ഓർക്കാനൊരുപറ്റം ഓർമ്മകൾ

എൻറെയുള്ളിൽ ഒരു കുഞ്ഞു തീപ്പോരിയുണ്ട്;ഏതന്ധകാരത്തിലും ജ്വലിക്കുന്ന ഒന്ന് .. കണ്ണടക്കാതിരിക്കുമെങ്കിൽ  കാണാം

 

മുന്നോട്ടു കുതിച്ചു പായുംപോഴും പലപ്പോഴും നാം മറന്നു പോകുന്ന ഒന്ന് പിന്നിട്ട വഴികലൂടെയുള്ള ഒരെത്തിനോട്ടമാണ്  .. നാം എന്തായിരുന്നു എന്നോ എന്താണെന്നോ എന്നൊക്കെയുള്ള  തിരിച്ചറിവിലേക്കുള്ള വേദിയാകാറുണ്ട് അത്തരം സന്ദർഭങ്ങൾ …

മറന്നുതുടങ്ങിയിട്ടും ഒരിക്കലും മറക്കാൻ പാടില്ലാത്ത ചില ദിവസങ്ങൾ …   കണ്ണീരിൻറെ നനവിലും   നന്ദിയോടെ ഓർക്കാൻ ചില മുഖങ്ങൾ   … എപ്പോഴെക്കെയോ ഒരു കൈത്താങ്ങയവർ … ചിലതെല്ലാം വിട്ടു തന്നവർ …

 

തിരിഞ്ഞു നോക്കുമ്പോൾ  മുന്നിലുള്ളത് ബിരുദാനന്തരപഠനത്തിനും  ജോലിക്കും ഇടവേളയിലുള്ള  പത്തു മാസങ്ങൾ .  വീട്ടിലെ പത്തായം നിറഞ്ഞിരുന്നുവെങ്കിലും  വിശപ്പിന്റെ വിളി ഏറെ  അറിഞ്ഞതാണ് അന്ന്  …  ആരെയും എന്തും ചെയ്യാൻ പ്രേരിപ്പിക്കുന്ന ഒന്ന്  .. യഥാർത്ഥ വിശപ്പ്‌ നമ്മെ അന്ധരാക്കും …  രണ്ടു നേരവും വളരെ അത്യാവശ്യത്തിനു മാത്രം ഭക്ഷണവും  മാസത്തിലെ പത്തോ പതിനന്ജോ ദിവസം  ഒരു നേരം മാത്രം കഴിച്ചും  ഏഴെട്ടു  മാസം വിശപ്പെന്താണെന്ന് ജീവിതം  പഠിപ്പിച്ചിട്ടുണ്ട്  …

പ്ലസ്ടൂ കഴിഞ്ഞു   എന്ത് ചെയ്യും എന്നറിയാത്ത  ദിവസങ്ങൾ  … അപ്പോഴാണ്  കേട്ടത് കുറച്ചകലെയുള്ള  കോളേജിൽ  എങ്ങനെയെങ്കിലും സീറ്റ്  സങ്കടിപ്പിക്കാനായാൽ ജീവിതമേ മാറിപ്പോകുമെന്ന്  … അമ്മയുടെ ആഭരണങ്ങൾ  വെളിച്ചത്തെ ഭയപ്പെട്ടിരുന്നതുകൊണ്ട്  ബിരുദ  പഠനം തകൃതിയായി മുന്നോട്ടു നീങ്ങി

…. ഒരു വഴിയുമില്ലാതെയായപ്പോൾ ലോണിന്റെ ബലത്തിൽ പിജിയും കഴിഞ്ഞു …  ഒരുപാട് ചോദ്യങ്ങളും കുറെ പ്രതീക്ഷകളും മാത്രം ബാക്കി ..വീട്ടുകാരോടും  നാട്ടുകാരോടും എന്ത് പറയും എന്നറിയാത്ത ആ ദിവസങ്ങളിലെന്നോ   എവിടെ നിന്നോ കിട്ടിയ  ധൈര്യവുമായി കോയമ്പത്തൂർ നഗരത്തിലേക്ക്‌ കമ്പ്യൂട്ടർ കോഴ്സ് പഠിക്കാൻ പോയ മാസങ്ങൾ …

പഠിക്കാൻ പോകാൻ കോഴ്സ്ഫീ തന്ന ചില നല്ല മുഖങ്ങൾ ..
കോഴ്സ്ഫീ അല്ലാതെ അതികമൊന്നും കയ്യിൽ എടുക്കാൻ ഇല്ലാഞ്ഞതുകൊണ്ട്‌  കാര്യം ഉണർത്തിച്ചപ്പോൾ   വർക്ക്ഷോപ്പിന്റെ ടയർ നിറഞ്ഞ ഒരു മുറി ഒഴിപ്പിച്ചു താമസിക്കാൻ അനുവാദം തന്ന ഒരാൾ .. ദിവസം യാത്രാചിലവ് ഉൾപ്പെടെ ഇരുപതുരൂപയുടെ ബഡ്ജെറ്റിൽ   വണ്‍ബൈട്ടു ചായയുടെയും പരിപ്പുവടയുടെയും ബലത്തിൽ മുന്നോട്ടു നീങ്ങിയ  ദിവസങ്ങളിൽ ഇടക്കെപ്പോഴെങ്കിലും വയറു നിറയെ തട്ടുകടയിൽ നിന്നും ഭക്ഷണം വാങ്ങിതന്ന മുൻപരിചയമില്ലാത്ത  ഒരു തരൂർകാരൻ റൂംമേറ്റ്  ….

കോളെജിന്റെ തൊട്ടടുത്ത എസി ഓഡിറ്റൊരിയത്തിൽ രാത്രി  കല്യാണം ഉള്ള ദിവസങ്ങളിലോക്കെയും പതിവായി ഭക്ഷണം കഴിക്കാൻ പോയിരുന്നത് കണ്ട് കാര്യം തിരക്കിയപ്പോൾ , പിന്നീടു അവിടെ താമസിച്ച മാസങ്ങളിൽ കല്യാണം ഉള്ള ദിവസങ്ങളിൽ ഒക്കെയും ഭക്ഷണം എടുത്തു വെച്ചിരുന്ന  , ഭക്ഷണം എടുത്തു വെച്ചിട്ടുണ്ട് എന്നറിയിക്കാനായി കൃത്യം ഏഴ് മണിയോടടുപ്പിച്ച്  മൂന്നു പ്രാവശ്യം  ഓഡിറ്റൊരിയത്തിനു മുകളിലെ  വിളക്ക് അണച്ച് സിഗ്നൽ തന്നിരുന്ന  ഒരു തമിഴൻ കാവൽക്കാരൻ  … …

അങ്ങനെ കുറെ നല്ല മനുഷ്യർ … നന്ദിയോടെ ഓർക്കാൻ ചില മുഖങ്ങൾ … ജീവിതം അർത്ഥപൂർണ്ണമാകുന്നത്  അത്തരം ഓർമ്മകളിലൂടെയാണ് …ഒന്നും പ്രതീക്ഷിക്കാതെ ആർക്കെങ്കിലും എന്തൊങ്കിലുമൊക്കെ നൽകുമ്പോഴാണ്

                                              സജിത്ത്   ,    https://www.facebook.com/iamlikethisbloger         
                                                                        iamlikethis.com@gmail.com
Digiprove sealCopyright secured by Digiprove © 2013 Sajith ph
Posted in കഥ/കവിത | Tagged | Comments Off on ഓർക്കാനൊരുപറ്റം ഓർമ്മകൾ

ഓണം – ചില നഷ്ട്ടപ്പെടലുകൾ

തുമ്പയും മുക്കുറ്റിയും പറിച്ച് അത്തം മുതൽ ഓരോ വട്ടങ്ങളായി ഇട്ടു വന്നിരുന്ന പൂക്കളം അങ്ങനെ തിരുവോണം  പത്തു നില പൂക്കളം  …അതെല്ലാം ഓർമ്മയിൽ മാത്രം

പാലക്കാടൻ പാടങ്ങളിൽപ്പോലും മുക്കുറ്റിയെ കാണാനില്ല  .. അമിതമായ രാസവള ഉപയോഗത്തിൻറെ പരിണിത ഫലങ്ങളിൽ ഒന്ന് … പറമ്പിൽപ്പോയ് പൂ വലിക്കാൻ പറമ്പായ പറമ്പൊക്കെ റബ്ബർ മരങ്ങൾ കയ്യെറിയിരിക്കുന്നു …

അഞ്ജു വർഷങ്ങൾക്കു മുൻപ്  ദൂരദർശൻ മാത്രം മാധ്യമ ലോകം ഭരിച്ചിരുന്ന കാലത്ത്  ഒരു സീരിയലിൽ താമശ്ശയായി വന്ന ഒരു ചിത്രം ഓർക്കുന്നു , ഭാവിയിൽ ഓണത്തിന് ഭക്ഷണം ഓർഡർ ചെയ്തു കാത്തിരിക്കുന്ന ചില മലയാളികളെ .. ചില തമാശകൾ അങ്ങനെയാണ് , ഇന്നത്  ഒരു ആവശ്യമോ അത്യാവശ്യമോ ആയിരിക്കുന്നു  ..
പായസം മാത്രം ഉണ്ടാക്കി വിളമ്പിത്തുടങ്ങിയ  ഹൊട്ടെലുകളിൽ ഇപ്പോൾ അത്തം തൊട്ടു സദ്യ തുടങ്ങുകയായി …

ഇരുപതു കറികളും രണ്ടു പായസവും അടങ്ങിയ ഓണ സദ്യക്ക് ഫൈവ് സ്റ്റാർ ഹോട്ടെലുകൾ ഒരൂണിനു അറുനൂറു രൂപ വരെ ഈടാക്കി മലയാളികളെ ഉണ്ണിപ്പിച്ചുകൊണ്ടിരിക്കുന്നു  .. നാട്ടിന പുറങ്ങളിൽ എഴുനൂറു രൂപ കൊടുത്താൽ അഞ്ജുപേർക്ക്  പാലട അടക്കമുള്ള വിഭവങ്ങളോടെ സദ്യ തയ്യാർ  …

തൂശനില നിലത്തു വിരിച്ചു ചമ്രം പടിഞ്ഞിരുന്നു  ഇടതു നിന്ന് ഉപ്പേരിയും ശർക്കര വരട്ടി മുതൽ കഴിച്ചു തുടങ്ങിയിരുന്ന സദ്യ ഇപ്പോൾ ഡൈനിംഗ്  ടെബിളുകൾക്ക് വഴി മാറി .. നിലത്തിരിക്കാൻ ദേഹസ്ഥിതി സമ്മതിക്കാതായിരിക്കുന്നു ..അതുകൊണ്ടൊന്നും  നമ്മൾ പഠിച്ചിട്ടില്ല  ..

തമിഴ്നാടിലെ പച്ചക്കറിയും ഓണത്തിനുള്ള പൂക്കളും   ആന്ധ്രയിലെ ചോറും പിന്നെ അത് വെച്ച് തരാൻ    ഹൊട്ടെലുകാർ തയ്യാറും  .. വെറുതെയങ്ങനെ  ഉണ്ട് ജീവിക്കാൻ അല്ല മരിച്ചുകൊണ്ടിരിക്കാൻ  പ്രതിമകൾ കണക്കെ കുറെ ജന്മങ്ങളും  ..സത്യത്തിൽ അത്തരതിലെക്കുള്ള യാത്രയുടെ  പാതയിലാണ് നമ്മൾ
ഇതൊരു തമാശ മാത്രം എന്നിപ്പോൾ തോന്നാം അഞ്ചു വർഷം കഴിയുമ്പോൾ —-

ഓണം സത്യത്തിൽ കച്ചവടക്കാർക്ക് ഒരു ചാകരയായി മാറിക്കൊണ്ടിരിക്കുന്നു … ഒരു വീട്ടില് നിന്നും ശരാശരി  രണ്ടായിരം രൂപയുടെ വസ്ത്രങ്ങൾ മാത്രം വാങ്ങി ഓണത്തെ നമ്മൾ  ഗംബീരമായി ആഘോഷിച്ചു തുടങ്ങുന്നു  .. ഈ വർഷം കണ്ട അപകടകരമായ പ്രവണത  , പുതുതായി കല്യാണം കഴിഞ്ഞവർക്ക് രണ്ടു ഓണക്കോടി നല്കിയിരുന്നത് നിർത്തി ഓണത്തിന് പോലും സ്വര്ണ്ണം നല്കി തുടങ്ങി എന്നതാണ്  ..  ഒരു തുണ്ട് വസ്ത്രമോക്കെ എങ്ങനെയാണ് കൊടുക്കുക , സ്റ്റാട്ടസിന്  കുറച്ചിലല്ലേ എന്ന  മിഥ്യബോധം നമ്മളെ എവിടെക്കൊണ്ടെത്തിക്കുമെന്ന്  കാത്തിരുന്ന് കാണാം  …

