മിക്കപ്പോഴും നഷ്ടപ്പെട്ട ഓർമ്മകളാണല്ലോ നമ്മൾ എത്ര സമ്പന്നരായിരുന്നു എന്ന് ഓർമ്മപ്പെടുത്തുന്നത് … ചില ഓർമ്മകൾ മനസിലേക്ക് പെയ്തിറങ്ങുമ്പോൾ അവക്ക് മഞ്ഞുതുള്ളികളെക്കാൾ കുളിരാണ് … ചെമ്പകപ്പൂവിനേക്കാൾ ഗന്ധമാണ്
ജീവിതം തിരക്കിൽ നിന്നും തിരക്കിലേക്ക് പോകുന്നെന്ന് തോന്നുമ്പോഴോ , ചുറ്റുമുള്ള സന്തോഷങ്ങൾക്ക് കുമിളയുടെ ആയുസുപോലുമില്ലെന്നു തോന്നുമ്പോഴോ ഓർമ്മകളുടെ ചെറുപ്പകാലത്തിലേക്ക് നോക്കുന്നത് ഒരു സുഖമാണ് … അത്തരം ഓർമ്മകൾ സമ്മാനിച്ചവർ പലരാവാം… ഒന്നും പ്രതീക്ഷിക്കാതെ ഒരുപാടു സ്നേഹിച്ചവർ … എന്ത് സംഭവിച്ചാലും എന്തിനുമേതിനും കൂടെ നിന്നവർ …. ഒന്നും പ്രതീക്ഷിക്കാതെ നമ്മോടു കൂടെ എത്രപേർ നിൽക്കുന്നുണ്ട് എന്നത് മാത്രമല്ലേ ജീവിതത്തിലെ യഥാർത്ഥ സമ്പാദ്യം എന്ന് തോന്നാറുണ്ട് ….
ഓർമ്മകൾക്കും , സന്തോഷങ്ങൾക്കും , സങ്കടങ്ങൾക്കും വയസ്സാകാറുണ്ടോ എന്ന് തോന്നിത്തുടങ്ങിയിരുന്നു … ഇപ്പോഴത്തെ സന്തോഷത്തിനോ , സങ്കടത്തിനോ പണ്ടുള്ളത്രയും തീക്ഷണത തോന്നാറില്ല …
പുറകോട്ടു നോക്കുമ്പോൾ
പെട്ടെന്ന് ഓർമ്മയിൽ തെളിയുന്നത് മുത്തശ്ശിയുടെ മുഖമാണ് … മധുരക്കിഴങ്ങുും മധുര പലഹാരവും ഉണ്ടാക്കിത്തന്ന നിമിഷങ്ങൾ… വരിക്ക പ്ലാവിലെ ചക്കചുള പറിച്ചു തന്ന നിമിഷങ്ങൾ … എന്ത് കുരുത്തക്കേട് ഒപ്പിച്ചാലും ” അവൻ ആൺകുട്ടിയല്ലേ .. സാരമില്ല എല്ലാം ശരിയാകും ” എന്ന് പറഞ്ഞു എന്തിനും കൂടെ നിന്ന ഓർമ്മകൾ … .. ചക്കയോ , മുട്ടയോ , പാലോ വിറ്റു കിട്ടുന്ന നാണയ തുട്ടുകളിൽ നിന്നും ഒരു വിഹിതം കൈ വെള്ളയിൽ വെച്ച് നൽകുമ്പോൾ കിട്ടിയ അന്നത്തെ ആ സന്തോഷം മറ്റൊരു നോട്ടുകെട്ടുകൾക്കും തരാൻ ഇതുവരെ കഴിയാത്തതെന്തേ എന്ന് ആലോചിച്ചിട്ടുണ്ട് ..
മുത്തശ്ശന്റെ മുഖമാണ് പിന്നീട് ഓർമ്മ വരുന്നത് ….
ബാലരമയും , പലഹാരങ്ങളുമായി എല്ലാ മാസത്തിലും മുടക്കം തെറ്റാതെയുള്ള വരവ് … സ്‌കൂൾ അവധിക്കു വിരുന്നു പോകുമ്പോളെല്ലാം ഒരു സ്വർഗ്ഗത്തിലേക്കായിരുന്നു പോയിരുന്നത് എന്നിപ്പോൾ തിരിച്ചറിയുന്നു …. മാനം ഇരുട്ടുവോളം കളിച്ചു നടക്കാൻ ഉള്ള സ്വാതന്ത്ര്യം … വിശപ്പ് മാറുവോളം കഴിക്കാനായി മച്ചിന്റെ താഴെ കെട്ടിത്തൂക്കിക്കിയിട്ടിരുന്ന പഴക്കുല … അത് കഴിയാറാകുമ്പോഴേക്കും സൈക്കിളിന്റെ തണ്ടയിൽ അടുത്ത പഴക്കുലയുമായി ഒരു ചിരിയോടെ വന്നിറങ്ങിയുരുന്നത് …കളിച്ചു മതിയാകുമ്പോൾ പുഴക്കരികിലേക്കു മതിവരുവോളം നീന്തിക്കുളിക്കാൻ കൂട്ട് വന്നിരുന്നത് , ഒന്നും ഓർമ്മയിൽ നിന്നും മായുന്നേ ഇല്ല ..
തിരിച്ചറിയുന്നു …
ഇഷ്ടമാണെന്നോ സ്നേഹിക്കുന്നുവെന്നോ പറഞ്ഞിട്ടില്ലെങ്കിലും , തിരിച്ചറിയുന്നു ഈ നിമിഷം … വാക്കുകൾ കൊണ്ടല്ല പ്രവർത്തിയിലൂടെയാണ് അവർ സ്നേഹിച്ചുരുന്നത് … … തിരിച്ചൊന്നും പ്രതീക്ഷിക്കാതെ സ്നേഹിച്ചവർ … നമ്മുടെ സന്തോഷത്തിനു വേണ്ടി പല വിട്ടുവീഴ്ചയും ചെയ്തവർ … അങ്ങനെ ഓർത്തെടുക്കാൻ വളരെ കുറച്ചു മുഖങ്ങൾ മാത്രം ….
…. സമ്മാനങ്ങൾക്കു ശേഷം മാത്രം ഇപ്പോൾ കേൾക്കുന്ന ” i love you … ” എന്ന ജീവനില്ലാത്ത വാക്കുകൾ നേരമ്പോക്ക് മാത്രമെന്നത് … മിക്കപ്പോഴും ഒരു മഴവില്ലിൻ ആയുസ് മാത്രം …
നഷ്ടപ്പെട്ട ഓർമ്മകളാണല്ലോ നമ്മൾ എത്ര സമ്പന്നരായിരുന്നു എന്ന് ഓർമ്മപ്പെടുത്തുന്നത് …
നഷ്ട്ടപ്പെട്ട ഓർമ്മകൾക്ക് മാത്രമാണ് മനസ്സിൽ കുളിർമ സമ്മാനിക്കാൻ സാധിക്കുന്നതെന്നു തിരിച്ചറിയുന്നുവെങ്കിൽ … , എവിടെയോ വഴി പിഴച്ചിരിക്കുന്നു …. ഒന്നും പ്രതീക്ഷിക്കാതെ സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും കഴിയുക എന്നത് തിരിച്ചു പിടിക്കാം …
സജിത്ത്
https://www.facebook.com/iamlikethisbloger ; iamlikethis.com@gmail.com
© 2018, sajithph. All rights reserved.
Copyright secured by Digiprove © 2018 Sajith ph