നാടണയുന്ന നന്മകൾ

കഴിഞ്ഞ ഒരു വർഷം ഒരക്ഷരം പോലും ഈ ബ്ലോഗ് താളിൽ കുറിക്കാൻ പറ്റിയില്ല എന്ന് തിരിച്ചറിയുമ്പോൾ കൈ വിറക്കുന്നു … ഇനിയതിനു കഴിയില്ലേ എന്നൊരു തോന്നൽ …

 

ഇടക്കെപ്പോഴോ നിശബ്ദതയെ ഏറെക്കുറെ സ്നേഹിച്ചു ഇഷ്ട്ടപ്പെട്ടു തുടങ്ങിയിരുന്നു … അതിനിടയിൽ ആരൊക്കെയോ പറഞ്ഞു , നീയെന്താ ഒന്നും കാണുന്നുന്നില്ലേ കേൾക്കുന്നില്ലേ .. പതിയെ പതിയെ അവയുടെ ശക്തി കൂടി ..

നീയൊരു ബൃമ്മാണ്ടമാണല്ലോ  ( ഒന്നിലും പ്രതികരിക്കാതെ മുന്നോട്ടു പോകുന്നവരെ ലോക്കൽ ആയി വിളിക്കുന്ന പേര് )

എന്ന് വരെ എത്തി … 

നമ്മെ രൂക്ഷമായി പ്രോകോപിക്കുന്ന സാഹചര്യത്തിൽ പോലും നിശബ്ദമായി ഇരിക്കുക എന്നത് നിസാരമായ ഒരു കാര്യമല്ല എന്നറിയാത്ത ഒട്ടനേകം പേരാണ് ചുറ്റുമുള്ളത് എന്നത് ആശ്ചര്യപ്പെടുത്തുന്ന തിരിച്ചറിവായിരുന്നു ..

സത്യത്തിൽ എന്തും തുറന്നു പറയാനുള്ള സോഷ്യൽ മീഡിയയിലെ സ്വാതന്ത്ര്യം ഈയിടെയായി നമ്മളെ കുറച്ചുകൂടെ അഗ്ഗ്രസിവ് ആക്കിയിരിക്കുന്നോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു … എന്ത് എങ്ങനെ ആരോടെപ്പോൾ പറയണം എന്ന് കൈമോശം വന്നു കൊണ്ടിരിക്കുന്ന ഒരു സമയത്തുകൂടെയാണ് കടന്നു പോകുന്നതെന്ന് തോന്നുന്നു …

കുറേക്കാലം മുൻപൊക്കെ മുതിർന്നവരെ ( നന്നേ പ്രായമായവരെ ) കാണുമ്പോൾ പ്രായത്തിൻറെ ബഹുമാനത്തിൽ ഇരുന്നിടത്തു നിന്നും ഒന്നെഴുന്നേൽക്കുകയോ , ബസിലാണെങ്കിൽ അവർക്കു സീറ്റൊഴിഞ്ഞു കൊടുക്കുകയോ ചെയ്തത് ഓർക്കുന്നു .. ഈയിടെയായി ആ പതിവ് കുറഞ്ഞു വരുന്നു എന്ന് നിസംശയം പറയാം .. പ്രായമായവർക്ക് വേണ്ടിയുള്ള   സീറ്റുണ്ടല്ലോ പിന്നെന്തിനു നമ്മുടെ സീറ്റു ഒഴിഞ്ഞു കൊടുക്കണം … അങ്ങനെ കൊടുക്കാൻ ആണെങ്കിൽ പിന്നെ ഇരിക്കാൻ നേരം കിട്ടില്ല എന്നിങ്ങനെ പോകുന്നു ന്യായങ്ങൾ …

 
പതിനഞ്ചു പൈസക്ക് നൂല് മിഠായിയും ഇരുപത്തഞ്ചു പൈസക്ക് പുളിയിഞ്ചി മിഠായിയും അമ്പത് പൈസക്ക് പേരക്കയും ചോളകവും കിട്ടിയിരുന്ന സമയത്തു ഡയറി താളിലോ , അരി പാത്രത്തിലോ അല്ലെങ്കിൽ തവിടും പാത്രത്തിലോ വെക്കുന്ന നാണയത്തുട്ടുകൾ ആരും കാണാതെ എടുത്തു അത് കൂട്ടുകാരോട് പങ്കിട്ടു വെച്ചിരുന്ന ബാല്യം ഓർക്കുന്നു … അങ്ങനെ ഒരിക്കൽ തപ്പുന്നതിനിടയിൽ ഡയറിയിൽ എന്താണ് എഴുതിയിരിക്കുന്നത് എന്ന് വായിച്ചു നോക്കാൻ ശ്രമിക്കുമ്പോൾ പിടിക്കപ്പെട്ടത് ഓർക്കുന്നു …

 

മുൻപ് ഇതുപോലെ ആരും കാണാതെ ചെയ്തത് എന്തെങ്കിലും ഉണ്ടെങ്കിൽ പറഞ്ഞാൽ ക്ഷമിക്കാം എന്ന ഉറപ്പിന് മേൽ അന്ന് ചെയ്ത വലിയ തെറ്റ് ഏറ്റു പറഞ്ഞതോർക്കുന്നു …

ഇടക്ക് വല്ലപ്പോഴും ആരും കാണാതെ കോഴിക്കൂട്ടിൽ നിന്നും മുട്ട എടുത്തു അരി തിളക്കുമ്പോൾ അതിലിടാറുണ്ട് .. …….

അത് മുഴുവൻ പറഞ്ഞു തീരാൻ വിടാതെ പട്ടാള ചിട്ടയിൽ ഉടൻ മറുപടി വന്നു ..

” hands up and 50 jumps “

ഉച്ചവെയിലേറ്റു കൈ പൊക്കി അമ്പതു പ്രാവശ്യം ചാടുന്നതിനിടയിൽ പറഞ്ഞത് ജീവിതത്തിൽ ഒരിക്കലും തെറ്റിച്ചിട്ടില്ല ..

“അനുവാദമില്ലാതെ ആരുടേയും ഒന്നും എടുക്കരുത് “

പിനീടെപ്പോഴോ വളർച്ചയുടെ ഏതോ ഘട്ടത്തിൽ അത് മനസിലായി ..

“ഡയറി എന്നത് സ്വകാര്യമാണ് … കുളിക്കുമ്പോൾ കതകിലൂടെ എത്തിനോക്കുന്നതിനേക്കാൾ വൃത്തികെട്ട ഒന്നാണ് ..” അത് പോലെ ആരുടെയെങ്കിലും എന്തെങ്കിലും എടുത്തു നമ്മൾ എവിടെയും എത്താൻ പോകുന്നില്ല ..

ഇന്ന് ഒരളവിൽക്കവിഞ്ഞു  ആരെയും  വഴക്കുപോലും പറയാൻ പറ്റാത്ത സ്ഥിതിയാണ് …

സ്മാർട്ട് ഫോണും സോഷ്യൽ മീഡിയയും  സാധാരണമാകുമ്പോൾ  എന്ത് എപ്പോൾ എവിടെ പോസ്റ്റ് ചെയ്യണം എന്ന് മനസിലാക്കിയാണോ ചെയ്യാറുള്ളത് എന്നും ഓർക്കാറുണ്ട് .. പതിനാലാം ജന്മ ദിനത്തിൽ കുട്ടിയുടെ
ആറുമാസം പ്രായമായ ഫോട്ടോ സ്കാൻ ചെയ്തു ആശംസ നേർന്ന അമ്മയോട് “ഉടുപ്പില്ലാത്ത എന്റെ ഫോട്ടോ എന്തിനിട്ടു ” എന്ന് പറഞ്ഞു വഴക്കടിക്കുന്ന ഒരു ഗ്രാമ പശ്ചാത്തലത്തിൽ നിന്നിതെഴുതുമ്പോൾ കാണുന്നത്  
മനസ്സിൽ വേറെന്തൊക്കെയോ ഒളിപ്പിച്ചു വെച്ച് ജീവിതത്തിലും അഭിനയിക്കുന്നകുറച്ചു പേരെയാണ്  ..എന്തിനു വേണ്ടി ആർക്കു വേണ്ടി …

 
ഇവിടെ നാട്ടിൻപുറത്തു പുഴക്കരയിലേക്കു നടന്നു പോകുമ്പോൾ , ചിലർ ചോദിക്കാറുണ്ട് .. ” കുളിക്കാൻ പോകുകയാണല്ലേ ” .. രാവിലെ ബാഗുമായി സ്‌കൂളിലേക്ക് നടന്നു പോകുമ്പോൾ ഉറപ്പായും ഒരു ചോദ്യം വരും ” സ്‌കൂളിലേക്കാ ? ” .. അനാവശ്യമായി എന്തിനിത്ര ചോദ്യങ്ങൾ എന്ന് പലപ്പോഴും ആലോചിച്ചിട്ടുണ്ട് … പിന്നെപ്പിന്നെ അത് മനസിലായി .. അങ്ങോട്ടുമിങ്ങോട്ടും എന്തെങ്കിലുമായി സംസാരിക്കാൻ വേണ്ടിയാണ് അത്തരം സന്ദർഭങ്ങൾ എന്ന് ..

 
ഇപ്പോഴും ഒന്നോ രണ്ടോ മണിക്കൂർ എങ്ങോട്ടെങ്കിലും പോകുകയാണെങ്കിൽ വീട് തുറന്നിട്ട് പോകുന്ന അമ്മയെ കാണുമ്പോൾ ചോദിക്കാറുണ്ട്

.. ആരെങ്കിലും വല്ലതും എടുത്തിട്ട് പോയാലോ ?
ഏയ് .. അപ്പുറത്തെ വീട്ടിൽ ആൾക്കാരുണ്ടല്ലോ …

അപ്പുറത്തെയും ഇപ്പുറത്തെയും വീടുകളിൽ ചോറിനു കറി എന്താണെന്നുവരെ അന്വോഷിക്കുന്ന അമ്മയോട് പലപ്പോഴും പറയാറുണ്ട് …

“എന്തിനാണ് ഇങ്ങനെ സംസാരിക്കുന്നതു … നമ്മുടെ കാര്യം നോക്കിയാൽപ്പോരേ “

പക്ഷെ പതിയെ തിരിച്ചറിയുകയായിരുന്നു …

ഇവിടെ നാട്ടിൻ പുറത്തു അപ്പുറത്തെയും ഇപ്പുറത്തെയും വീടുകളിൽ ആരൊക്കെയാണ് വരുന്നത് … എന്താണ് കറി എന്ന് വരെ അറിയാം .. അത്രയും ആഴമുള്ളതാണ് ആ ബന്ധങ്ങൾ … രണ്ടു വർഷം ഒരു ഫ്ലാറ്റിൽ  താമസിച്ചിട്ടും അപ്പുറത്തെ ഫ്ലാറ്റിൽ ആരാണ് ഉള്ളതെന്ന് അറിയാത്ത സാഹചര്യം ഉള്ളപ്പോൾ ഓർക്കുന്നു ,

ചില നന്മകൾ നാടണയുന്നില്ലേ …. ………………… …

 

സജിത്ത്  

 https://www.facebook.com/iamlikethisbloger ;  iamlikethis.com@gmail.com

Digiprove sealCopyright secured by Digiprove © 2017 Sajith ph
Posted in നമുക്ക്‌ച്ചുറ്റും | Tagged | Comments Off on നാടണയുന്ന നന്മകൾ

അവരെന്തു വിചാരിക്കും ….