മൂന്നു കോടി ആളുകൾ അഞ്ഞൂറ് രൂപ ശരാശരി വെച്ച്  ഓണക്കൊടിക്ക് ചിലവാക്കുമ്പോൾ   ചിലതെല്ലാം നാം ഒന്നോർക്കുന്നത്‌ നന്നായിരിക്കും …
ഓണത്തിന് കോടിയുടുക്കുക എന്നത്  പണ്ട് മുതൽ തുടർന്ന് വന്നിരുന്ന ഒന്നായിരുന്നു കാരണം അന്നൊക്കെ കർക്കിടകമാസത്തിലെ ദാരിദ്രത്തിനു ശേഷം വർഷം മുഴുവൻ ഉടുക്കാനുള്ള വസ്ത്രം എന്ന രീതിയിൽക്കൂടെ ആയിരുന്നു ഓണക്കോടി ..ഇന്നതൊക്കെ മാറി  …

ഈ പോക്ക് എവിടേക്ക് എന്നൊരു ആശയക്കുഴപ്പതിനിടയിലും  ഒന്നുമാത്രം , ഓണമല്ലേ കൊല്ലത്തിൽ ആകെയുള്ള .. ഇപ്പോഴില്ലാതെ പിന്നെപ്പോഴാ  …

ഹൃദ്യമായ ഓണ ആശംസകൾ നേർന്നുകൊണ്ട് തല്ക്കാലം വിട

 

സജിത്ത്   ,    https://www.facebook.com/iamlikethisbloger         
iamlikethis.com@gmail.com
Digiprove sealCopyright secured by Digiprove © 2013 Sajith ph
Posted in നമുക്ക്‌ച്ചുറ്റും | Tagged | Comments Off on ഓണം – ചില നഷ്ട്ടപ്പെടലുകൾ

കൂട്തേടി …അനുഭവക്കുറിപ്പ്

കൂട്തേടി  …അനുഭവക്കുറിപ്പ്

ഹൃദയശുദ്ധിയുള്ള ഒരു കൂട്ടം മനുഷ്യരുടെ നടുവിലാണല്ലോ എന്നത്  സ്വകാര്യ അഹങ്കാരമായി കൊണ്ട്നടക്കുമ്പോളാണ്  അപ്രതീക്ഷിതമായി ആ വാർത്ത‍ കേട്ടത് , ഒരു മാസത്തിനുള്ളിൽ വേറൊരു വീട് കണ്ടെത്തണം ..

ആ വാർത്തയെക്കാൾ വേദനിപ്പിച്ചത് അതിവേഗം മാറുന്ന ചില മനസുകളെയാണ് … പറഞ്ഞിരുന്നതൊന്നും ഓർക്കാത്ത , അല്ലെങ്കിൽ ഓർക്കുന്നെങ്കിലും മറക്കുന്ന  ചില മനസുകൾ  …  എത്ര വേഗമാണ് കഴിഞ്ഞതെല്ലാം മറക്കുന്നതെന്ന ചിന്തക്കിടയിലും ഒരു ചോദ്യം പോലെ മുന്നിലുള്ളത് വരാൻ പോകുന്ന ഒരു മാസമാണ്  …

തിരുവനന്തപുരത്തെ പതിവ് വഴിയോരങ്ങളിൽ ” for rent ” എന്നെഴുതിയ ഒരു പേപ്പരിനായി  വെറുതെയെങ്കിലും കൊതിച്ചു  … മറ്റേതൊരു സ്ഥലം പോലെ  ഇവിടെയും ബാച്ചിലെര്സിനു നല്ലൊരു വീട് കിട്ടണമെങ്കിൽ പെടാപ്പാടു പെടണം ..  കഴിഞ്ഞ രണ്ടു പകലുകൾ അവസാനിച്ചത്‌ അത്തരം ചില അന്വോഷണങ്ങളിലൂടെയാണ്   ……

അന്ജോളം തിരച്ചിലിനൊടുവിൽ  പ്രതീക്ഷിച്ചിരുന്നത് കേട്ടു ,
ബാച്ചിലർക്ക് വീട് കൊടുക്കാൻ തയ്യാറായ ആരോ  ഒരാൾ  …

നന്തങ്കോടിനടുത്തുള്ള ആ വീട് ഒറ്റക്കാഴ്ചയിൽ ബോധിച്ചു … അതിമനോഹരമായ ടൈലുകൾ വിരിച്ച ബാൽക്കണിയോടുകൂടിയ ഒന്ന്
ആ മനോഹരമായ വീടിലെ വിശാലമായ ഹാളിലെ ഒരറ്റം ചൂണ്ടിക്കാണിച്ച് വീട്ടുടമസ്ത പറഞ്ഞു

നിങ്ങൾക്കവിടം ഉപയോഗിക്കാം .. ഒരു കിച്ചണ്‍ കൂടിയുണ്ട് ..ഷെയർ ചെയ്യാം … നാലായിരം രൂപ , രണ്ടു മാസത്തെ വാടക അഡ്വാൻസ്  ..വേറെ രണ്ടുപെരെക്കൂടെ അടുത്ത മൂലകളിൽ കണ്ടു … പിഎസ്സി  ലോട്ടറി ഭാഗ്യം തേടിയിറങ്ങിയ  നാല് കണ്ണുകൾ  ..

ഈശ്വരാ … ഒരു മൂലയ്ക്ക് നാലായിരം രൂപ !!

മടിയോടെ നിന്നപ്പോൾ കാര്യം തിരക്കി .. അപ്പുറത്തുള്ള അടുത്ത വിശാലമായ  അറ്റാചിട്    ഹാൾ കാണിച്ചിട്ട് പറഞ്ഞു  …

ആറായിരം രൂപ …

“യേശുദേവൻ നിങ്ങളെ രക്ഷിക്കട്ടെ ” എന്നൊരു ബോർഡിലേക്ക് ഒരു നിമിഷം നോക്കിയപ്പോൾ പിന്നീടുള്ളതു കൂടെ പറഞ്ഞു

ഇവിടെ പൂജ ചെയ്യരുത് , വേറെ ദൈവങ്ങളുടെ ഫോട്ടോ വെക്കരുത് . .. ഹീറ്റർ ഉപയോഗിക്കരുത്  .. ടിവി പാടില്ല  , ഫ്രിഡ്ജും ഉപയോഗിക്കരുത്
റൂമിൽ വേറെ ആരെയും താമസിക്കാൻ പാടില്ല .. അങ്ങനെയെങ്കിൽ വരുന്നവർ വേറെ വാടക തരണം …

ഒരു തീരുമാനം എടുക്കാൻ അതികം ബുദ്ധിമുട്ടേണ്ടി വന്നില്ല .. നന്ദി പറഞ്ഞു അവിടെ നിന്നറങ്ങുമ്പോൾ കണക്കുകൂട്ടി  .. ആ വിശാലമായ ഹാളിൽ നിന്നും മാസം ഇരുപത്തിമൂവായിരം രൂപ കിട്ടിയിട്ടും പോരാത്ത രണ്ടു കണ്ണുകൾ  …

പിന്നെയും എട്ടോളം വിളികൾക്കൊടുവിൽ ഒരാൾ കൂടെ പച്ചക്കൊടി കാണിച്ചു  …

ആ സ്ത്രീ ശബ്ദം സംസാരിച്ചു തുടങ്ങി  … ജവഹർ നഗറിൽ റൂമോ വീടോ വേണമെങ്കിൽ ഉണ്ട് … എന്റെ മകളെല്ലാം ബംഗ്ലൂർ ബുദ്ധിമുട്ടി , മര്യാദക്ക് ഭക്ഷണം ഇല്ലാതെയാണ് പഠിച്ചത് അതുകൊണ്ട് ഇവിടെ താമസിക്കുന്നവര്ക്ക് നല്ല നാടൻ ഭക്ഷണം ഞാൻ തന്നെ കൊടുക്കുന്നുണ്ട്
നിങ്ങൾ ഇരുപതാമത്തെ ആളാണ് വിളിക്കുന്നത്‌ , പെട്ടെന്ന് വന്നു ടോക്കണ്‍ അഡ്വാൻസ്  തന്നിട്ട് പൊക്കൊ …അല്ല നിങ്ങള്ക്ക് പാചകം ചെയ്യാൻ ഇഷ്ടമാണെങ്കിൽ പാത്രങ്ങളും ഗാസും തരാം  …

ഈശ്വരാ ,  ഡബിൾ ലോട്ടറി അടിച്ചിരിക്കുന്നു  … നേരം കളയാതെ  കേട്ട മാത്രയിൽ അങ്ങോട്ട്‌ കുതിച്ചു

ദൂരെ നിന്ന് വീട്ടുടമസ്തയെ കണ്ടു  … മുടി മുഴുവൻ നരച്ച , കയ്യില ഒരു ബാഗും പുസ്തകവും എന്തിയ മാലാഘ  …
വിവരങ്ങളെല്ലാം തിരക്കി , അവര്ക്ക് ഒരേയൊരു നിര്ബന്ധം മാത്രം , വീട് വൃത്തിയായി സൂക്ഷിക്കുന്നവർ ആയിരിക്കണം  ..

എന്തായാലും സന്തോഷമായി  …. വീട് കാണിച്ചു തരാൻ പോകുന്ന വഴിയിൽഉടനീളം ബാച്ചിലർക്ക് വീട് കിട്ടാനുള്ള ബുദ്ധിമുട്ടിനെപ്പറ്റിയും
മക്കൾ ദൂരെ ജോലി ചെയ്യുന്നതിലെ സങ്കടത്തെപ്പറ്റിയും  വാ തോരാതെ സംസാരിച്ചു  ..

അങ്ങനെ വീടിലെത്തി .. ദൂരെ നിന്ന് കണ്ട മാത്രയിൽ ഒരു പഴയ ഇരുനില കെട്ടിടം  ..അടുത്തെത്തിയപ്പോൾ ശരിക്കും ഞെട്ടി  … അതി പുരാതനമായ ഒരു വാർക്കവീട്  … ചുമരുകൾ ഇളകി വീണ , നിലത്തു സിമന്റുകൾ ഇളകിപ്പോയ ഒന്ന് …

ആശ്വസാമായി അടുത്ത വാർത്ത‍ പറഞ്ഞു , പണി നടക്കുന്നെ ഉള്ളൂട്ടോ , ഒരാഴ്ച പിടിക്കും  …

കെട്ടിടത്തിലെ പാതി പൊളിഞ്ഞ റൂം ചൂണ്ടി അവർ പറഞ്ഞു , ആ റൂം ഒരു ട്രാവൽ  എജന്റ്റ് എടുതുപോയി .. ബാക്കിയുള്ള ഒരു റൂം ആണ് താഴെയുള്ളത് എന്ന് പറഞ്ഞു … അങ്ങനെ അടഞ്ഞു കിടക്കുന്ന ആ റൂം തുറന്നു കാണിച്ചു  … “കണ്ടതിനേക്കാൾ ഭീകരം കാണാനിരിക്കുന്നത് ” എന്നാ ഒരു പ്രതീതിയാണ് അത് തന്നത്  ..

ഒടുക്കം അവർ പറഞ്ഞു , മുകളിൽ ഒരു വലിയ ഹാൾ ഉണ്ട് അത് നോക്കിയാട്ടെ ..മൊത്തത്തിൽ ആണെങ്കിൽ പതിനയ്യായിരം മതി ..  എത്രയും പെട്ടെന്ന് അവിടെ നിന്ന് എങ്ങനെ ഇറങ്ങും എന്നറിയാതെ നില്ക്കുകയായിരുന്നു ..

നാടാൻ ഭക്ഷണം തരുന്നതുകൊണ്ട്‌ കുക്കിനെ വെക്കണം അതിന്റെ കാശും നിങ്ങൾ ഷെയറിട്ടാൽ മതി  … താഴെ റൂം വേണമെങ്കിൽ അയ്യായിരമേ വാങ്ങുന്നുള്ളൂ .. എല്ലായിടത്തെയും പോലെ കൊള്ള വാടകയൊന്നും എനിക്ക് വേണ്ട ..

ഒരു നിമിഷം ഒന്നും മനസിലായില്ല , അത് കൊണ്ട് തിരിച്ചു ചോദിച്ചു …
അപ്പോൾ താഴെ നിലമോക്കെ ടൈൽസ് ഇട്ടു ചുമർ പെയിന്റ് ചെയ്തു വരാൻ കുറെ താമസം എടുക്കില്ലേ  ?

