നിങ്ങളറിയാന്‍ ….

 

 

 

 

 

 

സൃഷ്ടിയുടെ മരണം -വാസ്തവിന്‍റെ  പങ്ക് ……
വാസ്തവിനാല്‍    സൃഷ്ടി സംഹരിക്കപ്പെട്ടോ :-
വാസ്തവിന്‍റെ  തിരോധാനം – സൃഷ്ടിയുടെ സൃഷ്ടിയോ …
വാസ്തവിന്‍റെയും സൃഷ്ടിയുടെയും ചോര വീണ  ഏടുകള്‍  , ആരാണ് ഉത്തരവാദി ?

ഇല്ല്യ …. എത്രമാത്രം തിരുത്തിയെഴുതിയിട്ടും  തലവരി മാത്രം വായിച്ചു പോകുന്ന സമയമില്ലാത്ത വായനക്കാരെ  പിടിച്ചിരുത്താനായി ഒരു കാച്ചിങ്ങ്  തലവരി കിട്ടുന്നില്ല്യ …കുറച്ചു അന്വോഷണാത്മകമായി അവതരിപ്പിച്ചാല്‍ , ക്ലിക്ക് ആയാല്‍  നല്ലൊരു പ്രമോഷന്‍ തരാം എന്നാണ് എഡിറ്റര്‍ വാഗ്ദാനം ചെയ്തിരിക്കുന്നത് ….കൊള്ളാമെങ്കില്‍  തന്‍റെ  റിപ്പോര്‍ട്ട്‌, ചാനെലിലെക്കും ഒരു എക്സ്ക്ലൂസീവ്   പരിപാടിയായി  അവതരിപ്പിക്കാം എന്നും ഓഫര്‍ ഉണ്ട് ….

 

നാള്‍ക്കു  നാള്‍ എല്ലായിടത്തും മത്സരം കൂടുകയാണ് ..മാധ്യമ രംഗവും ഒട്ടും വ്യത്യസ്തമല്ല …ബലാല്‍ സംഗവും ,പിടിച്ചു പറികളും കേട്ട് കേട്ട് പ്രക്ഷകര്‍ മടുത്തിരിക്കുന്നു ..     “നമ്മള്‍ കക്കൂസ്സ്കുഴിയില്‍പ്പെട്ടു കിടക്കുകയാണെങ്കിലും അപ്പുറത്തുള്ളവന്‍ ചാണകത്തില്‍ ചവിട്ടി എന്ന് ലോകമറിയുന്നത് കേള്‍ക്കാന്‍ ഒരു സുഖമുള്ളതാണ് ” പറഞ്ഞു നടക്കാനും സുഖം ….അങ്ങനെ ഒരു സംസ്കാരം താനുള്‍പ്പെടുന്ന മാധ്യമ സമൂഹം അടിചെല്‍പ്പിചിരിക്കുന്നു ..

 

..അവര്‍ക്ക് രാവിലെ ചായയോടൊപ്പം ആസ്വദിക്കാന്‍ കുറച്ചു ചൂടുള്ള എന്തെങ്കിലും കൊടുക്കണം ..റോഡിലെ കുഴികളെപ്പറ്റി കുറെ അവന്മാര്‍ കവര്‍ ചെയ്തു ..പിന്നെ അഴിമതിയുടെ പിറകെ കുറെ ദിവസങ്ങള്‍ ഒളി ക്യാമറയും കൊണ്ട് നടന്നു , അവിടുന്നും ഇവിടുന്നും അടി കിട്ടാന്‍ തുടങ്ങിയപ്പോ അതും നിര്‍ത്തി , പക്ഷെ അടി കിട്ടാന്‍ തുടങ്ങിയെങ്കിലും അതുകൊണ്ട് കുറെ ഗുണങ്ങള്‍ ഉണ്ടായിട്ടുണ്ട്…അതുകൊണ്ട് തന്നേ ഇപ്പോ കിട്ടിയിരിക്കുന്ന  സൃഷ്ടി-വാസ്തവ് സംഭവം എങ്ങനെയെങ്കിലും ഒന്ന് പൊലിപ്പിചെടുക്കണം ….