അവരെന്തു വിചാരിക്കും ....

ഈയടുത്തായി ഏറെ ചിന്തിപ്പിച്ച ഒരു വാക്കാണ്‌ .. ” അവരെന്തു വിചാരിക്കും ??? “

ഒരുപാട് പേർ പറയുന്നത് കേട്ടിട്ടുണ്ട് … ഇതു വായിക്കുന്നവരിൽ ഒരു പാട് പേർ  ഒരിക്കലെങ്കിലും പ്രകടിപ്പിച്ച ഒരു വികരമാവാം ” അവരെന്തു വിചാരിക്കും ….”

 

ഫോണ്‍ ചെയ്തിട്ട് കുറച്ചായി .. എന്ത് വിചാരിക്കുമോ ആവോ ..

 

ഒരു ലൈക് അടിച്ചേക്കാം .. അല്ലെങ്കിൽ … !!
അവിടെ ഒന്ന് പോകേണ്ടേ .. ഒന്നുമില്ലെങ്കിലും നാട്ടുകാരെ ഓർക്കണ്ടേ .. അവരെന്തു വിചാരിക്കും ??? “
മൂന്നു രൂപ ആയിട്ട് എങ്ങനെ ആണ് ടിപ് വെക്കുക ; പത്തു വെക്കാം .. ഏതു പിച്ചക്കാരൻ ആണ് മൂന്നു രൂപ ടിപ് വെച്ചിരിക്കുന്നത് എന്ന് വിചാരിക്കില്ലേ ..

വിളിച്ചിട്ട് എങ്ങനെയാ വെറും കയ്യോടെ പോകുക .. ആൾക്കാർ എന്ത് വിചാരിക്കും …

 
ഒന്നാം പിറന്നാളിന് വിളിച്ചിട്ട് എങ്ങനെ ആണ് ഡ്രസ്സ്‌ കൊടുക്കുക .. കുട്ടിയെ കാണാൻ പോയ സമയത്ത് അത് കൊടുത്തില്ലേ .. പോരാത്തതിനു ബാക്കിയുള്ളവർ സ്വർണം കൊടുക്കുമ്പോൾ നമ്മൾ മാത്രം ഒരു തരി സ്വർണം പോലും ഇല്ലാതെ .. അവരെന്തു വിചാരിക്കും …

 

ഇരുപതു രൂപ റീചാർജ് ചെയ്തു കൊടുക്കാനാ പറഞ്ഞെ .. പക്ഷെ എങ്ങനെ ആണ് ഇരുപതായിട്ടു .. അവളെന്തു വിചാരിക്കും …
എന്തെങ്കിലും ഒരു കറിയും ചോറും മതിയെന്നാണ് പറഞ്ഞത് .. എന്നാലും വരും എന്നൊക്കെ കാലേകൂട്ടി വിളിച്ചു പറഞ്ഞ സ്ഥിതിക്ക് ..വെറും ഒരു കറി മാത്രമായി .. ഛെ ..അവരെന്തു വിചാരിക്കും …
അഞ്ഞൂറ് രൂപ കടമായിട്ട് ചോദിച്ചതാണ് .. എന്നാലും അവരുടെ കയ്യിൽ ഒട്ടും ഇല്ലാഞ്ഞിട്ടല്ലേ .. ആയിരം എങ്കിലും കൊടുക്കണം … എല്ലാം അറിഞ്ഞറിഞ്ഞ് നമ്മൾ .. അല്ലെങ്കിൽ അവരെന്തു വിചാരിക്കും ….

ബാക്കിയുള്ളവർ എന്ത് വിചാരിക്കും എന്ന് എങ്ങനെ കൃത്യമായി പറയാൻ ആകും .. അവർ പലതും വിചാരിച്ചോട്ടെ അല്ലെങ്കിൽ വിചാരിക്കാതെ ഇരുന്നോട്ടെ .. നാം ചെയ്യാനുള്ളത് നമ്മൾ ചെയ്യുക … ഓരോരുത്തരുടെയും വികാര വിചാരങ്ങൾ നോക്കി ജീവിക്കാൻ നിന്നാൽ അതെവിടെയും എത്തില്ല ..

ജീവിതത്തിൽ ചിലപ്പോഴെങ്കിലും മറ്റുള്ളവരെ ബോധ്യപ്പെടുത്താൻ ആയി ചിലതെല്ലാം ചെയ്തെന്നു വരാം .. പക്ഷെ അത് അപൂർവ്വം മാത്രമാകണം .. അല്ലെങ്കിൽ ആരുടെയൊക്കെയോ ചിന്താഗതികളെ ഓർത്തു നഷ്ട്ടപ്പെടുതുന്നത് നമ്മുടെ സമാധാനവും സമയവും ഊർജ്ജവും ആണ് .. ആരെയും ബോധിപ്പിക്കാനോ മറ്റുള്ളവരെ സന്തോഷിപ്പിക്കാനോ നാം റിസ്ക്‌ എടുക്കുമ്പോൾ അവിടെ ഒരൽപ്പമെങ്കിലും എന്തൊക്കെയോ നഷ്ടമാകുന്നത് നമുക്ക് തന്നെയാണ് …

നമ്മൾ എന്ത് ചെയ്യുന്നു എന്ത് ചെയ്യുന്നില്ല എന്നോർത്ത് ഇരിക്കുക അല്ല മറ്റുള്ളവരുടെ പണി .. അല്ലെങ്കിൽ ഒരു പക്ഷെ അവരെന്തു വിചാരിച്ചാലും പറഞ്ഞാലും ഒന്ന് രണ്ടു വട്ടം അത് ശ്രദ്ധിക്കാതെ ഇരുന്നാൽ അത് കഴിഞ്ഞു ..
ഒരുപാട് പേരെ കണ്ടിട്ടുണ്ട് ; ചുറ്റുമുള്ളവർ എന്ത് പറയും അവരെന്തു വിചാരിക്കും എന്നെല്ലാം ഓർത്തു എന്തൊക്കെയോ കാട്ടി കൂട്ടുന്നവർ ..ചുറ്റുമുള്ളവർ എന്ത് വിചാരിക്കും എന്ത് പറയും എന്നൊക്കെ ആവശ്യത്തിൽ കൂടുതൽ ചിന്തിക്കാൻ തുടങ്ങിയാൽ നിരാശപ്പെടാൻ മാത്രമേ നമുക്ക് സമയം കാണൂ ..

 
ജീവിതം ജീവിക്കാനുള്ളതാണ് ആരെയും ബോധ്യപ്പെടുത്താൻ ഉള്ളതാവരുത് .. ഒരളവിൽക്കൂടുതൽ മറ്റുള്ളവരുടെ ചിന്താഗതികളെ ഓർത്തു നീങ്ങാൻ തുടങ്ങിയാൽ അത് അഭിനയമാകും .. ജീവിതത്തിൽ അഭിനയിക്കണോ അതോ ജീവിക്കണോ ?

സജിത്ത്  

 https://www.facebook.com/iamlikethisbloger ;  iamlikethis.com@gmail.com

Digiprove sealCopyright secured by Digiprove © 2015 Sajith ph
Posted in നമുക്ക്‌ച്ചുറ്റും | Comments Off on അവരെന്തു വിചാരിക്കും ….

നാമെത്ര വിചിത്രർ ….

നാമെത്ര വിചിത്രർ ....
എന്തൊക്കെ പറഞ്ഞാലും   ചിലത്  പറഞ്ഞില്ലല്ലോ എന്ന്  കുറ്റം പറയുന്ന ചിലർ ..  ഒരുപാടൊക്കെ  കൊടുത്താലും  കൊടുക്കാതിരുന്നതിനെ  മാത്രം കാണുന്ന  മറ്റു ചിലർ …..
 
 
ഈ ലോകത്തിൽ ഏറ്റവും  ബുദ്ധിമുട്ട് എന്തിനായിരിക്കാം  ?  ….
 
 
എവറസ്റ്റ് കേറാൻ  ?     കാശുണ്ടാക്കാൻ   ?
നീലക്കുറിഞ്ഞി പൂക്കളുടെ  ഗന്ധങ്ങൾ ആവാഹിച്ച് അന്തിയുറങ്ങാൻ  ? അതൊന്നുമല്ല  …….     പിന്നെയോ   .. .  ? …
 
സംതൃപ്തി  …   അതുണ്ടാകാൻ അല്ലെങ്കിൽ സംതൃപ്തി തോന്നുന്ന ഒരു മനസ് ഉണ്ടാക്കി എടുക്കാൻ …
 
കുറെ നാളുകളായി  അസ്വസ്തമാകുന്നത് അസംതൃപ്തരായ  ആളുകളോട് സംസാരിക്കുന്ന നിമിഷങ്ങളിൽ ആണ്  .. എന്ത് കൊണ്ടാണ് ആൾക്കാർ  സംതൃപ്തി കണ്ടെത്താൻ ഉള്ള ഒരു മനസ് ഉണ്ടാക്കാൻ ശ്രമിക്കാത്തത്  അല്ലെങ്കിൽ  തൃപ്തി ആകാത്തത്  എന്ന ചിന്ത   നിരാശയിലാണ്   പരിസമാപ്തയിലെക്കെത്താറുള്ളത്  … …
 
എന്ത് കിട്ടിയാലും തൃപ്തി വരാത്ത മനുഷ്യർ  .. ഉള്ളതിൽ ഒരിക്കലും സന്തോഷം ഇല്ലാത്ത  ചപലർ  …   
 
 
നമ്മളിൽ പലരും ഇതുപോലെയാകാം …   അത് മറ്റുള്ളവർക്ക്      സമ്മാനിക്കുന്ന വേദനയുടെ ഒരംശം  പകർന്നു തരുക എന്നതല്ല ഈ കുറിപ്പിന്റെ ഉദ്ദേശ്യം  .. മറിച്ച്  നമ്മളിൽ ആരെങ്കിലും  അറിയാതെ സൃഷ്‌ടിച്ച അത്തരം  സാഹചര്യങ്ങളെ  ഇനിയെങ്കിലും സൃഷ്ട്ടിക്കാതിരിക്കുക എന്നത് മാത്രമാണ്  …
 
 
 