അവരുടെ പുരികം ചുളിയുന്നത്‌ ശ്രദ്ധയിൽപ്പെട്ടു  ,

ഇതു ജവഹർ നഗറാ മോനെ ജവഹർ നഗർ ..
ഞാൻ സെന്റിന്  ഇരുപതഞ്ഞു ലക്ഷം കൊടുത്തു മേടിച്ച സ്ഥലമാണ് … ഈ കെട്ടിടം മൂന്നു വര്ഷം കഴിയുമ്പോ ഇടിച്ചു പൊളിക്കും പിന്നെ ഞാൻ എന്തിനാ നിലം പണിയുന്നത്  …  ആ മൂന്നു വർഷം കൊണ്ട് ഒരു സെന്റിന് ചിലവാക്കിയ കാശെങ്കിലും കിട്ടണ്ടേ …  വരുന്നവരെ സുഗിപ്പിച്ചു താമസിക്കാനല്ല വാടകയ്ക്ക് കൊടുക്കുന്നത് … വേണമെങ്കിൽ മതി  …

അത്രയും അവർ പറഞ്ഞു നിർത്തി  …   മൂന്നു വർഷം കഴിയുമ്പോൾ ഇതു പൊളിച്ചു മാറ്റുകയോന്നും വേണ്ട അപ്പോഴേക്കും തനിയെ വീണോളും എന്നുറക്കെ പറഞ്ഞു അവിടെ നിന്നും തിരിഞ്ഞു നടന്നു  …

നടന്നു നീങ്ങുമ്പോൾ ചില ഓർമ്മകൾ മനസിലുടക്കി  .. വർഷങ്ങൾക്ക്  മുൻപ് കോയമ്പത്തൂർ പഠിക്കാൻ പോയ കാലം .. റൂം സങ്കടിപ്പിച്ചു തരാമെന്ന് പറഞ്ഞു പറ്റിച്ച സീനിയർ മുങ്ങിയപ്പോൾ എന്ത് ചെയ്യണം എന്നറിയാതെ  രാത്രി ഒരു വീടിലേക്ക്‌ ചെന്ന് കയറിയ കഥ .. കാര്യം ഉണർത്തിച്ചപ്പോൾ , തല്ക്കാലം ടെറസിൽ കിടക്കാമോ എന്ന് പറഞ്ഞ ചില നല്ല മനുഷ്യർ  .. ഒടുക്കം അപ്രതീക്ഷിതമായി പെയ്ത മഴയിൽ നിന്നും രക്ഷ നേടാൻ  പ്രാവ് വളർത്തുന്ന വലിയ കൂട്ടിൽ കേറി കിടന്ന ഞങ്ങൾ അഞ്ചുപേർ  …    പിറ്റേ ദിവസം ആ മൂന്നുമുറി വീടിലെ ഒറ്റ മുറി ഞങൾക്കായി പത്തു ദിവസത്തോളം തന്ന ഹൃദയശുദ്ധിയുള്ളവർ

തിരിഞ്ഞു നോക്കുമ്പോൾ അന്നുമുണ്ട് പറഞ്ഞ വാക്ക് തെറ്റിച്ച ഒരു സീനിയർ .. വിശ്വാസമാണല്ലോ എല്ലാം … ഇന്നും അങ്ങനെ ചിലത് .. അതിൽ നിന്നൊന്നും പഠിക്കാതെ ഇപ്പോഴും !!!!

എവിടെയോ ഒരു മനുഷ്യത്വമുള്ള വീട്ടുടമസ്തൻ കാത്തിരിക്കുന്നുണ്ടാകുമെന്ന  പ്രതീക്ഷയിൽ തല്ക്കാലം വിട ..

സജിത്ത്   ,    https://www.facebook.com/iamlikethisbloger  

Digiprove sealCopyright secured by Digiprove © 2013 Sajith ph
Posted in കഥ/കവിത | 2 Comments

തലസ്ഥാന വാർത്തകൾ :-

അപകടമായതെന്തോ അടുത്തുതന്നെ വരാനിരിക്കുന്നു എന്ന പ്രതീതിയാണ്  തലസ്ഥാന നഗരത്തിലെ  ഓരോ നിമിഷവും  നല്കുന്നത്  … രണ്ടു ഹെലികൊപ്റ്ററുകൾ അടുപ്പിച്ചു   ഇടക്കിടെ വട്ടമിട്ടു പറന്നു കൊണ്ടിരിക്കുന്നത്  ഏതു നിമിഷവും ഒരു യുദ്ധം പ്രതീക്ഷിക്കാം എന്നൊരു തോന്നലും ഉണ്ടാക്കുന്നുണ്ട്  …

 

പ്രധാന കവലകളിൽ  ഇരുപതും ഇരുപത്തന്ജും കാക്കിയിട്ട പോലീസുകാർ  .. നഗര കവാടത്തിലേക്കുള്ള മൂന്നിൽ രണ്ടു ഭാഗം റോഡുകളും ബാരിക്കേഡുകൾ കൊണ്ട് അടച്ചിട്ടിരിക്കുന്നു  …  അതറിയാതെ അവിടെ എത്തിയ ഇരുചക്ര വാഹനങ്ങളിലെ ചിലർ ഒരു ബാരിക്കെടിനിടയിലൂടെ സ്ഥലം ഉണ്ടാക്കി നൂണ് പോകുന്ന കാഴ്ച കൌതുകത്തോടെ നോക്കി നിൽക്കുന്ന പോലീസുകാരാൽ സമൃദ്ധമാണ് ചിലയിടങ്ങൾ …

തിരുവനന്തപുരത്തെ ഹൃദയ ഭാഗത്തോട് ചേർന്നുള്ള ഒട്ടു മിക്ക കടകളും അടഞ്ഞു തന്നെ കിടക്കുന്നുണ്ട്  ..ഏതാനം ചില ഹോട്ടെലുകൾ മാത്രം തുറന്നിരിക്കുന്നു  …  ഒട്ടുമിക്ക തലസ്ഥാന വാസികളും  ഒരു ഹർത്താലിന്റെ ആലസ്യത്തിലാണ്  … പാളയം തൊട്ട് അങ്ങ് അരിസ്ടോ ജങ്ക്ഷനും കഴിഞ്ഞു  ആയുർവേദ കോളേജ് വരെ  തലയിൽ ചുവപ്പ് തൊപ്പിയണിഞ്ഞ ഇടതുപാർട്ടി അനുഭാവികളാൽ സമ്പന്നമാണ് …  കേരളത്തിലെ തെക്ക് തൊട്ട് വടക്ക് നിന്ന് വരെ വന്നവർ മുഴുവനുണ്ട്‌  … കൂടുതലും കോഴിക്കോട് , കണ്ണൂർ പാലക്കാട്‌ നിന്ന് വന്നവർ ..  രാവിലെ ഉപ്പുമാവും രണ്ടു ചെറുപഴവും ചൂട് വെള്ളവും ആയിരുന്നു ഭക്ഷണം  ഉച്ചക്ക് ചോറും  സാമ്പാറും അവിയലും തോരനുമാണ് എന്ന് പറഞ്ഞു കേട്ടു .. പതിനാറു സ്ഥലങ്ങളില ഭക്ഷണ വിതരണം ഉണ്ട് .. നല്ല തിരക്ക് കാരണം ആ ഭാഗത്തേക്ക്‌ പോയില്ല .. രാത്രി കഞ്ഞിയും പുഴുക്കുമാണ് എന്നും കേട്ടു .. നാളെ കൂട്ടുകറിയാണ് താരം എന്നാണ് പ്രവർത്തകർ ചിലർ പറഞ്ഞത് .. നാളെ നേരത്തെ എത്തണം എന്ന് മനസ്സിൽ ഓർത്തപ്പോഴേക്കും ചിലർ പറഞ്ഞു , കാസർക്കോട് നിന്നും പാലക്കാട്‌ നിന്നും കുറച്ചു പേര് കൂടെ വരുന്നുണ്ട് എന്ന് …

ഇടക്ക് മഴ ഒന്ന് വന്നു പോയതോഴിച്ചാൽ നല്ല കുളിർമ്മയുള്ള തെളിഞ്ഞ കാലാവസ്ഥ … ഒരുപാട് പേരുടെ കയ്യിൽ മുഖ്യൻ ഉമ്മൻ ചാണ്ടിയും , സരിതയും കാതോടു കാത്തു ചേർന്ന് നിൽക്കുന്ന വലിയ പോസ്റ്ററുകൾ  …
യുഎൻ  അവാര്ഡ് കൊടുത്ത ആരെങ്കിലും കണ്ടാൽ   ജന്മ നാട്ടിൽ മുഖ്യന് നല്കുന്ന സ്വീകരണം അതി ഭയങ്കരം എന്ന് പറഞ്ഞു പോകും …എല്ലാവരിൽ നിന്നും ഉയരുന്നത് ഒന്ന് മാത്രം മുഖ്യൻ രാജി വെക്കുക ..
എണ്ണം കൃത്യമായി പറയാൻ കഴിയില്ലെങ്കിലും ഇരുപതയ്യായിരത്തോളം വരുമെന്ന് തോന്നുന്നു .. ഇനിയും ചിലർ അടുത്ത് തന്നെ വരാനുണ്ട് എന്നാണ് പ്രതീക്ഷയോടെ ചില പ്രവർത്തകർ പറഞ്ഞത്  …

പോലീസുകാരുടെ മുഖത്തും നേരിയ പരിഭ്രമത്തിന്റെ ലാഞ്ചന പോലുമില്ല  … ആയിരത്തിലതികം പട്ടാളക്കാർ ഉണ്ടെന്നു കേട്ടെങ്കിലും അവർ വഴിയരികിൽ ഇല്ല .. റിസർവ് ആയി വെച്ചിരിക്കുകയാനത്രെ
പോലീസുകാരിൽ ചിലരുടെ ലീവ് കാൻസൽ ചെയ്യിപ്പിച്ചുപോലും എത്തിച്ചിട്ടുണ്ട് എന്നാണ് ഒരു പോലീസ് സുഹൃത്ത്‌ പറഞ്ഞത്  …

പ്രവർത്തകർക്ക് ഭക്ഷണത്തിനുള്ള വകകളൊക്കെ അടുത്തുള്ള ചാല മാർക്കറ്റിൽ നിന്നും  ഒരുപാട് പാർട്ടി പ്രവർത്തകരുടെ പക്കൽ നിന്നും സങ്കടിപ്പിച്ചതാണ് എന്നാണ് അറിയാൻ കഴിഞ്ഞത്  …

“വന്നു ചോദിച്ചാൽ കൊടുത്തല്ലേ പറ്റൂ , ഇനിയും ഇവിടെയൊക്കെ ജീവിച്ചുപോണ്ടേ  എന്നാണ് ഒരു പലചരക്കു കടക്കാരൻ പറഞ്ഞത് ”

ഒരാഴ്ച കഴിയാനുള്ള വസ്ത്രങ്ങളുമായാണ് കുറെയതികം  പ്രവർത്തകരും എത്തിയിരിക്കുന്നത് .. നാളെ സമരം കൂടുതൽ പ്രക്ഷുബ്ധമായെക്കം എന്നാണ് ചില പ്രവർത്തകർ  പറയുന്നത് … കസേര തെറിപ്പിചിട്ടെ നാട്ടിലെക്കുള്ളൂ എന്നാണ് ജന സംസാരം …

സരിതയെന്ന സ്ത്രീ സ്വപ്നത്തിൽ പോലും ചിന്തിച്ചിരിക്കാൻ ഇടയില്ല ഇതൊന്നും ..  ആയിരക്കണക്കിന് പ്രവർത്തകർ ഇവിടെ എത്താൻ ചിലവഴിച്ച പൈസ , പട്ടാളം ഇറക്കാൻ വേണ്ടി ചിലവാക്കപ്പെട്ട കാശ് , പ്രവർത്തകർക്ക്  ഉണ്ടും ഉറങ്ങിയും പോകാൻ ചിലവഴിക്കാൻ പോകുന്നവ , കടകൾ അടഞ്ഞത് കൊണ്ടുള്ള  വ്യപാരികളുടെ നഷ്ടം , സർക്കാർ/  ഇതര സ്ഥാപനങ്ങൾ അടഞ്ഞതുകൊണ്ടുള്ള നഷ്ടം ,    പ്രവർത്തകരുടെ ജോലി സമയ നഷ്ടം എന്നിവയെല്ലാം നോക്കിയാൽ  ഒരു പക്ഷെ ഈ  സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട്  കിട്ടിയതിലതികം പണം അതിന്റെ പേരിൽ ചിലവഴിക്കപ്പെട്ടിരിക്കുന്നു  .. അമ്പതിലതികം കോടി രൂപ 🙁        ചാനലുകാർക്ക് കഴിഞ്ഞ ഒന്നരമാസമായി കിട്ടിയ ചാകരയായിരുന്നു  ഇത് .. ഒടുക്കം ആർക്കാനിതിൽ  ലാഭം എന്നത് നമ്മൾ ഓരോരുത്തരും ഓർത്തു നോക്കേണ്ട ഒന്നാണ് .. പഴയ ചില വരികൾ ഓർമ്മ വരുന്നു  …
കനകം മൂലം കാമിനി മൂലം കലഹം പലവിധമുലകിൽ സുലഭം

റോഡുകൾ രാപ്പകൽ സമരത്തിന്റെ പേരിൽ ഹർത്താൽ സമാനമായ അന്തരീക്ഷം സ്രിഷ്ടിച്ചതുകൊണ്ട്  ജോലിക്ക്  എത്താൻ  പത്തു മിനിട്ട് വൈകി , സൊറി എന്ന് ടൈപ്പ് ചെയ്തു അങ്ങേ തലക്കൽ ഇരിക്കുന്ന സായിപ്പിനെ അറിയിച്ചപ്പോൾ  തിരിച്ചൊരു ചോദ്യം …

Harthal ? wtf is that

എന്ത് പറയണം എങ്ങനെ പറയണം എന്നൊന്നും അറിയില്ല

its its …. its complicated .. എന്ന് പറഞ്ഞു മനസ്സിൽ അവന്റെ അച്ഛന് വിളിച്ചു ചിരിയോടെ കേറുമ്പോൾ  ഒന്നുണ്ട് … തലസ്ഥാനം കണ്ടത്തിൽ വെച്ചേറ്റവും അച്ചടക്കമുള്ള വലിയൊരു ജന പങ്കാളിത്തതോടെയാണ് രാപ്പകൽ സമരത്തിന്റെ  ആദ്യ ദിനം അവസാനിക്കുന്നത് .. നാളെ എന്തും സംഭവിച്ചേക്കാം

സജിത്ത്   ,    https://www.facebook.com/iamlikethisbloger         
iamlikethis.com@gmail.com
Digiprove sealCopyright secured by Digiprove © 2013 Sajith ph
Posted in രാഷ്ട്രീയം | Tagged | Comments Off on തലസ്ഥാന വാർത്തകൾ :-

ഒരു പുതുമഴ

തുള്ളിക്കൊരുകുടം മഴയങ്ങനെ പുറത്ത്  തിമർത്ത് പെയ്യുകയാണ് … ഇടക്ക് വീശിയടിക്കുന്ന കാറ്റാണ് പാലക്കാടൻ മഴയുടെ പ്രത്യെകത ….
ഉമ്മറകോലായിൽ നിന്നും കേട്ട അപരിചിത ശബ്ദമാണ് എവിടെക്കോ പോകുന്ന  നിനവുകൾക്ക് കടിഞാണിട്ടത്   …

 

പടത്തിയാരമ്മേ …. പടത്തിയാരമ്മേ ….

