പ്രിയ സുഹൃത്തുക്കളെ ഏവർക്കും നമസ്കാരം
ഓണത്തെക്കുറിച്ചു നമ്മൾ ഒരുപാട് ഐതിഹ്യങ്ങൾ കേട്ടിട്ടുണ്ടല്ലോ … അതിലെ ഒരു കൊച്ചു കഥയാണ് ഇന്ന് ഞാൻ പറയാൻ പോകുന്നത് ..
മഹാബലി എന്നു പേരുള്ള മഹാ ബലവാനും ധർമ്മശാലിയും ആയ ഒരു അസുര രാജാവ് പണ്ട് പണ്ട് നമ്മുടെ നാട് ഭരിച്ചിരുന്നു . നമ്മൾ ഫോട്ടോയിൽ കാണുന്ന പോലെ കുടവയറുള്ള ഒരാളായിരുന്നില്ല യഥാർത്ഥത്തിൽ മഹാബലി . അദ്ദേഹം വിഷ്ണു ഭക്തനും , അജയ്യനും ആയിരുന്നു. . പരമ വിഷ്ണു ഭക്തനായ പ്രഹ്ലാദന്റെ പൗത്രനും ആയിരുന്നു ഒരു അസുരൻ ആയിരുന്നെങ്കിലും തന്റെ പ്രജകളെ അദ്ദേഹം അളവറ്റു സ്നേഹിച്ചിരുന്നു. കള്ളവും ചതിയും ഇല്ലാത്ത നല്ലൊരു കാലമായിരുന്നു അത്. എല്ലാവർക്കും അദ്ദേഹത്തെ ഇഷ്ടവും ബഹുമാനവും ആയിരുന്നു ..
ആയിടക്കാണ് ദേവന്മാർക്കു ഒരു മഹർഷി ശപിച്ചതിനെ തുടർന്ന് ജരാനരകൾ ബാധിച്ചു ആരോഗ്യം നഷ്ടപ്പെട്ടത് .. അമൃത് സേവിച്ചാൽ ദേവന്മാരുടെ ജരാനരകൾ മാറി കൂടുതൽ ഐശ്വര്യം വരുമെന്ന് വിഷ്ണു ഭഗവാൻ ഉപദേശിച്ചു .. പാലാഴി എന്നൊരു കടൽ കടഞ്ഞാലേ അവിടെ നിന്നെ അമൃത് കിട്ടൂ … ദേവന്മാർ മഹാബലിയുടെയും മറ്റു അസുരന്മാരുടെ സഹായത്തോടു കൂടെയും പാലാഴി കടയാൻ ആരംഭിച്ചു . പക്ഷെ പാലാഴി കടഞ്ഞപ്പോൾ കിട്ടിയ അമൃത് അസുരന്മാർ സൂത്രത്തിൽ കൈക്കലാക്കി കടഞ്ഞു കളഞ്ഞു . പിന്നീട് വിഷ്ണു ഭഗവാൻ മോഹിനിരൂപത്തിൽ പോയി ആ അമൃത് തിരികെ കൊണ്ട് വന്നു ദേവന്മാർക്ക് കൊടുത്തു . അമൃത് കഴിച്ചതോടെ ദേവന്മാർ കൂടുതൽ ബലവാന്മാരായി . അസുരന്മാർക്കു കൂടെ അവകാശപ്പെട്ട അമൃത് ദേവന്മാർ മാത്രം തട്ടിയെടുത്തതിൽ കുപിതരായ അസുരന്മാർ ദേവന്മാരുമായി യുദ്ധം ചെയ്യാൻ ആരംഭിച്ചു .. തുടർന്ന് ദേവന്മാരുടെ നേതാവായ ഇന്ദ്രൻ നമ്മുടെ മഹാബലിയെ വധിച്ചു . അസുരന്മാർ മരിച്ച മഹാബലിയെയും കൊണ്ട് അവരുടെ ഗുരുവിന്റെ അടുത്ത് കൊണ്ട് പോയി. അസുരന്മാരുടെ ഗുരുവിന്റെ പേര് ശുക്രാചാര്യർ എന്നായിരുന്നു .. അദ്ദേഹം മൃതസഞ്ജീവനി ഉപയോഗിച്ച് മഹാബലിയെ വീണ്ടും ജീവിപ്പിച്ചു .. മഹാബലിക്കു കൂടുതൽ ശക്തി കൈവന്നു ..
അദ്ദേഹം വീണ്ടും ദേവന്മാർക്കെതിരെ യുദ്ധം ചെയ്തു മൂന്നു ലോകങ്ങളും കീഴടക്കാൻ ആയി ഒരു യാഗം നടത്തുകയായിരുന്നു .. അപ്പോൾ ദേവന്മാർ മഹാവിഷ്ണുവിനോട് തങ്ങളെ രക്ഷിക്കണം എന്നു പറഞ്ഞു .. പക്ഷെ മഹാബലി വിഷ്ണു ഭക്തനും ധർമ്മശാലിയും ആയിരുന്നു അതുകൊണ്ടു മഹാബലിയെ കൊല്ലാൻ വിഷ്ണു ഭഗവാന് കഴിയുമായിരുന്നില്ല .. അതുകൊണ്ടു അദ്ദേഹം ഒരു ബ്രാഹ്മണ ബാലന്റെ രൂപത്തിൽ ചെന്ന് മൂന്നടി മണ്ണ് ചോദിച്ചു .. അത് കേട്ടപ്പോൾ മഹാബലി മൂന്നടി മണ്ണ് നൽകാമെന്ന് സമ്മതിച്ചു .. ഉടനെ ആ ബാലൻ ആകാശത്തോളം വളർന്നു വെറും രണ്ടടി കൊണ്ട് മൂന്നു ലോകങ്ങളും അളന്നു , മൂന്നാമത്തെ അടി വെക്കാൻ സ്ഥലം ഇല്ലാത്തതുകൊണ്ട് തന്റെ തലയിൽ ചവിട്ടി മൂന്നാമത്തെ അടി കൂടെ അളന്നെടുത്തു കൊള്ളാൻ ധർമ്മശാലിയായ മഹാബലി പറഞ്ഞു . എന്ത് വന്നാലും സത്യവും ധർമ്മവും കൈവിടാത്ത മഹാബലിയെ സുതലം എന്ന സ്ഥലത്തേക്ക് മഹാവിഷ്ണു അയച്ചു . സുതലം എന്നാൽ അത് സ്വർഗത്തേക്കാൾ മനോഹരമായ ഒരു പ്രദേശമാണ് . അപ്പോൾ മഹാബലി ഒരു കാര്യം മാത്രം ആവശ്യപ്പെട്ടു , വർഷത്തിൽ ഒരിക്കൽ തന്റെ പ്രജകളെ കാണാനുള്ള ഒരു അവസരം . അതുകൊണ്ടു ഓണനാളിൽ മഹാബലി നമ്മളെ എല്ലാവരെയും കാണാൻ വരുമെന്നാണ് സങ്കല്പം ..
വീഡിയോക്കായി താഴെ ക്ലിക്ക് ചെയ്യുക
സജിത്ത്
https://www.facebook.com/iamlikethisbloger ; iamlikethis.com@gmail.com