നേരം വൈകിയെത്തിയ  മൊബൈൽ ഫോണ്‍ സംഭാഷണം അവസാനിച്ചത്‌  അടുത്ത ബന്ധു ആശുപത്രിയിലാണ്  എന്ന അറിയിപ്പിലാണ് .. കേട്ട പാടെ  എന്താണ്  സംഭവിച്ചത്   എന്നൊക്കെ അറിയാനായി  ഫോണ്‍ വിളിച്ചു ചോദിച്ചു …
 
കയ്യിൽ  പൈസയുണ്ടോ  … എങ്ങനെ ഉണ്ട് ..  എന്നെക്കൊണ്ട് ചെയ്യാൻ പറ്റുന്ന എന്തെങ്കിലും ഉണ്ടെങ്കിൽ പറയാൻ മടിക്കരുത്  എന്നൊക്കെ   രണ്ടു മൂന്നു ദിവസം വിളിച്ചു ചോദിച്ചു …
 
പിന്നീടൊരിക്കൽ നടന്നു പോകുകയായിരുന്ന  എനിക്ക് മുന്നിലേക്ക്‌ ഒരു തല ചോദിച്ചു
  .. എന്നാലും ഞാൻ ഹോസ്പിറ്റലിൽ ആണ് എന്നറിഞ്ഞിട്ടു  ഒന്ന് വന്നു കണ്ടില്ലല്ലോ  …
 
അതിനു  ഞാൻ  ഇപ്പോൾ  തിരുവനന്തപുരത്താണ് …
 
എന്നാലും  ട്രെയിൽനിൽ  ഒന്ന് വരാൻ എട്ടൊമ്പതു മണിക്കൂറല്ലേ  എടുക്കൂ ..   കാണാൻ വരുമെന്ന് ഞാൻ വിചാരിച്ചു .. അപ്പോൾ തന്നെ  മടങ്ങുകയും ചെയ്യാമല്ലോ … അല്ല സൌകര്യങ്ങളൊക്കെ ആയപ്പോൾ  ബന്ധുക്കളൊന്നും വേണ്ട അല്ലെ  ..
 
എന്ത് പറയണം  ചെയ്യണം  എന്നറിയാത്ത ഒരു വികാരം  ആ സന്ദർഭം അവസാനിപ്പിച്ച്‌ മടങ്ങിയെങ്കിലും  .. അതെന്നെ കൂടുതൽ അസ്വസ്ഥനാക്കി …  ശരിയാണ് ,  നാട്ടുകാരെ കാണിക്കാൻ  ഉള്ള  ഒരു ഷോ ഓഫിനു  മുതിർന്നില്ല  പക്ഷെ …@@
 
 
ആയിടക്ക്‌ നാട്ടിൽ എത്തിയപ്പോഴാണ്  അകന്ന ബന്ധത്തിലുള്ള  സാമ്പത്തികമായി അത്ര സ്ഥിതിയിൽ അല്ലാത്ത  ബന്ധുവിനെപ്പറ്റി  അമ്മ സൂചിപ്പിച്ചത്   ..
 
ആ കല്യാണത്തിന് നമ്മളാൽ കഴിയുന്നത്‌ എന്തെങ്കിലും ചെയ്‌താൽ അതൊരു സഹായമാകും  … . ഞാനും വരാമായിരുന്നു  പക്ഷെ പശൂനേം നായിനെയും  ഇട്ടിട്ടു വന്നാൽ അവർ പട്ടിണിയാകും …
 
അങ്ങനെ അവിടേക്ക് പുറപ്പെട്ടു  ..  ആട്ടിൻ കാഷ്ടങ്ങളാൽ നിറഞ്ഞ കോലായിൽ ഒരൽപം  വൃത്തി തോന്നിയ സ്ഥലത്ത്  ഇരുപ്പുറപ്പിച്ചു  ..
 
നീ  എപ്പോഴാ  ജെർമ്മനിയിൽ നിന്നു വന്നെ  എന്ന ചോദ്യമാണ് ആ പരിസരത്ത് നിന്നു എന്നെ  ഉണർത്തിയത്  …
 
മൂന്ന് മാസം കഴിഞ്ഞതും വന്നു  .. അതിനുള്ളിൽ ആ പ്രൊജക്റ്റ് തീർന്നു  …
 
 ശമ്പളമൊക്കെ ലക്ഷങ്ങളിൽ ആയിരിക്കുമല്ലേ   … എന്തായാലും നന്നായി  നീ നേരായല്ലോ  …
 
എന്ത് പറയണം എന്നെനിക്കറിഞ്ഞില്ല  .. ദിവസവും തെങ്ങ് കേറുന്ന ഒരു തെങ്ങ് കയറ്റക്കാരന് കിട്ടുന്നതിൽ കൂടുതലൊന്നും  അവശേഷിക്കുന്നില്ല എന്ന സത്യം അവിടെ വിളംബെണ്ടാതായി തോന്നാത്തതുകൊണ്ട്  ഒരു മൌനത്തിൽ മറുപടിയൊതുക്കി  ..
 
അല്ല അമ്മ വന്നില്ലേ  …  ?
 
ഇല്ല .. അവിടെ പശുവും  നായ്ക്കളും ഉണ്ടല്ലോ .. അതുകൊണ്ട്  ..
 
 അവറ്റെയൊക്കെ  വിറ്റൊളാൻ ഞാൻ  നിൻറെ അമ്മയോട് കുറെ വട്ടം പറഞ്ഞതാ  ..  ഇരുപതു ഉറുപ്പിക കൊടുത്താൽ  പാല് കിട്ടും അപ്പോഴാ  ..
 
 മടിയോടെ  ഒരു കവർ നീട്ടി  അവരോടു പറഞ്ഞു … ഇതിൽ ഇരുപതിനായിരം രൂപയുണ്ട് .. കല്യാണത്തിന്  എന്തിനെങ്കിലും ഉപകരിക്കും …
 
അവരുടെ മുഖത്ത്  അഞ്ഞൂറ് വാട്ട്സിന്റെ  കുറവ് എനിക്ക് അനുഭവപ്പെട്ടു  ..  എന്നിൽ നിന്നും വേറെ എന്തോ പ്രതീക്ഷിച്ചിരുന്നോ എന്ന ചിന്ത മനസ്സിൽ വന്നെങ്കിലും  ഉടനെ അവർ പറഞ്ഞു    …
 
ആ നേരെ കാണുന്നത്  പൂക്കാരന്റെ വീടാണ്  .. കല്യാണ ദിവസം വേണ്ട പൂക്കൾ മുഴുവൻ അയാൾ തരാമെന്നു  പറഞ്ഞിട്ടുണ്ട് .. പത്തഞ്ഞൂറു രൂപയെങ്കിലും  ആകുമായിരിക്കും .. അയാളുടെ നല്ല മനസ്  ദൈവം കാണട്ടെ . കാശുണ്ടായാൽപ്പോരല്ലോ അത് കൊടുക്കാനുള്ള മനസും വേണ്ടേ …    അല്ലെ …
 
മോൻ ഉണ്ടിട്ടു പോയാൽ മതി .. ഞാൻ അതിനുള്ളത് നോക്കട്ടെ ..
 
അല്ല , അത് വേണ്ട  .. പിന്നീടാവാം  .. ഞാൻ ഇറങ്ങട്ടെ  ..
 
അപ്പോഴാണ്  പത്തെമ്പത്  വയസായ ഒരു സ്ത്രീ  നടന്നു വരുന്നത്  ശ്രദ്ധിച്ചത് .. എന്ത് പറയണം എന്നറിയാത്തതുകൊണ്ട്   ഞാൻ ചോദിച്ചു ..
 
“മുത്തശീ സുഖമല്ലേ .. “
 
എന്ത് സുഖം മൊനേ ..  ഒന്ന് മുറുക്കാൻ  ഉറുപ്പിക ഇരുപതു വേണം .. വയസായാൽ എല്ലാവർക്കും  എല്ലാം  ഒരു ഭാരമാണ് ..  .കലികാലം  ..
 
എന്ത് മറുപടി പറയണം എന്ന് ആലോചിക്കുന്നതിനു മൂൻപു എന്നോട് ആദ്യം സംസാരിച്ച സ്ത്രീ പറഞ്ഞു ..
 
 കല്യാണത്തിന് നേരത്തേ വരണം ട്ടോ  …
 
അങ്ങനെ അവിടെ നിന്നും മറുപടി പറഞ്ഞു  വീടിലേക്കുള്ള യാത്രയിൽ പഴയ ഒരു സ്നേഹിതനെ കണ്ടു  ..
 
കണ്ട പാടെ അവൻ എന്നോട് ചോദിച്ചു .. നീ കാറ് എപ്പോൾ എടുത്തു  ..
 
ഇല്ലടാ  .. ഇതു സെക്കണ്ട് ഹാൻഡ് ആണ്  ..
 
ഭാവിയിൽ ബസ്‌ സ്റ്റാന്റ് വരാൻ പോകുന്ന സ്ഥലത്തിനടുത്ത് പതിനെഞ്ഞ്ജു സെന്റു സ്ഥലം  അവൻ വാങ്ങിയതും .. അവിടെ ഷോപ്പിംഗ്‌   കൊമ്പ്ലക്സ് ഉണ്ടാക്കണമെന്നും   ഒക്കെ പറയുന്നതിനിടയിൽ  മടിയോടെ ഞാൻ ചോദിച്ചു  ..
 
  ഡാ നീ ഗൾഫിൽ പോകാൻ സമയത്ത് എന്നോട് വാങ്ങിയ 15000 രൂപ  …
 
അന്ജജു വര്ഷം മുൻപത്തെ  ചില്ലറ കണക്കൊക്കെ  നീ ഇപ്പോഴും ഓർത്തു വെച്ചിരിക്കയാണോ  .. എന്നും പറഞ്ഞു അവൻ ചിരിച്ചു  ..
 
തിരിച്ചു വീട്ടിൽ എത്തിയപ്പോൾ  എന്തോ തെറ്റ് ചെയ്തതായി കണ്ട  മുഖഭാവങ്ങൾ കണ്ടപ്പോൾ   ചോദിച്ചു  .. എന്ത് പറ്റി  .. എന്താണ് പ്രശ്നം ..
 
നീ  അവിടേക്ക് പോയപ്പോൾ വെറും   കയ്യോടെ   ആണോ   പോയെ   …
 
എവിടേക്ക്   ?
 
കല്യാണ വീട്ടിലേക്കു  ..
 
അല്ല   ഞാൻ പൈസ കൊടുത്തിരുന്നു    …
 
അതല്ല .. വയസായ ഒരു തള്ള ഉള്ള വീടല്ലേ .. എന്തെങ്കിലും ബേക്കറി സാധനം കരുതാമായിരുന്നു  ..
 അവൾ വിളിച്ചിരുന്നു …  ഒരു പവൻ വാങ്ങാനുള്ള   കാശെങ്കിലും കൊടുക്കാമായിരുന്നില്ലേ  …  പിന്നെ   ആ മുത്തശി വെറ്റില വാങ്ങാൻ എന്തെങ്കിലും  ചോദിച്ചിട്ടും നീ ഒന്നും കൊടുത്തില്ലത്രേ …ഒരു അമ്പതു രൂപ അവർക്ക് കൊടുക്കാമായിരുന്നില്ലേ   ഈ ചെറിയ കാര്യങ്ങളൊക്കെ നീ  ശ്രദ്ധിക്കണ്ടേ ..
 