സത്യത്തില്‍ അവിടെ എന്താണ് സംഭവിച്ചത് ….ഓഗസ്റ്റ്‌ ഇരുപതിനു നടന്ന  കോണ്‍വെക്കഷന്‍ പരിപാടിയില്‍ പങ്കെടുക്കുന്നതിനിടയില്‍ ആരോടും ഒന്നും മിണ്ടാതെ സൃഷ്ടി  എന്ന ഇരുപത്തൊന്നുകാരി  എഞ്ചിനീയറിംഗ് ബിരുദധാരിണി  കോളേജിന്‍റെ  മുന്‍വശത്തുള്ള തിരക്കേറിയ റോഡിലേക്ക് ഓടിക്കേറി ….അവളിപ്പോ നട്ടെല്ലിനും , തലക്കും ക്ഷതമേറ്റ്  ആശുപത്രിയില്‍ ആണ് …ദ്രിസ്സാക്ഷിയാവേണ്ടി വന്ന അവളുടെ സുഹൃത്ത് വാസ്തവ് , അബോധാവസ്തയില്‍  ഇപ്പോഴും  കഴിയുന്നു …
എത്രയും പെട്ടെന്ന് ഒരു എക്സ്ക്ലൂസീവ്  പരിപാടി ചാനെലില്‍  ഇടാന്‍ കൊടുത്തെ പറ്റൂ …എല്ലാ പ്രേക്ഷകരും കാത്തിരിക്കുകയാവും ….അവര്‍ ഇതുവരെ  കേള്‍ക്കാത്തത് ചിലത് കൊടുക്കാന്‍ പറ്റിയാല്‍ സംഗതി ക്ലിക്ക് ആകും …

ചെയ്യുന്നത് മനുഷ്യത്യ രഹിതമാണോ എന്ന ചിന്ത ഇടക്കെങ്കിലും വെട്ടയാടാറുണ്ടെങ്കിലും തനിക്കും ജീവിക്കണ്ടേ …മാര്‍ഗമല്ല ലക്ഷ്യമാണ്‌ പ്രധാനം എന്ന് ദൈവം പോലും പറഞ്ഞിട്ടുണ്ട് …
പക്ഷെ ഒന്ന് നോക്കുകയാണെങ്കില്‍ എന്‍റെ  ഭാഗം എല്ലാം പക്ക പെര്‍ഫക്റ്റ് ആണ് …കഴിഞ്ഞ മൂന്നു മാസത്തെ അവര്‍ ഇരുവരുടെയും  മൊബൈല്‍ ഫോണ്‍ കോള്‍ ലിസ്റ്റ് കയ്യിലുണ്ട് …. അതുകൊണ്ട് , അവര്‍ മുടിഞ്ഞ പ്രേമത്തില്‍ ആയിരുന്നുവെന്നും , കഴിഞ്ഞ മൂന്നു മാസത്തെ  വിരഹ ദുഖത്തിനോടുവില്‍ കണ്ടപ്പോള്‍ , വീണ്ടും പിരിയേണ്ടി വരുമെന്നതിലുള്ള ദുഖം താങ്ങാന്‍ ആവാതെ മരിക്കാന്‍ തീരുമാനിച്ചു എന്നാക്കാം ….

അല്ലെങ്കില്‍ , ആ വാസ്തവിന്‍റെ  മൊബൈല്‍ കിട്ടുകയാണെങ്കി, ആരുടെയെങ്കിലും ഒരു കുഞ്ഞു ബിറ്റ് അതില്‍ നിന്നും കണ്ടെടുക്കാനായാല്‍….  രണ്ടു മാസം മുന്‍പ്‌  അവര്‍  അവിഹിത ബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്നു എന്നും ഇപ്പോള്‍ അവളെ കെട്ടാന്‍ തയ്യാറല്ല എന്നറിഞ്ഞതിനാല്‍ ആ കുട്ടി ആത്മഹത്യക്ക് ശ്രമിച്ചു എന്നും എഴുതാം ..

