തുമ്പയും മുക്കുറ്റിയും പറിച്ച് അത്തം മുതൽ ഓരോ വട്ടങ്ങളായി ഇട്ടു വന്നിരുന്ന പൂക്കളം അങ്ങനെ തിരുവോണം പത്തു നില പൂക്കളം …അതെല്ലാം ഓർമ്മയിൽ മാത്രം
പാലക്കാടൻ പാടങ്ങളിൽപ്പോലും മുക്കുറ്റിയെ കാണാനില്ല .. അമിതമായ രാസവള ഉപയോഗത്തിൻറെ പരിണിത ഫലങ്ങളിൽ ഒന്ന് … പറമ്പിൽപ്പോയ് പൂ വലിക്കാൻ പറമ്പായ പറമ്പൊക്കെ റബ്ബർ മരങ്ങൾ കയ്യെറിയിരിക്കുന്നു …
അഞ്ജു വർഷങ്ങൾക്കു മുൻപ് ദൂരദർശൻ മാത്രം മാധ്യമ ലോകം ഭരിച്ചിരുന്ന കാലത്ത് ഒരു സീരിയലിൽ താമശ്ശയായി വന്ന ഒരു ചിത്രം ഓർക്കുന്നു , ഭാവിയിൽ ഓണത്തിന് ഭക്ഷണം ഓർഡർ ചെയ്തു കാത്തിരിക്കുന്ന ചില മലയാളികളെ .. ചില തമാശകൾ അങ്ങനെയാണ് , ഇന്നത് ഒരു ആവശ്യമോ അത്യാവശ്യമോ ആയിരിക്കുന്നു ..
പായസം മാത്രം ഉണ്ടാക്കി വിളമ്പിത്തുടങ്ങിയ ഹൊട്ടെലുകളിൽ ഇപ്പോൾ അത്തം തൊട്ടു സദ്യ തുടങ്ങുകയായി …
ഇരുപതു കറികളും രണ്ടു പായസവും അടങ്ങിയ ഓണ സദ്യക്ക് ഫൈവ് സ്റ്റാർ ഹോട്ടെലുകൾ ഒരൂണിനു അറുനൂറു രൂപ വരെ ഈടാക്കി മലയാളികളെ ഉണ്ണിപ്പിച്ചുകൊണ്ടിരിക്കുന്നു .. നാട്ടിന പുറങ്ങളിൽ എഴുനൂറു രൂപ കൊടുത്താൽ അഞ്ജുപേർക്ക് പാലട അടക്കമുള്ള വിഭവങ്ങളോടെ സദ്യ തയ്യാർ …
തൂശനില നിലത്തു വിരിച്ചു ചമ്രം പടിഞ്ഞിരുന്നു ഇടതു നിന്ന് ഉപ്പേരിയും ശർക്കര വരട്ടി മുതൽ കഴിച്ചു തുടങ്ങിയിരുന്ന സദ്യ ഇപ്പോൾ ഡൈനിംഗ് ടെബിളുകൾക്ക് വഴി മാറി .. നിലത്തിരിക്കാൻ ദേഹസ്ഥിതി സമ്മതിക്കാതായിരിക്കുന്നു ..അതുകൊണ്ടൊന്നും നമ്മൾ പഠിച്ചിട്ടില്ല ..
തമിഴ്നാടിലെ പച്ചക്കറിയും ഓണത്തിനുള്ള പൂക്കളും ആന്ധ്രയിലെ ചോറും പിന്നെ അത് വെച്ച് തരാൻ ഹൊട്ടെലുകാർ തയ്യാറും .. വെറുതെയങ്ങനെ ഉണ്ട് ജീവിക്കാൻ അല്ല മരിച്ചുകൊണ്ടിരിക്കാൻ പ്രതിമകൾ കണക്കെ കുറെ ജന്മങ്ങളും ..സത്യത്തിൽ അത്തരതിലെക്കുള്ള യാത്രയുടെ പാതയിലാണ് നമ്മൾ
ഇതൊരു തമാശ മാത്രം എന്നിപ്പോൾ തോന്നാം അഞ്ചു വർഷം കഴിയുമ്പോൾ —-
ഓണം സത്യത്തിൽ കച്ചവടക്കാർക്ക് ഒരു ചാകരയായി മാറിക്കൊണ്ടിരിക്കുന്നു … ഒരു വീട്ടില് നിന്നും ശരാശരി രണ്ടായിരം രൂപയുടെ വസ്ത്രങ്ങൾ മാത്രം വാങ്ങി ഓണത്തെ നമ്മൾ ഗംബീരമായി ആഘോഷിച്ചു തുടങ്ങുന്നു .. ഈ വർഷം കണ്ട അപകടകരമായ പ്രവണത , പുതുതായി കല്യാണം കഴിഞ്ഞവർക്ക് രണ്ടു ഓണക്കോടി നല്കിയിരുന്നത് നിർത്തി ഓണത്തിന് പോലും സ്വര്ണ്ണം നല്കി തുടങ്ങി എന്നതാണ് .. ഒരു തുണ്ട് വസ്ത്രമോക്കെ എങ്ങനെയാണ് കൊടുക്കുക , സ്റ്റാട്ടസിന് കുറച്ചിലല്ലേ എന്ന മിഥ്യബോധം നമ്മളെ എവിടെക്കൊണ്ടെത്തിക്കുമെന്ന് കാത്തിരുന്ന് കാണാം …
മൂന്നു കോടി ആളുകൾ അഞ്ഞൂറ് രൂപ ശരാശരി വെച്ച് ഓണക്കൊടിക്ക് ചിലവാക്കുമ്പോൾ ചിലതെല്ലാം നാം ഒന്നോർക്കുന്നത് നന്നായിരിക്കും …
ഓണത്തിന് കോടിയുടുക്കുക എന്നത് പണ്ട് മുതൽ തുടർന്ന് വന്നിരുന്ന ഒന്നായിരുന്നു കാരണം അന്നൊക്കെ കർക്കിടകമാസത്തിലെ ദാരിദ്രത്തിനു ശേഷം വർഷം മുഴുവൻ ഉടുക്കാനുള്ള വസ്ത്രം എന്ന രീതിയിൽക്കൂടെ ആയിരുന്നു ഓണക്കോടി ..ഇന്നതൊക്കെ മാറി …
ഈ പോക്ക് എവിടേക്ക് എന്നൊരു ആശയക്കുഴപ്പതിനിടയിലും ഒന്നുമാത്രം , ഓണമല്ലേ കൊല്ലത്തിൽ ആകെയുള്ള .. ഇപ്പോഴില്ലാതെ പിന്നെപ്പോഴാ …
ഹൃദ്യമായ ഓണ ആശംസകൾ നേർന്നുകൊണ്ട് തല്ക്കാലം വിട
© 2013, sajithph. All rights reserved.