നാമെത്ര  വിചിത്രർ  ……
 
എന്തൊക്കെ പറഞ്ഞാലും   ചിലത്  പറഞ്ഞില്ലല്ലോ എന്ന്  കുറ്റം പറയുന്ന ചിലർ ..  ഒരുപാടൊക്കെ  കൊടുത്താലും  കൊടുക്കാതിരുന്നതിനെ മാത്രം കാണുന്ന  മറ്റു ചിലർ … ഒന്നിലും തൃപ്തി വരാത്ത കുറെ മനസുകൾ  … വന്ന വഴി മറക്കുന്ന ഒരുപാട് പേർ  …   ചിലപ്പോഴെല്ലാം  തോന്നുന്നു ഞാനീ സ്ഥലത്ത് ജനിക്കേണ്ട  ഒരാൾ ആയിരുന്നില്ലേ എന്ന്  …
 

സജിത്ത്  

 https://www.facebook.com/iamlikethisbloger ;  iamlikethis.com@gmail.com

Digiprove sealCopyright secured by Digiprove © 2015 Sajith ph
Posted in കഥ/കവിത | Comments Off on നാമെത്ര വിചിത്രർ ….

വിവാഹം നമ്മെ എന്ത് പഠിപ്പിക്കുന്നു ?

വിവാഹം നമ്മെ എന്ത് പഠിപ്പിക്കുന്നു ?കല്യാണത്തിന് മുൻപുള്ള ജീവിതമാണോ അതിനു ശേഷമുള്ളതാണോ നല്ലതെന്ന് എന്ന ചോദ്യത്തിനുള്ള ഉത്തരം പകലാണോ രാത്രിയാണോ നമുക്ക് കൂടുതൽ ഇഷ്ടം എന്നതാണ് .. വിവാഹത്തെ ഒരു കുഞ്ഞു വാക്കിൽഒതുക്കാൻ പറഞ്ഞാൽ അതിങ്ങനെയാകുമെന്നു തോന്നാറുണ്ട്

 

 

” കഴിച്ചാൽ അത്ര രസം ഉണ്ടോയില്ലയോ എന്ന് ഉറപ്പില്ലെങ്കിലും ഒരുപാട് പേര് കഴിച്ചുനോക്കുന്നതെന്താണ് ? ” വിവാഹം

ചിലപ്പോൾ മധുരിക്കാം ചിലപ്പോൾ അത് നമ്മെ പുളിപ്പിക്കും .. മധുരം ഇഷ്ടമുള്ള ആളാണെങ്കിൽ അത് നമ്മെ രസിപ്പിക്കും അല്ലെങ്കിൽ മറിച്ചും ..മധുരവും പുളിപ്പും നിറഞ്ഞ ഒന്നാകാം വിവാഹം .. അതുകൊണ്ട് നമ്മുടെ നാവിനെ അല്ലെങ്കിൽ രസമുകുളങ്ങളെ അനുസരിച്ചാണ് അത് നമ്മെ രസിപ്പിക്കുമോ കയ്പ്പിക്കുമോ എന്നൊക്കെയുള്ളത് .. ഇഷ്ട്ടപ്പെടാനുള്ള ഒരു മനസുണ്ടാകുക എന്നതാണ് ഇവിടെ പ്രധാനം ..
സ്വാതന്ത്രവും കറങ്ങിനടക്കലും ഏറ്റവും കൂടുതൽ ഇഷ്ട്ടപ്പെടുന്നവർക്കും ഉത്തരവാദിത്തങ്ങളോട് ഒരകൽച്ച തോന്നുന്നവർക്കും ആദ്യ നാളുകൾക്കപ്പുറം വിവാഹം അത്രയ്ക്കങ്ങോട്ട് രസിപ്പിക്കുന്നതായി തോന്നാറില്ല ..

എന്തിനാണ് കല്യാണം കഴിക്കുന്നത്‌ എന്ന ചോദ്യത്തിനു പകുതിയിൽ ഏറെ പേർക്കും പറയാനുള്ളത് ഒരേ വാചകങ്ങളാണ് ..

*) അറിയില്ല .. കല്യാണ പ്രായം ആയെന്നു വീടുകാർ പറഞ്ഞു .. അതുകൊണ്ട് കെട്ടാമെന്ന് വെച്ചു

*) ജീവിതത്തിൽ സെറ്റിൽ ചെയ്യാമെന്ന് വെച്ചു .. അതുകൊണ്ട് ഒരു കല്യാണം കഴിക്കാം
*) ഒറ്റയ്ക്ക് ജീവിച്ചു മടുത്തു ഇനി ഒന്ന് കെട്ടി നോക്കാം

*) അച്ഛനും അമ്മയ്ക്കും പ്രായമായി വരുകയല്ലെ അവരെ നോക്കാൻ ആരെങ്കിലും വേണ്ടേ ( അതിനു ഒരു ഹോം നഴ്സിനെ വെച്ചാൽപോരെ എന്ന് ആരെങ്കിലും ചോദിച്ചാൽ തെറ്റ് പറയാനില്ല )

*) പാരമ്പര്യം നിലനിർതണ്ടെ

*) കയ്യിൽ കാശോന്നുമില്ല , ദംബിടി ഉള്ള വീടിലെ പെണ്ണിനെ കെട്ടിയാൽ ലൈഫ് ആകെ കളറാകും
പക്ഷെ അതിനാണോ കല്യാണം കഴിക്കുന്നത്‌ ?

കല്യാണം കഴിക്കുന്നതിലൂടെ ഭാവിയിൽ ഈ പറഞ്ഞിരുക്കുന്ന ഏതിലെങ്കിലും വ്യത്യാസം വരാം അല്ലെങ്കിൽ മുകളിലെ ഒന്നിൽക്കൂടുതൽ കാര്യങ്ങൾ പ്രയോജനപ്പെടാം … പക്ഷെ …
marriage is not a license for sex .. Marriage is not the end of freedom too … But it slowly states that you are mature/ becoming mature .

പലപ്പോഴും നമ്മെ തെറ്റിദ്ധരിപ്പിക്കുന്ന ഒന്നാണ് ആദ്യത്തെ വാചകം .. കല്യാണം എന്നത് ഒരു പ്രതിജ്ഞയാണ് .. വിശ്വാസം ആകുന്ന കണികകൾ കൊണ്ടുണ്ടാക്കിയ പാത്രത്തിലെ ചേരുവകൾ ആണ് നമ്മൾ .. ശരിയായി പാകം ആയാൽ , ക്ഷമ കാണിച്ചാൽ വീഞ്ഞുപോലെ അത് നുകരപ്പെടാം .. ചുറ്റുമുള്ളവർക്കും കുളിർമയേകുന്ന ഒന്നാവാം … പക്ഷെ ഒരൽപം പാകപ്പിഴ വന്നാൽ അത് ചീഞ്ഞു നാറി തീയിലെക്കോ കലത്തിലെക്കൊ പറ്റാതെ ചുറ്റുമുള്ളവർക്കും വിമ്മിഷ്ടമായി മാറാം ..

 
പരസ്പര വിശ്വാസത്തിലും സ്നേഹത്തിലും ഊന്നിയുള്ള ജീവിതവും പ്രവർത്തികളും ആണ് ഒരു വിവാഹത്തെ മാധുര്യമുള്ളത്‌ ആക്കുന്നത് ..എന്ത് തന്നെ സംഭവിച്ചാലും എന്തിനും ഏതിനും ഒടുക്കം വരെ പരസ്പരം കൈത്താങ്ങായി കൂടെയുണ്ടാകും എന്ന വിശ്വാസം നല്കുന്ന ആത്മവിശ്വാസം ചില്ലറയൊന്നുമല്ല .. സത്യത്തിൽ അതാണ്‌ വിവാഹം കൊണ്ട് ഉദേശിക്കുന്നത് എന്ന് തോന്നിയിട്ടുണ്ട് …
വിവാഹം ഒന്നിനും ഒരവസാനമല്ല മറിച്ച് മറ്റു പലതിലേക്കുമുള്ള ഒരുമിച്ചൊരു കാൽവെപ്പ്‌ മാത്രമാണ് ..
വിവാഹം എന്നെ എന്ത് പഠിപ്പിച്ചു എന്നോർത്ത് നോക്കിയാൽ ,

*) എല്ലാ സത്യങ്ങളും പറയാനുള്ളതല്ല

*) നൂറു നുണ പറയുന്നതിനേക്കാൾ നല്ലത് ഒരു സത്യം പറയാതിരിക്കുന്നതാകാം

*) വിവാഹ ജീവിതത്തിൽ ഏറ്റവും കൂടുതൽ ആവശ്യം ക്ഷമയാണെന്നും അതിനു നമ്മൾ തന്നെ വിചാരിക്കണമെന്നും മനസിലാക്കി ..

*) അട്ജസ്റ്മെന്റ്റ് / വിട്ടുവീഴ്ച വേണമെന്നും പക്ഷെ അതൊരിക്കലും ഒരു വിട്ടുകൊടുക്കലിലേക്ക് എത്തരുതെന്നും പഠിച്ചു

*) രണ്ടു പെരുള്ളിടത്ത് രണ്ടഭിപ്രായം കാണും .. പക്ഷെ അതിൽ നിന്നും സമചിത്തതയോടെ പക്വമായ ഒന്ന് എങ്ങനെ തിരഞ്ഞെടുക്കാം എന്ന് മനസിലാക്കി വരുന്നു ..

അങ്ങനെ ഈ നിമിഷവും ഓരോന്ന് പഠിച്ചുകൊണ്ടിരിക്കുന്നു …

എവിടെയോ വായിച്ചതോർക്കുന്നു .. ദാമ്പത്യ ജീവിതത്തിലെ രസകരമായ നിമിഷങ്ങൾ എന്നത് ഭാര്യ എന്ത് വിചാരിക്കുന്നു എന്ന് ഭർത്താവിനും തിരിച്ചും കൃത്യമായി മനസിലാക്കാൻ കഴിയാത്തടത്തോളം ആണത്രേ .. 🙂

തുടർന്നുള്ള ഒന്നോ രണ്ടോ പോസ്റ്റുകൾ കൂടെ അനുബന്ധമായ വിഷയങ്ങൾ പങ്കുവയ്ക്കാൻ കഴിയുമായിരിക്കും എന്ന ശുഭപ്രതീക്ഷയിൽ തല്ക്കാലം വിട 

സജിത്ത്  

 https://www.facebook.com/iamlikethisbloger ;  iamlikethis.com@gmail.com

 

 

 

Digiprove sealCopyright secured by Digiprove © 2015 Sajith ph
Posted in നമുക്ക്‌ച്ചുറ്റും | Tagged | Comments Off on വിവാഹം നമ്മെ എന്ത് പഠിപ്പിക്കുന്നു ?