 

അതുമല്ലെങ്കില്‍ , പഴയ വീഡിയോ കാട്ടി വീണ്ടും അത്തരമൊരു ബന്ദത്തിനു കൂടെ വരാന്‍ പറഞ്ഞപ്പോള്‍  ,  അതിനു വിസമ്മതിച്ച ആ പരിശുദ്ധ , വേറെ ഒരു വഴിയും ഇല്ലാതെ  ജീവനൊടുക്കാന്‍ ശ്രമിച്ചു എന്നാക്കിയാലും കൊള്ളാം

അറിഞ്ഞിടത്തോളം , ഈ വാസ്തവ്  ബാങ്ക് ലോണ്‍ ഒക്കെ എടുത്തു പഠിച്ച   കാശില്ലാ  കുടുംബത്തിലെ ചെക്കനാണ് …..അതീപ്പിടിച്ചു ഒന്ന് കേറി നോക്കിയാലും കൊള്ളാം….പറ്റുമെങ്കില്‍ കുറച്ചു സിമ്പതി ആ പയ്യന് കിട്ടുമെങ്കില്‍ കിടന്നോട്ടെ ,

 

പെണ്‍കുട്ടിയുടെ കല്യാണം വീട്ടുകാര്‍ നോക്കി വരുന്നതിലുള്ള വിഷമം താങ്ങാന്‍ ആകാതെ പയ്യന്‍ വിഷമിച്ചപ്പോള്‍ , അത്  കണ്ടു മനം മടുത്ത് പെണ്‍കുട്ടി കേറി വണ്ടിക്കടിയിലേക്ക് ഊളിയിട്ടു എന്നെഴുതാം , അതാകുമ്പോ ഒരു സിനിമ ടച്ചും കിട്ടും ..കേള്‍ക്കാനും സുഖമുണ്ട് ….രണ്ടു പേരും സേഫ് …കേള്‍ക്കുന്നവര്‍ക്കും  രസമുണ്ട് ….  ചിലപ്പോ പബ്ലിസിറ്റിക്ക് വേണ്ടി വല്ല ഗള്‍ഫുകാരും ആ പയ്യന്‍റെ  ബാങ്ക് ലോണ്‍ അടച്ചു കൊടുക്കുകയാണേല്‍ അവര്‍ക്കതൊരു ഉപയോഗവും ആകും …അപ്പൊ അങ്ങനെ തന്നെ  തീരുമാനിക്കാം ….