എന്താണെന്നോ , ആരാണെന്നോ അറിയാൻ കൊതിച്ച്‌ അലസതയോടെ  അമ്മയോടൊപ്പം നടന്നുനീങ്ങിയ എന്റെ കണ്ണുകൾക്ക്‌ വിരുന്നോതിയത്
എഴുപതു കഴിഞ്ഞെന്നു തോന്നിക്കുന്ന നരച്ച മുടിയോടെയും ചുളിഞ്ഞ തോലിയോടെയും  കൂടിയ ഒരു സ്ത്രീയാണ്  ..

ഒരെത്തി നോട്ടത്തിനു ശേഷം  അമ്മ പത്തായത്തിലേക്ക് നീങ്ങി  …

ഉണ്ണ്യേ , ഇത്തിരി കഞ്ഞീന്റെ വെള്ളമുണ്ടാകുമോ എടുക്കാൻ  .. എവിടുന്നും ഒന്നും കിട്ടീല്ല  ..  നനുത്ത ശബ്ധത്തിൽ അവർ പിറുപിറുത്തു

ഉള്ളിലേക്ക് നീങ്ങിയ അമ്മ മഴയുടെ ശബ്ധത്തിൽ  അത് കേൾക്കാൻ വഴിയില്ല  …

ഓഹോ , അപ്പോൾ ഇവിടെ  പട്ടിണി കിടക്കുന്നവർ ഇപ്പോഴും ഉണ്ടോ എന്ന അതിശയത്തോടെ അവരെ നോക്കി …

പടതിയാരമ്മ എവിടി ? ഇവിടില്ലേ  എന്നവർ ചോദിച്ചു …

ചോദ്യം എന്നോടാണ് .. ഒന്നുകൂടെ സ്പഷ്ടമായി വീണ്ടും ആ ചോദ്യം നീണ്ടു

ഉണ്ണീന്റെ മുത്ത്യെ …  അച്ഛമ്മ , ഇവിടില്ലേ  …

ഉണ്ട് , അകത്തു കിടക്കുകയാണ്  …ഞാൻ പറഞ്ഞു നിർത്തി

വിശേഷിചോന്നുമില്ലലോ ല്ലേ … അല്ലാ  .. ഉണ്ടാകില്ല , ആരെയും മുഷിപ്പിക്കാതെ ദൈവം കാത്തോളും  .. എത്ര പേർക്ക് ചോറ് വിളമ്പിയ കയ്യാണ്  …. അത് പറഞ്ഞു തീരുമ്പോഴേക്കും  വാക്കുകളെ മൌനം കാർന്നിരുന്നു …

ഉള്ളിലേക്ക് പോയ അമ്മയെ ഇതുവരെ കണ്ടില്ലല്ലോ എന്നോർക്കുന്നതിനിടയിൽ  അവർ മുൻപ് പറഞ്ഞതു ഓർമ്മയിൽ തെളിഞ്ഞു  … “”എവിടുന്നും ഒന്നും കിട്ടീല്ല “”

ഒരു കൌതുകത്തോടെ ചോദിച്ചു , സർക്കാർ ഒരു രൂപയ്ക്കു അരി തരുന്നില്ലേ  .. അത് വാങ്ങിക്കഴിചാൽപ്പൊരെ …

അത് വിറ്റ് കിട്ടണ കാശ് മരുന്നിനു തികയില്ലെന്റെ  ഉണ്ണ്യേ  …

അപ്പൊ മക്കൾ , അവരില്ലേ

അവരെയൊക്കെ ഓരോ വഴിക്കാക്കി വിട്ടു, ഒടുക്കംഅവരെന്നെയും   … വീണ്ടും മൌനം വാക്കുകളെ വിഴുങ്ങി  .

ഒരു മുറത്തിൽ അരിയും , കുറച്ചു ഉപ്പും ഉണക്ക മുളകും ഇത്തിരി മല്ലിയുമായി അമ്മ പ്രത്യക്ഷപ്പെട്ടു  .. അത് വാങ്ങി ഓരോ കവറുകളിൽ ആക്കുന്നതിനിടയിൽ അവർ വീണ്ടും ചോദിച്ചു

ഉണ്ണ്യേ , ഇത്തിരി കഞ്ഞീന്റെ വെള്ളമുണ്ടാകുമോ എടുക്കാൻ  ..

ഭസ്മപ്പെട്ടികിടയിലൂടെ അമ്മ അകത്തേക്ക് നോക്കിപ്പറഞ്ഞു  , ഇപ്പഴോ ? ഇപ്പൊ  മണി എത്രയായീന്നാ  .. ഈ മൂന്നരാക്കണോ ചോറ്  ?

അതും പറഞ്ഞു അമ്മയെന്നെ ഒന്ന് നോക്കി .. എന്ത് പറയണം എന്നറിയാതെ ഓടിനു മേലെ വീഴുന്ന വെള്ളത്തുള്ളികൾ ശ്രദ്ധിക്കുന്ന മട്ടിൽ പുറത്തേക്കു നോക്കി  …

ഒരർത്ഥത്തിൽ തെറ്റുകാരൻ ഞാനാണ്  ..
ഒരു വീടല്ലേ , ആരെങ്കിലും ഉച്ച സമയത്ത് ഒരു പിടി ചോറിനു വന്നാൽ കൊടുക്കണ്ടേ എന്നെല്ലാം അമ്മ പറഞ്ഞെങ്കിലും .. ഈ കാലത്തോ …ആര് വരാനാണ് .. വേണ്ട വേണ്ട , ആവശ്യമുള്ളത് ഇട്ടാൽ മതി എന്ന് പറഞ്ഞതും ഞാനാണ്  …

ഇത്തിരി മോരിന്റെ വെള്ളം തര്വോ  ? അവർ പിടി വിടുന്ന വട്ടമില്ല

ഈ മഴക്കാലത്ത്‌ ആര് മോര് കുടിക്കാനാണ് .. ഇവിടെ മോരും പാലും ഒന്നുമില്ല .. തൊഴുത്തിൽ പശുവില്ല പിന്നെങ്ങനെ   , അതും പറഞ്ഞു അമ്മ  ഒന്നുകൂടെ നോക്കി

രണ്ടു മാസം മുൻപേ  നിർബന്ധിച്ച് പശുക്കളെ വില്പ്പിച്ചത് ഓർത്തെടുത്തു .. പാലിന്  മിൽമപ്പാൽ  ഇല്ല്യേ  , മോരും കിട്ടും  .. അതിനു വേണ്ടി നിങ്ങൾ ബുദ്ധിമുട്ടണോ  …. എന്നൊക്കെ വാദിച്ചാണ്  തൊഴുത്ത് കാലിയാക്കിയത് … . മുഖത്തിന്‌ കൂടുതൽ കനം  അനുഭവപ്പെടുന്നതായി വെറുതേ തോന്നിയതായിരിക്കണം , മുഖമുയർത്താൻ നന്നേ പാടുപെട്ടു   …

വിശന്നിട്ടു വയ്യെന്റെ കുട്ട്യേ  …

പണ്ടുള്ളവർ പറയുന്നതിലും ചെയ്യുന്നതിലും എന്തെങ്കിലും കാര്യം കാണും എന്നത് വീണ്ടും ഓർമ്മയിൽത്തെളിഞ്ഞു …

ഇടയിൽ കുറച്ചു പഴവുമായി  അമ്മയുടെ കൈകൾ നീണ്ടു  …
ദൈവം രക്ഷിക്കും മകളെ  നിന്നെയെന്നു പറഞ്ഞു അവരത്‌ ആർത്തിയോടെ വാങ്ങി  ….

 

അത്രയും സന്തോഷം അടുത്ത കാലത്തൊന്നും ആരിലും കണ്ടിട്ടില്ല  …  .. പുറത്തപ്പോൾ അടുത്ത മഴക്കുള്ള ഒരുക്കങ്ങളിലായിരുന്നു  ….

സജിത്ത്   ,    https://www.facebook.com/iamlikethisbloger         
iamlikethis.com@gmail.com

 

Digiprove sealCopyright secured by Digiprove © 2013 Sajith ph
Posted in കഥ/കവിത | Comments Off on ഒരു പുതുമഴ

മാധ്യമധർമ്മം


നല്ല വാർത്തകളിലൂടെ  ക്രിയാത്മകമാറ്റങ്ങൾക്ക് തിരി കൊളുത്തിയ മാധ്യമ പ്രവർത്തകർ ഇവിടെ ഉണ്ടായിരുന്നു …ഒരു നേതൃത്വം ഉണ്ടായിരുന്നു ..  ഇന്നതൊരു കേട്ട് കേൾവി മാത്രമായ് അവശേഷിക്കുമ്പോൾ നമുക്ക് മുന്നിലേക്ക്‌ വരുന്നത്
ഹോർമോണ്‍ കുത്തിവെച്ചു കൊഴുപ്പ് കൂട്ടിയ കോഴിയെപ്പോലെ കുറെ വാർത്തകൾ  … ചേർക്കാൻ എരിവും പുളിയും  …

“എത്തിക്സ്” എന്നൊരു സംഭവം പലപ്പോഴും മാധ്യമരംഗത്ത്‌ കേട്ട് കേൾവി  പോലും ഇല്ലാത്ത ഒന്നാണ് …  എന്തും കാണിക്കാൻ കുറെ ചാനലും കാണാൻ വിധിക്കപ്പെട്ട ജനവും  … റിമോട്ട് ബട്ടണ്‍ പ്രേക്ഷകരുടെ കയ്യിലാണ് എന്നത് മാത്രമാണ് ഒരാശ്വാസം  ….

ഇക്കഴിഞ്ഞ ദിവസം ലൈവ് ആയി  പുറത്തുവന്ന പരസ്യ ചിത്രീകരണ വാർത്തകളും , കഴിഞ്ഞ ഏതാനം ദിവസമായി പത്ര-ദൃശ്യ മാധ്യമങ്ങളിൽ നിറയുന്ന ചില വാർത്തകളുമാണ് ഈ പോസ്റ്റിനാധാരം  ….തുടങ്ങും മുൻപേ പറയട്ടെ ഇതൊരു ശരാശരി മനുഷ്യന്റെ വീക്ഷണമാണ്  ….

മാധ്യമങ്ങൾ ബ്രേകിംഗ് ന്യൂസ്‌ ആയും ലൈവ് ആയും  മഞ്ജുവിന്റെ പരസ്യ ചിത്രീകരണ വാർത്ത കൊടുക്കാൻ മത്സരിച്ചപ്പോൾ ഒന്ന് ചോദിച്ചോട്ടെ ,     ഈ വാർത്തക്ക് ഇത്ര പ്രാധാന്യം നൽകേണ്ടിയിരുന്നോ ?   കേവലമൊരു പരസ്യ ചിത്രത്തിൽ ക്കവിഞ്ഞൊരു പ്രാധാന്യം ഉണ്ടായിരുന്നോ ?

കഴിഞ്ഞ ഏതാനം മാസങ്ങൾക്കുള്ളിൽ പെട്രോൾ വില ആറു രൂപ കൂടിയിരിക്കുന്നു ..കഴിഞ്ഞ ദിവസവും കൂടി .. സവാളയുടെ വില മുപ്പതന്ജായിരിക്കുന്നു  … തക്കാളി ഇപ്പോഴും അറുപതിൽ  .. രൂപയുടെ മൂല്യം അറുപത്തി ഒന്നിൽ … ഒരുപാട് വാർത്തകൾ ദേശീയ തലത്തിലും ..