ആർ യു നോർമൽ ?

ആർ യു നോർമൽ ?

ആർ യു നോർമൽ  ?ഒരു നീണ്ട ഇടവേളക്കു ശേഷം ബ്ലോഗ്‌ താളിൽ എന്തോ കുത്തിക്കുറിക്കാൻ ശ്രമിക്കുമ്പോൾ ആദ്യമായ് ക്ലാസിൽ എത്തപ്പെട്ട ഒരു കുട്ടിയുടെതിനേക്കാൾ പരിഭ്രമം തോന്നുന്നു .. ചിന്തിച്ചു എഴുതുന്നത്‌ ഒരു തരം കൂട്ടിൽ അടക്കപ്പെട്ട അവസ്ഥയാണ് .. അതുകൊണ്ടുതന്നെ പ്രത്യേകിച്ച് ഒന്നും ആലോചിക്കാതെ , എഴുതാനുള്ള മനസിന്‌ മുൻപിൽ ഒരു മഞ്ഞ ചരടും കുരുക്കുകൾ തീർക്കില്ല എന്ന വിശ്വാസത്തോടെ തുടരട്ടെ …

 

 .. എവിടെയോ വായിച്ചതോർക്കുന്നു , നാം കൂടുതൽ സംസാരിക്കുമ്പോൾ നമുക്ക് അറിയാവുന്നതായ കാര്യങ്ങൾ ചർദ്ദിക്കുകയാണ് .. പുതിയതായി ഒന്നും മനസിലാക്കുന്നില്ല , പഠിക്കുന്നില്ല …അതുകൊണ്ട് കൂടുതൽ ശ്രദ്ധിക്കുക കുറച്ചു സംസാരിക്കുക എന്ന് ..

 

അറിഞ്ഞോ അറിയാതെയോ നമ്മൾ എല്ലാവരും കൂടുതൽ പ്രതികരണ ശീലരായിട്ടുണ്ടല്ലോ എന്ന് വിവിധ മാധ്യമങ്ങളിലെ റിപ്പോർട്ടുകൾക്ക് താഴെയുള്ള പ്രതികരണങ്ങളും വാദപ്രദിവാദങ്ങളും
സംശയമുണർത്തുന്നു ..  പ്രതികരണ ശേഷി നഷ്ട്ടപ്പെട്ട ഒരു ജനതയല്ല നമുക്ക് ചുറ്റും ഉള്ളത് എന്നാശ്വസിക്കാമെങ്കിലും മറ്റുള്ളവർ പറയുന്നത് നമുക്കിഷ്ട്ടപ്പെട്ടില്ലെങ്കിൽ യാതൊരു മടിയുമില്ലാതെ പച്ച തെറി വിളിക്കാനും വ്യക്തിഹത്യ നടത്താനും ഒരുപാട് പേർ മുന്നിട്ടിറങ്ങുന്നു .. സംയമനം അല്ലെങ്കിൽ ക്ഷമ എന്ന വാക്കുപോലും ഒരുപാട് പേർ മറന്ന മട്ടാണ് ..

ഒന്നോർത്ത് നോക്കാം ആവശ്യമുള്ളിടത്തും ഇല്ലാത്തിടത്തും കേറി പ്രതികരിച്ചു അറിഞ്ഞോ അറിയാതെയോ നമൾ ആരെയൊക്കെയോ വെദനിപ്പിക്കുന്നില്ലേ ? ഇതിനു മുൻപ് വഴക്കുണ്ടാക്കിയ / ദേഷ്യപ്പെട്ട സമയത്ത് അത്രയും വേണ്ടിയിരുന്നോ എന്ന് പിന്നീട് പലപ്പോഴും നിങ്ങൾ ഓർത്തിരിക്കാം ..

ഒരുപാട് പേർ പറയുന്നത് കേട്ടിട്ടുണ്ട് ,

” എനിക്ക് പറയാനുള്ളതൊക്കെ മുഖത്ത് നോക്കി വെട്ടിതുറന്നു പറഞ്ഞു

, എന്റെ ദേഷ്യം മുഴുവൻ ഞാൻ പറഞ്ഞു തീർത്തു .. “

” നീ എന്താണെന്നോ ഏതാണെന്നോ എനിക്കറിയേണ്ട

എനിക്ക് പറയാനുള്ളത് കേൾക്ക് ;

ഞാൻ പറഞ്ഞത് നീ കേട്ടില്ലെങ്കിൽ എനിക്ക് ദേഷ്യം വരും ;

എന്നൊക്കെ .. പക്ഷെ അപ്പുറത്തുള്ള ആളെക്കുറിച്ച് നമ്മൾ പലപ്പോഴും ഓർക്കാറില്ല .. കാര്യങ്ങൾ മുഴുവൻ ശരിക്കറിഞ്ഞ ശേഷം മിതത്വതോടെ പ്രതികരിക്കുന്നതല്ലേ നല്ലത് ..
നമ്മുടെ തീരുമാനങ്ങളോ ആഗ്രഹങ്ങളോ അടിചെൽപ്പിക്കാനുള്ള ഒന്നല്ല മറ്റുള്ളവരോ അല്ലെങ്കിൽ അവരുടെ ഫെയിസ്ബുക്ക് വാളോ .. നമുക്ക് ദേഷ്യം വരുമ്പോൾ .. നമ്മുടെ ബ്ലഡ്‌ പ്രഷർ ഉയരുന്നു .. വികാര വിസ്ഫോടനങ്ങളുടെ ഇടയിൽ വരുന്ന ഹോർമോണ്‍ വ്യതിയാനങ്ങൾ അങ്ങനെ നാം നമ്മെ തന്നെ ശിക്ഷിക്കുകയാണ്…

കൂടുതൽ പറഞ്ഞു ആരെയും ദേഷ്യപ്പെടുത്തുന്നില്ല … 🙂
നിനക്കൊന്നു ക്ഷമിച്ചുകൂടെ ? എന്തിനാണ് ഇങ്ങനെ ദേഷ്യപ്പെടുന്നത് എന്ന വാക്കിന് മുന്നിൽ ,
ഞാൻ ഒരു സാധാരണ മനുഷ്യനാണ് .. എനിക്ക് ചിരിക്കാൻ തോന്നിയാൽ ഞാൻ ചിരിക്കും , സങ്കടം വരുമ്പോൾ കരയും .. ഉറക്കം വന്നാൽ കിടക്കും ….. പിന്നെ ദേഷ്യം വന്നാൽ അത് പ്രകടിപ്പിക്കും I am not a saint. How I am supposed to react normally in an abnormal situation ?  If you are a normal one then you should respond abnormally to an abnormal situation . If you try to respond normally to an abnormal situation then who is normal and who is abnormal ?

മനസിലായി പക്ഷെ ഒരു ചോദ്യം , why you think it is an abnormal situation ?

well I am a normal person ..

🙁

 

ഒരു ചെറു പുഞ്ചിരിയോടെ  തൽക്കാലം വിട

 

സജിത്ത്  

 https://www.facebook.com/iamlikethisbloger ;  iamlikethis.com@gmail.com 

 

 

 

Digiprove sealCopyright secured by Digiprove © 2015 Sajith ph
Posted in നമുക്ക്‌ച്ചുറ്റും | Tagged | Comments Off on ആർ യു നോർമൽ ?

ആ രണ്ടു നിമിഷങ്ങൾ ..

രണ്ടു നിമിഷങ്ങൾ ..

പെട്ടെന്ന് ഓർത്തെടുക്കാൻ  ജീവിതത്തിലെ  രണ്ടു നിമിഷങ്ങൾ ഏതാണ്  .. ?

 

 

തെല്ലൊരു ആകാംഷ നിറഞ്ഞ ആ കണ്ണുകളിലേക്കു എന്താണ് ഉദേശിക്കുന്നതെന്ന്  അറിയില്ലെന്ന ഭാവത്തിൽ  നോക്കിയപ്പോൾ എല്ലാം മനസിലായപോലെ മറുപടി തന്നു ,

 അതായതു , പെട്ടെന്ന് ഓർമ്മയിൽ വരുന്ന രണ്ടു നിമിഷം ..അത് ചിലപ്പോൾ ഒരുപാട് ചിരിച്ചതാവാം ..അല്ലെങ്കിൽ ഒരുപാട് സന്തോഷിച്ചതാവാം ..അല്ലെങ്കിൽ കരഞ്ഞതുമാകാം …

അതൊരു നീണ്ട കഥയാണ്‌ .. സമയം എടുക്കും …

എനിക്ക് തിരക്കില്ല ..

ആ രണ്ടു നിമിഷങ്ങൾ …; ഒന്ന്  ഏറ്റവും കൂടുതൽ സന്തോഷിച്ച നിമിഷവും മറ്റേതു ഏറ്റവും അപമാനിക്കപ്പെട്ടതെന്നു തോന്നിയ ഒരു നിമിഷവുമായിരുന്നു … ..

ഒരാഴ്ച്ചകാലം ഒരു ചെരുപ്പുകുത്തിയുടെ നിഴലിനെയെങ്കിലും  തേടിയിരുന്നു … പക്ഷെ .. … അങ്ങനെ ഒരു അവധി ദിവസം വന്നപ്പോൾ തീരുമാനിച്ചു .. നഗരത്തിലെക്കിരങ്ങുക തന്നെ … മഴക്കാലം തന്നെയാണോ എന്ന് സംശയം തോന്നും വെയിൽ കണ്ടാൽ …അങ്ങനെ കിഴക്കേക്കോട്ടയിൽ ബസിറങ്ങി …

…അങ്ങകലെ മൂന്നു ചെരുപ്പ്കുത്തികൾ …വളരെ സന്തോഷത്തോടെ അങ്ങോട്ട്‌ നീങ്ങി


“”എവിടെയായിരുന്നു ഇത്രയും കാലം നിങ്ങൾ ” എന്ന് ചോദിക്കണമേന്നുണ്ടായിരുന്നു  

… ഒന്നാമത്തെ ആൾ ഒരു കുടക്കീഴിൽ വിശ്രമിക്കുകയാണ് .. സമയം മൂന്നര ആയിരിക്കുന്നു .. പാവം തോന്നി … അപ്പോഴാണ്‌ ആദ്യത്തെ ആൾ ഒരു ചെരുപ്പ് തുന്നുന്നത് ശ്രദ്ധയിൽ പെട്ടത് ..എങ്കിൽ അവിടെ തന്നെ കൊടുത്തേക്കാം എന്നാലോചിച്ചു അവിടെ ചെന്ന് കയ്യിലുള്ള സഞ്ചി അങ്ങേർക്കു നേരെ നീട്ടി പറഞ്ഞു ,