രാത്രിയില്‍ , ഇതേക്കുറിച്ച് ടോക്ക് ഷോ നടത്താം …  “നിങ്ങള്‍ പറയുക, അതൊരു ആത്മഹത്യയോ കൊലപാതകമോ … കുട്ടി ഗര്‍ഭിണി ആയിരുന്നോ …ആ കുട്ടി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചത്‌ ശരിയാണെങ്കില്‍ , അത് ശരിയാണെന്ന് നിങ്ങള്‍ക്ക് തോന്നുന്നെങ്കില്‍ , അതെ  എന്നും അല്ലെങ്കില്‍ അല്ല എന്നും SMS അയക്കുക …”  അയച്ചവരില്‍ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ആള്‍ക്ക് കോടികള്‍ വിലമതിക്കുന്ന ഓണം ബമ്പര്‍ ലോട്ടറി ടിക്കറ്റ്‌ സമ്മാനം …” പ്രതികരണങ്ങള്‍  ഓണ്‍ലൈനില്‍ കൂടെയും അറിയിക്കാം …  ആ കുട്ടി അവസാനമായി സംസാരിച്ച കുട്ടിയുടെ തല്‍സമയ സംവാദം നിങ്ങള്‍ക്ക് ഇപ്പോള്‍  കാണാം … കുട്ടി വണ്ടിക്കടിയില്‍ പെടുന്ന എക്സ്ക്ലൂസീവ് വീഡിയോ ഞങ്ങളുടെ ചാനെല്‍ ഉടനെ കാണിക്കുന്നതാണ് …  അങ്ങനെ പണിയില്ലാത്ത ആള്‍ക്കാര്‍ക്ക് സമയം കളയാന്‍ എന്തെങ്കിലും കൊടുക്കാം ..കൂട്ടത്തില്‍ കാശും കിട്ടും …
പക്ഷെ   ഈയിടെയായി  വേണ്ടാത്ത സമയത്ത് മുടിഞ്ഞ സാധാചാര ബോധം കേറി വരുന്നുണ്ട് ….മനുഷ്യന്‍റെ  മനസമാധാനം കളയാന്‍ ….. എവിടെയോ  കിടക്കുന്ന  ഒന്നും അറിയാത്ത രണ്ടു പാവം പിള്ളേരുടെ  ജീവിതം ഒരു പായപേപ്പറില്‍   വരച്ചിടാന്‍ ശ്രമിക്കുന്ന താന്‍ ചെയ്യുന്നത് പാപമാണോ .. ഈ കാലത്ത് തീരെ ആവശ്യമില്ലാത്ത ഒരു സാധനമാണ് ഈ സദാചാര ബോധം  എന്ന്  നിരവധി തവണ  പഠിപ്പിക്കാന്‍ ശ്രമിചിട്ടുള്ളതാണ് …എന്നാലും ഞാന്‍ ഇങ്ങനെയൊക്കെ ആയിപോയി ….

വാസ്തവ് എന്ന  ഇരുപത്തിരണ്ടുകാരന്‍റെ  ഡയറി എല്ലാ സംശയങ്ങള്‍ക്കും മറുപടി നല്‍കുന്ന ഒരു എന്സൈക്ലോപീഡിയ ആണ് ..

കുറചെല്ലാം മനസിലായിത്തുടങ്ങുന്നു … സത്യത്തില്‍ അവിടെ സംഭവിച്ചത്  സ്വാഭാവികം  .. നാട്ടുകാരുടെയും വീടുകാരുടെയും പ്രതീക്ഷ   നിറഞ്ഞ  ചോദ്യങ്ങള്‍ക്കും , ചില പരിഹാസങ്ങള്‍ക്കും  മുന്നില്‍ , അതൊന്നും നേരിടാന്‍ ആകാതെ  വന്നപ്പോ  എല്ലാത്തില്‍ നിന്നും ഓടിയോളിക്കാന്‍ ശ്രമിച്ചു .. അങ്ങനെ സംഭാവിച്ചതാണ് അത് …     ഇപ്പോ പഠിച്ചിറങ്ങുന്ന ആര്‍ക്കും അത് മനസിലാകും …  ..ബാക്കിയുള്ളവര്‍ കേട്ടാല്‍ അത് മനസിലാക്കി വരാന്‍ കുറച്ചു സമയമെടുക്കും  , സത്യം ചിലപ്പോള്‍  അങ്ങനെ ആണ് …  കേള്‍ക്കുമ്പോള്‍ നിസാരമെന്നു തോന്നാം…..
വാസ്തവിന്‍റെ  ഡയറിയുടെ ആദ്യ പേജില്‍ തന്നെ   കുറിക്കപ്പെട്ടിട്ടുണ്ട്
“മോനെ …മോനാരെപ്പോലെയാ ….അച്ചനെപ്പോലെയോ ..അമ്മയെപ്പോലെയോ ….മോന് ആരാകണം …അയ്യോട ….”
ഇങ്ങനെ എന്തോ ആണത്രേ  ചെറുപ്പത്തില്‍ അവന്‍ ആദ്യമായി കേട്ട വാക്കുകള്‍ !!!!  അന്ന് മുതല്‍ അവന്‍റെ  പുറത്തു  മറ്റേതൊരു കുട്ടിയേയും പോലെ  പ്രതീക്ഷകളുടെ ഭാണ്ഡം കയറ്റി വെക്കപ്പെട്ടു …നാട്ടുകാരും , സമൂഹവും കൂടെ സമയാസമയങ്ങളില്‍ കുറെ ഉപദേശങ്ങളും , ആഗ്രഹങ്ങളും അടിച്ചേല്‍പ്പിച്ചു  അവന്‍റെ   പുറത്തുള്ള ഭാണ്ടക്കെട്ടിന്റെ ഭാരം വലുതാക്കി വന്നു …