പണ്ടൊക്കെ മാധ്യമങ്ങൾ നേരിൻറെ വഴിയെ ആയിരുന്നു …പക്ഷെ ഇന്ന് ?  ഏതു വിധേനയും രേടിംഗ് ഉയർത്തുക എന്നത് മാത്രമായി പത്ര ധർമം പലപ്പോഴും തരം  താഴുമ്പോൾ  അവർ അടിച്ചേല്പ്പിക്കുന്ന മസാല വാർത്തകൾ കാണാൻ നിര്ബന്ധിതരാകുന്നു  … വേറെ ചാനെൽ വെച്ചൂടെ എന്നാരെങ്കിലും ചിന്തിച്ചുപോയാൽ  , മറ്റിടത്തും ഏറെക്കുറെ സമാന സ്ഥിതിയാണെങ്കിൽ 🙁

പീഡന വാർത്തയും ,അതിനു പുറകെ  ഒരു പണിയുമില്ലാത്ത സ്ഥിരം കുറെപ്പേരുടെ പ്രതികരണവും കൊണ്ട് ന്യൂസ്‌ ചാനലുകൾ സമയം തികക്കാൻ പാടുപെടുമ്പോൾ  ടിവി ഓഫ്‌ ആക്കുക എന്നത് മാത്രമാണ് ആകെയുള്ള ആശ്വാസം  …

കുറെ പെണ് വിഷയങ്ങൾ ആവർത്തിച്ചു കാണിച്ചു അടിചെൽപ്പികുമ്പോൾ  പറയുന്ന ന്യായം ഇതൊക്കെ കാണാൻ ആണ് മലയാളിക്ക് താല്പ്പര്യം എന്നാണ് …. പക്ഷെ സത്യം , ഗതികേടുകൊണ്ട് മാത്രം കണ്ടുപോകുന്നതാണ്  … തുടരെത്തുടരെ ഇത് തന്നെ കാണിക്കുമ്പോൾ   കുറെയൊക്കെ കണ്ടില്ല കേട്ടില്ല ഇന്ന് വെച്ചാൽപ്പോലും …….

കുറെ സാങ്കല്പ്പിക കേട്ട് കഥകളും , ഊഹാപോഹങ്ങളെ ഊതി വീർപ്പിച്ച് ചര്ച്ച ചെയ്യാൻ സ്ഥിരം കുറെ ചര്ച്ചക്കാരും  …   സത്യത്തിൽ ഇത്തരം ഒരു ചർച്ചയും ക്രിയാത്മക പുനര് വിചിന്തനത്തിന് വഴി വെച്ചിട്ടില്ല എന്നത് മാത്രമാണ് സത്യം എന്നത് അവശേഷിചിരിക്കെ  വീണ്ടും ചർച്ചകളുമായി കുറേപ്പേർ

ആരോപണ വിധേയനായ വ്യക്തിയുടെ കുടുംബം കുളംതോണ്ടി  , അവര്ക്ക് ശ്വാസം വിടാൻ പോലും ഇട നൽകാതെ വേട്ടയാടി ….ചിലപ്പോൾ വേണമെങ്കിൽ   ഒടുവിൽ അവരെ ഒരു മഹാത്മാവായി വരെ ആകിക്കളയും  .. ഇതൊക്കെ കാണാൻ വിധിക്കപ്പെട്ടതോ , പാവം  പ്രേക്ഷകർ ..

അപ്രധാന വാർത്തകൾ അനാവശ്യ ഹൈപ്  കൊടുത്തു അവതരിപ്പിക്കുന്ന പ്രവണത മാധ്യമങ്ങൾ തുടങ്ങിയിട്ട് നാളേറെയായി
എന്നാണിതിൽ നിന്നൊരു മോചനം എന്നത് ഉത്തരം ഇല്ലാത്ത ഒരു കടങ്കഥപോലെ  അവശേഷിക്കുന്നു  ….

ഫലമോ

കിടപ്പറയിൽ എത്തി നില്ക്കുന്ന സ്റ്റിങ്ങ്  ഓപ്പരേഷനും  …മസാല ചേർത്തിളക്കിയ വാർത്ത‍- റിയാലിറ്റി ഷോയും  …  “എത്തിക്സ്” എന്നൊരു സംഭവം പലപ്പോഴും മാധ്യമരംഗത്ത്‌ കേട്ട് കേൾവി  പോലും ഇല്ലാത്ത ഒന്നാണ് …  എന്തും കാണിക്കാൻ കുറെ ചാനലും കാണാൻ വിധിക്കപ്പെട്ട ജനവും  … റിമോട്ട് ബട്ടണ്‍ പ്രേക്ഷകരുടെ കയ്യിലാണ് എന്നത് മാത്രമാണ് ഒരാശ്വാസം  ….

കുറെ നല്ല വാർത്തകളിലൂടെ  ക്രിയാത്മകമാറ്റങ്ങൾക്ക് തിരി കൊളുത്തിയ കുറെ നല്ല മാധ്യമ പ്രവർത്തകർ ഇവിടെ ഉണ്ടായിരുന്നു ..അത്തരത്തിലുള്ള ഒരു നേതൃത്വം ഉണ്ടായിരുന്നു ..  ഇന്നതൊരു കേട്ട് കേൾവി മാത്രമായ് അവശേഷിക്കുമ്പോൾ നമുക്ക് മുന്നിലേക്ക്‌ വരുന്നത്
ഹോർമോണ്‍ കുത്തിവെച്ചു കൊഴുപ്പ് കൂട്ടിയ കോഴിയെപ്പോലെ കുറെ വാർത്തകൾ  … ചേർക്കാൻ എരിവും പുളിയും  …

കാലത്തിനൊത് എത്തുന്നില്ലെങ്കിലും ദൂരദർശൻ  മാത്രമാണ്  ആശ്വാസം  ..

എന്നെങ്കിലും ഒരു മാറ്റം പ്രതീക്ഷിച്ചുകൊണ്ട്  …. തല്ക്കാലം വിട

സജിത്ത്   ,    https://www.facebook.com/iamlikethisbloger         
iamlikethis.com@gmail.com
Digiprove sealCopyright secured by Digiprove © 2013 Sajith ph
Posted in നമുക്ക്‌ച്ചുറ്റും | Tagged | 1 Comment

വ്യഭിചാരി ….

ഇതൊരു യഥാർത്ഥ സംഭവമാണ് ..  ആവർത്തിക്കപ്പെടാവുന്ന ഒന്ന് .. സാഹചര്യങ്ങളും കഥാപാത്രങ്ങളും മാത്രം  മാറിയേക്കാം ..
you … you …incest-er ..get rid of from her ….guys kill this bastard  അവൾ അലറിവിളിച്ചു  ( incest-നിഷിദ്ധസംഗമം)

 

ഇതൊരു യഥാർത്ഥ സംഭവമാണ് .. ഇനിയും ആവർത്തിക്കപ്പെടാവുന്ന ഒന്ന് .. സാഹചര്യങ്ങളും കഥാപാത്രങ്ങളും മാറിയേക്കാം ..

പത്തു തിവസം മുൻപ് അത്തരമൊരു സാഹചര്യം ആവർത്തിച്ചത് തലസ്ഥാന നഗരത്തിലാണ് .. സമയം പതിനൊന്നിനോടടുതിരിക്കും ..
മുപ്പതുവയസുള്ള കഥാനായിക കാലത്തിനൊത്ത് ജീവിക്കുന്നുവെന്നവകാശപ്പെടുന്ന അറിയപ്പെടുന്ന ഫെമിനിസ്റ്റും .
രണ്ടാംനിലയിലെ ബാൽക്കണിക്കരികിൽ പത്രം ചികഞ്ഞിരിക്കുകയായിരുന്ന അവളുടെ കട്ടിയുള്ള കറുത്ത കണ്ണടയാണ്‌   ആ ദൃശ്യം  ഒപ്പിയെടുത്തത് ..

തൊട്ടപ്പുറത്തെ ഡോക്ടർ ദമ്പതികളുടെ  വീട്ടിലെ ഒന്നാം നിലയിലെ തുറന്നിട്ടിരുക്കുന്ന ജനാലയിൽക്കൂടെയുള്ള  അവ്യക്തമായ ആ കാഴ്ച അവളുടെ സപ്ത നാഡികളെയും ഉണർത്തി .. പട്ടാപ്പകൽ പത്തുവയസ് പോലും തികയാത്ത പെണ്‍കുട്ടിയെ ആരോ ഒരാൾ ……

അത് ഡോക്ടറുടെ മകളായിരിക്കണം .. താൻ രണ്ടു ദിവസം മുൻപ് ആ ലേഡിഡോക്ടറെ കാണാൻ പോയിരുന്നതാണ് .. ബയോളജിക്കൽ ബർഡൻസ്  ഇല്ലാതെ  തനിക്കൊരു  കുഞ്ഞിനെ വേണമെന്ന ആഗ്രഹം ആലോചിക്കാൻ പോയിരുന്നതാണ് …  ചായകൊണ്ട്തന്നത് ഒരു തമിഴൻ പയ്യനായിരുന്നു ..

എന്ത് ചെയ്യണമെന്നറിയാതെ അവൾ ഒരു നിമിഷം ചിന്തിച്ചു .. തൊട്ടടുത്ത്‌  പൈപ്പ് പൊട്ടിയത് കവർ ചെയ്യാൻ വന്ന ചാനല ക്രുവിനെ വിളിച്ചു ധ്രിതിയിൽ താഴേക്കിറങ്ങി …  ഫ്ലാറ്റിലെ കെയർട്ടെക്കരെയും  സെക്കുരിട്ടിയെയും കൂട്ടി ആ വീടിനെ ലക്ഷ്യമാക്കി കുതിച്ചു  …. മുൻവശം അടക്കാതിരുന്നത് ഒന്നാം നിലയിലേക്കുള്ള യാത്ര എളുപ്പമാക്കി  …. അവർ അവിടെ കണ്ടത് …ഒരു നിമിഷത്തിന്റെ ഇടവേളയിൽ   സദാചാരചിന്ത  കൊടുമ്പിരിക്കൊണ്ടു ….

you … you …incest-er ..get rid of from her ….guys kill this bastard
അവൾ അലറിവിളിച്ചു  ( incest-നിഷിദ്ധസംഗമം)

തൊട്ടു പുറകെ വന്ന ചാനൽ കാമറയിലെ ഫ്ലാഷും പൊതിരെക്കിട്ടിക്കൊണ്ടിരുന്ന പ്രഹരമോ ആ ഡോക്ടറെ സ്ഥബ്ധനാക്കി ..
നിമിഷങ്ങൾക്കുള്ളിൽ ചാനലിൽ വാർത്ത‍ പടർന്നു ..

യുവഡോക്ടര്ക്ക് മർദനം:  പ്രായം തികയാത്ത സ്വന്തം പെണ്‍കുഞ്ഞുമായി   ലൈംഗികബന്ധത്തിൽ  ഏർപ്പെട്ട
യുവഡോക്ടര്ക്ക് മർദനം … കുഞ്ഞിന്റെ അമ്മയും പ്രമുഖ ഗൈനക്കോളജിസ്സ്ടുമായ യുവതിയെ നിർബന്ധിച്ച് ഹോസ്പ്പിറ്റലിലേക്ക് അയച്ച ശേഷം ആയിരുന്നു ഈ ഹീന കൃത്യത്തിൽ ഏർപ്പെട്ടിരുന്നത് … ഇതിനെക്കുറിച്ചുള്ള കൂടുതൽ വാർത്തകൾക്കും മറ്റു പ്രതികരണങ്ങൾക്കുമായി  ഒരു ചെറിയ ബ്രേക്കിന് ശേഷം നമുക്ക് മടങ്ങിവരാം  …

പ്രതി ഒരു ഗൈനക്കോളജിസ്സ്  എന്നത് ഞെട്ടിപ്പിക്കുന്ന ഒന്നാണ് … മെഡിക്കൽ അസോസിയേഷൻ അംഗത്വം കാൻസൽ ചെയ്യിപ്പിക്കുന്നതടക്കമുള്ള  നടപടികളുമായി മുന്നോട്ടു പോകുമെന്ന് അധികൃതർ  അറിയിച്ചു …

ഇത്തരത്തിലുള്ള  അഭ്യസ്ത കാട്ടളരെ സമൂഹം ഒറ്റപ്പെടുത്തണം  എന്ന് വനിതസംരക്ഷണ അസോസിയേഷൻ  ….

മണിക്കൂറുകൾക്കു ശേഷമുള്ള പ്രസവ ശഷ്ട്രക്രിയക്ക്‌ ശേഷം ലാബിൽ നിന്നും ഇറങ്ങിയ കുഞ്ഞിൻറെ അമ്മ പ്രവർത്തകരിൽ നിന്നും വാർത്ത‍ കേൾക്കുന്നതിനിടയിൽ തന്റെ മൊബൈലിൽ വന്നു കിടന്നിരുന്ന മെസേജ് ശ്രദ്ധിച്ചു എന്ത് പറയണം എന്നറിയാതെ ഒരു ചിത്രം ഓർക്കുന്നിടത്ത് സാഹചര്യം തല്ക്കാലം അവസാനിക്കുന്നു  ….
അതിപ്രകാരം ആയിരുന്നു … ക്രിട്ടിക്കൽ ആയിരുന്ന ഒരു പ്രസവ ശസ്ത്രക്രിയ്യക്കായി പോകേണ്ടിയിരുനതുകൊണ്ട്  , എല്ലാം താൻ ശ്രദ്ധിച്ചോളാം സമാധാനമായി പോയിവരൂ എന്ന് കുറച്ചു മണിക്കൂറുകൾക്കു മുൻപ് ആശ്വസിപ്പിച്ച ….. ആസ്തമാ രോഗിയായ മോൾക്ക്‌ കടുത്ത പനിയെത്തുടർന്നു ബോധം നഷ്ട്ടപ്പെട്ടപ്പോൾ  പ്രാരംഭനടപടിയായി കൃത്രിമ ശ്വാസം നല്കുന്ന  സ്വന്തം അച്ഛൻ ..