ഇതിൽ 2 ചെരുപ്പുണ്ട് അതായതു ഒരു ജോഡി …
അയാൾ കേട്ട മട്ടില്ല … ഏതോ ഒരു പുതിയ ജോഡി ചെരുപ്പുകൾ തുന്നിക്കൊണ്ടിരിക്കുകയാണ് .. അടുത്ത് തന്നെ മൊബൈലിൽ സംസാരിച്ചു കൊണ്ട് ഒരു പെണ്‍കുട്ടിയും … ആ ചെരുപ്പിന് ഒരു കുഴപ്പവുമില്ലല്ലൊ … പുതിയ ചെരുപ്പിനെ എന്തിനാണ് തുന്നിപ്പിക്കുന്നത് എന്നൊക്കെ ആലോചിച്ചെങ്കിലും  ക്ഷമയോടെ അവിടെ നിന്നു … രണ്ടു മിനിട്ടായി ..അയാൾ എന്നെ കണ്ട ഭാവമില്ല ..എന്തായാലും ഞാൻ സഞ്ചി അവിടെ വെച്ച് ഞാൻ കുറച്ചു കഴിഞ്ഞു വരാം അപ്പോഴേക്കും ശരിയാക്കിയാൽ മതിയെന്ന് പറഞ്ഞു നടക്കാൻ ഭാവിച്ചു … ഒന്ന് നിന്നെ എന്നാരോ പുറകിൽ നിന്നും വിളിച്ചു ..അതെ ചെരുപ്പ് കുത്തി തന്നെ .. ഈതു ചെരിപ്പാണ് ? പറഞ്ഞിട്ട് പോ .. എന്നും പറഞ്ഞു ..

വളരെ മാന്യതയോടെ ഞാൻ പറഞ്ഞു , രണ്ടും തുന്നിക്കോളൂ …അപ്പോഴേക്കും ഞാൻ കൊടുത്ത സഞ്ചി അയാൾ അഴിച്ചു …എന്നിട്ട് ഒരു മടിയും കൂടാതെ പറഞ്ഞു , ഇതവിടെ കൊടുത്തേക്ക് ….

ഞാൻ ഇരു കൈയും നീട്ടി ആ ചെരിപ്പടങ്ങിയ സഞ്ചി വാങ്ങി രണ്ടാമത്തെ ചെരുപ്പുകുത്തിയുടെ അടുത്ത് കൊടുത്തു …

അയാൾ അത് വാങ്ങി തിരിച്ചും മറിച്ചും നോക്കി എവിടെയോ നോക്കി പറഞ്ഞു … ഇതയാൾക്കു  കൊടുത്തേക്ക് …

ആദ്യത്തെ ചെരുപ്പ് കുത്തിയെ ഞാൻ ഒന്ന് നോക്കി … അയാൾ അതി ഭയങ്കരമായി എന്തോ ചെയ്യുന്ന രീതിയിൽ പുതിയ ഒരു ചെരുപ്പിനെ തുന്നിക്കൊണ്ടിരിക്കുകയാണ് ..അത്രമാത്രം തുന്നാൻ അത് പോട്ടിയിട്ടില്ലല്ലോ എന്ന് ഞാൻ ചിന്തിച്ചു ചുറ്റുമൊന്നു നോക്കി …നേരത്തെ മൊബൈലിൽ സംസാരിച്ചു കൊണ്ടിരുന്ന പെണ്ണ് ശ്രദ്ധിക്കുന്നത് ഞാൻ കണ്ടില്ല .. എന്തായാലും മനസില്ലാ മനസോടെ കുടക്കീഴിൽ വിശ്രമിച്ചു കൊണ്ടിരുന്ന ചെരുപ്പ് കുത്തിയ ഞാൻ വിളിചെഴുന്നെൽപ്പിച്ചു …കയ്യിലിരുന്ന പൊതി നീട്ടി പറഞ്ഞു , ചേട്ടാ ഇതൊന്നു തുന്നി വെക്കാമോ ഞാൻ പതിനഞ്ചു മിനിട്ട് കഴിഞ്ഞു വരാം .. അയാൾ എൻറെ കയ്യില നിന്നും പൊതി വാങ്ങി എന്നിട്ട് അതികം സമയം കളയാതെ തിരികെ തന്നു ,

ഞാൻ ആ പൊതി വാങ്ങി തിരിച്ചും മറിച്ചും നോക്കി … എന്നിട്ട് ആ ചെരുപ്പ്കുത്തിയെ ഒന്ന് നോക്കി …

എനിക്ക് വയ്യ കിടക്കുകയാണ് നാളെ വാ … അയാൾ മറുപടി പറഞ്ഞു … വയ്യെങ്കിൽ വീട്ടിൽപ്പോയി  കിടക്കണം …മറ്റുള്ളവർക്ക് ശല്യ മുണ്ടാക്കാൻ റോഡിലാണോ കിടക്കുക …എന്ന് ഞാൻ പറഞ്ഞു ….

അതിനെനിക്കു വീടില്ല ..അയാൾ പറഞ്ഞു ..

കളിയാക്കിയതാണോ ? അല്ല ആയിരിക്കില്ല .. മൂന്നു ചെരുപ്പ് കുത്തികൾ മടക്കിയ ചെരുപ്പ് … അല്ലെങ്കിൽ മൂന്നു ചെരുപ്പ് കുത്തികൾ അപമാനിച്ചു വിട്ട ലോകത്തിലെ ഒരേ ഒരാൾ..   അപമാനത്താൽ ആ സഞ്ചി പിടിച്ച എൻറെ കൈകൾക്ക് ഭാരം കൂടുന്നത് പോലെ തോന്നി .. ആരും കണ്ടില്ല അതൊന്നും എന്ന സമാധാനത്തോടെ അവിടെ നിന്നും നടന്നകന്നു ..അതായിരുന്നു ഒരു നിമിഷം ..

ഹ്മം മറ്റേതു ?

നമുക്ക് എറ്റവും സംതൃപ്തി തോന്നുക എപ്പോഴെന്നറിയാമോ   ?

ഇല്ല … ചിലപ്പോൾ കുറെ പൈസ കിട്ടുമ്പോൾ ?

അല്ല .. എത്ര പൈസ കിട്ടിയാൽ ഒരാൾക്ക്‌ സംതൃപ്തി വരും ? കുറച്ചൂടെ കിട്ടിയെങ്കിൽ എന്ന് ആഗ്രഹിച്ചു പോകും …

ഓ .. പിന്നെ എപ്പോഴാണ് എറ്റവും സംതൃപ്തി തോന്നുക  …

ഭക്ഷണം 🙂  അതിനു മാത്രമേ ഒരാളെ പൂർണ്ണമായി ത്രിപ്തിയാക്കാൻ പറ്റൂ ..

അത്തരത്തിൽ ഒരു നിമിഷമാണ് പെട്ടെന്ന് ഓർമ്മയിൽ തെളിയുന്നത് …സ്ടാട്ടുവിലെ   ഹോട്ടെൽ മൌര്യയിൽ ബുഫെ കഴിക്കാൻ പോയപ്പോഴായിരുന്നു അത് … വലിയ പാത്രങ്ങൾ  നിറയെ ഭക്ഷണങ്ങൾ ..അപ്പവും മസാല ദോശയും , ചിക്കൻ ദോശയും അങ്ങനെ പത്തു തരത്തിലുള്ള ദോശകൾ ഇഷ്ടം പോലെ ഉണ്ടാക്കി തരാൻ ഒരാൾ .. ഇഷ്ടം പോലെ കുടിക്കാൻ ജൂസുകൾ …  ബിരിയാണിയും കപ്പയും നെയ്മീനും കണവയും , ബീഫും  മട്ടനുമൊക്കെ ഇഷ്ടം പോലെ എടുക്കാം … നമുക്ക് ഇഷ്ടമുള്ളതൊക്കെ ഇഷ്ടംപോലെ എടുത്തു കഴിക്കാം .. അതാണ്‌ പെട്ടെന്ന് ഓർക്കുമ്പോൾ ഒരുപാട് സന്തോഷം തോന്നിയ നിമിഷം ….

ആ കണ്ണുകളിൽ അപ്രതീക്ഷിതമായത്‌ എന്തോ കേട്ട പോലെ ഒരു ഭാവം ഞാൻ ശ്രദ്ധിച്ചു … എന്ത് പറ്റി  ?   …
ഇല്ല ഒന്നുമില്ല …

അല്ല , എന്താണെങ്കിലും പറഞ്ഞോ …

ഞാൻ വിചാരിച്ചു എന്നെ കണ്ട നിമിഷമായിരിക്കും ഒരുപാട് സന്തോഷം തോന്നിയത് എന്നാണ് …    

എന്തോ എവിടെയോ ഒരു അപകടം മണത്തറിഞ്ഞപോലെ  ഞാൻ ഒരു വിധം പറഞ്ഞൊപ്പിച്ചു .. അത് ഹൃദയത്തിന്റെ ഉള്ളറകളിൽ അങ്ങനെ നിറഞ്ഞു കിടക്കുകയാണ് … എൻറെ മൊത്തം ജീവിതത്തിലെ മറക്കാൻ പറ്റാത്ത നിമിഷം ഏതെന്നു ചോദിച്ചാൽ ആദ്യം നിന്നെ കണ്ട നിമിഷമായിരികും  എന്നത് ഒരു ചിരിയോടെ പറഞ്ഞു അവസാനിപ്പിച്ചു ..
ചിലപ്പോഴെല്ലാം ഇങ്ങനെയാണ് … പ്രതെയ്കിച്ചും  കല്യാണശേഷം  പലപ്പോഴും നമുക്ക് അഭിനയിക്കേണ്ടാതായി വരുമത്രേ … യാഥാർത്ഥ്യം മറ്റു പലതെങ്കിലും ഒരു നിമിഷത്തെ സന്തോഷത്തിനായി ഒരു നുണയൊക്കെ ആകാമായിരിക്കാം … പക്ഷെ ……

സജിത്ത്   ,    https://www.facebook.com/iamlikethisbloger

 

 

 

 

 

 

Digiprove sealCopyright secured by Digiprove © 2014 Sajith ph
Posted in കഥ/കവിത | Tagged | Comments Off on ആ രണ്ടു നിമിഷങ്ങൾ ..

മേർസികില്ലിംഗ് ..

” മേർസികില്ലിംഗ് ”  എന്ന വാക്ക് എപ്പോൾ കേട്ടതാണെന്നു ഓർമ്മ വരുന്നില്ല … ചെറുപ്പത്തിലെന്നോ  കേട്ട മാത്രയിൽ പെട്ടെന്ന് മനസിലേക്ക് വന്നത് ദൈവം തന്ന ജീവൻ മനുഷ്യൻ എടുക്കുന്നതിലെ നീതികേടും പിന്നെ ആരെന്തു പേരിട്ടു വിളിച്ചാലും സംഭവം ഒരാളെ കൊല്ലുന്നതല്ലേ  ? എന്ത് പറഞ്ഞാലും പാപമാണത്   എന്നതാണ്  ….