 

ഒരിക്കല്‍പ്പോലും അവനു എന്താണ് വേണ്ടതെന്നു ആരും ചോധിചില്ലത്രേ ….
കാലം  അവനെ എതിരെട്ടത്‌  കുറെയേറെ  ചോദ്യങ്ങള്‍ കൊണ്ടായിരുന്നു …
“ഈ കാലത്ത് എഴുത്തിനിരുത്താന്‍ പോക്വാണോ ? കുട്ടികള്‍ക്ക് നാലക്ഷരം പറഞ്ഞു കൊടുത്തു തുടങ്ങാന്‍  അറിവും കഴിവും ഉള്ളവര്‍ ആരുണ്ട്‌ ഇവിടെ …നമുക്കിവനെ പ്രീകെജിയില്‍    വിട്ടാല്‍ പോരെ …
അവനു ഈ കളര്‍ തീരെ ഇണങ്ങുന്നില്ല്യ
നിനക്കെന്തിനാ ഇപ്പോ സൈക്കിള്‍ ,,നീ നടന്നു പോയാല്‍ മതി …
നീ സര്‍ക്കാര്‍ സ്കൂളില്‍ ചേരാന്‍ പോക്വാണോ , അത് മണ്ടത്തരം ആണ് ..കോമണ്‍ സെന്‍സ്‌  ഇല്ല്യെ …
ഈ കാലത്ത് ആരെങ്കിലും മലയാളം മീഡിയത്തില്‍ പഠിക്കുമോ …

നല്ലോണം മാര്‍ക്ക്‌ വാങ്ങിയെക്കണം , ഞങ്ങളെ നാണം കേടുത്തരുത്  ട്ടോ ..

നിനക്ക് വേറെ എന്താ പണി ? ഞങ്ങള്‍ പണ്ട് പഠിച്ചിരുന്ന കാലത്ത് മണ്ണെണ്ണ വിളക്കിലാ  പഠിച്ചേ …..ഉടുക്കാന്‍ ഡ്രസ്സ്‌ ഉണ്ടായിരുന്നില്ല്യ,,,ഇപ്പോള്‍ നിനക്ക് എന്തിന്‍റെ  കേടാ ? ഉടുക്കാനില്ല്യെ ? ഉണ്ണാനില്ല്യെ?   പഠിക്കുക എന്നല്ലതേ വേറെ എന്താ ജോലി ?
നീ അപ്പുറത്തെ അവനെ കണ്ടു പടിക്ക് , അങ്ങനാണ് കുട്ടികള്‍ …
നീ സയന്‍സ് എടുത്തു പഠിച്ചാ  മതി ..
നിനക്ക് ഹോട്ടല്‍ മാനേജ്‌മന്റ്‌ പഠിക്കണം എന്നോ ? ലക്ഷങ്ങള്‍ മുടക്കി പഠിച്ചു…    കണ്ട അണ്ട-അടകൊടന്‍റെയും എച്ചില്‍പ്പാത്രം    കഴുകാനാണോ ..നീ ഞങ്ങള്‍ പറയുന്നത് കേട്ടാല്‍ മതി ..
ബി ടെക്കിനു ഇലക്ട്രോണിക്സ് തന്നെ കിട്ടണം , നന്നായി എന്‍ട്രന്‍സിന്  പഠിച്ചോ …
നിന്നെക്കൊണ്ടോക്കെ എന്തിനു കൊള്ളാം ..ഇനീപ്പോ കാശ് മുടക്കി സീറ്റ്‌ തരപ്പെടുതെണ്ടി വരില്ല്യെ …
ബി ടെക് ആണ് , കാശുള്ള പിള്ളേര്‍ ഒരുപാട് കാണും , ഉഴപ്പരുത്‌ …നിന്നില്‍ ആണ് ഞങ്ങളുടെ പ്രതീക്ഷ …
ഒരു പേപ്പര്‍ പോയെന്നോ , നിനക്കെന്താ അവിടെ പണി ..ആറു മാസം കൂടുമ്പോള്‍ അവിടെ കാശ് കൊടുക്കാന്‍ ഞങ്ങള്‍ കഷ്ട്ടപ്പെടുന്നത് നിനക്ക് കാണണ്ടല്ലോ…എനിക്ക് തന്നേ പഠിക്കാന്‍ സാഹചര്യം ദൈവം തന്നില്ല്യ