..ഒരു നൂലിഴക്ക്‌ അപ്പുറവും ഇപ്പുറവും ഉള്ള ഒരേ തോണിയിലെ സഹയാത്രികരാണ് പലപ്പോഴും സത്യവും അസത്യവും .. തെറ്റിധാരണയും തിരിച്ചറിയലിനെയും സാഹചര്യങ്ങൾ ഒരളവിൽക്കൂടുതൽ സ്വാധീനിക്കുന്നുവെന്നത് അപകടകരമായ പ്രവണതയാണ് …  ഇന്നു നാം എവിടെയാണ് നില്ക്കുനത് , സ്വന്തം പുത്രിയെ വാത്സല്യത്തോടെ തലോടുന്നതുപോലും അപക്വമായ ചില കാഴ്ച്ചകളോടെ പിന്തുടരുന്നവരുടെ ഇടയിൽ …സത്യം പലപ്പോഴും പുറത്തു വരാൻ കൂടുതൽ സമയം എടുക്കുന്നത് ആരുടെ തെറ്റായിരിക്കാം … സമയം !!!

സജിത്ത്   ,    https://www.facebook.com/iamlikethisbloger

 

 

 

Digiprove sealCopyright secured by Digiprove © 2013 Sajith ph
Posted in കഥ/കവിത | Tagged | Comments Off on വ്യഭിചാരി ….

പെണ്ണൊരുമ്പെട്ടാൽ …

ഞാനൊരു  ഫെമിനിസ്റ്റോ   ഹൊമിനിസ്റ്റൊ അല്ല …

 പക്ഷെ   അടുത്തകാലത്ത് കേൾക്കാനിടയായ  ചില   പീഡന വാർത്തകൾ   ഓർമ്മയിൽ ഉൾവലിഞ്ഞ സത്യങ്ങളെ ഒന്നുകൂടെ ഓർക്കാൻ  ഇടവരുത്തുന്നു 

മനസ്സിൽ തെളിയുന്ന മുഖം കരാട്ടെ കിഡിന്റെതാണ് … മാധ്യമങ്ങൾ മത്സരിച്ച് അവതരിപ്പിച്ച വാർത്ത ,  രാത്രി ഭക്ഷണം തേടി ഇറങ്ങിയ “അമ്മയുടെ” സ്വന്തം മോളെ ഒരു പറ്റം ആഭാസരായ സർക്കാർ ഉദ്യോഗസ്ഥർ  അധികാരമുഷ്കിന്റെ  ബലത്തിൽ പീഡിപ്പിക്കാൻ ശ്രമിച്ചു എന്നതാണ് ( വാക്കാലുള്ള പീഡനം എന്നത് വാർത്തയിൽ പറഞ്ഞവർ ചുരുക്കം ) …. ആ കുട്ടിക്ക് കരാട്ടെ അറിഞ്ഞതുകൊണ്ട്‌ പരിക്കേൽക്കാതെ  രക്ഷപ്പെട്ടുവെന്നും , ചെറുത്തുനിൽപ്പിന്റെ  ഭാഗമായി തിരിച്ചു രണ്ടെണ്ണം കൊടുക്കാൻ കഴിഞ്ഞെന്നുമാണ് …. സത്യത്തിന്റെ  നിറകുടമായ അമ്മയുടെ മോളെ പ്രശംസിക്കാനും സ്വീകരണം നല്കാനും വരെ മത്സരമുണ്ടായി … ഒടുക്കം പറഞ്ഞതൊക്കെയും കളവാണെന്ന് ക്ലോസ്ട്  സർക്യുട്ട്  ദൃശ്യങ്ങൾ തെളിയിച്ചപ്പോഴേക്കും അമ്മയുടെ സ്വന്തം ചാനലിൽ റിയാലിറ്റി ഷോയിൽ മത്സരിക്കുന്ന മോളെയാണ് ജനം പിന്നീടു കണ്ടത്  …





രണ്ടു ദിവസം മുൻപേ കേട്ടത്  ” മുഖ്യമന്ത്രിയുടെ സുതാര്യ കേരളം  ” പദ്ധതിയുടെ ഭാഗമായി പരാതി പറയാൻ വിളിച്ച  യുവതിയെ കിടപ്പറ പങ്കിടാൻ ക്ഷണിച്ചുകൊണ്ട് പീഡിപ്പിച്ചു എന്നാണ് … പരാതി നാലാൾ അറിയുന്നതിന്  മുൻപേ ആ ഫോണ്‍ എടുത്ത ഉദ്യോഗസ്ഥനെ പുറത്താക്കുകയും ചെയ്തു…” തെറ്റൊന്നും ചെയ്‌തിട്ടില്ല   എന്നയാൾ വാർത്താസമ്മേളനം വിളിച്ചു പറഞ്ഞെങ്കിലും ആര് കേൾക്കാൻ .. സ്ത്രീ നുണ പറയില്ലല്ലോ  ..അവർക്കാണല്ലോ  ഇവിടെ വോയിസ്  .. ഒടുക്കം ചില ദിവസങ്ങള്ക്ക് ശേഷം കഥയാകെ മാറി , ഫോണ്‍ എടുത്ത ആളും പരാതിക്കാരിയും  ഒരിക്കൽ പ്രണയിച്ചവരാണെന്നും  യുവതി ഭീഷണിപ്പെടുത്തി വേറൊരാളെ  കെട്ടിയിട്ടുണ്ടെന്നും  ..അയാളുടെ പേരിലും പരാതി കൊടുത്തു ജോലി കളഞ്ഞ് ഇപ്പോ വിവാഹമോചനത്തിൻറെ  കേസ് കോടതിൽ ആണെന്നും  കേൾക്കുന്നു …




മണിക്കൂറുകൾക്കു മുൻപ് കേട്ടത് / കണ്ടത്  , മുൻ  മന്ത്രിയും മോനും പീഡിപ്പിച്ചു എന്ന് പറഞ്ഞ്   വെബ്കാം  വീഡിയോയുമായി  എത്തിയ യുവതിയുടെ വാർത്തയാണ്  .. നിരവധി തവണ പീഡിപ്പിച്ചെന്നും  പരാതിയിൽ പറയുന്നു .. സംഭവം എന്തായാലും തെറ്റ് തന്നെയാണ് പക്ഷെ അതെങ്ങനെ പീഡനമാകും  ?  പരസ്പര സഹകരണത്തോടെ പ്രായപൂർത്തിയായവരുടെ  ലൈംഗികബന്ധം കോടതി പോലും അനുവദിച്ചിട്ടുള്ളതാണ് …




അത് മാത്രമോ  ..വിവാഹേതര ലൈംഗികബന്ധം തെറ്റല്ലെന്നും , തെളിവിന്റെ  അടിസ്ഥാനത്തിൽ അത്തരമൊരു ബന്ധം മാത്രം വെച്ച്  വിവാഹം നടന്നതായി കണക്കാക്കാമെന്നും വരെ ഡൽഹി ഹൈക്കോടതി വിധിച്ചിട്ടുണ്ട്



ബന്ധങ്ങളുടെ  കാര്യത്തിൽ  കൂടുതൽ ഉദാരവൽക്കരണ നടപടികൾ  സമൂഹത്തിൽ  അടിച്ചേൽപ്പിക്കുന്നതിൽ കോടതികൾ ചെലുത്തുന്ന പങ്കിനെക്കുറിച്ച്  എടുത്ത് പറയാതെ തരമില്ല …  “വിവാഹം എന്നത് ലൈംഗിക ബന്ധത്തിനുള്ള  ലൈസൻസ്  അല്ലെന്നും  അത്തരം ബന്ധം എപ്പോൾ വേണമെങ്കിലും ആകാമെന്നും  കോടതി തന്നെ പറയാതെ പറഞ്ഞിരിക്കുന്നു ..  ഇതിൽക്കൂടുതൽ  എന്ത് വേണം  …  അത് നല്ലതാണോ അല്ലയെയെന്നുള്ള  വിശകലത്തിനു മുതിരുന്നത്  പ്രധാന വിഷയത്തിൽ നിന്നുള്ള തെന്നിമാറൽ ആയതിനാൽ അങ്ങോട്ട്‌ കടക്കുന്നില്ല ..



അങ്ങനെയെങ്കിൽ  ആ മന്ത്രി ചെയ്തത് എങ്ങനെ ചോദ്യം ചെയ്യാനാണ് ?  അല്ലെങ്കിൽ ഇവിടെ  സ്ത്രീക്ക് മാത്രം പരിശുദ്ധിയുടെ  പൊന്നാട പുതപ്പിക്കാൻ ശ്രമിക്കുന്നത്  എന്ത് കാരണം കൊണ്ടും ന്യയീകരിക്കതക്ക ഒന്നാണോ ? ആ സ്ത്രീ പറയുമ്പോലെ    നിരവധി തവണ ബന്ധപ്പെട്ടിട്ടും ഒരിക്കൽ ബെഡ് ലാംപ്  കാമറയിൽ  അത്തരം രംഗം ചിത്രീകരിക്കാൻ അവർ കാണിച്ച ഉൽസാഹത്തെ  തെളിവ് ശേഖരിക്കാൻ  വേണ്ടിയായിരുന്നുവെന്ന  ഒരു കാരണത്തിൽ മാത്രം ന്യായീകരിക്കുന്നത്  സത്യത്തിന്  നിരക്കുന്നതാണോ എന്നത് ചിന്താവിധേയമാക്കേണ്ട ഒന്നാണ്‌ ..




സ്ത്രീ സംരക്ഷണനിയമങ്ങളുടെ പ്രത്യക്ഷമായ ദുരുപയോഗത്തിന്  നമ്മുടെ സമൂഹം നിരവധി തവണ വേദിയാക്കപ്പെടിരിക്കുന്നുവെന്നത്   ഒരു ഞെട്ടലോടയെ സാമാന്യ ബോധമുള്ള ആർക്കും  ഓർമ്മിച്ചെടുക്കാൻ  കഴിയൂ  …  ഡൽഹിയിലും  മണിപ്പാലിലും  നടന്ന സംഭവങ്ങൾ മറന്നിട്ടല്ല   പക്ഷെ ഇവിടെ  സ്ഥിതി  മറിച്ചാണ്  ..




സ്ത്രീ പറയുന്നതെല്ലാം വേദവാക്യമെന്നും  സത്യം മാത്രമെന്നും  കരുതുന്ന സ്ഥിതിക്ക്    ഒരു മാറ്റം വരുത്തേണ്ട സമയം തീർച്ചയായും അതിക്രമിച്ചിരിക്കുന്നു .. മാധ്യമങ്ങൾ ഇക്കാര്യത്തിൽ നീതി  പാലിക്കുക തന്നെ  വേണം .. അല്ലെങ്കിൽ പണ്ട് ഭസ്മാസുരന്  വരം നല്കിയ  ശിവന്റെ   സ്ഥിയാകും എന്നോർമ്മിപ്പിച്ചുകൊണ്ട്‌  തൽക്കാലം  വിട



 *  ഈ മാസം മുപ്പതോടുകൂടെ ഈ സൈറ്റിൻറെ  കാലാവധി  അവസാനിക്കുന്നതിനാൽ  മിക്കവാറും ഈ ബ്ലൊഗിന്റെ  അവസാന പോസ്റ്റും ഇതായിരിക്കും …
സജിത്ത്   ,    https://www.facebook.com/iamlikethisbloger         
iamlikethis.com@gmail.com
Digiprove sealCopyright secured by Digiprove © 2013 Sajith ph
Posted in നമുക്ക്‌ച്ചുറ്റും | Tagged | Comments Off on പെണ്ണൊരുമ്പെട്ടാൽ …

മരുഭൂമിയിലൊരു മാമ്പഴം

   
“””” ഒന്നുകൂടെ മുഖത്തേക്ക് ഞാൻ സൂക്ഷിച്ചു നോക്കി .. അതേ അതവൻ  തന്നെ  .. ഷരീഫ്  … പെണ്ണുങ്ങളെ മയക്കാനുള്ള അത്തർ കുപ്പി സമ്മാനം തന്ന എന്റെ സുഹൃത്ത്‌ … “””””

വിണ്ടുകീറിക്കിടക്കുന്ന പാലക്കാടൻ മണ്ണിനു ആശ്വാസമായിപ്പോലും  ഭാരതപ്പുഴയിൽ ഒരു തുള്ളി വെള്ളം ഒഴുകുന്നില്ല …അവിടവിടെയായി തടയണകൾ കെട്ടിയിരിക്കുന്നതുകൊണ്ട്  പുഴയെന്ന പേര് നഷ്ട്ടപ്പെടാതിരിക്കുന്നു …കരിമ്പനകളുടെ തണലില്ല …എല്ലാം റബ്ബർ മരങ്ങൾ കയ്യേറിക്കൊണ്ടിരിക്കുന്നു …. ഇവിടെ വിയർപ്പില്ല അതിലതികം വെള്ളം ആവിയായി പൊയ്ക്കൊണ്ടിരിക്കുന്നു  … കാലം തെറ്റി ചില മാവുകളിൽ കണ്ണിമാങ്ങ കരിഞ്ഞുണങ്ങി നിൽപ്പുണ്ട്   ….