 

 

 

വികാര വിചാരങ്ങളെ കടിഞ്ഞാണിട്ടു  പച്ചയായ യാഥാർത്യങ്ങളിലൂടെ  വർഷങ്ങൾക്കുമിപ്പറം  മനസ് സ്ഫുരണം ചെയ്തെടുക്കുമ്പോൾ                  ” മേർസികില്ലിംഗ് ” ഒരു നീതി നിഷെധമായി കാണാനാകില്ല .. അത് പലപ്പോഴും  ആരോടെങ്കിലും കാണിക്കുന്ന ദയയുടെ അവസാന വാക്കാണ്‌  ..

ഇപ്പോൾ  ഇതോർമ്മ വരാൻ കാരണം  വയസു തോണ്ണൂട്ടഞ്ഞ്ജു   കഴിഞ്ഞു  പകലോ രാവോ അറിയാതെ  ഉണ്ണാനോ  ഉറങ്ങാനോ അറിയാതെ  സ്വന്തമായി ഒന്നിളകാൻ പോലും ആകാതെ  എയർ ബെഡ്ഡിൽ കിടക്കുന്ന  മുത്തശിയെ ഓർക്കുമ്പോഴാണ് …

ഒരു നിമിഷം പുറകോട്ടു നോക്കുമ്പോൾ ഓർമ്മയിൽ തെളിയുന്നത്  , ആരും കാണാതെ  കോഴിമുട്ട കഴുകി തിളയ്ക്കുന്ന ചോറും പാത്രതിലെക്കിട്ടു  പുഴുങ്ങി തന്നിരുന്ന ,  തൈര് കടയുമ്പോൾ വെണ്ണ ചേർന്ന കട്ടി മോരെടുത്തു കുടിക്കാൻ തന്നിരുന്ന ,  ചൂട് ചോറിൽ നെയ്യൊഴിച്ച് കഴിക്കുന്നതിന്റെ രസം പറഞ്ഞു തന്നിരുന്ന …ഇടക്കെപ്പോഴെങ്കിലും പോക്കറ്റ് മണിയായി ഒരു രൂപയും രണ്ടു രൂപയും തന്നിരുന്ന സ്നേഹമയിയായ ഒരു സ്ത്രീയെ ആണ് .. ആ മുത്തശി ഇന്ന് ….  

ഒരു ജന്മം മുഴുവൻ മറ്റുള്ളവർക്ക്  നല്ലത് മാത്രം ചെയ്ത ഒരു ജീവിതം .. നാട്ടിൽ എല്ലാരും സ്നേഹത്തോടെ വിളിക്കുന്നത്‌   ” നോക്കി വലുതാക്കിയ ആൾ ” എന്നർത്ഥം വരുന്ന  പടത്തിയാരമ്മ  എന്ന് മാത്രം ..  
ഒരു കാലത്ത് പണമായും പൊരുളായും ആർക്കെന്തു സഹായം വേണമെങ്കിലും ഉറപ്പോടെ സമീപിക്കാവുന്ന  ഒരാളാണ് ബെഡ്ഡിൽ ഒന്നിളകാൻ ആകാതെ കിടക്കുന്നത് എന്നോർക്കുമ്പോൾ സത്യത്തിൽ ഇതെന്തു നീതി നിഷേധമാണ് ദൈവം ചെയ്യുന്നത് എന്നുപോലും തോന്നുന്നു …

വയസായി എന്നതൊഴിച്ചാൽ യാതൊരു വിധ അസുഖങ്ങളും ഇല്ല … ഇന്നത്തെ അവസ്ഥ  ഒരു തുള്ളി വെള്ളം വേണമെങ്കിൽ വേറെ ആരെങ്കിലും എടുത്തു ഒഴിച്ച് കൊടുക്കണം .. ഒരു നുള്ള് ഓർമ്മ ശേഷിചിരുന്നെങ്കിൽ  കൊടുത്തു മാത്രം ശീലിച്ച ഒരാൾക്ക്‌ താങ്ങാനാവുന്നതിലും അപ്പുറമായേനെ അത്  ..

വയസിത്ര ആയതുകൊണ്ടും ദേഹസ്ഥിതി നോക്കുമ്പോഴും വൈദ്യ ശാസ്ത്രത്തിനു ഒന്നും ചെയാനില്ല .. ആർക്കും ഒന്നും ചെയ്യാനില്ല .. മനുഷ്യനായാൽ ഒരു അസുഖം വേണമെന്നാണ് പറയപ്പെടുന്നത്‌ … യാതൊരു അസുഖവും ഇല്ലാതിരിക്കുന്നതാണ്  വയസാകുമ്പോൾ ഉള്ള വലിയ അസുഖം … കാരണം  ദൈവം തന്ന ശ്വാസം പുറത്തേക്കൊഴുകാൻ ഒരസുഖം വേണം അല്ലെങ്കിൽ അതിനുള്ള അസുഖമുണ്ടായിട്ടു വേണം ….

നീര് വന്നു വീർത്ത ശരീരത്തിൽ ആ നീര് പഴുപ്പായി , കുമിളകളായി വൃണമായി അങ്ങനെ പൊട്ടി ഒലിച്ചു കൊണ്ടിരിക്കുന്നത് ഓർക്കുമ്പോൾ , ആർക്കും ഒന്നും ചെയ്യാനില്ല എന്നൊരു യാഥാർത്ഥ്യം  മുന്നിലേക്ക്‌ വരുമ്പോൾ ..

ഇന്നലെ അമ്പലത്തിൽ  പോയ്‌ തിരിച്ചിറങ്ങുമ്പോൾ  കണ്ണുകളിൽ അറിയാതെ വന്ന കണ്ണുനീർ കണ്ട്,

ഇങ്ങനെ വിഷമിച്ചു കണ്ടിട്ടില്ലല്ലോ ,  എന്തുണ്ടെങ്കിലും ഭഗവാൻ ഒരു വഴി കാണിച്ചു തരും എന്നു പറഞ്ഞ പൂജാരിയോട് , എന്റെ മരണം എങ്ങനേ ആയിരിക്കണം എന്നാണ് പ്രാർത്ഥിച്ചത്‌ എന്നു പറഞ്ഞു വിശദീകരിക്കാനുള്ള സമയമോ അവസ്ഥയോ ആയിരുന്നില്ല അത് …

ചിലപ്പോഴെങ്കിലും ഒരാളോട് ചെയ്യാൻ കഴിയുന്ന അങ്ങേയറ്റത്തെ ദയയായിരിക്കും   മേർസികില്ലിംഗ്  എന്നാരെങ്കിലും പറഞ്ഞാൽ അതല്ലെന്ന് വാദിക്കാനുള്ള മനസ് എനിക്ക് നഷ്ട്ടപ്പെട്ടിരിക്കുന്നു …   ഒരിക്കലും തിരിച്ചു വരില്ല  എന്നൊരു  സ്ഥിതിയിൽ  ഒരു നിശ്വാസം മാത്രമായി അവശേഷിക്കുന്ന ജീവൻറെ തുടിപ്പ്   തനിക്കും ചുറ്റുമുള്ളവർക്കും  സമയം കഴിയുന്തോറും ഒരു വിഷമമോ ബാധ്യതയോ  തന്നെയാണ് എന്ന തിരിച്ചറിവിൽ ഇങ്ങനെ ഒരവസ്ഥ എന്നെ  കാത്തിരിക്കുന്നെങ്കിൽ  ആ  നിശ്വാസത്തെ എനിക്ക് തന്നെ അവസാനിപ്പിക്കാൻ പറ്റുന്ന ആരോഗ്യസ്ഥിതി തരണേ എന്നൊരു പ്രാർത്ഥനയാണ്  ഇന്നലെ എനിക്കുണ്ടായിരുന്നത് ….

സജിത്ത്   ,    https://www.facebook.com/iamlikethisbloger

 

 

 

Digiprove sealCopyright secured by Digiprove © 2014 Sajith ph
Posted in കഥ/കവിത | Tagged | Comments Off on മേർസികില്ലിംഗ് ..

മാമ്പഴ പുളിശ്ശേരി

മാമ്പഴ പുളിശ്ശേരി

മാമ്പഴം ഇഷ്ടമില്ലാത്തവർ ആരും തന്നെ കാണില്ല .. മാമ്പഴ പുളിശ്ശേരിയുടെ കാര്യവും അതുപോലെ തന്നെ .. വെറും പതിനഞ്ചു മിനിട്ട് കൊണ്ട് തയാറാക്കാവുന്ന രുചികരവും ആരോഗ്യപ്രദവുമായ തൊട്ടുകൂട്ടൽ കൂട്ടാനാണ് മാമ്പഴ പുളിശ്ശേരി …  ഇതുണ്ടാക്കുന്നത് വളരെ എളുപ്പവുമാണ്  ..

 

വേണ്ട ചേരുവകൾ

മാമ്പഴം : മൂന്നോ നാലോ എണ്ണം ( നാരുള്ള  ഗോമാങ്ങ ഇനത്തിൽ പെട്ടതും തൊലി കട്ടിയില്ലാത്തതും കയ്പ്പില്ലാത്തതുമായ മാമ്പഴമാണ് ഉത്തമം )
മഞ്ഞപ്പൊടി : ഒരു നുള്ള്
മുളകുപൊടി : ഒരു ടീ സ്പൂണ്‍
ഉപ്പു : ആവശ്യത്തിനു
പച്ചമുളക് : നാലെണ്ണം
തേങ്ങ ചുരണ്ടിയത് : ഒരു തേങ്ങാ മൂടി
തൈര് : അര കപ്പ്
ജീരകം : ഒരു   ടീ സ്പൂണ്‍
വറ്റൽ മുളക് – 2 എണ്ണം  കടുക് : അര  ടീ സ്പൂണ്‍ വെളിച്ചെണ്ണ : 2 ടേബിൾ സ്പൂണ്‍   ഉലുവ : ഒരു നുള്ള്
കറിവേപ്പില : മൂന്നു കൊത്ത്

മാമ്പഴം ചെറു കഷണങ്ങൾ ആക്കി അതിൽ മഞ്ഞപ്പൊടിയും മുളകുപൊടിയും പച്ചമുളക് കീറിയിട്ടതും കറിക്ക് വേണ്ട ഉപ്പും ചേർത്ത് കത്തുന്ന അടുപ്പിൽ കുറച്ചു വെള്ളവും തെളിച്ചു വേവാൻ വെക്കുക

ഏഴ്  മിനിട്ടിനുള്ളിൽ അവ നന്നായി വെന്തു വരും .. അതിലേക്കു തേങ്ങാ ചുരണ്ടിയതും ജീരകവും കൂടി ചേർത്ത് തരു തരിപ്പോടെ അരച്ചെടുത്തത് ചേർത്ത് വീണ്ടും തിളപ്പിക്കുക … ഒന്ന് വെട്ടിതിളച്ചു കഴിഞ്ഞാൽ അടുപ്പിൽ നിന്നും മാറ്റി വെക്കുക ..എന്നിട്ട് അര കപ്പ് തൈര് + ഉലുവ പൊടിച്ചതും ചേർത്ത് ചെറുതായി ഇളക്കുക  .. ( തൈര് അതികം ചൂടുള്ള കറിയിൽ ഒഴിച്ചാൽ ഒരുകി അതിന്റെ സ്വാഭാവികതയും കറിയുടെ  ടെക്സ്ച്ചരും നഷ്ട്ടപ്പെടും )  ..  
ശേഷം വെളിച്ചെണ്ണ ചൂടാക്കി കടുക് പൊട്ടിച്ചു  വറ്റൽ മുളക് + കറിവേപ്പിലയും ചേർത്ത് ഇളക്കി  അവ മാറ്റി വെച്ചിരിക്കുന്ന നമ്മുടെ കറിയിലേക്ക്‌ ചേർക്കുക .. അടച്ചു വെക്കുക  ..