…എങ്ങനെയെങ്കിലും  മുണ്ട് മുറുക്കിയുടുത്തു നിന്നെയൊക്കെ പടിപ്പിക്കാമെന്നു വെച്ചാല്‍ …  അതെങ്ങനെയാ , നീ തന്തയുടെ/തള്ളയുടെ അല്ലെ വിത്ത് ..എങ്ങനെ നെരാവനാ …മര്യാദക്ക് ഇനിയെങ്കിലും  പഠിക്കാന്‍ നോക്ക് ..
പ്ലെയിസ്മെന്റ് എങ്ങനെയെങ്കിലും ഒപ്പിക്കണം …നന്നായി അതിനും പഠിച്ചോ
ഓഹോ , അപ്പൊ ക്ലാസിലെ മുപ്പതു പേര്‍ക്കും കിട്ടി ,,,പക്ഷെ നിനക്ക് കിട്ടിയില്ലല്ലേ ..എന്താണ് , അവര്‍ കഴിക്കുന്ന ഫുഡ്‌ അല്ലെ നീയും കഴിക്കുന്നത്‌ ..അവര്‍ ശ്വസിക്കുന്ന വായു അല്ലെ നീയും ശ്വസിക്കുന്നത് … അവര്‍ കുടിക്കുന്ന വെള്ളമല്ലേ നീയും കുടിക്കുന്നത് ?

മുപ്പതു പേര്‍ക്ക് ജോലി കിട്ടിയെങ്കില്‍ , നീ അതിപ്പെട്ടിട്ടില്ലെങ്കില്‍ , എന്താ കാരണം ..നിനക്ക് ബാക്കിയുള്ളവരുടെ അത്ര കഴിവില്ല്യ …
ഓഹ്ഹോ , വന്നു വന്നു നീ ഞങ്ങളെയും പഠിപ്പിക്കാന്‍ തുടങ്ങിയോ …
അതെങ്ങനെയാ, വല്ല സങ്കടവും അറിഞ്ഞു വളരണം , അത് ഒന്നും പറയാതെ നിന്നെയൊക്കെ വളര്‍ത്തി ..ഇത്രയും ആകിയ എന്നെ പറഞ്ഞ മതിയല്ലോ ..