അങ്ങനെയിരിക്കെ ഇന്നലെയാണ്   ഒരു കുളിരായി ഞാൻ ആ മുഖം വീണ്ടും കാണുന്നത് … പതിമൂന്നു വർഷം മുൻപ് ഞങ്ങൾ ഒരുമിച്ചു പഠിച്ചിരുന്നു  ….അല്ല ഞാൻ എട്ടിൽ എത്തുമ്പോൾ അവൻ അവിടെ  ഒൻപതിൽ ആയിരുന്നു പിന്നീടു ഞാൻ അവനോടൊപ്പം ഒൻപതിൽ , പത്തിൽ ചന്ദ്രിക ടീച്ചറുടെ ബയോളജി ക്ലാസിൽ ഞാൻ പഠിക്കുമ്പോഴും അവൻ ഒൻപതിൽ ഉണ്ടായിരുന്നു … പിന്നീട് അതികം കണ്ടിട്ടില്ല .. പിന്നെ നേരെ കാണുന്നത് ഇപ്പോഴാണ് .. ഒരു നിമിഷം ശങ്കിച്ചു , വർഷങ്ങൾക്കുമുൻപ് മണലാരണ്യത്തിൽ നിധി തേടിപ്പോയ  എന്റെ ബാല്യകാല സുഹൃത്ത്‌ തന്നെയോ  ..    അവനിപ്പോൾ വയസു ചിലപ്പോൾ മുപ്പത്തിനടുത്ത് എത്തിക്കാണണം . അല്ല അതവനല്ല  അവന്റെ ബാപ്പയോ .. പെട്ടെന്ന് എനിക്കോർമ്മ വന്നത് അത്തർ എന്ന വാക്കാണ്‌  ..

പെണ്‍കുട്ടികൾക്ക് മാത്രം മണം കിട്ടുന്ന ഒരിനം അത്തർ ഉണ്ടത്രെ , ഒൻപതിൽ പഠിക്കുമ്പോൾ അവനതെനിക്ക് സമ്മാനം തന്നിരുന്നു .. ആദ്യരാത്രിയിൽ മാത്രമേ അതുപയോഗിക്കാവൂ എന്നവൻ സത്യം ചെയ്യിപ്പിച്ചിട്ടുണ്ട്  , ആ സത്യം ഞാൻ ഇതേവരെ തെറ്റിച്ചിട്ടില്ല …  എന്റെ റൂമിന്റെ കട്ടിലിനു താഴെ പെട്ടകത്തിൽ ഭദ്രമായ്‌ അതടച്ചു സൂക്ഷിച്ചിട്ടുണ്ട്  ..

ഒന്നുകൂടെ മുഖത്തേക്ക് ഞാൻ സൂക്ഷിച്ചു നോക്കി .. അതേ അതവൻ  തന്നെ  .. ഷരീഫ്  … പെണ്ണുങ്ങളെ മയക്കാനുള്ള അത്തർ കുപ്പി സമ്മാനം തന്ന എന്റെ സുഹൃത്ത്‌ …

പക്ഷെ അവന്റെ മുഖത്തെ ,  ചുളിവുകൾ  ആക്രമിച്ചു ഒരു പരിധി ആക്കിയിരിക്കുന്നു ..  കണ്ണിനു താഴെ ഋതു അസ്തമിച്ച  സ്ത്രീയെപ്പോലെ  കറുപ്പ് നിറം ബാധിച്ചിരിക്കുന്നു …

കണ്ട ഉടനെ അവന്റെ കൈ പിടിച്ചു ഞാൻ അഭിമാനത്തോടെ പറഞ്ഞു , ഷരീഫെ ആ അത്തർ കുപ്പി ഞാൻ ഭദ്രമായ്‌ വെച്ചിട്ടുണ്ട്  … 


അവനതിനെപ്പറ്റി ഒരു പിടിയും കിട്ടിയില്ല എന്ന് മുഖഭാവത്തിൽ നിന്ന് വ്യക്തമായെങ്കിലും , അത് പുറത്തു കാണിക്കാതെ ഞാൻ ചോദിച്ചു .. 

എന്തായി , നിനക്ക് നിധി കിട്ടിയോ ?

നാല് വര്ഷം മുൻപ് അവസാനമായി കണ്ടപ്പോൾ അവൻ പറഞ്ഞത് , നാട്ടിൽ നിന്ന് കാര്യമില്ലെന്നും നിധി തേടി ദുബായിൽ പോകുന്നുവെന്നുമാണ്  .. പിന്നീട് ആരൊക്കെയോ പറഞ്ഞു വിശേഷങ്ങൾ എല്ലാം അറിഞ്ഞിരുന്നു .. മൂന്ന് പെങ്ങന്മാരെ കെട്ടിച്ചു വിട്ടെന്നും , വേറൊരു കാശില്ലാത്ത വീട്ടിൽ നിന്നും പാവം മുസ്ലീം കുട്ടിയെ കെട്ടി അവളെ  എംബിഎ പഠിപ്പിക്കാൻ വിട്ടിരുന്നെന്നും .. പത്താം ക്ലാസിൽ തോറ്റ അവന് പോലും എംബിഎ  പഠിച്ച പെണ്ണിനെ കിട്ടിയെന്ന വാർത്ത‍ ആയിടക്കു നാട്ടില എംബിഎ  പഠിക്കുന്നവർക്ക് ഒരു അപവാദമായിരുന്നു താനും 

മാഷാ അള്ളാ; അല്‍ഹം ദുലില്ലാ  ………… നിധിയോ ..  .. ചാവാതെ പെഴച്ചു പോകുന്നു  ചെങ്ങായി ..

അത് പറയുന്നതിനിടയിൽ പതിവിൽക്കവിഞ്ഞ സമയം എടുത്തത്‌ എന്റെ പുരികത്തിനു അനാവശ്യ സ്ട്രെയിൻ ജനിപ്പിച്ചു ….  അവനെ പണ്ട് കണ്ട രൂപം ഇപ്പോഴും ഓർമ്മയിൽ തങ്ങി നില്ക്കുന്നു ..   ചുരുണ്ട മുടിയുള്ള ചന്ദ്രിക ടീച്ചർ പറയുമായിരുന്നു , കുങ്കുമപ്പൂ  പാലിൽ കലക്കി ഒരു രാത്രി വെച്ചതിൽ ബദാം ചേർത്ത് കഴിച്ചാൽ ഷരീഫിനെപ്പോലെ  ഓജസ് വരുമെന്ന് .. പത്തിൽ ബയോളജി പഠിപ്പിക്കുന്ന ടീച്ചർക്ക് ഒൻപതിൽ മൂന്നുകൊല്ലം പഠിക്കുന്ന ഷരീഫിനെ ഓർക്കണമെങ്കിൽ  അവന്റെ ഗ്ലാമറിനെപ്പറ്റി അതികം പറയണ്ടല്ലോ ..  പോരാത്തതിനു ഇതു കേട്ട പാടെ അവൻ കാണിച്ച പരാക്രമം സ്കൂളിലും നാട്ടിലും കാട്ടുതീ പോലെ പടർന്നിരുന്നു … 


ഉച്ചക്ക് മറ്റു ടീച്ചർമാർ  കൊച്ചുറക്കം നടത്തുന്ന നേരത്ത് , ഷരീഫ് ചന്ദ്രിക ടീച്ചറുടെ മുന്നിൽ ചെന്ന് വിറയാർന്ന കൈ നീളൻ ട്രൌസർ പോക്കറ്റിലേക്കു കയ്യിട്ടു  ആകാശമാവിലെ വീണുടയാത്ത ചെമന്ന മാമ്പഴം എടുത്തു നീട്ടി  പറഞ്ഞത്രേ ,  ഇതു ടീച്ചർക്ക്  … എല്ലാർക്കും സ്വപ്നം മാത്രം കാണാൻ കഴിയുന്ന ആകാശമാമ്പഴം  …  

സ്കൂളിനോട് ചേർന്ന് ഒരു നീളൻ മാവുണ്ട്  , നീളം എന്ന് പറഞ്ഞാൽ അതാണ്‌ ഉയരം … പഞ്ചായത്തിലെ തന്നെ ഏറ്റവും വലിയ   മരം .. അറ്റത്ത്‌ ചുമന്ന കൊച്ചു കൊച്ചു പൊട്ടുപോലെ മാമ്പഴം കാണാം ..  പക്ഷെ താഴെ ഒരിക്കലും കഴിക്കാൻ പ്രായത്തിൽ വീഴാറില്ല ..  എത്തുമ്പോഴേക്കും  ചിന്നിചിതറിയിരിക്കും ..കൊതിപ്പിക്കുന്ന മണമായിരിക്കും പക്ഷെ ആർക്കും മാമ്പഴം കിട്ടാറില്ല , കിട്ടിയ  ചരിത്രവുമില്ല .. അങ്ങനെ ഒരു മാവിൽ നിന്നും എങ്ങനെ ആകാശമാമ്പഴം അവനു   കിട്ടി എന്നത് ഒരല്ബുധമാണ്  … ചോദിച്ചപ്പോൾ അവൻ അന്ന് പറഞ്ഞത് , വേറെ ആരെക്കൊണ്ടും പറയില്ലെങ്കിൽ മാത്രം  എന്നോട് മാത്രം പറഞ്ഞു തരാമെന്നാണ് ..  ഞാൻ അതിവിടെ തെറ്റിക്കുന്നു ..   മാവിൻ ചോട്ടിൽപ്പോയി അവൻ പറഞ്ഞത്രേ , ചുരുണ്ടമുടിക്കാരി  ചന്ദ്രികടീച്ചറെ അവന് പെരുത്തിഷ്ടായി , സമ്മാനം കൊടുക്കാൻ മാമ്പഴം വേണമെന്ന്  … അവൻ ജീവിതത്തിൽ സത്യം മാത്രമേ പറഞ്ഞിട്ടുള്ളൂവത്രേ , അതുകൊണ്ട് ഉടനെ തന്നെ മാമ്പഴം വീണെന്നും അതാണ്‌ ടീച്ചർക്ക് കൊടുത്തതെന്നുമാണ് .. ഞാൻ അതിന്നും വിശ്വസിക്കുന്നു  … 


അങ്ങനെയുള്ള ഷരീഫിനെയാനു വര്ഷങ്ങള്ക്ക് ശേഷം ദൈവം എന്റെ മുന്നിലേക്ക്‌ കൊണ്ട് വന്നിരിക്കുന്നത്  …    അവൻ പറഞ്ഞു തുടങ്ങി … 

സജിത്തേ , ഞാൻ വന്നിട്ട് ആറുമാസം ആയിരിക്കുന്നു  .. സൌദിയിൽ ജോലിചെയ്തിരിക്കുംപോ പെട്ടെന്ന് താഴെ വീണതാ .. മൂന്നു ദിവസം അവിടെ കിടന്നു .. ഓക്സിജൻ സിലിണ്ടരുടെ സഹായത്തിൽ മടക്കം .. നേരെ തൃശൂരിൽ രണ്ടു ദിവസം .. അവരെക്കൊണ്ടു പറ്റില്ല എന്ന് പറഞ്ഞ് അമൃതയിൽ മൂന്നു മൂന്നര മാസം കിടന്നു .. പടച്ചോൻ കാത്തു  
ഇനി രണ്ടര വർഷം കൂടെ മരുന്ന് കഴിക്കണം .. അത് കഴിഞ്ഞാൽ ശരീരം അനക്കാത്ത എന്തെങ്കിലും പണി ചെയ്‌താൽ കുറെക്കൂടെ ജീവിക്കാം … 



അല്ലാ , അതിനു….. അതിനു നിനക്കെന്താ പ്രശ്നം …

ഹൃദയം വേണ്ട പോലെ മിടിക്കിനില്യ ചങ്ങായി  .. സാധാരണയെന്റെ  പാതി മാത്രം …..
ബ്ലോക്കുമുണ്ട്  .. പനി പിടിച്ചു ഇൻഫ്കെഷൻ വന്നതാ അങ്ങനെയാ പറയണേ .. അവൾടെ നാപ്പതു പവൻ പൊന്നും വിറ്റു  .. എന്റെ ബാപ്പ അവൾക്കു കൊടുത്ത പൊന്നാ .. എല്ലാം പോയി .. 
അല്‍ഹം ദുലില്ലാ     ജീവൻ കിട്ടിയല്ലോ അത്‌മതി  …


എന്ത് പറയണം എന്നൊരു നിമിഷത്തേക്ക്  ശങ്കിച്ചു  ..  ഈ ലോകത്ത് നിന്നുള്ള  എല്ലാം ഒരു നിമിഷം നിന്നപോലെ ഒരു തോന്നൽ 
സമനില വീണ്ടെടുത്തു  ഞാൻ പറഞ്ഞു ..

