൽ ഒത്തുപോകും എന്ന് പറഞ്ഞ പണിക്കന്മാരോട് പല സമയത്തും ദേഷ്യം മാത്രമേ തോന്നിയിട്ടുള്ളൂ …. ഇത്രക്കും വിരുദ്ധമായ സ്വഭാവ – ആഗ്രഹ – സവിശേഷതകൾ ഉള്ള രണ്ടു പേർ എങ്ങനെ ഒത്തുപോകും എന്ന് ചില സമയത്തു തോന്നാറുണ്ട് …
ഒരു ഗ്ലാസ് പാൽ കുറുക്കി കുറുക്കിയുള്ള ചായ ഇഷ്ട്ടപ്പെടുന്ന ഒരാളും , കട്ടൻ ചായ മാത്രം കുടിക്കുന്ന ഒരാളും …. എങ്ങോട്ടു പോകുന്നെങ്കിലും ഗൂഗിൾ മാപ്പിനോടൊപ്പം രണ്ടു മൂന്നു പേരോട് വഴി ചോദിക്കുന്ന ഒരാളും , ഒരാളോട് മാത്രം ചോദിച്ചു അല്ലെങ്കിൽ തനിയെ പോകാൻ ഇഷ്ട്ടപ്പെടുന്ന ഒരാളും , കുമ്പളങ്ങയും തഴുതാമയും ഇഷ്ട്ടമുള്ള ഒരാളും കോഴിയുടെ ഹൃദയ ഭാഗം മാത്രം ഇഷ്ട്ടമുള്ള ഒരാളും … ഓടിട്ട വീടുകളെ പഴമയെ സെന്റിമെൻറ്സിനെ ഇഷ്ട്ടപ്പെടുന്ന ഒരാളും കോൺക്രീറ്റ് സൗധങ്ങളോടും പ്രാക്ടിക്കൽ ജീവിതവും ആണ് നല്ലതു എന്ന് വാദിക്കുന്ന ഒരാളും …. തൃശൂരിൽ നിന്നുള്ള ആരുടെയെങ്കിലും ഒപ്പമേ ജീവിക്കൂ എന്നുറപ്പിച്ചു ഒരാളും വള്ളുവനാടൻ സംഭാഷണത്തെ ഇഷ്ട്ടപ്പെടുന്ന ഒരാളും … ഒരു കാര്യം പലകുറി വായിച്ച ശേഷം മാത്രം അഭിപ്രായം പറയുന്ന ഒരാളും , തലയും വാലും മാത്രം ഓടിച്ചു വായിച്ചു മുന്നോട്ടു പോകുന്ന ഒരാളും .. കാര്യങ്ങൾ സ്പീഡിൽ ഡീൽ ചെയ്യുന്ന ഒരാളും , സമയം എത്ര എടുത്താലും പെർഫെക്ഷൻ ആണ് വലുത് എന്ന് വിശ്വസിക്കുന്ന ഒരാളും , സെന്റിമെൻറ്സിനും ആൾക്കാർക്കും പറഞ്ഞ വാക്കും വലുതെന്നു വിശ്വസിക്കുന്ന ഒരാളും , ജീവിതം പ്രാക്ടിക്കലാണ് എന്ന് പറയുന്ന ഒരാളും .. നാവുള്ള ആരോടും മുഷിപ്പിക്കുന്നവരെ സംസാരിക്കുന്ന ഒരാളും ആവശ്യത്തിന് മാത്രം സംസാരിക്കുന്ന ഒരാളും ..പുറത്തിറങ്ങുന്ന എല്ലാ സിനിമകളും കാണുന്ന ഏതു ഭാഷയിലെ സിനിമയെയും ഇഷ്ട്ടപ്പെടുന്ന ഒരാളും , സിനിമയോട് തീരെ താല്പര്യം ഇല്ലാത്ത ഒരാളും …. ഗീ മൈസൂർപ്പാവും അഞ്ചു തരം പായസവും ഒപ്പം കിട്ടിയാലും കഴിക്കുന്ന ഒരാളും , എരിവുള്ളതു മാത്രം ഇഷ്ട്ടമുള്ള ഒരാളും … എന്തിനും ഏതിനും പെട്ടെന്ന് ചൂടാവുന്ന ഒരാളും , ക്ഷമ മാത്രം ധാരാളം ഉള്ള വേറൊരാളും … അങ്ങനെ ഓർത്തെടുത്താൽ നൂറായിരം കാര്യങ്ങളുണ്ട് …
എങ്കിലും ഇതിനിടയിൽ ഇഷ്ട്ടാനിഷ്ടങ്ങൾ മാറി വന്നു തുടങ്ങിയിരിക്കുന്നു … എന്ത് തർക്കിച്ചാലും അവസാനം ഒരുത്തരത്തിൽ എത്തിച്ചേരുന്നു …. അങ്ങോട്ടും ഇങ്ങോട്ടും മനസിലാക്കാൻ തുടങ്ങിയിരിക്കുന്നു .. വിട്ടു കൊടുക്കാൻ തുടങ്ങിയിരിക്കുന്നു … നമ്മൾ പറയുന്നത് മാത്രം അനുസരിക്കുന്ന , എല്ലാം കേൾക്കുന്ന , അങ്ങനെ ഒരാളുടെ ഒപ്പം ആയിരുന്നു ജീവിതം എങ്കിൽ എത്രമാത്രം ബോറായേനെ … ഈ തല്ലുകൂടൽ ഇഷ്ട്ടപ്പെട്ടു തുടങ്ങിയിരിക്കുന്നു … ഒരുമിച്ചു പോയ നീണ്ട യാത്രകളുടെ ലിസ്റ്റോ സെൽഫികളോ ഒന്നും ഓർത്തെടുക്കാൻ ഇല്ല .. വിലപിടിപ്പുള്ള സമ്മാനങ്ങളോ , മധുരം തുളുമ്പുന്ന വാക്കുകളോ പറഞ്ഞിട്ടോ കേട്ടിട്ടോ ഇല്ല …
എന്തൊക്കെ ആണെങ്കിലും കഴിഞ്ഞ മൂന്നു വർഷങ്ങൾ ഇഷ്ട്ടപ്പെടുന്നു … തുടർന്നും അങ്ങോട്ടും ഇങ്ങോട്ടും അടി കൂടാനും കൂടുതൽ മനസിലാക്കാനും നിറയെ നിമിഷങ്ങൾ തരട്ടെ എന്ന് ആഗ്രഹിക്കുന്നു … ചിലപ്പോൾ ഇതൊക്കെയാകാം ജീവിതം ….
സജിത്ത്
https://www.facebook.com/iamlikethisbloger ; iamlikethis.com@gmail.com
© 2017, sajithph. All rights reserved.
Copyright secured by Digiprove © 2017 Sajith ph