.
നിന്നെയൊക്കെ ഉണ്ടാക്കാന്‍ പോയ നേരത്ത് , നാല് പശുവിനെ വാങ്ങിയെങ്കില്‍ ഒരു ഫാം ആയേനെ ഇപ്പോള്‍ , അല്ലെങ്കില്‍  പത്തു തെങ്ങ് വെച്ചെങ്കില്‍ അതെങ്കിലും ആയി ,,,,നിന്നെക്കൊണ്ടു കുടുംബത്തിനു അഞ്ചു പിസയുടെ പ്രയോജനം  നാളിതുവരെ  ഉണ്ടായിട്ടുണ്ടോ
അങ്ങോട്ട്‌ കൈ നീട്ടി വാങ്ങിയതല്ലാതേ എങ്ങോട്ട്   നയാപൈസ കൊടുത്തിട്ടുണ്ടോ …

തിന്നോ , തിന്നോ അതെങ്ങനെ പ്ലേറ്റ് വരെ എത്തുന്നു എന്ന് എപ്പളെങ്കിലും ചിന്തിച്ചിട്ടുണ്ടോ ? മനുഷ്യന്‍ ആയാല്‍ നാണം വേണം … ഞാന്‍ ചത്തു പോകും വരെ അരി മേടിക്കാനുള്ള  പൈസ  കിട്ടും , അതിനു ശേഷം എന്ത് എന്ന് ചിന്തിച്ചിട്ടുണ്ടോ ?
അവനെ ബി ടെക്കിനു വിടണ്ട ആയിരുന്നു , mca  ആയിരുന്നു കുറച്ചുകൂടെ നല്ലത് ….      “പോയ ബുദ്ധി ആന പിടിച്ചാല്‍ പോരുമോ ?  “
അങ്ങനെ വാസ്തവ് എന്നാ ഇരുപത്തിരണ്ടുകാരന്‍റെ   ജീവിതം , ഇവിടുത്തെ ഏതൊരു കുട്ടിയേയും പോലെ ഇങ്ങനെയൊക്കെ സംഭവബഹുലമായിരുന്നു

ഒടുക്കം ഏഴ് മാസങ്ങള്‍ക്ക് ശേഷം കോണ്‍വെക്കഷന്‍ കാര്‍ഡ്‌ വന്നെത്തി …ഒരുപാട്  പ്രതീക്ഷകളും , എല്ലാരേയും കാണാന്‍ ഉള്ള ആഗ്രഹവും , പിന്നെ എങ്ങനെ അവിടെനിന്നു  ഒന്ന് മാറി നില്‍ക്കാനുള്ള ആഗ്രവുമായി  മനസ് സന്നദ്ധമായി …

 

ഇനി നമുക്ക് പറയാതെ  തന്നെ ഓര്‍ത്തെടുക്കം

“ഇപ്പോ എന്ത് ചെയ്യുന്നു ”  !!!!!!!!!!!!!!!!

 

അതൊരു ആയിരം സൂചി  മുനകള്‍ ഉള്ള അസ്ത്രം ആയിരുന്നു ..മനസിനെ, ശരീരത്തെ കാര്‍ന്നു തിന്നുന്ന ഒന്ന് ….പരിഹാസം നിറഞ്ഞ  സഹതാപങ്ങള്‍ കേട്ട് മടുത്തിരിക്കുന്നു …എന്തൊക്കെയോ വേണ്ടാത്തത് ചെയ്തപോലെയാണ് നാട്ടുകാരും ചില ബന്ധുക്കളും നോക്കുന്നത് …