 

 

 

അഞ്ചു മിനിട്ടിനു ശേഷം ഇളക്കി വിളമ്പാം  .. രുചിയെകും മാമ്പഴ പുളിശ്ശേരി  തയ്യാർ   …
സജിത്ത്   ,    https://www.facebook.com/iamlikethisbloger

 

 

Digiprove sealCopyright secured by Digiprove © 2014 Sajith ph
Posted in cooking: My passion | Tagged | Comments Off on മാമ്പഴ പുളിശ്ശേരി

ചിതലരിക്കും മോഹങ്ങൾ ..


എഫ്ബിയും ഗൂഗിളും തരുന്ന സ്വാതന്ത്രത്തിനു നടുവിലും  ചില മോഹങ്ങൾ  ചിതലരിക്കുന്നു  

 

 

 

 

 

കത്തിയമരുന്ന ചൂടിലുരികിയമരുമ്പോളും
കരിമ്പനയിൽ നിന്നൊരു നങ്കിയെങ്കിലും കിട്ടിയെങ്കിലെന്നൊരു  മോഹം

 

അസ്ഥിമാത്രമവശേഷിപ്പിച്ചാ അണ്ണാറക്കണ്ണന്മാർ  അകലുമ്പോഴും
ചക്കരമാവിൽ നിന്നൊരു മാമ്പഴമെങ്കിലും കിട്ടിയെങ്കിലെന്നൊരു മോഹം

 

 മറന്നേക്കൂമെന്നവൾ  പറഞ്ഞു  നടന്നകലുംപോഴും
വെറുതെയെങ്കിലും തിരിഞ്ഞുനോക്കിയെങ്കിലെന്നൊരു മോഹം

 

സമയമില്ലാക്കഥകളുടെ  തിരക്കിലാരോക്കെയോ  അകലുമ്പോഴും
നിനക്ക് ഞാനുണ്ടെന്നൊരു വാക്ക് കേൾക്കാനൊരു മോഹം

 

 വിയർപ്പുതുള്ളികൾ കടലായ്  പെരുകുമ്പോഴും
 ഒരു മഴതുള്ളിയെങ്കിലും പിറന്നെങ്കിലെന്നൊരു  മോഹം

 

ഒടുവിൽ തുള്ളിക്കൊരു കുടം മഴയായ് പൊഴിയുമ്പോൾ

ഒരു പുതപ്പിനടിയിൽ വെറുതേ പെയ്യുന്ന മഴയെ വെറുതേ നോക്കി  വെറുതേ എന്തെങ്കിലും നിനച്ച് വെറുതെയങ്ങനെ കിടക്കാൻ വെറുതെയൊരു മോഹം 

 

മോഹങ്ങൾ  മോഹങ്ങൾ മാത്രമായവശേഷിക്കുമ്പോൾ
 മോഹങ്ങളില്ലാത്ത ജന്മത്തിനായ്  ഒരുമോഹം മാത്രം ബാക്കി …

 

സജിത്ത്   ,    https://www.facebook.com/iamlikethisbloger

 

 

Digiprove sealCopyright secured by Digiprove © 2014 Sajith ph
Posted in കഥ/കവിത | Tagged | Comments Off on ചിതലരിക്കും മോഹങ്ങൾ ..

ഈ പാപിയോട് പൊറുക്കുക …

 അവളെ കണ്ടപ്പോൾ ഇളം കറുപ്പ് നിറമുള്ള ആ മേനിയിൽ ഒന്ന് തലോടാൻ പറ്റിയെങ്കിൽ എന്നാണ് ആദ്യം  തോന്നിയത് ..  ഈശ്വരാ ഇത്രയും മനോഹരമായ ഒന്ന് ഈയടുത്തൊന്നും കണ്ടിട്ടില്ല .. നല്ല പുഷ്ടിപ്പുള്ള ആകാര വടിവ് …

സമയം പുലർച്ച ഒന്നര കഴിഞ്ഞിരിക്കുന്നു ..

പാലക്കാടിപ്പോൾ ആരും മനസമാധാനമായി ഉറങ്ങാറില്ല എന്ന് തന്നെ പറയാം ..   നാൽപ്പത്തൊന്നു ഡിഗ്രി ഉഷ്ണതിനിടയിൽ  തളർന്നു മയങ്ങുകയാണ് പതിവ് ..

 പക്ഷെ  എന്തോ എവിടെയോ ഒരു തേങ്ങൽ …  ഒരു നിമിഷം പുറകോട്ടു ഓർത്തപ്പോൾ  …ഏതു വിധത്തിൽ നോക്കിയാലും ചെയ്ത മഹാപാപം നിദ്രയെ തകർത്തെറിയുന്നു  .. മനസമാധാനം നഷ്ട്ടപ്പെട്ടിരിക്കുന്നു ..  ഒരു നിമിഷത്തെ ആവേശം നിയന്ത്രിചിരുന്നെങ്കിൽ  അല്ലെങ്കിൽ  ഒരു നിമിഷത്തെ മൌനം കൊണ്ട് ദൈവത്തിൻറെ മഹാസ്രിഷ്ടികളിലോന്നിനെ ..
ചൂടില നിന്ന് രക്ഷ നേടാൻ പടുപ്പുരയിൽ അഭയം പ്രാപിച്ച എന്റെ കണ്ണുകളെ വരവേറ്റത് അപ്രതീക്ഷിതമായ  ഒരു കാഴ്ചയായിരുന്നു ..

 അവളെ കണ്ടപ്പോൾ ഇളം കറുപ്പ് നിറമുള്ള ആ മേനിയിൽ ഒന്ന് തലോടാൻ പറ്റിയെങ്കിൽ എന്നാണ് ആദ്യം  തോന്നിയത് ..  ഈശ്വരാ ഇത്രയും മനോഹരമായ ഒന്ന് ഈയടുത്തൊന്നും കണ്ടിട്ടില്ല .. നല്ല പുഷ്ടിപ്പുള്ള  കഴുത്തിനെ മറയ്ക്കുന്ന ആകാര വടിവ് … അതുകൊണ്ട് തന്നെ കണ്ണുകളിലെ തിളക്കം കാണാൻ കഴിഞ്ഞില്ല .. ചൂടിൽ മയങ്ങിക്കിടക്കുക ആയിരിക്കണം  ..  

പൊടുന്നനെ സിരകളിലേക്ക് തിരിച്ചറിവിൻറെ  മാറ്റൊലികൾ പാഞ്ഞു .. പെട്ടെന്ന് മസ്തിഷ്കം പ്രതികരിച്ചു , അയ്യോ ..  

രണ്ട് മൂന്നു  നിമിഷത്തിനുള്ളിൽ അത് സംഭവിച്ചു ..   ചിലപ്പോൾ  ഒരു നേരത്തെ ഭക്ഷണം തേടി ഇറങ്ങിയതാകണം .. എപ്പോൾ തിരിച്ചെത്തുമെന്ന് പ്രതീക്ഷിച്ചു ദൂര വിദൂരതയിൽ ആരോ കാത്തിരിക്കുന്നുണ്ടാകണം ..  .. പക്ഷെ  മനോഹരമായ ഈ ഭൂമിയിലെ ഒരു കാഴ്ചയും ഒരു ശബ്ദവും അവളെ ഇനി കാത്തിരിക്കുന്നില്ല  .. 

എന്നെയവൾ ഒന്നും ചെയ്തില്ലെങ്കിലും  ഭീരുവായിരുന്നോ ഞാൻ ?   
ഭാരമുള്ള മുട്ടൻ വടിയൊന്നവളെ സ്പര്ശിച്ചപ്പോഴും  അവൾ പ്രതികരിച്ചില്ല .. ” നിന്നെ ഞാൻ ഒന്നും ചെയ്തില്ലലോ എന്നിട്ടും നീയെന്നെ ” എന്നതായിരിക്കണം അവസാനമായി അത് ചിന്തിച്ചത് ..

  ഒരു തരത്തിൽ ഞാൻ പാപിയാണ് ..   ഭയത്തിന്റെ പേരിൽ   വേറൊരു ജീവൻ അപഹരിക്കാൻ എന്തവകാശം ..   അവൾ എന്റെയടുത്തു എപ്പോൾ മുതൽ കിടന്നിരുന്നു എന്നറിയില്ല .. ഈ നിമിഷവും ഞാൻ ജീവിചിരിക്കുന്നെങ്കിൽ ഉപദ്രവിക്കണം എന്നൊരു ചിന്ത ഇല്ലാത്ത ഒരു ജീവനായിരുന്നു അത് ..  ഒന്നും മിണ്ടാതെ ഇരുന്നെങ്കിൽ ഒരു പക്ഷെ  അവളെ കാത്തു ദൂര വിദൂരതയിൽ ഇരിക്കുന്ന ആരൊക്കെയോ ചിലർക്ക് എന്തൊക്കെയോ ചിലത് നഷ്ട്ടപ്പെടില്ലായിരുന്നു .. അതൊന്നും ഓർക്കാതെ   …

” അറിഞ്ഞു തെറ്റ് ചെയ്യുന്നവൻ വേദനിക്കണം ..
അബദ്ധത്തിൽ ചെയ്യുന്ന പിശകിന്  പശ്ചാത്തപിക്കണം  ”   എന്ന് കേട്ടിട്ടുണ്ട് .. 

ഹൃദയം നുറുങ്ങുന്ന വേദനയോടെ പശ്ചാത്തപിക്കുന്നു .. ഈ പാപിയോട് പൊറുക്കുക  …

സജിത്ത്   ,    https://www.facebook.com/iamlikethisbloger  

 

 

Digiprove sealCopyright secured by Digiprove © 2014 Sajith ph
Posted in കഥ/കവിത | Comments Off on ഈ പാപിയോട് പൊറുക്കുക …