നീ പടച്ചോനോട്  പണ്ട്  മാവിൻ ചോട്ടില്നിനു പ്രാര്ത്തിച്ചപോലെ ഒന്നൂടെ പറ .. എല്ലാം ശരിയാകും    .. ഹ്മം 
എന്തായാലും നമുക്കൊരു ഉപ്പുസോഡ കുടിക്കാം എന്നിട്ടിനി വര്തമാനാമാകാം 

വേണ്ട .. നിർബധിക്കരുതു  .. പറഞ്ഞാല ഞാൻ കുടിക്കും  , പക്ഷെ ഡേയ്‌ളി ഒരു ലിറ്റർ വെള്ളമേ കുടിക്കാൻ പാടൂ .. കിഡ്നി പണിമുടക്കിലാ  ..

ഓ  .. വിട്ടേക്കൂ .. എന്നാൽ വേണ്ട     ..  കാണാം ഷരീഫെ നമുക്കിനിയും കാണാം എന്ന് പെട്ടെന്ന് പറഞ്ഞു അവസാനിപ്പിച്ചു യാത്രയായി 
തുടർന്ന് എന്ത് പറയണം .. എങ്ങനെ ആശ്വസിപ്പിക്കും എന്നറിയാത്ത അവസ്ഥ ..  തുള്ളി ദാഹജലം പോലും കുടിക്കാൻ കഴിയാത്ത ഒരു രോഗം സത്യം മാത്രം പറയുന്ന  അവനു എന്തിനാണ് പടച്ചോൻ കൊടുത്തതെന്ന് ആലോചിച്ചുപോകുന്നു  …. 
 സജിത്ത്   ,    https://www.facebook.com/iamlikethisbloger

Digiprove sealCopyright secured by Digiprove © 2013 Sajith ph
Posted in കഥ/കവിത | Comments Off on മരുഭൂമിയിലൊരു മാമ്പഴം

ചാരിത്ര്യ ശുദ്ധിയും ഫെയിസ്ബൂക്കും

കെട്ടാൻ പ്ലാനുള്ള പെണ്‍കുട്ടിയുടെ ചാരിത്ര്യ ശുദ്ധിയെ ആശങ്കയോടെ കണ്ടിരുന്ന നാളുകൾ കഴിഞ്ഞിരിക്കുന്നുവേണം  കരുതാൻ  …   ഈ അടുത്ത് ഐടി  മേഘലയിലും യുവതി-യുവാക്കളിൽ ഇടയിലും നടത്തിയ സർവേ പ്രകാരം  എന്തായിരുന്നു എന്നത്  വിഷയമല്ല പക്ഷെ ഓണ്‍ഗോയിംഗ്  ആക്റ്റിവിറ്റീസ്  ക്ലിയർ ആയിരിക്കണം …
####     make sure to share this post  🙂    #########
അതായത് കെട്ടിക്കഴിഞ്ഞാൽ പിന്നെ മര്യാദക്ക് നടന്നോലണം എന്ന്  ..   പണ്ട് കാലത്ത് സ്വഭാവശുദ്ധി അന്വോഷിച്ചിരുന്ന അതെ താൽപര്യതോടെയാണ്  കുട്ടിയുടെ ഐടി  ഹിസ്റ്ററി  കെട്ടാൻ പോകുന്ന പയ്യനോ പെണ്‍കുട്ടിയോ  ഗൂഗിളിൽ മുങ്ങിത്തപ്പുന്നത്   ..  ഈ അടുത്ത് അതിനു വേണ്ടി ചില ഡിറ്റക്ടീവ് എജൻസികൾ  പ്രതെയ്ക പാക്കേജുകൾ പ്രഖ്യാപിച്ചിട്ടുണ്ട്  …   
 
 
കല്യാണം കഴിക്കാൻ ആഗ്രഹിക്കുന്നവർക്കും ആലോചനകൾ നടന്നുകൊണ്ടിരിക്കുന്നവർക്കും  ഈ ബ്ലോഗ്‌ പോസ്റ്റ്‌ സമർപ്പിക്കുന്നു 
 
 
എല്ലാവരും ചെയ്യ്യുന്ന ഒരു തെറ്റ് കല്യാണം ആലോചിച്ചുതുടങ്ങുംപോൾ തന്നെ  ഫെയിസ്ബൂക്കും പഴയ ഓർക്കൂട്ടും  ഒക്കെ ക്ലിയർ ആക്കുക എന്നതാണ്   … രണ്ടു വിധത്തിൽ  ഇവിടെ നിങ്ങൾക്ക് നീങ്ങാം , ഒന്നുകിൽ  “ബി ലൈക്‌ ദാറ്റ്‌ ” എന്ന ഓപ്ഷൻ എടുക്കാം … അപ്പോൾ പ്രതേകിച്ചു ഒന്നും ചെയ്യേണ്ട .. അല്ലാത്തവർക്ക്  വേണ്ടി , 
 
 
ഒരിക്കലും ഫെയിസ്ബൂക്ക് / ഓർക്കുട്ട് അക്കൊവ്ണ്ടിലെ  എല്ലാ കമന്റും പോസ്റ്റും ഡിലീറ്റ്  ചെയ്യരുത് .. അനാവശ്യ സംശയത്തിനു അതിടയാക്കും  … നാലോ അഞ്ജൊ വർഷം ഫെയിസ്ബുക്ക് / ഓര്ക്കൂട്ട്  ഉപയോഗിക്കാൻ തുടങ്ങിയിട്ടും  കുറച്ചു പോസ്റ്റുകളെ ഉള്ളുവേന്നത് ഒരു നെഗറ്റിവ് ഇമ്പ്രഷൻ അപ്പോഴേ ക്രിയേറ്റ് ചെയ്യും  🙁 
 
## വല്ലാതെ വൃത്തികെട്ട്  പറഞ്ഞ  കമന്റുകൾ നീക്കം ചെയ്യുക  …    
 
##  അനാവശ്യ സ്പാം ചിത്രങ്ങൾ ഏത് നിമിഷവും  പ്രചരിപ്പിക്കും എന്നൊരു ചാൻസ് ഉള്ളതുകൊണ്ട് അനാവശ്യ അപ്പ്ലിക്കേഷൻ ഡിസേബിൾ ചെയ്യുക   അങ്ങനെ  കൊച്ചു കൊച്ചു കരുതലുകൾ എടുക്കുക  . 
 
## എപ്പൊഴും സ്ഥിരമായി ടാഗ് ചെയ്യുന്നവരോട് ഒഴിവാക്കാൻ അപേക്ഷിക്കുക അല്ലെങ്കിൽ ടാഗ് ചെയ്യാതിരിക്കാൻ  ഉള്ള ഓപ്ഷൻ എനേബിൾ ചെയ്യുക 
  
##  പെണ്‍കുട്ടികൾ പ്രതെയ്കം ചെയ്യേണ്ട ഒന്ന്  ” തൂങ്ങി ചാകാനോ വെള്ളത്തിൽ ചാടാനോ ” പോകുന്ന ചിത്രങ്ങൾ ആദ്യം ഡിലീറ്റു ചെയ്യുക  .. കെട്ടാൻ പോകുന്ന പെണ്ണ് ഡിപ്രഷനിൽ ആണെന്ന യാഥാർത്ഥ്യം  അത്തരം ചിത്രങ്ങൾ പറയാതെ പറഞ്ഞുകൊടുക്കും  ….    
 
## ബോയ്സ് പലപ്പോഴും  അമിതമായി ദൈവ പടങ്ങൾ ഇട്ടു ബോറാക്കാതിരിക്കുമല്ലോ  .. അത്തരം പടങ്ങൾ അതികം വേണ്ട അമിതഭക്തി അപകടം ( ബിവയർ  )
 
## അപരിചിത ഫെയിസ്ബുക്ക് സഹാവാസികളെ സ്വന്തം അക്കൊണ്ടിൽ നിന്നും മടി കൂടാതെ എടുത്തു കളയുക ( എന്റെ പേര് തല്ക്കാലം കളയണ്ട 😉  )
 
 
## ചക്കക്കൂട്ടാൻ കണ്ടപോലെ ആര്ത്തിയോടെ എവിടെയും കേറി കമന്റു ചെയ്യുന്നത് നിര്ത്തുക … സംസാരം കഴിവതും സ്മൈലിയിൽ ഒതുക്കുക  പിന്നെ അച്ചാർ പോലെ അത്യാവശ്യം മാത്രം എന്തെങ്കിലും പറയുക  
 
## പ്രോകപനമായ എന്തെങ്കിലും ആരെങ്കിലും പറഞ്ഞാൽ  മനസ്സിൽ അവന്റെ  അച്ഛനും അമ്മയ്ക്കും വിളിച്ചു ഒന്നും മിണ്ടാതെ ഇരിക്കുക   … അല്ലെങ്കിൽ  ” മേ ഗോഡ് ബ്ലസ് യു ” എന്ന് പറഞ്ഞു തടി തപ്പുക  .. ഒരു മുട്ടൻ തെറി പറയുന്നതിന് പകരം ഈയിടെയായി   ” മേ ഗോഡ് ബ്ലസ് യു ” ഉപയോഗിക്കാറുണ്ട്  
 
 
## ഒരുപാട് പൂക്കളുടെ ചിത്രങ്ങൾ വാരി വലിച്ചു അപ്ലോഡ് ചെയ്തു ഓവർ മാന്യത പുലര്താതിരിക്കാൻ പെണ്‍കുട്ടികൾ ശ്രദ്ധിക്കുമല്ലോ  .. എല്ലാം ആവശ്യത്തിനു മതി    
 
## വീട്ടിൽ ബെൻസ് ഉണ്ടെങ്കിൽ ഹോണ്ട അക്ടിവയുടെ ഉമ്മറത്ത്‌ നിന്ന പടം അപ്‌ലോഡ്‌ ചെയ്യാം .. അല്ലെങ്കിൽ ബെനസുള്ള പെണ്ണിനെ സന്തോഷിപ്പിക്കാൻ ഫാന്റം എങ്ങനെ സങ്കടിപ്പിക്കും എന്ന് പയ്യൻസ് ചിന്തിച്ചുപോകും … ഉള്ളത് കൊട്ടിഘോഷിക്കണ്ട 
 
## വീട്ടിൽ പൂത്ത കാശുണ്ടെങ്കിലും ” മിഡിൽ ക്ലാസ് ” എന്ന ലേബലിൽ തല്ക്കാലം  ചേക്കേറുക  …  
 
## റ്റിറ്റിസി പഠിച്ച പെണ്‍കുട്ടി  ഐഐഎമ്മിലെ പയ്യനെയെ കെട്ടൂ എന്ന  രീതിയിലുള്ള പിടിവാശി ഉപേക്ഷിക്കുക 
 
##  സൂപ്പർ ബൈക്കിനു പുറകിൽ  ഇരുത്തി മണിക്കൂറിൽ നൂറു കിലോമീറ്റർ വേഗത്തിൽ പറപ്പിക്കുന്നവാനിയിരിക്കണം കെട്ടാൻ പോകുന്ന പയ്യൻ എന്ന ആഗ്രഹം കേരളത്തിലെ റോഡിലെ ഗട്ടറുകൾ ഓർത്തെങ്കിലും തല്ക്കാലം വേണ്ടെന്ന് വെക്കുക ..  അതല്ല ജീവിതം  
 
##  ” adjustment is the thing , just not for me  ” എന്ന്  ഒർക്കുന്നതിനു മുൻപ് ഒന്നോർക്കുക ” കെട്ടിക്കഴിഞ്ഞാൽ എല്ലാം ഒരു അഡ്ജസ്റ്റ്മെന്റാണ്  ”  അതിനു തയ്യാറുണ്ടെങ്കിൽ മാത്രം ഇറങ്ങുക   .. 
 
 
## ആറുലക്ഷം വാർഷിക ശമ്പളം ഉള്ളവനെയെ കേട്ടൂ എന്ന് പറയാൻ തുടങ്ങിയാൽ , ജീവിക്കുമ്പോൾ പണമല്ല കേട്ട് കെട്ടായി ഭക്ഷിക്കാൻ പോകുന്നത് എന്നോർക്കുക …. 
 
 

## ഓണ്‍സൈറ്റിൽ   ജോലിയുള്ള പയ്യന്മാരെയേ കേട്ടൂ എന്ന് വാശിപിടിച്ചാൽ പയ്യന്മാർ പ്ലയിൻ കേറി പെണ്ണ് തപ്പേണ്ടി വരും  🙁
ഇനിയും ഒരുപാട് പറയാനുണ്ട്   .. ആദ്യം ഈ ബ്ലോഗ്‌ പോസ്റ്റിന്റെ  പ്രതികരണം അറിയട്ടെ  
     make sure to share this post  🙂
 
സജിത്ത്   ,    https://www.facebook.com/iamlikethisbloger         
iamlikethis.com@gmail.com   
 
Digiprove sealCopyright secured by Digiprove © 2013 Sajith ph
Posted in നമുക്ക്‌ച്ചുറ്റും | Tagged | 2 Comments