കാരണം , കോഴ്സ് കഴിഞ്ഞു ഏഴ് മാസം കഴിഞ്ഞിട്ടും ഒന്നും ആയിട്ടില്ല്യ…അതിനര്‍ത്ഥം , കുഴപ്പമൊക്കെ അവന്‍റെ  കൈവശം ആണ് ..ബാക്കി മുപ്പതു പേര്‍ക്ക് ജോലി കിട്ടാമെങ്കില്‍ അവനെന്തുകൊണ്ട്  കിട്ടിക്കൂട..
അന്ന് അവനെ വരവേറ്റത് ,  കൂടുകാരെല്ലാം  മള്‍ട്ടി നാഷണല്‍ കമ്പനികളില്‍ അഞ്ചക്ക ശമ്പളം വാങ്ങുന്ന കുറെയേറെ കഥകളും , പിന്നെ ഭാവിയില്‍ ഉണ്ടായേക്കാന്‍ പോകുന്ന ചില  ഓണ്‍ സൈറ്റ് ട്രിപ്പുകളെക്കുറിച്ചുമുള്ള അവരുടെ രക്ഷിതാക്കളുടെ വീരസ്യങ്ങളും ആയിരുന്നു …  സ്വന്തം രക്ഷിതാക്കളുടെ മുഖത്ത് നോക്കാന്‍  അവനു തോന്നിയില്ല്യ  …

ഒരു പക്ഷെ അവള്‍ക്കും ഏറെക്കുറെ സമാന  ചിന്തകള്‍ ആയിരുന്നിരിക്കണം …പെണ്‍കുട്ടികള്‍ക്ക് എന്തൊരു സുഖമാണ് , കോഴ്സ് കഴിഞ്ഞാല്‍ കെട്ടിച്ചു വിടും എന്നൊക്കെ ആയിരുന്നു  ….പക്ഷെ സത്യം അതല്ലല്ലോ …അങ്ങനെ അത് സംഭവിച്ചു ….അത് തന്നെ ആണ് …
ഉണ്ടാക്കിയവര്‍ക്കുപോലും  വേണ്ടാത്ത   ഈ ജീവിതം ആര്‍ക്കു വേണം എന്നവര്‍ ചിന്തിച്ചെങ്കില്‍ ആര്‍ക്കു തെറ്റ് പറയാന്‍ പറ്റും ?

ഡയറി മുഴുവന്‍ വായിച്ചു കഴിഞ്ഞ സ്ഥിതിക്ക് , സത്യം പറയാതിരിക്കാന്‍ എനിക്കാവില്ല്യ …നാളെ ജനിച്ചു വീഴുന്ന ഒരു കുട്ടിയുടെ  മേലും ഇതു പോലുള്ള ഭാണ്ടാക്കെട്ടുള്‍   വെക്കപ്പെടാതിരിക്കാന്‍ സത്യം തന്നേ എല്ലാരും അറിയണം..ഒരു പക്ഷെ  വായിക്കുന്ന /കാണുന്ന പ്രേക്ഷകന്  അതിനു ,   ഒരു  മൂന്നാം   കിട കുത്ത് പുസ്തകത്തിന്‍റെ  സംതൃപ്തി നല്‍കാന്‍ പറ്റില്ല്യ , ..

എങ്കിലും എനിക്ക് സത്യത്തോട് /വളര്‍ന്നു വരുന്ന/  ആരുടെയൊക്കെയോ പ്രേരണയാല്‍  ഇഷ്ടമില്ലാത്തത് പഠിക്കാന്‍ വിധിക്കപ്പെട്ട ഒരു തലമുറയോട് നീതി പുലര്‍ത്തണം …   പഠിച്ചു ജോലി നേടുക എന്നതല്ല ജീവിതത്തിലെ അന്തിമ ലക്‌ഷ്യം എന്ന് തിരിച്ചറിയപ്പെടുന്ന ഒരു സമൂഹം വരട്ടെ …കുട്ടികളെ ഉണ്ടാക്കുന്നതും , പഠിപ്പിക്കുന്നതും , പൈസ  ചിലവാക്കുന്നതും ഒന്നും ഒരിക്കലും ഒരു ബാദ്യതയോ ,  ഉദാരതയോ   അല്ലാത്ത ഒരു സമൂഹം  നാളെയെങ്കിലും വരണം …..

 

 

 

© 2011, sajithph. All rights reserved.

This entry was posted in നമുക്ക്‌ച്ചുറ്റും. Bookmark the permalink.

One Response to നിങ്ങളറിയാന്‍ ….

Comments are closed.